ADVERTISEMENT

ജീവിതത്തിൽ തിക്താനുഭവങ്ങൾ ഉണ്ടാകാം, എന്നാൽ അതിൽ നിന്നു തോറ്റുപിന്മാറുകയല്ല വേണ്ടതെന്ന് ആക്റ്റിവിസ്റ്റും എഴുത്തുകാരിയുമായ നളിനി ജമീല. ജീവിതത്തിൽ വരാൻ സാധ്യതയുള്ള ദുരനുഭവങ്ങളെ ഓർത്ത് ഭയപ്പെട്ടാൽ ആർക്കും മുന്നോട്ടുപോകാൻ കഴിയില്ലെന്നും അവർ ഓർമിപ്പിച്ചു. ഏതു ജോലിക്കും അതിന്റേതായ വെല്ലുവിളികൾ ഉണ്ട്, പരാജയ സാധ്യതകൾ ഉണ്ട്. അതിർത്തി കാക്കുന്ന പട്ടാളക്കാരെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? അവരുടെ മുന്നിൽ നിരവധി വെല്ലുവിളികൾ ഉണ്ട്. 

 

ഒരു കള്ളകടത്തുകാരൻ ആകണമെങ്കിൽ പോലും പരാജയ സാധ്യതകൾ നിരവധിയുണ്ട്. അവർ വെടികൊണ്ട് മരിക്കാറുണ്ട്. എന്നെ പോലുള്ള സെക്സ് വർക്കേഴ്സും തല്ലുകൊണ്ട് മരിക്കാറുണ്ട്. ഒരനുഭവം കൊണ്ട് അവസാനിക്കുന്നതല്ല ജീവിതം. പലരും പറയാറുണ്ട് എന്റെ ആദ്യത്തെ അനുഭവം മോശമായിരുന്നു. എന്തുകൊണ്ടാണ് ആ മോശം അനുഭവത്തിൽ നിന്ന് നിങ്ങൾക്ക് മുന്നോട്ട് വരാൻ കഴിയാത്തത്? നളിനി ജമീല ചോദിക്കുന്നു. തന്റെ എഴുത്തും ജീവിതവും അനുഭവങ്ങളും മനോരമ ന്യൂസുമായി പങ്കുവയ്ക്കുകയായിരുന്നു അവർ.

 

nalini-jameela-1

സെക്സ് വർക്കർ ആയ അന്ന് പൊതു സമൂഹം എന്നെ ഒരു സെക്സ് വർക്കറായി അടയാളപ്പെടുത്തി. അത് ഞാൻ പറഞ്ഞിട്ടില്ല. പിന്നീട് കുറച്ചുകാലം ഞാൻ ഒളിച്ചാ ജീവിച്ചത്. ആരെങ്കിലും എന്നെ അപായപ്പെടുത്താൻ ശ്രമിക്കുമോ എന്ന ഭയം ഉണ്ടായിരുന്നു. സാദാചാരപൊലീസിങ് ഇന്നത്തെ അത്ര ഇല്ലെങ്കിൽ പോലും അന്നൊക്കെ കുറച്ച് ഒതുങ്ങി തന്നെയാണ് നിന്നത്. ഞാൻ ചെയ്യുന്നത് തെറ്റാണ്, സമൂഹവിരുദ്ധമാണ്, സ്ത്രീക്ക് വിരുദ്ധമായിട്ടുള്ള കാര്യമാണ് എന്നൊക്കെയാണ് അന്ന് എനിക്ക് തോന്നിയിരുന്നത്.

 

എന്നാൽ പിന്നീട് എനിക്കു മനസിലായി ആണുങ്ങൾ അങ്ങനെയല്ല. അവർ നാലാളു കൂടുന്നിടത്തൊക്കെ പറയാറുണ്ട്. ഞാൻ അവളുടെ അടുത്ത് പോയിട്ടുണ്ട്, ലൈംഗികത ആസ്വദിച്ചിട്ടുണ്ട് എന്നൊക്കെ. പെണ്ണുങ്ങളൊരിക്കലും ശരീരത്തിന്റെ ഇഷ്ടാനിഷ്ടങ്ങളോ സെക്സ് എന്ന വാക്കു പോലുമോ പറയാറില്ല. ഞാൻ കന്യകയാണ്, പുരുഷനുമായി ഇടപെടലുകളില്ല എന്നിങ്ങനെ നിരന്തരം പറഞ്ഞു സ്ഥാപിക്കേണ്ടത് അവളുടെ ഉത്തരവാദിത്തം പോലെയാണ്. ആണുങ്ങൾ ഇത്രയധികം ഇതൊക്കെ ആഘോഷമാക്കുമ്പോൾ ഞങ്ങൾ സെക്സ് വർക്കേഴ്സ് എങ്കിലും ഇതൊക്കെ പറയണമെന്ന് എനിക്കു തോന്നി. തീരെ റൊമാന്റിക് അല്ലാത്ത ആളുകൾക്ക് സെക്സ് വർക്കറായി തുടരാൻ കഴിയില്ല. 

 

എല്ലാവരുടെ ഉള്ളിലും പ്രണയം കാണും. ഉള്ളിലുള്ളത് പറയുന്നതിലെന്താണു കുഴപ്പം? എല്ലാം മറച്ചുവെച്ച് കള്ളം പറയുന്ന ഈ സമൂഹത്തെ ഒന്നു പൊളിച്ചെഴുതണമെന്ന് എനിക്കു തോന്നി. പെണ്ണിനു പറയാൻ പാടില്ല, പെണ്ണിനു നിൽക്കാൻ പാടില്ല, പെണ്ണിനു പോവാൻ പാടില്ല ഇങ്ങനെ കുറെ വഴികളുണ്ട് ആ വഴികളൊക്കെ മാറ്റിയെഴുതാൻ, മാറ്റി ചിന്തിപ്പിക്കാൻ കഴിയും. അതിനെന്താണ് ഒരു വഴി എന്നാലോചിക്കുമ്പോഴാണ് പുസ്തകം എഴുതാം എന്നൊരു ചർച്ച വന്നത്. 2003 ലാണ്. അപ്പോൾ സുഹൃത്തുക്കൾ പറഞ്ഞു നീ ഒരു കഥയെഴുത്. പക്ഷേ കഥ എന്നു പറയുന്നത് ഭാവന ചേർന്നതാണല്ലോ? എങ്കിൽ ജീവചരിത്രമോ, ആത്മകഥയോ എഴുത് എന്ന നിർദേശം മൈത്രേയൻ മുന്നോട്ടു വെച്ചു.

 

ഞാൻ ചോദിച്ചു, കഥയാണോ ആത്മകഥയാണോ ജീവചരിത്രമാണോ കൂടുതൽ സത്യസന്ധമെന്ന് തോന്നിക്കുന്നത്? അങ്ങനെയാണ് ആത്മകഥ എഴുതാം എന്നു തീരുമാനിച്ചത്. 'ഞാൻ ലൈംഗിക തൊഴിലാളി' എന്ന പുസ്തകത്തിന്റെ പിറവി. പുസ്തകം അച്ചടിച്ചു. വായിക്കപ്പെടുന്നുണ്ട്. പലരും കടയിൽ വന്നു ചോദിക്കാറുള്ളത് നളിനി എഴുതിയ പുസ്തകം ഒന്നു പൊതിഞ്ഞു തരുമോ? എന്നായിരുന്നു. പൊതിഞ്ഞു വാങ്ങിയാലും ആ പുസ്തകം തുറന്നു വായ്ക്കപ്പെടുമല്ലോ. 'ഞാൻ കൊള്ളാല്ലോ' എന്നാണ് എനിക്ക് അപ്പോൾ തോന്നിയത്.

 

ലൈംഗികത്തൊഴിലാളിയോടുള്ള സമീപനത്തില്‍ ഏറ്റവും മോശം മലയാളികളുടേതാണ് എന്ന് ഞാന്‍ പറയും. കര്‍ണാടകയിലും തമിഴ്നാട്ടിലുമൊന്നും ഇത്ര പ്രശ്നങ്ങളില്ല. എന്താണ് ജോലിയെന്ന് സത്യസന്ധമായി പറഞ്ഞാൽ കേരളത്തിൽ വാടകയ്ക്ക് വീട് കിട്ടില്ല.  ഒളിച്ചുതാമസിക്കണം. ചുരുക്കിപ്പറഞ്ഞാല്‍ ഇപ്പോഴും ഞാന്‍ ഒളിവിലാണ്- നളിനി ജമീല പറഞ്ഞു. ഞാൻ ലൈംഗിക തൊഴിലാളി, എന്റെ ആണുങ്ങൾ എന്നിവയാണ് പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com