ADVERTISEMENT

സിപിഎം സ്ഥാനാർഥി പട്ടികയ്ക്കെതിരെ വിമർശനവുമായി എഴുത്തുകാരി ശാരദക്കുട്ടി. 'പരസ്യമായ അഴിമതിക്കും കൊലപാതകത്തിനും സ്ത്രീവിരുദ്ധതയ്ക്കും കൂട്ടുനിന്നവരുണ്ട് ലിസ്റ്റിൽ. ഒഴിവാക്കേണ്ടതായിരുന്നു. അവർക്കു പകരം വെക്കാൻ സത്യസന്ധതയും കർമ്മശേഷിയും വിശ്വസ്തതയും തെളിയിച്ച ഒരു സ്ത്രീയും സിപിഎമ്മിൽ ഇല്ലേ?' എന്നു ചോദിക്കുന്നു ശാരദക്കുട്ടി. സിപിഎം സ്ഥാനാർഥി പട്ടികയിൽ ഇതുവരെ രണ്ടു സ്ത്രീകൾ മാത്രമാണ് ഇടം കണ്ടെത്തിയത്. 

 

ശാരദക്കുട്ടിയുടെ കുറിപ്പിന്റെ പൂർണരൂപം–

 

സമ്മതിച്ചു. തെരഞ്ഞെടുപ്പിൽ ജയസാധ്യത പ്രധാനമാണ്. ശക്തരായ, ജയസാധ്യതയുള്ള സ്ഥാനാർഥികളെന്ന് സി പി എം വിമർശകനായ അഡ്വ.ജയശങ്കറും ബി.ജെ.പി, കോൺഗ്രസ് വക്താക്കളും ചാനൽ ചർച്ചയിൽ തലയാട്ടി സമ്മതിക്കുകയും ചെയ്യുന്നതും കേട്ടു.. ശക്തർ തന്നെ. ജയിച്ചു വരട്ടെ.

 

പക്ഷേ, നാലു വോട്ടു കൂടുതൽ കിട്ടാൻ വേണ്ടി നാടിനെ പിന്നോട്ടു നടത്തില്ല എന്നൊരു വാക്കു പറഞ്ഞതിന്റെ പേരിൽ ആവേശഭരിതരായി മുഖ്യമന്ത്രിക്കു കയ്യടിച്ച സ്ത്രീകൾ വളരെയേറെയുണ്ട്. നാലു വോട്ടു പോയാൽ പോട്ടെ എന്ന ആ ഉറപ്പ് വലിയ ആശയായിരുന്നു. മുന്നോട്ടു പോകുന്ന പാതയിൽ രണ്ടോ മൂന്നോ സ്ത്രീകളെ കൂടെ കൂട്ടുമെന്നു പ്രതീക്ഷിച്ചു.

 

പരസ്യമായ അഴിമതിക്കും കൊലപാതകത്തിനും സ്ത്രീവിരുദ്ധതക്കും കൂട്ടുനിന്നവരുണ്ട് ലിസ്റ്റിൽ. ഒഴിവാക്കേണ്ടതായിരുന്നു. അവർക്കു പകരം വെക്കാൻ സത്യസന്ധതയും കർമ്മശേഷിയും വിശ്വസ്തതയും തെളിയിച്ച ഒരു സ്ത്രീയും സിപിഎമ്മിൽ ഇല്ലേ? മതിൽ കെട്ടിയ പെണ്ണുങ്ങൾക്ക് ഉശിരോടെ, അഭിമാനത്തോടെ നാട്ടാരോട് പറയാമായിരുന്നു നാലു വോട്ടിനു വേണ്ടി പെണ്ണുങ്ങളെ തള്ളിമാറ്റില്ല സിപിഎം എന്ന്.

 

ഇതിപ്പോ ഏതോ സിനിമയിൽ മോഹൻലാൽനായകൻ പറഞ്ഞ പോലായിപ്പോയല്ലോ. ''ഞങ്ങൾ വിളിക്കുമ്പോൾ മതിൽ കെട്ടാനും ഞങ്ങൾക്ക് സാംസ്കാരികജാഥ നയിക്കാനും കൊടിയും ബാനറും പിടിക്കാനും, തിരികെ ഞങ്ങൾ വീട്ടിൽ ചെല്ലുമ്പോൾ കഞ്ഞിയും കറിയും വെക്കാനും വിളമ്പാനും, പട്ടടേലേക്ക് എടുക്കുമ്പോൾ തല്ലിയലച്ചു കരയാനും ഞങ്ങൾക്ക് കുറച്ചു പെണ്ണുങ്ങളെ ആവശ്യമുണ്ട്. മനസ്സുണ്ടെങ്കിൽ കേറ് വണ്ടീല്"

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com