ADVERTISEMENT

ലോകചരിത്രത്തിൽ സ്വന്തം ഇടം സ്വയം വരച്ചുചേർത്ത ചില പെണ്ണുങ്ങളുണ്ട്. അവരെ പരിചയപ്പെടുത്തുന്നു എഴുത്തുകാരൻ ലിജീഷ് കുമാർ

 

മഹാശ്വേതാ ദേവി

Mahasweta Devi

 

ബംഗാളിലെ ആദിവാസി ഊരുകളിൽ ഊരുകാക്കുന്ന ദേവിമാരുണ്ട്. അവരുടെ വിഗ്രഹങ്ങളിൽ പുതപ്പിക്കുന്ന അമൂല്യമായ പട്ട് കണ്ടിട്ടുണ്ടോ, ഒരിക്കലും മനുഷ്യരെ പുതപ്പിക്കാത്ത പട്ട് എന്നുകൂടി പറയുമ്പോഴാണ് ആ അമൂല്യത്തിന്റെ മൂല്യം പിടികിട്ടുക! അതു കണ്ടിട്ടുണ്ടോ? ഞാൻ കണ്ടിട്ടില്ല, പക്ഷേ ആ പട്ടുകൊണ്ട് അവർ പുതപ്പിച്ച മനുഷ്യനെ കണ്ടിട്ടുണ്ട്. അവരുടെ പേര് മഹാശ്വേത, ആദിവാസിയൂരുകളുടെ ദേവി. മുപ്പതുലക്ഷം രൂപയോളം വരുന്ന മഗ്സസെ അവാർഡ് തുകയും അഞ്ചുലക്ഷം രൂപയോളം വരുന്ന ജ്ഞാനപീഠ പുരസ്കാരത്തുകയും അവർക്കു നൽകിയ, ഒരിക്കൽ അവരുടെ ഊരുകാത്ത, കൺകണ്ട ദേവി; മഹാശ്വേതാ ദേവി.

 

മഹാശ്വേതാ ദേവി എഴുതി- "വളഞ്ഞുപുളഞ്ഞ് ഒഴുകുന്ന ഒരു പുഴയാണ് ഞാൻ. ഒഴുകിയൊഴുകിയാണ് ആദിവാസികൾക്കിടയിലെത്തിയത്. അങ്ങനെ എനിക്ക് പോവേണ്ട സ്ഥലത്തെല്ലാം ഞാൻ പോയി, എനിക്കുചെയ്യാൻ തോന്നിയതെല്ലാം ചെയ്തു, തോന്നിയതെല്ലാം എഴുതി, സമൂഹം സൃഷ്ടിച്ച ഒരു നിയമത്താലും ഞാൻ കെട്ടിവരിയപ്പെട്ടിട്ടില്ല, ഞാൻ ശ്വസിച്ച വായുവിൽ നിറയെ വാക്കുകളായിരുന്നു!"

 

കൊൽക്കത്തയിലെ ഗോൾഫ് ഗ്രീൻ റസിഡൻസിയിലുള്ള മഹാശ്വേതാ ദേവിയുടെ വീട് ബംഗാളിന്റെയും ബിഹാറിന്റെയും ഛത്തീസ്ഗഡിന്റെയും ഉൾഗ്രാമങ്ങളിലെ വിലാസമില്ലാത്ത മനുഷ്യരുടെ കൂടി വീടായിരുന്നു. ദീദിയെത്തേടി പാതിരാവുകളിൽ അവിടെ വന്നവരോടു പോലും അവർ പറയുമായിരുന്നത്രേ: "കൊന ഭോയ് നോയ്. അമി ആച്ഛി" എന്ന്. പേടിക്കേണ്ട, നിനക്ക് ഞാനുണ്ട് എന്ന്!

 

ദീദിയുടെ ഓർമയിൽ ഞാനിന്ന് പഞ്ചകന്യകളെയും ബന്ദ്യഘടിഗായിയെയും വീണ്ടും വായിച്ചു. അതിൽനിന്ന് ഒരു സന്ദർഭം എഴുതിയവസാനിപ്പിക്കാം. അതിതാ,

 

"കുന്തീ, പല തവണ നിങ്ങൾ ബ്രാഹ്മണർക്ക് സദ്യ നൽകിയിട്ടുണ്ട്. എത്ര തവണ നിങ്ങൾ കാട്ടുജാതിക്കാരായ നിഷാദ - കിരാത - ശബര - നാഗവൻഷി വർഗക്കാരെ ക്ഷണിച്ചിട്ടുണ്ട്? നിങ്ങൾ എല്ലാ പ്രാവശ്യവും മദ്യം നൽകിയിട്ടുണ്ടോ?" 

- ഇല്ല. 

നിഷാദ സ്ത്രീയുടെ കണ്ണുകൾ കുന്തിക്ക് മരണത്തിന്റെ കൽപനകളായി തോന്നി. അതിനാൽ അവൾക്ക് നുണ പറയാൻ കഴിഞ്ഞില്ല. 

Reyhaneh Jabbari

" ആ ഒറ്റത്തവണ മാത്രം, അല്ലേ? "

- അതെ, ഒരു തവണ മാത്രം. 

" ആ ഒരേയൊരു തവണ മാത്രമേ അയിത്ത ജാതിക്കാരായ വൃത്യരെ ക്ഷണിച്ചിട്ടുള്ളൂ, അല്ലേ?" 

- അതെ 

" അത്രയധികം കള്ളുകുടിച്ച് അമ്മയായ നിഷാദ സ്ത്രീയും അവളുടെ അഞ്ചു മക്കളും അരക്കില്ലത്തിൽ ബോധമറ്റു കിടന്നു. നിങ്ങൾക്കതറിയാം, എന്നിട്ടും നിങ്ങൾ രഹസ്യ തുരങ്കത്തിലൂടെ രക്ഷപ്പെട്ടു. ഈ പാപം നിങ്ങളുടെ ഓർമയിൽ പോലുമില്ല. സ്വന്തം താൽപര്യത്തിനു വേണ്ടി ഒരു തെറ്റും ചെയ്യാത്ത ആറ് കാട്ടുജാതിക്കാരെ ചുട്ടുകൊല്ലുക. അത് നിങ്ങളുടെ ഗ്രന്ഥങ്ങളിൽ കുറ്റം പോലുമല്ല " 

 

റെയ്ഹാന

 

റെയ്ഹാന, ഇറാൻകാരിയാണ്. അവളിന്ന് ജീവിച്ചിരിപ്പില്ല. മരിക്കുമ്പോൾ അവൾ ചെറുപ്പമായിരുന്നു. ഒരു കൊലയെ മരണമെന്നു വിളിക്കുന്നത് ചില നേരങ്ങളിൽ അശ്ലീലമാണ്. വെറും മരണമല്ല കേട്ടോ, അവളെ തൂക്കിക്കൊന്നതാ. റെയ്ഹാന സമർഥയായ ഇന്റീരിയർ ഡിസൈനർ ആയിരുന്നു. അതു കണ്ടാണോ അവളെക്കണ്ടാണോ എന്നറിയില്ല, ഇറാൻ രഹസ്യാന്വേഷണ വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്ന മുർത്താസ അബ്‌ദുൽഅലി ഒരുദിവസമവളെ തന്റെ ഓഫിസ് അലങ്കരിക്കാൻ വിളിച്ചുവരുത്തി. അവിടെവച്ചവളെ മാനഭംഗം ചെയ്യാൻ ശ്രമിച്ച മുർത്താസയെ ഒരു പേനാക്കത്തി കൊണ്ട് കുത്തി അവളോടി രക്ഷപ്പെട്ടു. പക്ഷേ രക്തംവാർന്ന് അയാൾ മരിച്ചു. ആ കേസിലാണ് ഭരണകൂടം റെയ്ഹാനയെ തൂക്കിക്കൊല്ലുന്നത്. മരിക്കും മുമ്പ് അവൾ ഉമ്മയ്ക്കെഴുതിയ കത്തിതാ, നാമത് വായിക്കണം ..

 

Mona Eltahawy
ചിത്രത്തിന് സമൂഹമാധ്യമങ്ങളോട് കടപ്പാട്.

"പ്രിയപ്പെട്ട ഉമ്മാ, ഞാൻ മരിക്കേണ്ട സമയമായിരിക്കുന്നു. എന്റെ അവസാന നാളുകള്‍ എത്തിച്ചേര്‍ന്ന വിവരം നിങ്ങളെന്താണ് എന്നെ നേരത്തേ അറിയിക്കാഞ്ഞത്, ഞാനതറിയണ്ടേ ? ഉമ്മയുടേയും ഉപ്പയുടെയും കൈകളില്‍ അവസാനമായൊന്നുമ്മവെക്കാൻ പോലും എനിക്ക് ഈ രാജ്യം അവസരം തരാത്തതെന്താണ്, ഉമ്മയുടെ പ്രിയപ്പെട്ട രാജ്യം !

 

ഉമ്മാ, ആ രാത്രി ഞാന്‍ മരിച്ചു പോകേണ്ടതായിരുന്നു. എന്റെ ശവം നഗരത്തിന്റെ ഏതെങ്കിലും കോണില്‍ വലിച്ചെറിയപ്പെടുമായിരുന്നു. അത്  തിരിച്ചറിയാന്‍ വിളിപ്പിക്കുമ്പോഴായിരുന്നു ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട് ഞാൻ മരിച്ച വിവരം ഉമ്മയറിയുക. നമുക്ക് പണവും അധികാരവുമൊന്നുമില്ലല്ലോ, കൊലപാതകിയെ ഒരിക്കലും കണ്ടെത്താനാവാത്ത നാണക്കേടിലും ദുഃഖത്തിലും ജീവിച്ച് കുറച്ചു നാള്‍ക്കകം നിങ്ങളും മരിക്കുമായിരുന്നു. ഞാനന്ന് അങ്ങനെയൊക്കെ ചെയ്തതു കൊണ്ട് കഥ മാറി. എന്റെ ശരീരം നഗരത്തില്‍ വലിച്ചെറിയപ്പെട്ടില്ല. പകരമീ ശരീരം എവിന്‍ ജയിലിലെ ഏകാന്തമായ മുറിയിലേക്ക് എറിയപ്പെട്ടു. ഞാനേ മരിക്കേണ്ടി വന്നുള്ളൂ.

 

ഉമ്മാ, ഓരോ ജന്‍മവും ഓരോ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാനായി സൃഷ്ടിക്കപ്പെട്ടതാണെന്ന് ഉമ്മയല്ലേ എന്നെ പഠിപ്പിച്ചത്. പൊതുസ്ഥലങ്ങളില്‍ പെരുമാറേണ്ടതിനെക്കുറിച്ച് ഉമ്മ എത്രമാത്രം എനിക്കു പറഞ്ഞു തന്നിട്ടുണ്ട്. പക്ഷേ ഉമ്മയുടെ അനുഭവങ്ങള്‍ തെറ്റായിരുന്നു. ഉമ്മ എന്നെ പഠിപ്പിച്ച കാര്യങ്ങളൊന്നും ഇവിടെ എന്നെ സഹായിച്ചില്ല. കൊലപാതകിയായും ക്രൂരയായ ക്രിമിനലായും ഞാന്‍ കോടതിയില്‍ ചിത്രീകരിക്കപ്പെട്ടു. പക്ഷേ ഒരുതുള്ളി കണ്ണുനീര്‍ പോലും ഞാനുതിര്‍ത്തിട്ടില്ല, യാചിക്കുകയോ കരയുകയോ തല കുമ്പിടുകയോ ചെയ്തിട്ടില്ല ! എനിക്ക് നിയമത്തില്‍ വിശ്വാസമുണ്ടായിരുന്നു.

 

പക്ഷേ ആ നിയമം വിധി പറഞ്ഞിരിക്കുന്നു, ഞാനാണ് തെറ്റുകാരി - ഞാനാണ് തൂക്കിലേറ്റപ്പെടേണ്ടത്. ഉമ്മയ്ക്കറിയില്ലേ, ഞാനൊരു കൊതുകിനെപ്പോലും ഇതുവരെ കൊന്നിട്ടില്ല. അടുത്തു വരുന്ന പാറ്റകളെപ്പോലും അവയുടെ കൊമ്പില്‍ പിടിച്ച് കളയുകയല്ലേ ചെയ്യാറുള്ളത്. ആ ഞാനിപ്പോൾ മുന്‍കൂട്ടി ഒരു കൊല ആസൂത്രണം ചെയ്ത കൊടും കുറ്റവാളിയാണ്. 

 

എന്റെ നഖങ്ങള്‍ നോക്ക്, ഇത് ഒരു കൊലപാതകിയുടേതല്ലെന്നും എന്റെ കൈകള്‍ മൃദുവാണെന്നും എന്താണ്  ജഡ്ജിക്കു മനസ്സിലാവാത്തത്. എന്റെ ശരീരത്തിലെ സൗന്ദര്യത്തിന്റെ അവശേഷിപ്പായിരുന്ന മുടി വടിച്ചാണ് പതിനൊന്ന് ദിവസം അവരെന്നെ ഏകാന്ത തടവിലിട്ടത്. പൊലീസ് ഓഫിസിലെ ആദ്യദിവസം തന്നെ എന്റെ സുന്ദരമായ നഖങ്ങള്‍ കണ്ട് അവരെന്നെ വേദനിപ്പിച്ചിട്ടുണ്ട്. അന്നെനിക്കു മനസ്സിലായി ഈ ലോകത്ത് സൗന്ദര്യത്തിനു സ്ഥാനമില്ലെന്ന്. നോട്ടത്തിലോ ചിന്തയുടെ സൗന്ദര്യത്തിലോ സുന്ദരമായ കയ്യെഴുത്തിലോ സുന്ദരമായ കണ്ണിലോ കാഴ്ചയിലോ ഒന്നും കാര്യമില്ല.

 

എന്റെ കാഴ്ചപ്പാടുകളെല്ലാം ഇപ്പോള്‍ മാറിയിരിക്കുന്നു ഉമ്മാ. പക്ഷേ അതിന് നിങ്ങള്‍ ഉത്തരവാദിയല്ല. ഇതൊന്നും കേട്ട് ഉമ്മ കരയരുത്. 

 

ഇനി എനിക്കു വേണ്ടി ഉമ്മ ചെയ്യേണ്ടത് ഇതുകൂടിയാണ്, മണ്ണിനടിയില്‍ ചീഞ്ഞളിയാന്‍ എനിക്കു വയ്യ. എന്റെ കണ്ണും ഹൃദയവും ഒന്നും മണ്ണായിത്തീരരുത്. അതിനാല്‍ എന്റെ ഹൃദയവും വൃക്കയും കണ്ണുകളും എല്ലുകളും തുടങ്ങി എന്തെല്ലാം എന്റെ ശരീരത്തില്‍ നിന്നെടുക്കാമോ അവയെല്ലാം ആവശ്യമുള്ളവര്‍ക്ക് എന്റെ സമ്മാനമായി നല്‍കണം. പക്ഷേ അവ സ്വീകരിക്കപ്പെടുന്നവര്‍ ആരും എന്റെ പേരറിയുകയോ എനിക്കു വേണ്ടി പ്രാര്‍ഥിക്കുകയോ ചെയ്യരുതെന്ന് എനിക്ക് നിര്‍ബന്ധമുണ്ട്. നിങ്ങള്‍ക്കു വന്നിരുന്ന് പ്രാര്‍ഥിക്കാനോ കരയാനോ ഒരു കല്ലറ പോലും എനിക്കു വേണ്ടി ഉണ്ടാക്കരുത്. ഞാന്‍ മരിച്ചതില്‍ ദുഃഖം ആചരിച്ച് ഉമ്മ കറുത്ത വസ്ത്രം ധരിക്കരുത്. എന്റെ കഠിനപ്പെട്ട ദിവസങ്ങള്‍ മറക്കാനായി ഉമ്മ ആവുന്നതെല്ലാം ചെയ്യണം. കാറ്റില്‍ പറക്കാനായി എന്നെ വിടൂ, ലോകം നമ്മെ സ്‌നേഹിക്കുന്നില്ല. ആ ലോകം ഞാൻ വിടുകയാണ്. മരണം വരെ ഉമ്മയെ പുണര്‍ന്നിരിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

 

ഉമ്മാ, ഉമ്മയെ ഞാന്‍ വല്ലാതെ സ്‌നേഹിക്കുന്നു - സ്വന്തം റെയ്ഹാന." 

 

മോണ എൽത്താഹെ

 

സ്ത്രീയുടെ എഴുത്ത് ഉടലിൽ നിന്നാണാരംഭിക്കുന്നത് എന്ന കരോളിൻ ജി. ബർക്കിന്റെ പ്രഖ്യാപനം ഞാൻ വർഷങ്ങൾക്കിപ്പുറം കണ്ടത് മോണയിലാണ്. അമേരിക്കൻ പൗരത്വമുള്ള ഈജിപ്തുകാരി, മോണ എൽത്താഹെ. ആണിനിഷ്ടമുള്ള നേരങ്ങളിൽ അലിഞ്ഞു കൊടുക്കാൻ പാകത്തിൽ പാക്കറ്റിനുള്ളിൽ കാത്തിരിക്കുന്ന മിഠായികളല്ല പെണ്ണുടലുകൾ എന്ന്, പരമ്പരാഗത മത വിശ്വാസങ്ങളിൽ ചിട്ടയോടെ വളർന്ന കുട്ടിയായിരുന്നിട്ടു പോലും മോണ എളുപ്പം തിരിച്ചറിഞ്ഞു. ലോകത്തേറ്റവും ധീരയായ മാധ്യമപ്രവർത്തകരിലൊരാളാണവർ.

 

"എന്റെ ശരീരം എന്റെ സ്വന്തമാണ്. ഇത് ഒരു സംസ്ഥാനത്തിന്റെയോ സമുദായത്തിന്റെയോ കുടുംബത്തിന്റെയോ അവകാശമല്ല. ഞാൻ ആഗ്രഹിക്കുമ്പോൾ, ആഗ്രഹിക്കുന്ന വ്യക്തിയുമായി, ആഗ്രഹിക്കുന്ന സമയത്ത് ഞാൻ ലൈംഗിക ബന്ധത്തിലേർപ്പെടും. അതെന്റെ അവകാശമാണ് " ഇന്റർനാഷനൽ ന്യൂയോർക്ക് ടൈംസിൽ മോണ എഴുതിയ ഈ കുറിപ്പ് ലോകത്താകമാനമുള്ള ഫണ്ടമെന്റൽ ആണിടങ്ങളെ നടുക്കിക്കളഞ്ഞു.

 

"സ്ത്രീകളുടെ ലൈംഗിക നിരാശകളെക്കുറിച്ചും പരാജയങ്ങളെക്കുറിച്ചും നിങ്ങൾ എവിടെയെങ്കിലും വായിച്ചിട്ടുണ്ടോ, അത്തരം ഒരു സംവാദത്തിലെങ്കിലും നിങ്ങൾ പങ്കെടുത്തിട്ടുണ്ടോ?" മോണയുടെ ഈ ചോദ്യമുയരുന്നത് ഒരു യാഥാസ്ഥിതിക സമൂഹത്തിനുള്ളിൽ നിന്നാണ്. കിട്ടിയ കല്ലേറുകൾ നിരവധി. എന്നിട്ടും അവൾക്ക് ഭയമോ പിന്നോട്ടു പോക്കോ ഇല്ല. പതറാതെ ഉറച്ച ശബ്ദത്തിൽ മോണ പറയുന്നു, "ഇവിടെ സെക്സ് വേണം, പെണ്ണിനല്ല - ആണിന്. പെണ്ണ് തലകുനിച്ച് - നാണിച്ച്, ലജ്ജയുടെ മുഖപടമണിഞ്ഞ് കിടന്ന് കൊടുക്കണം. അതാണ് ലോകനീതി. വിവാഹം കഴിക്കുവോളം കന്യാകത്വത്തിന്റെ സമ്മർദത്തിലും വിവാഹശേഷം പാതിവ്രത്യത്തിന്റെ സമ്മർദത്തിലും ജീവിക്കുന്ന ഈ സുന്ദര ജീവിതം എന്നെ മോഹിപ്പിക്കുന്നില്ല. എന്നെ നിങ്ങളുടെ ഗോത്രത്തിൽനിന്ന് പുറത്താക്കിത്തരൂ. ഒറ്റ ജീവിതമേയുള്ളൂ, എനിക്കിതൊന്ന് ജീവിച്ച് മരിക്കണമെന്നുണ്ട്."

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com