sections
MORE

കേരളം ആധുനികതയില്‍നിന്ന് തെന്നിമാറി: എന്‍.എസ്. മാധവന്‍

HIGHLIGHTS
  • ഇന്നത്തെ കാലത്ത് ചുല്യാറ്റിന് തിരുത്ത് സാധ്യമാവുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്.
  • സമൂഹമാധ്യമങ്ങള്‍ പോലും ഭരണകൂടത്തിന്റെ സമ്മര്‍ദ്ദത്തിലാണ്.
NS Madhavan
SHARE

കേരളം ആധുനികതയില്‍നിന്ന് തെന്നിമാറിയ അവസ്ഥയിലാണ് ഇപ്പോഴെന്ന് പ്രമുഖ എഴുത്തുകാരന്‍ എന്‍.എസ്. മാധവന്‍. ആധുനികത നഷ്ടപ്പെടുന്നു എന്നാണ് ശബരിമല വിവാദത്തിന്റെ പശ്ചാത്തലത്തില്‍ മനസ്സിലാക്കാന്‍ പറ്റുന്നത്. നവോത്ഥാനം എന്നു പറഞ്ഞതു കൊണ്ട് കാര്യമില്ല. സ്ത്രീകളുടെ സാമൂഹിക സ്ഥിതി മാറ്റുക, എല്ലാവര്‍ക്കും വിദ്യാഭ്യാസം നൽകുക എന്നിവ നവോത്ഥാനത്തിന്റെ ലക്ഷ്യങ്ങളായിരുന്നു. എന്നാല്‍ ഇന്ന് സ്ത്രീകളെ ചിലയിടങ്ങളില്‍ പ്രവേശിക്കരുതെന്ന് ആവശ്യപ്പെടുന്ന രാഷ്ട്രീയമുണ്ട്. നിലവിലെ സാമൂഹിക സാഹചര്യങ്ങളെ വലതുപക്ഷ കക്ഷികള്‍ മുതലെടുക്കുകയാണ്. അതിനെതിരേ ജാഗ്രത പുലര്‍ത്തുന്നതില്‍ ഇടതുപക്ഷം പരാജയപ്പെടുകയാണെന്നും എന്‍.എസ്. മാധവന്‍ അഭിപ്രായപ്പെട്ടു. കൃതി വിജ്ഞാനോല്‍സവത്തില്‍ വായന, സംസ്‌കാരം, രാഷ്ട്രീയം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഇന്നത്തെ കാലത്ത് ചുല്യാറ്റിന് തിരുത്ത് സാധ്യമാവുമോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് എന്‍എസ് മാധവന്‍ പറഞ്ഞു. മാധ്യമവ്യവസായത്തില്‍ കോര്‍പറേറ്റ് താല്‍പര്യങ്ങള്‍ക്ക് പ്രാധാന്യം വന്നു. അതുപ്രകാരം തര്‍ക്കമന്ദിരം തകര്‍ന്നു എന്ന തലക്കെട്ടിനാണ് വിപണി മൂല്യമെങ്കില്‍ എഡിറ്റര്‍ തിരുത്തിയാലും ഉടമകള്‍ അത് സമ്മതിക്കില്ല. മാധ്യമങ്ങളില്‍ എഡിറ്റര്‍മാര്‍ക്കുള്ള പ്രാധാന്യം പോലും നഷ്ടപ്പെടുകയാണ്.

ഇന്ന് ദേശീയ ടെലിവിഷന്‍ ചാനലുകളില്‍ മൂന്നെണ്ണം സംഘപരിവാരിന് അനുകൂലമാണ്. ദേശീയ തലത്തില്‍ അച്ചടി മാധ്യമങ്ങളാണ് ഭേദം. എന്നാല്‍ കേരളത്തില്‍ ടെലിവിഷന്‍ ചാനലുകളാണ് രാഷ്ട്രീയ നിലപാടിന്റെ കാര്യത്തില്‍ പത്രങ്ങളേക്കാള്‍ മെച്ചപ്പെട്ടത്. സത്യം വിളിച്ചു പറയുന്ന അവതാരകര്‍ മലയാളം വാര്‍ത്താ ചാനലുകളിലുണ്ടെന്നത് അഭിമാനകരമാണ്. മൂന്ന് സംസ്ഥാനങ്ങളില്‍ ബിജെപി പരാജയപ്പെട്ട ശേഷമാണ് രാഹുല്‍ ഗാന്ധിയുടെ വാര്‍ത്തകള്‍ ഒന്നാം പേജില്‍ നല്‍കാന്‍ അച്ചടി മാധ്യമങ്ങള്‍ തയാറായത്. 

സമൂഹമാധ്യമങ്ങള്‍ പോലും ഭരണകൂടത്തിന്റെ സമ്മര്‍ദ്ദത്തിലാണ്. എന്നാലും സമൂഹ മാധ്യമങ്ങള്‍ എല്ലാവര്‍ക്കും അഭിപ്രായം പറയാനുള്ള ഇടം ആയി നിലനില്‍ക്കുന്നു. പത്രങ്ങള്‍ അടച്ചുപൂട്ടുന്ന കാലമാണിത്. എന്നാലും അച്ചടി മാധ്യമങ്ങള്‍ക്ക് ഇപ്പോഴും ശക്തമായ സ്വാധീനമുണ്ട്. 

ഓണ്‍ലൈന്‍ വഴി വാര്‍ത്തകള്‍ അറിയുന്ന ഈ കാലത്ത് വാര്‍ത്തകള്‍ക്കുള്ള പ്രതികരണങ്ങളും ഉടനടി വായനക്കാരില്‍നിന്നുണ്ടാവുന്നു. സമൂഹ മാധ്യമങ്ങളില്‍ കമന്റുകള്‍ നിര്‍മിക്കുന്ന ഫാക്ടറികള്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുമുണ്ട്. ഫേക് ന്യൂസ് പ്രചരിപ്പിക്കുന്ന കൂലിത്തൊഴിലാളികളുമുണ്ട്. ഒരു ട്വീറ്റിന് 10 രൂപ എന്നതുപോലുള്ളനിരക്കില്‍ അവര്‍ക്ക് പണം ലഭിക്കുന്നു. ഫേക് ന്യൂസുകള്‍ക്ക് കിട്ടുന്ന പ്രാധാന്യം അവ തിരുത്തുന്ന വാര്‍ത്തകള്‍ക്ക് ലഭിക്കുന്നില്ലെന്നും എൻ.എസ്. മാധവന്‍ പറഞ്ഞു. 

വോട്ട് ബാങ്ക് നഷ്ടപ്പെടരുതെന്ന് കരുതി കോണ്‍ഗ്രസും സിപിഎമ്മും അടക്കമുള്ള കക്ഷികള്‍ സാമ്പത്തിക സംവരണ നീക്കത്തെ അനുകൂലിച്ചു. അത് പ്രതിപക്ഷ കക്ഷകളുടെ രാഷ്ട്രീയ പാപ്പരത്തമാണ് കാണിക്കുന്നതെന്നും എന്‍.എസ്. മാധവന്‍ പറഞ്ഞു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA