ADVERTISEMENT

എഴുതിയ കാലത്തുതന്നെ വിവാദങ്ങളിലേക്ക് ആനയിക്കപ്പെടുകയും പല രാജ്യങ്ങളിലും നിരോധിക്കപ്പെടുകയും ചെയ്തെങ്കിലും ‘ലജ്ജ’  എന്ന നോവലിനെ പിന്തുണച്ചവരില്‍ തസ്‍ലിമ നസ്രീന്‍ സ്നേഹത്തോടെ ഓര്‍മിക്കുന്ന ഒരു മലയാളിയുണ്ട്- സാക്ഷാല്‍ ഇഎംഎസ് നമ്പൂതിരിപ്പാട്. സ്പ്ലിറ്റ് എന്ന പേരില്‍ പുറത്തുവരികയും ബംഗ്ലദേശില്‍ നിരോധിക്കപ്പെടുകയും ചെയ്ത ആത്മകഥയില്‍ തസ്‍ലിമ ഇഎംഎസിനെക്കുറിച്ച് എഴുതിയിട്ടുണ്ട്; വിവാദത്തിന്റെ കാലത്ത് കമ്യൂണിസ്റ്റ് താത്വികാചാര്യനില്‍നിന്ന് അപ്രതീക്ഷിതമായി ലഭിച്ച പിന്തുണയെക്കുറിച്ചും. 

ബാബ്റി മസ്ജിദ് തകര്‍ക്കപ്പെട്ട കാലം. ബംഗ്ലദേശിലെ നഗരങ്ങളിലൊന്നില്‍ ഡോക്ടറായി പ്രാക്റ്റീസ് ചെയ്യുകയാണ് തസ്‍ലിമ. ഒപ്പം എഴുത്തും. ഇന്ത്യയില്‍ വര്‍ഗീയ ലഹളയും അക്രമങ്ങളും പൊട്ടിപ്പുറപ്പെട്ടതിനൊപ്പം ബംഗ്ലദേശിലും സ്ഥിതി ആശങ്കാജനകമായി. തസ്‍ലിമ ജോലി ചെയ്യുന്ന ആശുപത്രിയില്‍ ഒരു ഡോക്ടര്‍ എന്ന നിലയിലാണ് അവര്‍ അത് ആദ്യം അറിഞ്ഞത്. അക്രമങ്ങളില്‍ പരുക്കേറ്റും ലഹളകളില്‍ അംഗവിഹീനരാക്കപ്പെട്ടും രോഗികളുടെ പ്രവാഹം. ഓപ്പറേഷന്‍ വാര്‍ഡില്‍ അനസ്തീഷ്യയുടെ ചുമതലയായിരുന്നു അവര്‍ക്ക്. പക്ഷേ, അക്രമത്തിന്റെ ഇരകളാല്‍ ആശുപത്രി നിറഞ്ഞപ്പോള്‍ തന്റെ പതിവുസമയത്തിനുശേഷവും അവര്‍ ഡ്യൂട്ടിക്കു തയാറായി. അടിയന്തര ഘട്ടത്തിലുള്ളവര്‍ക്ക് പരിചരണവും ശുശ്രൂഷയുമായി. തിരക്കുപിടിച്ച ആ ദിവസങ്ങളിലൊന്നില്‍ ഒരു ദിവസം വൈകിട്ട് അവര്‍ നഗരത്തില്‍ തനിക്കു പരിചയമുള്ള ചില കുടുംബങ്ങളെ സന്ദര്‍ശിച്ചു. പലരും പേടിച്ചരണ്ട് വീടുകളില്‍ കഴിയുന്നു. പുറത്തിറങ്ങാന്‍ പോലും മടിക്കുന്നവര്‍. അഗ്നിഗോളമാക്കപ്പെട്ട ആരാധനാലയങ്ങള്‍. കൊള്ളയും കവര്‍ച്ചയും മാനഭംഗവും അരങ്ങുതകര്‍ത്ത ദിവസങ്ങള്‍. വര്‍ഗീയതയുടെ വിഷത്താല്‍ കണ്ണു നഷ്ടപ്പെട്ട ഒരു നഗരത്തിലൂടെ നടന്നപ്പോള്‍ കണ്ടതും കേട്ടതും അനുഭവിച്ചതുമെല്ലാം എഴുതണമെന്ന് തസ്‍ലിമയ്ക്കു തോന്നുന്നു. ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ കിട്ടിയ ഒഴിവു സമയത്ത് കഥയെന്നോ നോവലെന്നോ ലേഖനമെന്നോ ഉറപ്പില്ലാതെ അവര്‍ എഴുതിയ വാക്കുകളാണ് ലജ്ജ എന്ന പേരില്‍ പുറത്തുവരികയും ലോകത്തെ വലിയ വിവാദങ്ങളിലൊന്നിന്റെ കേന്ദ്രബിന്ദുവായ പുസ്തകമായും മാറിയത്. 

ഇന്ത്യയിലെ അവസ്ഥയായിരുന്നില്ല ബംഗ്ളദേശില്‍. അവിടെ ന്യൂനപക്ഷമായ ഹിന്ദുക്കള്‍ക്കാണ് ദുരിതങ്ങള്‍ ഏറെയും അനുഭവിക്കേണ്ടിവന്നത്. ലജ്ജയിലെ കേന്ദ്രകഥാപാത്രവും ഒരു ഹിന്ദു യുവാവ് തന്നെ. വര്‍ഗീയലഹളയുടെ കാലത്തിലൂടെ ജീവിക്കേണ്ടിവന്ന ബംഗ്ലദേശിലെ ഒരു ഹിന്ദുകുടുംബത്തിന്റെ കഥ. അവരുടെ ഓര്‍മകളിലൂടെ, സ്വപ്നങ്ങളിലൂടെ, സന്തോഷങ്ങളിലൂടെയും അപ്രതീക്ഷിത പലായനത്തിലൂടെയുമാണ് നോവല്‍ പുരോഗമിക്കുന്നത്. സുരഞ്ജനും സുധാമണിയുമാണ് കേന്ദ്രകഥാപാത്രങ്ങള്‍. എല്ലാ വിഭാഗത്തിലുംപെട്ട ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കേണ്ട ഒരു രാജ്യത്ത് അധികൃതര്‍ നിസ്സഹായരാകുകയും, അക്രമികള്‍ അഴിഞ്ഞാടുകയും ചെയ്തപ്പോള്‍ ഉയര്‍ന്നുകേട്ട നിലവിളി. മതേതരത്വത്തെ അടിസ്ഥാനശിലയാക്കേണ്ട ഒരു രാജ്യത്തിന്റെ പരാജയത്തിന്റെ ചരിത്രം. നാണക്കേടിന്റെ വിവരണം.. അപമാനത്തിന്റെ രേഖാചിത്രം. ഒരു നിരീശ്വരവാദിയില്‍നിന്ന് മതത്തില്‍ അടിയുറച്ചു വിശ്വിസിക്കുന്ന ഒരു ഹിന്ദുവിലേക്കുള്ള പരിവര്‍ത്തനത്തിന്റെ കഥ കൂടിയാണ് ലജ്ജ. സ്വാഭാവികമായും ബംഗ്ളദേശില്‍ വലിയ വിവാദങ്ങളാണ് ലജ്ജ സൃഷ്ടിച്ചത്. എതിര്‍പ്പും പ്രതിഷേധവും രൂക്ഷം. തസ്‍ലിമ പല വട്ടം ആക്രമിക്കപ്പെട്ടു. അവരുടെ തലയ്ക്കു വില പറഞ്ഞുകൊണ്ട് ശാസനങ്ങള്‍ പുറത്തുവന്നു. ലജ്ജ നിരോധിക്കപ്പെട്ടു. അപ്പോഴും കൊല്‍ക്കത്തയിലേക്ക് രഹസ്യമായി കടത്തിയ കയ്യെഴുത്തുപ്രതിയിലൂടെ ഇന്ത്യയില്‍ പുസ്തകം വിറ്റഴിയുന്നുണ്ടായിരുന്നു. സാഹിത്യ-സാംസ്കാരിക- ബൗദ്ധിക സദസ്സുകളില്‍ പുസ്തകത്തെക്കുറിച്ചുള്ള ചര്‍ച്ചകളും. 

ബംഗാളിലെ കമ്യൂണിസ്റ്റുകളില്‍ പലരും ലജ്ജയ്ക്ക് അനുകൂലമായിരുന്നെങ്കിലും ഒരു ചെറിയ വിഭാഗം നോവല്‍ വര്‍ഗീയ ലഹള സൃഷ്ടിക്കുന്നതാണെന്നും ചരിത്രത്തെ വളച്ചൊടിക്കുന്നതാണെന്നും വിശ്വസിക്കുകയും അത്തരത്തില്‍ പ്രചാരണം നടത്തുകയും ചെയ്തുകൊണ്ടിരുന്നു. അപ്പോഴാണ്, അപ്രതീക്ഷിതമായി ഇന്ത്യയിലെ മാര്‍ക്സിസ്റ്റുകളുടെ താത്വികാചാര്യന്‍ എന്നുതന്നെ വിശേഷിപ്പിക്കാവുന്ന ഇഎംഎസ് ലജ്ജയെ പിന്തുണച്ചുകൊണ്ട് എഴുതിയത് തസ്ലിമയുടെ കണ്ണില്‍പ്പെടുന്നത്. ലജ്ജ ഒരു വിലപ്പെട്ട പുസ്തകമാണെന്നായിരുന്നു ഇഎംഎസിന്റെ വിലയിരുത്തല്‍. മുസ്ലിം സമുദായത്തില്‍ ജനിച്ചെങ്കിലും ബംഗ്ളദേശിലെ ന്യൂനപക്ഷമായ ഹിന്ദുക്കള്‍ക്കുവേണ്ടി സംസാരിച്ചതിന്റെ പേരില്‍ അദ്ദേഹം എഴുത്തുകാരിയെ അഭിനന്ദിച്ചു. 

എന്റെ പുസ്തകം ഒന്നിനും കൊള്ളാത്തതാണെന്ന് പറയുകയും പ്രചരിപ്പിക്കുകയും ചെയ്തവര്‍ക്ക് ലഭിച്ച കനത്ത തിരിച്ചടിയായിരുന്നു ഇഎംഎസിന്റെ വാക്കുകള്‍... ഇക്കഴിഞ്ഞമാസം ബംഗാളിയില്‍നിന്ന് ഇംഗ്ലിഷിലേക്കു മൊഴിമാറ്റി പുറത്തുവന്ന ആത്മകഥയില്‍ തസ്‍ലിമ പറയുന്നു. ലജ്ജയില്‍ മുന്നോട്ടുവച്ച കാഴ്ചപ്പാടുകളെക്കുറിച്ച് മതിപ്പായിരുന്നെങ്കിലും സാഹിത്യമൂല്യത്തില്‍ പുസ്തകത്തിന് തസ്‍ലിമ തന്നെയും വലിയ വില കല്‍പിച്ചിരുന്നില്ല. പക്ഷേ എന്നേക്കാളും എന്റെ പുസ്തകത്തിന്റെ മൂല്യം നമ്പൂതിരിപ്പാടിനു മനസ്സിലാക്കാനായി എന്നാണ് തസ്‍ലിമയുടെ ആദരം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com