ADVERTISEMENT

ഋതുവായ പെണ്ണിനും ഹരിനാമകീര്‍ത്തനം ചൊല്ലാം എന്നു പാടിയ എഴുത്തച്ഛനില്‍നിന്ന് എത്ര പിന്നോട്ട് പോയെന്നാണ് ശബരിമല വിവാദം അടക്കമുള്ള വിഷയങ്ങള്‍ ഓര്‍മിപ്പിക്കുന്നതെന്ന് സച്ചിദാനന്ദന്‍. കൃതി വിജ്ഞാനോല്‍സവത്തില്‍ കവിതയും പ്രതിരോധവും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അധികാരത്തിനു മുന്നില്‍ സത്യം വിളിച്ചുപറയുകയെന്നതാവണം സാഹിത്യ, കലാ, മാധ്യമ രംഗങ്ങളിലുള്ളവരുടെ ലക്ഷ്യം. എന്നാല്‍ അങ്ങനെ ചെയ്യുന്നവര്‍ ജയിലിലടക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യുന്ന അവസ്ഥയാണിന്ന്.

ഗൗരി ലങ്കേഷും എംഎം കല്‍ബുര്‍ഗിയും ഗോവിന്ദ് പന്‍സാരെയും. നരേന്ദ്ര ധബോല്‍ക്കറുമടക്കമുള്ളവര്‍ സത്യം വിളിച്ചു പറഞ്ഞതിന്റെ പേരില്‍ കൊല്ലപ്പെട്ടവരാണ്. ഗാന്ധി പ്രതിമയ്ക്കു നേരേ നിറയൊഴിക്കുന്ന ദൃശ്യങ്ങള്‍ ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ് കണ്ടത്. അധികാരത്തോട് സത്യം വിളിച്ചു പറയാൻ അത്ര എളുപ്പമായ അവസ്ഥയല്ല ഇന്നുള്ളത്. എന്നാല്‍ സത്യം വിളിച്ചു പറയുക എന്നതു തന്നെയാവണം സാഹിത്യത്തിന്റെ കര്‍ത്തവ്യം. സത്യം പറയുകയാണ് കവിയുടെ ധര്‍മം. അങ്ങനെ ചെയ്യുന്നതിലൂടെ കുറ്റപ്പെടുത്തലുകള്‍ കേള്‍ക്കേണ്ടിവരികയും ഒറ്റപ്പെടുകയും ചെയ്യും. സത്യം പറയുമ്പോള്‍ ആരും കൂട്ടിനുണ്ടായെന്നു വരില്ലെന്നും സച്ചിദാനന്ദന്‍ പറഞ്ഞു. 

ഭക്തിപ്രസ്ഥാനത്തിന്റെ ഭാഗമായി നിലകൊണ്ട എഴുത്തച്ഛനടക്കമുള്ള കവികള്‍ സാമൂഹിക പ്രശ്‌നങ്ങളെ ചോദ്യം ചെയ്തിരുന്നു. ആത്മീയതയുമായി ബന്ധമില്ലാത്ത ആചാരങ്ങളെ തിരിച്ചു പിടിക്കുന്നതിനു പകരം ചോദ്യം ചെയ്യലിന്റെ പാരമ്പര്യം തിരിച്ചുപിടിക്കാനാണ് ശ്രമിക്കേണ്ടത്. അര്‍ത്ഥപൂര്‍ണവും വിവേകപൂര്‍ണവുമായ സംവാദങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരണം. എല്ലാ കാലത്തും കവിത മുന്നേറിയത് അക്കാലത്ത് നിലനിന്നിരുന്ന അനീതികളെ ചോദ്യം ചെയ്താണ്. 

ചരിത്രത്തില്‍ ഇതുവരെ ഒരു വിപ്ലവവും വിജയിച്ചിട്ടില്ല. വിപ്ലവത്തില്‍ ചോദ്യം ചെയ്ത കാര്യങ്ങള്‍ തന്നെ വിപ്ലവാനന്തരമുള്ള ഭരണകൂടങ്ങളും ചെയ്യുന്നു. ഏകാധിപത്യ രീതിയിലേക്ക് തന്നെ വിപ്ലവാനന്തര ഭരണകൂടങ്ങള്‍ പോവുന്നു. വിപ്ലവത്തെയല്ല പ്രതിരോധത്തെയാണ് പിന്തുണയ്ക്കുന്നത്. ഏകാധിപത്യത്തിന് എല്ലാ കാലവും തുടരാനാവില്ലെന്നും സച്ചിദാനന്ദന്‍ പറഞ്ഞു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com