ADVERTISEMENT

പാരീസില്‍ സല്‍മാന്‍ റുഷ്ദി എന്ന വിഖ്യാത എഴുത്തുകാരന്‍ എത്തിയത് സ്വന്തം പേര് മറച്ചുവയ്ക്കാതെ. വ്യക്തിത്വം ഒളിപ്പിക്കാതെ. സ്വതന്ത്രനായ സാധാരണ മനുഷ്യനെപ്പോലെ. സാധാരണ ജീവിതമാണ് താനിപ്പോള്‍ നയിക്കുന്നതെന്ന ഭാവം അദ്ദേഹത്തിന്റെ വാക്കുകളിലുണ്ടായിരുന്നു; ധീരമായിരുന്നു ചുവടുകള്‍, മുഖം സന്തോഷഭരിതവും. പക്ഷേ, ഒപ്പമുള്ള സായുധരായ കാവല്‍ഭടന്‍മാര്‍ പറയാതെ പറയുന്നുണ്ടായിരുന്നു റുഷ്ദിക്കുമേല്‍ അടിച്ചേല്‍പിക്കപ്പെട്ട മരണവാറന്റിന്റെ സാന്നിധ്യം. 

അന്നെനിക്ക് 41 വയസ്സ്; ഇന്നിപ്പോള്‍ 71. കാര്യങ്ങള്‍ പൂര്‍ണമായും മാറിയിരിക്കുന്നു; സന്തോഷത്തോടെ റുഷ്ദി പറഞ്ഞു. സാറ്റാനിക് വേഴ്സസ് എന്ന നോവലിന്റെ പേരില്‍ ഭീഷണി നേരിട്ടതുമുതലാണ് ഒളിവുജീവിതം നയിക്കാന്‍ സല്‍മാന്‍ റുഷ്ദി നിര്‍ബന്ധിതനായത്. ആരാധകരും ആക്ഷേപകരും ഏറെയുണ്ടെങ്കിലും രബീന്ദ്രനാഥ ടാഗോറിന് ശേഷം ലോകത്ത് ഏറ്റവും കൂടുതല്‍ അറിയപ്പെട്ട ഇന്ത്യന്‍ എഴുത്തുകാരനാണ് റുഷ്ദി. മിഡ്നൈറ്റസ് ചില്‍ഡ്രന്‍ ഉള്‍പ്പെടെയുള്ള നോവലുകളുടെ കര്‍ത്താവ്. 

എത്ര വലിയ ഭീഷണികളുണ്ടായിട്ടും താന്‍ അതിനെയൊക്കെ അതിജീവിച്ചെന്നും ഇപ്പോള്‍ സാധാരണ ജീവിതമാണ് നയിക്കുന്നതെന്നുമാണ് റുഷ്ദി കഴിഞ്ഞദിവസം പറഞ്ഞത്. പാരിസില്‍ എത്തിയതായിരുന്നു അദ്ദേഹം. തന്റെ പ്രസാധകന്റെ ഓഫിസില്‍വച്ച് മാധ്യമപ്രവര്‍ത്തരുടെ ചോദ്യങ്ങള്‍ക്കും അദ്ദേഹം മറുപടി പറഞ്ഞു. മുറിയിലും മുറിക്കു പുറത്തുമെല്ലാം കാവല്‍ഭടന്‍മാര്‍ ഉണ്ടായിരുന്നു. എങ്കിലും സ്വാതന്ത്ര്യത്തിന്റെ സന്തോഷം നിറഞ്ഞുനിന്നിരുന്നു അദ്ദേഹത്തിന്റെ വാക്കുകളില്‍. 

റുഷ്ദിയുടെ ജീവിതം മാറിമറിയുന്നത് മൂന്നു പതിറ്റാണ്ട് മുമ്പ്. കൃത്യമായി പറഞ്ഞാല്‍ 1989 ഫെബ്രുവരി 14 ന്. സാറ്റാനിക് വേഴ്സസ് മതവിരുദ്ധമാണെന്ന് കല്‍പിച്ച് അന്നാണ് ഇറാന്റെ ആത്മീയനേതാവ് അയത്തുള്ള ഖൊമൈനി റുഷ്ദിക്ക് വധഷിക്ഷ വിധിക്കുന്നത്. പിന്നീട് ഓരോവര്‍ഷവും ആ വധശിക്ഷ പുതുക്കിക്കൊണ്ടുമിരുന്നു. 13 വര്‍ഷത്തോളം മറ്റൊരു പേരില്‍ നിരന്തരമായ പൊലീസ് സംരക്ഷണത്തിലായിരുന്നു അദ്ദേഹം; ഏതാണ്ടൊരു തടവുജീവിതം. 

നാം ജീവിക്കുന്ന ലോകത്ത് കാര്യങ്ങള്‍ വേഗം മാറിക്കൊണ്ടിരിക്കുന്നു. എന്റെ നോവലും അതിനുകിട്ടിയ ശിക്ഷയുമെല്ലാം പഴയ കാര്യങ്ങള്‍. ഇപ്പോള്‍ പേടിക്കേണ്ട പുതിയ കാരണങ്ങള്‍ ഉണ്ടായിരിക്കുന്നു; കൊല്ലപ്പെടാനുള്ള പുതിയ ആളുകളും- പരിഹാസം കലര്‍ത്തി റുഷ്ദി പറയുന്നു. 

രണ്ടുദശകത്തോളം അമേരിക്കയിലായിരുന്നു റുഷ്ദിയുടെ ജീവിതം. അവിടെ താന്‍ സ്വതന്ത്രനായാണ് ജീവിച്ചതെന്നും അദ്ദേഹം പറയുന്നു. 

റുഷ്ദിയുടെ അഞ്ചാമത്തെ നോവലായിരുന്നു സാറ്റാനിക് വേഴ്സസ്. ഇപ്പോള്‍ 18 പുസ്തകങ്ങള്‍ അദ്ദേഹം എഴുതിക്കഴിഞ്ഞിരിക്കുന്നു. ഭൂതകാലം കുട‍ഞ്ഞുകളഞ്ഞ് തന്റെ യഥാര്‍ഥ വ്യക്തിത്വം കണ്ടെത്തുന്ന മുംബൈയില്‍നിന്നുള്ള ഒരു ചെറുപ്പക്കാരന്റെ ജീവിതം പറയുന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ നോവല്‍- ദ് ഗോള്‍ഡന്‍ ഹൗസ്. 

സാറ്റാനിക് വേഴസസ് എന്ന നോവല്‍ വലിയ സംഘര്‍ഷങ്ങള്‍ക്കും കൊലപാതകത്തിനും പോലും കാരണമായിരുന്നു. പുസ്തകത്തിന്റെ വിവര്‍ത്തകരില്‍ ഒരാളാണ് കൊല്ലപ്പെട്ടത്. എല്ലാം കഴിഞ്ഞിട്ട് വളരെക്കാലമായതായി തോന്നുന്നു എന്നാണ് ഇതെക്കുറിച്ച് റുഷ്ദിയുടെ അഭിപ്രായം. തന്റെ പുസ്തകം പൂര്‍ണമായും തെറ്റിധരിക്കപ്പെട്ടു എന്നും റുഷ്ദി പറയുന്നു. ലണ്ടനിലെ ഇന്ത്യന്‍ കുടിയേറ്റക്കാരെപ്പറ്റിയായിരുന്നു ആ നോവല്‍. പക്ഷേ അതങ്ങനെയല്ല മനസ്സിലാക്കപ്പെട്ടത്. 

റുഷ്ദിയുടെ സുഹൃത്തും ബ്രിട്ടിഷ്- പാക്ക് എഴുത്തുകാരനുമായ ഹനീഷ് ഖുറേഷിയുടെ അഭിപ്രായത്തില്‍ സാറ്റാനിക് വേഴ്സസ് പോലൊരു നോവല്‍ എഴുതാന്‍ ധൈര്യമുള്ള ഒരെഴുത്തുകാരന്‍ പോലും ഇന്നും ജീവിച്ചിരിപ്പില്ല. വിവാദനോവലിന്റെ പ്രൂഫ് അദ്ദേഹം വായിച്ചതാണ്. അന്നൊന്നും വരാനിരിക്കുന്ന വിവാദത്തെക്കുറിച്ച് അദ്ദേഹത്തിന് ഒരു പ്രതീക്ഷയുമില്ലായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com