ADVERTISEMENT

ആരായിരുന്നു ആ ഉമ്മമാർ? സുഡാനി ഫ്രം നൈജീരിയ എന്ന സിനിമ കഴിഞ്ഞിറങ്ങുമ്പോൾ എല്ലാ പ്രേക്ഷകരുടെയും മനസ്സിൽ ഉയർന്ന ചോദ്യമായിരുന്നു ഇത്. ജമീലയും ബീയുമ്മയും മലപ്പുറത്തെ ഏതെങ്കിലും ഉൾനാടൻ ഗ്രാമത്തിലെ യഥാർഥ മു‍സ്‍ലിം കുടുംബത്തിൽ പിറന്നവരായിരിക്കും എന്നാണ് പലരും കരുതിയത്. എന്നാൽ സിനിമയ്ക്കൊടുവിൽ അഭിനയിച്ചവരുടെ പേരെഴുതികാണിച്ചത് ഇങ്ങനെയായിരുന്നു.

ജമീല– സാവിത്രി ശ്രീധരൻ

ബീയുമ്മ– സരസ ബാലുശ്ശേരി

പേരുവായിക്കുമ്പോഴാണ് പ്രേക്ഷകന്റെ മനസ്സിൽ ശരിക്കും സിനിമ തുടങ്ങിയത്. തനി മലപ്പുറത്തുകാരായ രണ്ടു മുസ്‍ലിം കഥാപാത്രങ്ങളെ അവതരിപ്പിച്ചത് സാവിത്രി ശ്രീധരനും സരസ ബാലുശ്ശേരിയും! 

ആരാണ് സാവിത്രിയും സരസയും?

സിനിമയിൽ മുൻപെങ്ങും കാണാത്ത രണ്ടു മുഖങ്ങൾ. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രം റിലീസ് ചെയ്ത അന്നുമുതൽ മലയാളികൾ അന്വേഷിച്ചത് ഇതായിരുന്നു. പകരം വയ്ക്കാനില്ലാത്ത സ്നേഹത്തിന്റെ പ്രതീകങ്ങളായ ഇവർ ആരാണ്? എവിടെയായിരുന്നു ഇവർ ഇത്രയും കാലം?

നാടകത്തിന്റെ കരുത്തിൽ ഉയർന്നുവന്നവരായിരുന്നു സാവിത്രിയും സരസയും. ആ കരുത്തിന് ഇപ്പോൾ ഏറ്റവും വലിയ അംഗീകാരവും ലഭിച്ചിരിക്കുന്നു. മികച്ച സ്വഭാവനടിമാരായി സംസ്ഥാന സർക്കാരിന്റെ അംഗീകാരം രണ്ടുപേർക്കും കഴിഞ്ഞ ദിവസം ലഭിച്ചു. 

സാവിത്രിയും സരസയും നമുക്കിടയിൽ തന്നെയുണ്ടായിരുന്നു. കേരളത്തിലെ പ്രമുഖ പ്രഫഷനൽ നാടകട്രൂപ്പുകൾക്കു തിരശ്ശീല വീണതോടെ അഭിനയിക്കാൻ അവസരം ഇല്ലാതായിപ്പോയ പ്രതിഭാധനരായ ഒട്ടേറെപേരിൽ രണ്ടാൾ. നാടകത്തിന്റെ കരുത്തിൽ അഞ്ചുപതിറ്റാണ്ട് തിളങ്ങിനിന്നവർ... അവരെ സിനിമാ ലോകം കണ്ടെത്താൻ വൈകിയതായിരുന്നു. സുഡാനി ഫ്രം നൈജീരിയയുടെ സംവിധായകൻ സക്കരിയ്യ ഇവരെ കണ്ടെത്തുമ്പോൾ നാടകമൊന്നുമില്ലാതെ വെറും വീട്ടമ്മമാരായി ഒതുങ്ങി കഴിയുകയായിരുന്നു രണ്ടുപേരും. മികച്ച നാടക നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം സരസ ബാലുശ്ശേരി രണ്ടുതവണ വാങ്ങിയിട്ടുണ്ട്. സാവിത്രി ശ്രീധരൻ ഒരുതവണയും. 

സ്നേഹത്തിന്റെ ഭാഷ

സ്നേഹത്തിന്റെ ഭാഷയേതാണ്? നൈജീരിയയിലെ സാമുവൽ എന്ന ഫുട്ബോൾ കളിക്കാരനും സ്വന്തം അടുക്കളയ്ക്കപ്പുറം കാണാത്ത മലപ്പുറത്തെ സാധാരണ മുസ്‍‍ലിം വീട്ടമ്മമായ ജമീലയും ആശയവിനിമയം നടത്തിയത് ഏതു ഭാഷയിലായിരുന്നു? സ്നേഹത്തിന് ഒരു ഭാഷയേയുള്ളൂ, അതു ഹൃദയത്തിന്റെ ഭാഷയാണെന്ന് നമ്മെ പഠിപ്പിക്കുകയാണ് സുഡാനി ഫ്രം നൈജീരിയ എന്ന സിനിമ.

നായകനായ സൗബിനെ മാത്രമേ പ്രേക്ഷകർക്ക് അറിയുമായിരുന്നുള്ളൂ. എന്നാൽ സിനിമ തുടങ്ങിയതുമുതൽ പ്രേക്ഷകരുടെ ഹൃദയത്തിൽ സ്ഥാനം പിടിച്ചത് ജമീലയും ബീയുമ്മയുമായിരുന്നു. 

മലയാളത്തിൽ അമ്മ, അമ്മൂമ്മ വേഷം ചെയ്യുന്ന ഒട്ടേറെ നടിമാരുണ്ടായിരുന്നിട്ടും ജമീലയെയും ബീയുമ്മയെയും അവതരിപ്പിക്കാൻ അവരെയാരെയും വിളിക്കാതിരുന്നതെന്തുകൊണ്ട്? സംവിധായകനും കൂടെ തിരക്കഥയൊരുക്കിയ മുഹ്സിൻ പരാരിയും തീരുമാനിച്ചിരുന്നു സ്ഥിരം അമ്മ മുഖങ്ങൾ വേണ്ടെന്ന്. അങ്ങനെ അവർ തേടിയിറങ്ങിയത് കോഴിക്കോട് നഗരത്തിലേക്കായിരുന്നു. 

ഈ സിനിമയുടെ നട്ടെല്ലായ ജമീലയെയും ബീയുമ്മയെയും അവതരിപ്പിക്കാനുള്ള അമ്മ മുഖം തേടി. നാടകപ്രവർത്തകനായ അബു വളയംകുളം കൂടെയുണ്ടായിരുന്നു. കോഴിക്കോട്ടെ പ്രഫഷനൽ ട്രൂപ്പുകളിൽ സജീവമായിരുന്ന പ്രമുഖ നടിമാരുടെ വീട്ടിൽ പോയി അബുവാണ് സംസാരിച്ചത്. അങ്ങനെ അവർ ഓഡിഷനു വന്നു. അവിടെ വച്ച് ചില ഡയലോഗുകൾ പറഞ്ഞുകൊടുത്തു. സരസയും സാവിത്രിയും ആ കടമ്പ കടന്ന് സിനിമയിലെത്തി.

നാടകപാരമ്പര്യം

കോഴിക്കോട് വെസ്റ്റ് മാങ്കാവിൽ ശ്രീധരീയം വീട്ടിൽ സാവിത്രിയുടെ ഭർത്താവ് ശ്രീധരൻ 26 വർഷം മുൻപ് മരിച്ചു. മക്കളായ പ്രസീന, സബീന, സുനീഷ് എന്നിവർ വിവാഹിതരായി. പ്രസീനയെ വിവാഹം ചെയ്തിരിക്കുന്നത് കുട്ട്യേടത്തി വിലാസിനി എന്ന ചലച്ചിത്ര നടിയുടെ മകൻ റോയിയാണ്. സാവിത്രിയുടെ വീടിന്റെ മുകളിലത്തെ നിലയിൽ കുട്ട്യേടത്തി വിലാസിനിയും താമസിക്കുന്നു. എം.ടി. വാസുദേവൻനായർ തിരക്കഥ എഴുതിയ കുട്ട്യേടത്തി എന്ന ചിത്രത്തിൽ സത്യന്റെ നായികയായി അഭിനയിച്ചതോടെയാണു വിലാസിനി കുട്ട്യേടത്തി വിലാസിനി എന്നറിയപ്പെട്ടത്. 

കോഴിക്കോട്ടെ നാലു പ്രശസ്ത പ്രഫഷനൽ നാടകട്രൂപ്പിലെ തിരക്കുള്ള നടിയായിരുന്നു സാവിത്രി. പ്രഫഷനൽ നാടക ട്രൂപ്പുകളുടെ സുവർണ്ണകാലം കഴിഞ്ഞതോടെ സങ്കടത്തോടെ വേദിയോടു വിടപറയേണ്ടി വന്നു. 

1961ൽ ആണ് സാവിത്രി നാടകത്തിൽ അഭിനയിക്കുന്നത്. അന്ന് മാങ്കാവും തിരുവണ്ണൂരും മീഞ്ചന്തയിലുമുള്ള ഒട്ടേറെ അമേച്വർ നാടക ട്രൂപ്പുകളിൽ അഭിനയിച്ചു. വളയനാട് കലാസമിതിയുടെ കറുത്ത വെളിച്ചമായിരുന്നു ആദ്യ നാടകം. 

ആഹ്വാൻ സെബാസ്റ്റ്യന്റെ വഴിയമ്പലത്തിലൂടെയാണ് നാടകത്തിൽ സജീവമാകുന്നത്. കെ.ടി. മുഹമ്മദ്, എം.ടി. വാസുദേവൻനായർ, തിക്കോടിയൻ, ടി. ദാമോദരൻ എന്നിവർ ചേർന്നെഴുതിയ നാടകമായിരുന്നു ഇത്. 1984ൽ ആണ് ആദ്യമായി പ്രഫഷനൽ നാടകത്തിൽ അഭിനയിക്കുന്നത്. കെ.ടി. മുഹമ്മദിന്റെ കലിംഗ തിയറ്ററിന്റെ ഇതു ഭൂമിയാണ് ആയിരുന്നു ആദ്യ നാടകം. പിന്നീട് കാഫർ, സൃഷ്ടി, ദീപസ്തംഭം മഹാശ്ചര്യം, അച്ഛനും ബാപ്പയും, സാക്ഷാത്ക്കാരം, കുചേലവൃത്തം, സമന്വയം എന്നിങ്ങനെ അക്കാലത്ത് കലിംഗ അവതരിപ്പിച്ച എല്ലാ നാടകത്തിലും മികച്ച വേഷം ചെയ്തു. അണിയറ എന്ന നാടകത്തിലെ വേഷത്തിന് സംഗീത നാടക അക്കാദമിയുടെ മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചു. 

വിത്സൻ സാമുവലിന്റെ സംഗമം തിയറ്ററിലായിരുന്നു പിന്നീട് അഭിനയിച്ചത്. ഇനിയും ഉണരാത്തവർ, ക്ഷണിക്കുന്നു കുടുംബസമേതം, അരവിന്ദൻ സാക്ഷിയാണ് എന്നീ നാടകങ്ങളിൽ അഭിനയിച്ചു. അതിനു ശേഷം ഇബ്രാഹിം വെങ്ങരയുടെ ചിരന്തന തിയറ്റേഴ്സിലെ പ്രധാന നടിയായി. മാളികവീട്, പകിട പന്ത്രണ്ട്, ഉപഹാരം, ഒടിയൻ, രാജസഭ എന്നീ നാടകങ്ങൾ ചെയ്തു. ഇതിൽ രാജസഭയിലെ ഐഷക്കുട്ടിയുടെ വേഷത്തിനാണ് 1993ൽ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചത്. 

വിക്രമൻ നായരുടെ സ്റ്റേജ് ഇന്ത്യയുടെ ജപമാല, അഗ്രഹാരം, ആൾമാറാട്ടം, അക്കരപ്പച്ച എന്നീ നാടകങ്ങളിലും നല്ല വേഷം ചെയ്തു. ഈ സമയമാകുമ്പോഴേക്കും കേരളത്തിലെ പ്രഫഷനൽ നാടകട്രൂപ്പുകളെല്ലാം പിടിച്ചുനിൽക്കാൻ പ്രയാസപ്പെടുന്ന സ്ഥിതിയിലായിരുന്നു.  അങ്ങനെ പതുക്കെ രംഗപടത്തിനു പിന്നിലേക്കു ജീവിതം മാറി. 

പതിനെട്ടിൽ തുടങ്ങിയ അഭിനയം

കോഴിക്കോട് ബാലുശ്ശേരിയിലെ അയ്യപ്പൻ ചെട്ട്യാർ–മാളു അമ്മയുടെ അഞ്ചു മക്കളിൽ മൂത്ത ആളാണ് സരസ. ശ്രീ ഗണേഷ് കലാ സമിതിയുടെ ഹിന്ദുസ്ഥാൻ ഹമാര ഹെ ആയിരുന്നു നാടകം. പിന്നെ നാടകം തന്നെയായി ജീവിതം. അതിനിടെ വിവാഹം കഴിക്കാൻ പോലും മറന്നു. സഹോദരങ്ങളായ ചന്ദ്രൻ, രാജമ്മ, ശശീന്ദ്രൻ, സുരേന്ദ്രൻ എന്നിവരുടെ പിന്തുണയായിരുന്നു ബലം. ചന്ദ്രന്റെകൂടെയാണ് ഇപ്പോൾ താമസം. 

വിക്രമൻനായരുടെ ക്ഷുഭിതരുടെ ആശംസകൾ ആയിരുന്നു ആദ്യ പ്രഫഷനൽ നാടകം. പിന്നെ കെ.ടി. മുഹമ്മദിന്റെ സ്ഥിതിയിൽ അഭിനയിച്ചു. പി.എം. താജിന്റെ അഗ്രഹാരംത്തിലും അഭിനയിച്ചു. ഇബ്രാഹിം വെങ്ങരയുടെ ചിരന്തനയുടെ 12 നാടകങ്ങളിലായി 12 വർഷം അഭിനയിച്ചു. പകിട പന്ത്രണ്ടിലെ  പാത്തുവിന് 1992ലെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു. 1994ൽ ഉപഹാരത്തിലെ ആമിനയുടെ വേഷത്തിനും സംസ്ഥാന സർക്കാർ പുരസ്കാരം ലഭിച്ചു. 

ചിരന്തന വിട്ട ശേഷം വടകര സഭ, വടകര വരദ, കോഴിക്കോട് സങ്കീർത്തന, കാവ്യകല, അങ്കമാലി അഞ്ജലി, ഗുരുവായൂർ ബന്ധുര എന്നീ ട്രൂപ്പുകളിലും അഭിനയിച്ചു. മൂന്നു വർഷം മുൻപാണ് അഭിനയം നിർത്തിയത്. കാൽമുട്ടിലെ വേദന അസഹ്യമായപ്പോൾ അരങ്ങിനോടു വിടപറയേണ്ടി വന്നു.

സുഡാനിക്കു ശേഷം ഡാകിനി എന്ന ചിത്രത്തിലാണ് രണ്ടുപേരും അഭിനയിച്ചത്. ഉദ്ഘാടനവും മറ്റുമായി രണ്ടുപേരും ഇപ്പോൾ കോഴിക്കോട് സാംസ്കാരിക സദസ്സുകളിൽ സജീവമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com