ADVERTISEMENT

ആഴമേറിയ കണ്ണുകളുമായി ഭാവിയിലേക്ക് ആകാംക്ഷയോടെ ഉറ്റുനോക്കുന്ന തടിയനായ കമ്യൂണിസ്റ്റ് താത്വികാചാര്യന്റെ  മുഖം പരിചിതമാണെങ്കിലും യുവാവും സ്വപ്നം മയങ്ങിയ കണ്ണുകളും മെല്ലിച്ച ശരീരത്തിന്റെ ഉടമയുമായ കാല്‍പനികനായ മാര്‍ക്സ് അപരിചിതനാണ്. പരിചിതനല്ലെങ്കിലും ചെറുപ്പക്കാരനായ മാര്‍ക്സിനെ ആയിരിക്കും യുവതലമുറയ്ക്ക് ഏറെയിഷ്ടം എന്നു മനസ്സിലാക്കി പുതിയ കുപ്പിയില്‍ പഴയ മാര്‍ക്സിന്റെ പാഠങ്ങള്‍ പഠിപ്പിക്കാനൊരുങ്ങുകയാണ് ലോകത്തെ അവശേഷിക്കുന്ന അപൂര്‍വം കമ്യൂണിസ്റ്റ് രാജ്യങ്ങളിലൊന്നായ ചൈന.

 

ഇപ്പോള്‍തന്നെ സ്കൂള്‍, കോളജ് പാഠപുസ്തകങ്ങളുടെ ഭാഗമാണ് മാര്‍ക്സ് എങ്കിലും പുതിയൊരു രൂപത്തിലും ഭാവത്തിലും അവതരിക്കാനൊരുങ്ങുന്ന മാര്‍ക്സിലൂടെയും അദ്ദേഹത്തിന്റെ മനുഷ്യത്വം നിറഞ്ഞ ആദര്‍ശത്തിലൂടെയും മുതലാളിത്വത്തിന്റെ വശ്യതയില്‍നിന്നു മാറി ഒരു പുതിയ തലമുറയെ സൃഷ്ടിക്കുക. അതാണ് മാര്‍ക്സിന്റെ ജീവിതവും ദര്‍ശനങ്ങളും അടങ്ങിയ പുതിയ ഓണ്‍ലൈന്‍ കാര്‍ട്ടൂണ്‍ ആനിമേഷന്‍ സിരീസിലൂടെ ചൈന ലക്ഷ്യമിടുന്നത്.

 

കമ്യൂണിസ്റ്റ് -മാര്‍ക്സിസ്റ്റ് ആദര്‍ശങ്ങളില്‍ അടിയുറച്ചവരും എന്നാല്‍ പുതുലോകത്തിന്റെ പ്രലോഭനങ്ങളില്‍നിന്നു മാറിനില്‍ക്കാത്തവരുമായ ഒരു തലമുറയെക്കൂടി ചൈനയുടെ പാരമ്പര്യത്തിലും സംസ്കാരത്തിലും അടിയുറച്ചുനില്‍ക്കുന്നവരും ഇടതുപ്രത്യയ ശാസ്ത്ര പ്രയോക്താക്കളും ആക്കുക. അതാണ് ചൈനയുടെ ലക്ഷ്യം. അതിനുവേണ്ടി ചൈനീസ് ടെലിവിഷനില്‍ പരമ്പരയായി വരികയാണ് മാര്‍ക്സിന്റെ ജീവിതവും ദര്‍ശനങ്ങളും പ്രതിപാദിക്കുന്ന പുതിയ ആനിമേഷന്‍ സിരീസ്. ദ് ലീഡര്‍ എന്നാണ് പരമ്പരയുടെ പേര്. ചെറുപ്പക്കാരനായ മാര്‍ക്സിനൊപ്പം യുവതിയായ ഭാര്യ ജെന്നിയും ആജീവാനാന്ത സുഹൃത്ത് ഫ്രെഡറിക് ഏംഗല്‍സും പരമ്പരയിലെ കഥാപാത്രങ്ങളാണ്. യൗവനത്തിന്റെ ആവേശവും ലഹരിയും പ്രണയവും സംഘര്‍ഷങ്ങളും പുതിയൊരു ആദർശത്തെ അവതരിപ്പിച്ചതിലൂടെ നേരിടുന്ന എതിര്‍പ്പുമൊക്കെ ആനിമേഷന്‍ സിരീസിനെ ആവേശഭരിതമാക്കുന്നുണ്ട്. 

 

മാര്‍ക്സും ഏംഗല്‍സും ജെന്നിയും അവര്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിച്ച ആശയങ്ങളും കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലെ പഠനപ്രക്രിയയുടെ ഭാഗമാണ്. മാര്‍ക്സിയന്‍ ദര്‍ശനം പഠിക്കാതെ പല മേഖലകളിലും ഉദ്യോഗസ്ഥര്‍ക്ക് ജോലിയില്‍ ഉദ്യോഗക്കയറ്റം ഉള്‍പ്പെടെ ലഭ്യമാകാറുമില്ല. പക്ഷേ, തടിയന്‍ പുസ്തകങ്ങളും കടിച്ചാല്‍ പൊട്ടാത്ത ആശയങ്ങളും സമത്വത്തിനുവേണ്ടിയുള്ള ആഹ്വാനങ്ങളും പുതുതലമുറയ്ക്ക് പണ്ടേപ്പോലെ ഏശുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. കടുകട്ടി ആശയങ്ങളില്‍നിന്നുമാറി വ്യത്യസ്തമായ ആശയങ്ങളിലേക്ക് പുതുതലമുറ വഴിമാറിപ്പോകാനുള്ള അവസരങ്ങളുമുണ്ട്. അങ്ങനെവന്നാല്‍ ഭാവിയിലെങ്കിലും ഇടതുവഴിയില്‍നിന്നു മാറി നടക്കുന്ന ചെറുപ്പക്കാര്‍ ചൈനയിലും ഉണ്ടായേക്കാം. അത്തരമൊരു നീക്കത്തിനു കൂടി തടയിടുകയാണ് പുതിയ ആനിമേഷന്‍ സിരീസിലൂടെ ചൈന. 

 

കമ്യൂണിസ്റ്റ് ആദര്‍ശങ്ങളില്‍നിന്നു മാറി മുതലാളിത്ത പ്രലോഭനങ്ങളെ ചൈനയും വരവേല്‍ക്കുകയാണ് എന്ന സംശയം വ്യാപകമായിരിക്കെയാണ് ആദര്‍ശങ്ങളില്‍ അടിയുറച്ച വളര്‍ച്ചയാണ് തങ്ങളുടെ ലക്ഷ്യം എന്നു ചൈന വ്യക്തമാക്കുന്നത്. ജര്‍മന്‍ തത്വചിന്തകനില്‍നിന്നു മാറി തങ്ങള്‍ക്ക് മറ്റൊരു പ്രത്യയശാസ്ത്ര അടിത്തറയില്ലെന്നും പുതിയ നീക്കത്തിലൂടെ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയും വ്യക്തമാക്കുകയാണ്. കേള്‍വിയില്‍നിന്ന് ദൃശ്യത്തിലേക്കും ഏറ്റവുമൊടുവില്‍ ഓണ്‍ലൈനിലേക്കും മാറുന്ന പുതിയ തലമുറയും ദസ് ക്യാപിറ്റലും കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയും റെവല്യൂഷണറി മുദ്രാവാക്യങ്ങളും പഠിക്കുകയും ആവര്‍ത്തിക്കുകയും ജീവിതത്തിന്റെ ഭാഗമാക്കുകയും ചെയ്യേണ്ടതുണ്ട്. സമൂഹത്തിലെ കുറച്ചുപേര്‍ സമ്പത്ത് നിയന്ത്രിക്കുകയും ദരിദ്രര്‍ എന്നും ദരിദ്രരായി തുടരുകയും ചെയ്യുന്ന സമൂഹവ്യവസ്ഥിതി മാറി എല്ലാവരും ഒരുപോലെ സമ്പത്തും സൗഭാഗ്യങ്ങളും അനുഭവിക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന മധുരമനോഹര മനോജ്ഞ ലോകം- അതാണ് ചൈനയും ലക്ഷ്യമിടുന്നത്. ആ ലക്ഷ്യത്തിലേക്കുള്ള യാത്ര എളുപ്പമാക്കുന്നതാണ് ദ് ലീഡര്‍ എന്ന ഓണ്‍ലൈന്‍ ആനിമേഷന്‍ സിരീസ്. 

 

സര്‍വകലാശാലയില്‍ പഠിക്കുന്ന മാര്‍ക്സിന്റെ കൗമാരാകാലത്തില്‍നിന്നുമാണ് ദ് ലീഡര്‍ തുടങ്ങുന്നത്. ആവേശഭരിതമായ ഒരു സ്വപ്നത്തിലേക്കും പ്രണയത്തിലേക്കും സൗഹൃദത്തിലേക്കും ഒരു യുവാവ് നടന്നടുക്കുന്നതിന്റെ ചലനചിത്രങ്ങള്‍. ദാരിദ്ര്യവും കഷ്ടപ്പാടും ദുരിതങ്ങളും പിന്തുടരുന്നതിനിടെതന്നെ ആശയത്തിനുവേണ്ടിയും ലോകത്തിന്റെ ഭാവിക്കുവേണ്ടിയും ജീവിതം സമര്‍പ്പിക്കുന്നതിന്റെ ആവേശ അധ്യായങ്ങള്‍. ദ് ലീഡര്‍ ഒരുക്കിയിരിക്കുന്നത് നല്ല ലക്ഷ്യങ്ങളോടെയാണെങ്കിലും ചൈനീസ് പ്രേക്ഷകര്‍ അഞ്ചില്‍ രണ്ട് സ്റ്റാര്‍ റേറ്റിങ് മാത്രമാണ് പുതിയ പരമ്പരയ്ക്കു നല്‍കുന്നത്. പുതിയ കുപ്പിയിലും പഴയ വീഞ്ഞിനു വീര്യം പോരാ എന്നു സാരം. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com