ADVERTISEMENT

രാജ്യത്തെ പ്രധാന സാഹിത്യോത്സവങ്ങളിലൊന്നായി അംഗീകാരം നേടിയ ഗേറ്റ്‌വേ ലിറ്റ് ഫെസ്റ്റിന്റെ അഞ്ചാം പതിപ്പ് മാര്‍ച്ച് ഒന്ന്, രണ്ട് തിയതികളില്‍ മുംബൈ എന്‍.സി.പി.എ യില്‍ നടക്കും. മാര്‍ച്ച് ഒന്നിന് രാവിലെ 11 മണിക്കു നടക്കുന്ന ചടങ്ങില്‍ ലിറ്റ് ഫെസ്റ്റ് ഉപദേശക സമിതി ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ആമുഖപ്രഭാഷണം നടത്തും. മംഗളേഷ് ദബ്രാലിന്റെ മുഖ്യ പ്രഭാഷണത്തിനു ശേഷം ജ്ഞാനപീഠജേത്രി പ്രതിഭാ റോയ് ഫെസ്റ്റിവല്‍ പ്രമേയം വിശദീകരിക്കും. ഗേറ്റ്‌വേ ലിറ്റ്‌ഫെസ്റ്റിന്റെ റൈറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം നേടിയ ബംഗാളി എഴുത്തുകാരന്‍ മനോരഞ്ജന്‍ ബ്യാപാരി ചടങ്ങില്‍ ബഹുമതി ഏറ്റുവാങ്ങും.

മുംബൈയിലെ മലയാളി കൂട്ടായ്മ ഇന്ത്യയിലെ പ്രാദേശിക ഭാഷകള്‍ക്കായി നടത്തുന്ന എല്‍ഐസി ഗേറ്റ്‌വേ ലിറ്റ് ഫെസ്റ്റില്‍ ഇത്തവണ യുവ എഴുത്തുകാര്‍ക്കാണ് മുന്‍തൂക്കം. 'ഇന്ത്യന്‍ സാഹിത്യത്തില്‍ യുവശക്തി ' എന്നതാണ് കേന്ദ്ര പ്രമേയം. കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ പുരസ്‌കാരം നേടിയ 40 എഴുത്തുകാരുള്‍പ്പടെ ഇരുപത്തിരണ്ട് ഇന്ത്യന്‍ ഭാഷകളില്‍ നിന്നായി 60 എഴുത്തുകാര്‍ ലിറ്റ് ഫെസ്റ്റില്‍ പങ്കെടുക്കുന്നുണ്ട്. കേന്ദ്രസാഹിത്യ അക്കാദമി ചെയര്‍മാന്‍ ചന്ദ്രശേഖര കമ്പാര്‍, ജ്ഞാനപീഠ പുരസ്‌കാരം നേടിയ കവി സീതാംശു യശഛന്ദ്ര, പ്രതിഭാ റോയ്, പ്രസിദ്ധ മറാഠി എഴുത്തുകാരന്‍ ലക്ഷ്മണ്‍ ഗെയ്ക്‌വാദ്, ശോഭാ ഡേ, കവി സച്ചിദാനന്ദന്‍, സക്കറിയ, എസ്. ഹരീഷ്, ഫാസിസ്റ്റ് ഭീഷണിയെത്തുടര്‍ന്ന് എഴുത്തു നിര്‍ത്തുന്നതായി പ്രഖ്യാപിക്കേണ്ടിവന്ന തമിഴ് നോവലിസ്റ്റ് പെരുമാള്‍ മുരുകന്‍, കവി പി. എന്‍. ഗോപീകൃഷ്ണന്‍, ഇംഗ്ലിഷ് കവിയും വിവര്‍ത്തകനുമായ എ. ജെ. തോമസ്, സംഗീത ശ്രീനിവാസന്‍, മനു എസ്. പിള്ള, ലോപ തുടങ്ങിയവർ ലിറ്റ് ഫെസ്റ്റിൽ പങ്കെടുക്കും.

പന്ത്രണ്ടു സെഷനുകളിലായി രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന ആശയ സംവാദങ്ങളില്‍ ഇന്ത്യന്‍ പ്രാദേശിക ഭാഷകളിലെ പുതു പ്രവണതകളും ശൈലീവ്യതിയാനങ്ങളും ചര്‍ച്ചാ വിഷയമാകും. ഉദ്ഘാടന ദിനത്തില്‍ ആറു പ്രധാന സെഷനുകളാണുണ്ടാവുക. 'ഇന്ത്യന്‍ സാഹിത്യത്തില്‍ യുവശക്തി ' എന്ന പ്രമേയം കേന്ദ്രമാക്കി പന്ത്രണ്ടുമണിക്ക് നടക്കുന്ന സംവാദത്തോടെ വേദികള്‍ സജീവമാകും. വൈകിട്ട് 4.30ന് അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത ഹ്രസ്വചിത്രമായ 'സുഖാന്ത്യം' പ്രദര്‍ശിപ്പിക്കുന്നുണ്ട്. 5.45 ന് ആരംഭിക്കുന്ന 'കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ ആവിഷ്‌കാര സ്വാതന്ത്ര്യം നേരിടുന്ന ഭീഷണി ' എന്ന സംവാദം ഗൗരവതരമായ ചര്‍ച്ചക്ക് സാക്ഷ്യം വഹിക്കുമെന്നു കരുതപ്പെടുന്നു. ഓപ്പണ്‍ മാസിക എഡിറ്റര്‍ എസ്. പ്രസന്നരാജന്റെ അധ്യക്ഷതയില്‍ നടക്കുന്ന സംവാദത്തില്‍ പെരുമാള്‍ മുരുകന്‍, എസ്.ഹരീഷ്, ചൈതന്യ പിംഗളി എന്നിവരാണ് പങ്കെടുക്കുന്നത്. മുംബൈയില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന കാക്ക ത്രൈമാസികയും മുബൈ കേന്ദ്രമായ പ്രമുഖ കമ്മ്യൂണിക്കേഷന്‍ സ്ഥാപനം പിഫോര്‍സിയുമാണ് എല്‍ഐസി ഗേറ്റ്‌വേ ലിറ്റ്‌ഫെസ്റ്റിന്റെ സംഘാടകര്‍. 

സമാപന ദിനമായ മാര്‍ച്ച് രണ്ടിന് രാവിലെ 11 മണിക്ക് 'പഴയ നിയമങ്ങള്‍ ലംഘിക്കുന്ന പുതിയ എഴുത്തുകാര്‍' എന്ന വിഷയത്തിലുള്ള ആശയ വിനിമയത്തോടെയാണ് ചര്‍ച്ചകള്‍ക്ക് തിരശീലയുയരുന്നത്. ഇ– എഴുത്തിന്റെ കാലത്തെ സാഹിത്യം, പ്രമേയത്തിലെ മൗലികത പുസ്തകങ്ങളുടെ വില്‍പന വര്‍ധിപ്പിക്കുന്നതെങ്ങിനെ തുടങ്ങി വൈവിധ്യമാര്‍ന്ന വിഷയങ്ങളില്‍ എഴുത്തുകാര്‍ കാഴ്ചപ്പാടുകള്‍ പങ്കുവയ്ക്കും. വൈകിട്ട് ഏഴു മണിക്ക് സക്കറിയയുടെ പ്രഥമ ഇംഗ്‌ളിഷ് നോവല്‍ ''എ സീക്രട്ട് ഹിസ്റ്ററി ഓഫ് കംപാഷന്‍ '' ശാന്താ ഗോഖലേയും ജെറി പിന്റോയും ചേര്‍ന്ന് പ്രകാശനം ചെയ്യും. സമാപന പ്രസംഗം സക്കറിയയാണ് നിര്‍വഹിക്കുക. കാക്ക ത്രൈമാസികയുടെ എഡിറ്റര്‍ മോഹന്‍ കാക്കനാടന്‍ ഫെസ്റ്റിവെല്‍ ഡയറക്ടറും പി ഫോര്‍സി ചെയര്‍മാന്‍ എം. ശബരിനാഥ്, സി ഇ ഒ ജോസഫ് അലക്‌സാണ്ടര്‍ എന്നിവര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരുമാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com