ADVERTISEMENT

അരനൂറ്റാണ്ടുകാലത്തെ മലയാള ചെറുകഥയുടെ വികാസപരിണാമ ചരിത്രത്തിൽ ഒരു വിധേയന്റെ സ്ഥാനമല്ല സക്കറിയയ്ക്ക്; പരീക്ഷണങ്ങൾ ഏറ്റെടുത്തും സ്വയം നവീകരിച്ചും ശൈലിയുടെ അദ്ഭുതതീരങ്ങളിലൂടെ വാക്കുകളെ നടത്തിച്ചും നിരന്തരമായി സഞ്ചരിച്ച അന്വേഷിയുടെ ഭാവം. ‘തീവണ്ടിക്കൊള്ള’യിൽ തുടങ്ങി ‘ഒരിടത്തി’ലൂടെ ‘സലാം അമേരിക്ക’വഴി ‘തേൻ’ എന്ന കഥയിൽ എത്തിനിൽക്കുമ്പോൾ സക്കറിയ മലയാള കഥയെ തന്റെ വഴിയിലൂടെ നടത്തിച്ച സന്ദർഭങ്ങളനേകം കാണാം. ശൈലിയെത്തന്നെ കലാസൃഷ്ടിയാക്കി, ക്രാഫ്റ്റിനു കലയിൽ കാതലായ സ്ഥാനമുണ്ടെന്നു തെളിയിച്ച സക്കറിയ ബുദ്ധിമാനും യുക്തി പ്രയോഗിക്കുന്ന മനുഷ്യനുമെന്നതിനൊപ്പം, ക്ലീഷെകൾ ഒഴിവാക്കി നവീനഭാവുകത്വം സൃഷ്ടിച്ച അപൂർവം എഴുത്തുകാരിൽ ഒരാളാണ്. കഥകളും നോവലെറ്റുകൾ എന്നു വിളിക്കാവുന്ന നീണ്ടകഥകളും എഴുതിയിട്ടുണ്ടെങ്കിലും നോവൽ എഴുതിയിട്ടില്ലാത്ത സക്കറിയയോട് നോവലെഴുതാത്തത് എന്തുകൊണ്ട് എന്നാരും ചോദിക്കാത്തതിനു കാരണമുണ്ട്; ഒരു ദീർഘനോവലിനോളം പോന്ന ആശയപ്രപഞ്ചവും വിശാലമായ ക്യാൻവാസും ഒന്നിലേറെ നോവലെറ്റുകളിൽ പ്രതിഫലിപ്പിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. നോവൽ എഴുതാത്തത് ഒരു പരിമിതിയായോ പോരായ്മയായോ ആരും കാണുന്നില്ലെങ്കിലും ഇനി സക്കറിയ നോവലിസ്റ്റ് എന്നു കൂടി അറിയപ്പെടും. കൊട്ടും കുരവയുമില്ലാതെ, ആഘോഷവും ആചാരങ്ങളുമില്ലാതെ സക്കറിയയുടെ ആദ്യത്തെ നോവൽ പുറത്തുവന്നു; കഥകളെഴുതിയ സ്വന്തം മലയാളത്തിലല്ല, വളർന്ന പ്രിയപ്പെട്ട ഇംഗ്ലിഷിൽ. എ സീക്രട്ട് ഹിസ്റ്ററി ഓഫ് കംപാഷൻ. 

 

മലയാളം മാതൃഭാഷയായിരിക്കെത്തന്നെ ഇംഗ്ലിഷിൽ വളർന്നവരാണ് മലയാളത്തിലെ എഴുത്തുകാരിലധികവും. ലോകസാഹിത്യത്തിലേക്കു തുറന്നുവച്ച ജാലകത്തിൽക്കൂടി വെള്ളവും വെളിച്ചവും ഏറ്റുവാങ്ങി വളർന്നുവന്നവർ. ഇക്കൂട്ടത്തിൽ മുൻനിരയിലാണ് സക്കറിയയുടെ സ്ഥാനം. കോളജ് വിദ്യാഭ്യാസത്തിനുശേഷം മൈസൂരു, ഡൽഹി എന്നിവിടങ്ങളിലായി പടർന്ന യൗവനകാലത്തിൽ അദ്ദേഹത്തിന്റെ സംസാരഭാഷപോലും ഇംഗ്ലിഷായിരുന്നു. എങ്കിലും സക്കറിയ പരീക്ഷണങ്ങളത്രയും നടത്തിയത് ഉരുളികുന്നത്തിന്റെ തനതുമലയാളത്തിൽ. ഒരു നോവലിനുവേണ്ട വിശാലമായ ക്യാൻവസിനു ശ്രമിക്കാതെയും  ജാഗ്രത പുലർത്താതെയും കഥയുടെ ലോകത്തെ രാജകുമാരനായി അദ്ദേഹം വാണരുളി; ഏതാണ്ട് അരനൂറ്റാണ്ടു കാലം. ഒടുവിൽ ആ നിർണായക തീരുമാനം സക്കറിയ കൈക്കൊണ്ടു. ഓരോ കഥയും എഴുതുന്നത് മലയാളികളായ വായനാസമൂഹത്തെ മുന്നിൽക്കണ്ടായിരുന്നെങ്കിൽ, പുതിയൊരു വായനാസമൂഹത്തെക്കൂടി മനസ്സിൽക്കണ്ടുകൊണ്ട് ഒരു നോവൽ. നാനൂറോളം പേജുകളിൽ കരുണയുടെ രഹസ്യചരിത്രം. 

 

മലയാളത്തിൽ ആധുനികതയുടെ തീക്ഷ്ണവസന്തം വിരിയിച്ചവരിൽ സക്കറിയയുടെ സുഹൃത്തുക്കളും സമകാലികരുമായവർ കഥകളെഴുതി തെളിഞ്ഞിട്ടുണ്ടെങ്കിൽക്കൂടി പ്രശസ്തിയുടെ ഗോപുരം തീർത്തത് നോവലുകളിൽ. ഒവി വിജയൻ, കാക്കനാടൻ, മുകുന്ദൻ, പുനത്തിൽ.... വായനക്കാരുടെ മനസ്സുകളിൽ ഖസാക്കും ഉഷ്ണമേഖലയും മയ്യഴിപ്പുഴയുടെ തീരങ്ങളിലും സ്മാരകശിലകളുമായി അനശ്വരത നേടിയവർ. വ്യത്യസ്തയായത് മലയാളത്തിൽ കഥയും ഇംഗ്ലിഷിൽ കവിതയുമെഴുതി ജീവിതത്തിൽ കമലാ സുരയ്യയായി മാറിയ മാധവിക്കുട്ടി മാത്രം. അപ്പോഴും സക്കറിയ നൊവലെറ്റ് എന്നതിനപ്പുറം വലിയൊരു കൃതിക്കുവേണ്ടി ഒരുക്കം നടത്തിയില്ല. അഞ്ഞൂറിൽക്കൂടുതൽ പേജ് വരുന്ന സഞ്ചാരസാഹിത്യകൃതികൾ അടുത്തകാലത്ത് എഴുതിയിട്ടുണ്ടെങ്കിലും കഥയുടെ തട്ടകത്തിൽ സക്കറിയ സ്വന്തമായി ഒരു സിംഹാസനം സൃഷ്ടിച്ചു വിരാജിച്ചു. അദ്ദേഹത്തിന്റെ ഭാവന വ്യാപരിച്ചതും മലയാളത്തിന്റെ ആകാശത്തിൽ. ഇപ്പോൾ ഇതാദ്യമായി ഇംഗ്ലിഷിൽ ഒരു നോവൽ എഴുതുമ്പോൾ ഭാവുകത്വത്തിന്റെ ചങ്ങല പൊട്ടിച്ച് സ്വാതന്ത്ര്യത്തിന്റെ ആകാശത്തേക്ക് അദ്ദേഹം കടക്കുകയാണ്.  മലയാളത്തിലെ ഒരോ വാക്കും എഴുതിയും പറഞ്ഞും ആവർത്തിച്ചും ക്ളീഷെയുടെ വിരസതയുണ്ടാക്കുന്നുണ്ടെങ്കിൽ ഇംഗ്ലിഷിൽ ഓരോ വാക്കും സക്കറിയയ്ക്കു സമ്മാനിക്കുന്നത് നവോൻമേഷം. പുതിയ ഉണർവും ഉത്തേജനവും. പിച്ചവച്ചുവളർന്നുവന്ന കുട്ടി കൗമാരത്തിലും യൗവനത്തിലുമായി സാഹസിക സഞ്ചാരം തുടങ്ങുന്നതുപോലെ ലോകഭാഷയെ ഒന്നാകെ സ്വന്തം വരുതിക്കുനിർത്തി സക്കറിയ പുതിയൊരു അക്ഷരസാമ്രാജ്യം സൃഷ്ടിക്കുകയാണ്. വായനയിൽ മാത്രമല്ല എഴുത്തിലും ഇംഗ്ലിഷ് സക്കറിയയ്ക്ക് അപരിചിതമല്ല. കോളമിസ്റ്റ് എന്ന നിലയിൽ അദ്ദേഹം ആ ഭാഷ വർഷങ്ങളായി കൈകാര്യം ചെയ്യുന്നുണ്ട്. പക്ഷേ, ഫിക്ഷൻ ഇതാദ്യം. കഥകളിൽനിന്നു വ്യത്യസ്തമായി രാഷ്ട്രീയം പ്രത്യക്ഷമായിത്തന്നെ ചർച്ചചെയ്യപ്പെടുന്നുമുണ്ട് നോവലിൽ. 

 

മലയാളത്തിൽ ഒരു കഥ എഴുതുമ്പോൾ അതു മലയാളികൾക്കുവേണ്ടി മാത്രമാണെങ്കിൽ ഇംഗ്ലിഷ് ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിൽ വ്യാപകമായി വായിക്കപ്പെടുന്നുണ്ട്. ഇന്ത്യയ്ക്കു പുറത്തും. കരുണയുടെ രഹസ്യചരിത്രത്തിലൂടെ മലയാളികളുടെ പ്രിയപ്പെട്ട സക്കറിയ ഇനി ലോകത്തിനു സ്വന്തം. വിശ്വസാഹിത്യത്തിലേക്കാണ് കരുണയുടെ രസഹ്യചരിത്രത്തിന്റെ പ്രയാണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com