sections
MORE

ചുള്ളിക്കാട് പറയുന്നു– ആ കുപ്പായം എനിക്കിണങ്ങില്ല

HIGHLIGHTS
  • എസ്.കെ. പൊറ്റെക്കാട്ട് മുതൽ പുനത്തിൽ കുഞ്ഞബ്ദുള്ള വരെ ജനഹിതമറിയാൻ ഇറങ്ങിയിട്ടുണ്ട്.
  • 1962–ൽ അഴീക്കോടിനെ ഇടതു സ്ഥാനാർഥിയായിരുന്ന എസ്കെ തോൽപ്പിച്ചു.
Chullikkadu
SHARE

തിരഞ്ഞെടുപ്പ് അടുക്കുമ്പോഴാണല്ലോ രാഷ്ട്രീയക്കാർ സ്ഥാനാർഥികളാകാൻ സിനിമക്കാരെയും സാഹിത്യകാരന്മാരെയും തേടിവരിക. ജനപ്രീതി ആർക്കാണോ കൂടുതൽ അവരെ സ്ഥാനാർഥികളാക്കാനാണു രാഷ്ട്രീയ നേതൃത്വം താൽപര്യപ്പെടുക. സിനിമയിൽ നിന്നും സാഹിത്യത്തിൽ നിന്നും ഒട്ടേറെപേർ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വന്നിട്ടുണ്ട്. എസ്.കെ. പൊറ്റെക്കാട്ട് മുതൽ പുനത്തിൽ കുഞ്ഞബ്ദുള്ള വരെ ജനഹിതമറിയാൻ ഗോദയിൽ ഇറങ്ങിയിട്ടുണ്ട്. രണ്ടുതവണ മത്സരിച്ച എസ്കെ ഒരുതവണ ജയിച്ചിട്ടുണ്ട്. 1962ൽ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ സുകുമാർ അഴീക്കോടിനെയാണ് ഇടതു സ്ഥാനാർഥിയായിരുന്ന എസ്കെ തോൽപ്പിച്ചത്.

മിക്ക തിരഞ്ഞെടുപ്പ് കാലത്തും സാഹിത്യകാരന്മാരെ ഇരുമുന്നണികളും മത്സരരംഗത്തിറക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തന്നെയും തേടി ആളുകളെത്തിയിരുന്നെന്ന് മലയാളിയുടെ പ്രിയ കവി ബാലചന്ദ്രൻ ചുള്ളിക്കാട് ഒരിക്കൽ പറഞ്ഞിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിലായിരുന്നു ബാലചന്ദ്രനു ക്ഷണം. പക്ഷേ, അദ്ദേഹം തൽക്ഷണം തന്നെ ക്ഷണം നിരസിച്ചു. രാഷ്ട്രീയ പ്രവർത്തകന്റെ ജീവിതം സന്തോഷം തരില്ലെന്നുറപ്പുള്ളതുകൊണ്ടാണ് ക്ഷണം നിരസിച്ചതെന്നാണ് അദ്ദേഹം പറഞ്ഞത്. ഇടതുപക്ഷ അനുഭാവിയാണെങ്കിലും രാഷ്ട്രീയക്കാരന്റെ വസ്ത്രം തനിക്കിണങ്ങില്ല എന്നാണ് കവി മനസ്സു പറഞ്ഞത്.

പഠിക്കുന്ന കാലത്തൊക്കെ ബാലചന്ദ്രന് വ്യക്തമായ രാഷ്ട്രീയമുണ്ടായിരുന്നു. നക്സൽ അനുഭാവിയായിട്ടാണ് ബാലചന്ദ്രൻ അറിയപ്പെട്ടിരുന്നത്. ഈ മേൽവിലാസം ഉണ്ടാക്കിയത് വലിയ നഷ്ടമാണ്. വീട്ടിൽ നിന്നും ബന്ധുക്കളിൽ നിന്നുമുണ്ടായ ഒറ്റപ്പെടുത്തൽ കലാശിച്ചത് നാടുവിടലിലാണ്. ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ കവിയെ ആത്മഹത്യയിലേക്കു നയിക്കാതെ സംരക്ഷിച്ചത് മലയാളികളായ അക്ഷരസ്നേഹികളായിരുന്നു. ബാലചന്ദ്രനിലെ കവിതയെ ഇഷ്ടപ്പെട്ടിരുന്ന യുവാക്കളുടെ സമൂഹം അദ്ദേഹത്തിന് അഭയം നൽകി. 

പിന്നീടാണ് സർക്കാർ ജോലി ലഭിക്കുന്നത്. കുഞ്ഞപ്പ പട്ടാനൂർ എന്ന ഇടതുപക്ഷ സഹയാത്രികന്റെ നിർബന്ധത്താലാണ് ബാലചന്ദ്രൻ പിഎസ്‍സി എഴുതുന്നതും ട്രഷറി വകുപ്പിൽ ജോലിയിൽ പ്രവേശിക്കുന്നതും. അവിടുത്തെ ജോലി മടുത്തപ്പോൾ അഭിനയത്തിലേക്കിറങ്ങി. ഇപ്പോൾ സിനിമയിൽ സജീവമാണ് ചുള്ളിക്കാട്. 

കൃത്യമായ രാഷ്ട്രീയബോധമുള്ള തന്നെ ഏറെ നിരാശപ്പെടുത്തിയത് അടിന്തരാവസ്ഥയ്ക്കു ശേഷമുള്ള തിരഞ്ഞെടുപ്പായിരുന്നെന്നാണ് ബാലചന്ദ്രൻ പറഞ്ഞത്. ഇന്ദിരാഗാന്ധി തോറ്റ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ജയിച്ചത് കരുണാകരൻ നേതൃത്വം നൽകിയ കോൺഗ്രസായിരുന്നു. അടിയന്തരാവസ്ഥയിൽ മനുഷ്യാവകാശങ്ങൾ ഇല്ലാതാക്കിയ ആഭ്യന്തരമന്ത്രി പിന്നീട് കേരളത്തിന്റെ മുഖ്യമന്ത്രിയായി വന്നത് തന്നിൽ വല്ലാത്ത മോഹഭംഗമുണ്ടാക്കിയെന്ന് ബാലചന്ദ്രൻ നിരാശയോടെയാണ് എഴുതിയത്. 

സാമൂഹിക പ്രശ്നങ്ങളോടൊന്നും ബാലചന്ദ്രൻ പ്രതികരിക്കാറില്ല. അതിനു കാരണം അന്നത്തെ മോഹഭംഗമാണ്. താൻ വലികൽപിക്കുന്നതിനെ വിലകൽപിക്കാത്ത ഒരു സമൂഹത്തിൽ തനിക്കൊരു പ്രസക്തിയും ഇല്ലെന്ന ബോധം കൃത്യമായി ഉള്ളതുകൊണ്ടാണ് ഈ പിൻവലിയൽ. കാലചക്രം ഇനിയും ഉരുളും. തിരഞ്ഞെടുപ്പ് വീണ്ടും വരും. അന്നൊന്നും ബാലചന്ദ്രൻ ചുള്ളിക്കാടിന് വോട്ടു ചെയ്യുക എന്നൊരു ചുമരെഴുത്ത് വായിക്കാൻ മലയാളിക്കു കഴിയില്ല. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA