sections
MORE

"ആങ്കുട്ടികളെ ഭയമില്ലാത്ത പെങ്കുട്ടികളെ അവര്‍ക്ക് പേടിയായിരുന്നു"

HIGHLIGHTS
  • സ്വതന്ത്രമതികളും ക്രീഡാപ്രിയരുമായ സ്ത്രീകള്‍ മാത്രമാണ് എന്നും എന്നെ ആകര്‍ഷിച്ചത്: പ്രൊതിമ
  • ശരീരം എനിക്കൊരു പൊളിറ്റിക്കൽ ടൂളാണ്: ആലിയ
Kolinda, Protima Bedi, Aliaa, Divya
SHARE

ലോകചരിത്രത്തിൽ സ്വന്തം ഇടം സ്വയം വരച്ചുചേർത്ത ചില പെണ്ണുങ്ങളുണ്ട്. അവരെ പരിചയപ്പെടുത്തുന്നു എഴുത്തുകാരൻ ലിജീഷ് കുമാർ.

കൊളിൻഡ ഗ്രാബർ കിറ്ററോവിക്കിനെ

ചരിത്രത്തിലാദ്യമായി ക്രൊയേഷ്യ ലോകകപ്പ് ഫുട്ബോളിന്റെ ഫൈനൽ കളിച്ചത് 2018 ലാണ്. ക്രൊയേഷ്യ വേഴ്സസ് ഫ്രാൻസ് സ്വപ്ന ഫൈനൽ ! ആ കളിക്കിടെയാണ് കൊളിൻഡയെ കാണുന്നത്, ക്രൊയേഷ്യയുടെ പ്രസിഡന്‍റ് കൊളിൻഡ ഗ്രാബർ കിറ്ററോവിക്കിനെ. 

Kolinda

നിരന്തര സ്വാതന്ത്ര്യ പോരാട്ടങ്ങൾ കൊണ്ടും വിഭജനം കൊണ്ടും ഛിന്നഭിന്നമായിപ്പോയ ക്രൊയേഷ്യയെ കൂട്ടിത്തുന്നിയത് ഫുട്ബോൾ എന്ന വികാരമാണ്. കൊളിൻഡയ്ക്ക് അതറിയാം. അതുകൊണ്ടാണ് ആരാധകർക്കൊപ്പം ഇക്കണോമി ക്ലാസിലിരുന്ന് ലോകകപ്പു കാണാൻ അവർ റഷ്യയിലേക്കു വന്നത്. വിവിഐപി കസേരയിലിരിക്കാതെ  സാധാരണക്കാർക്കൊപ്പമിരുന്നു കളി കണ്ട പ്രസിഡന്റാണവർ. 

അഭിപ്രായസർവേകളിൽ അജയ്യനായി മുന്നേറിയ ഇവോ ജോസിപോവിച്ചിനെ കടുത്ത മൽസരത്തിൽ വീഴ്ത്തിയാണ് കൊളിൻഡ ക്രൊയേഷ്യയുടെ പ്രസിഡന്റ് പദവിയിലെത്തുന്ന ഏറ്റവും പ്രായംകുറഞ്ഞ വ്യക്തിയായി, ആദ്യ വനിതയായി ഒക്കെ ചരിത്രം സൃഷ്ടിച്ചത്. പിന്നീടിങ്ങോട്ടു ക്രൊയേഷ്യ കണ്ടത് അതുവരെയില്ലാത്ത ഭരണപാടവമാണ്. സ്വവർഗാനുരാഗികൾക്കു വിവാഹം കഴിക്കാനുള്ള ആക്ട് എതിർപ്പുകളെ മറികടന്ന് പാസാക്കിയെടുത്ത, ഗർഭച്ഛിദ്രത്തെ പിന്തുണച്ച, കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച പാരിസ് ഉടമ്പടിയിൽ  ഒപ്പുവെച്ച പ്രസിഡന്‍റ് ! വിവാദങ്ങളിലൂടെ പതിയെപ്പതിയെ കൊളിൻഡ ജനനേതാവായി വളർന്നു. ഓരോ മത്സരം ജയിക്കുമ്പോഴും താരങ്ങളെ അഭിനന്ദിക്കാൻ ഡ്രസിങ് റൂമിലേക്ക് സുരക്ഷാ അകമ്പടി പോലും ഒഴിവാക്കി ഓടിച്ചെന്ന കൊളിൻഡയിൽ നാം കണ്ടത് ആ ജനനേതാവിനെയാണ്.

ലോകകപ്പ് കഴിഞ്ഞു. ഫൈനൽ വിസിൽ മുഴങ്ങി, തങ്ങൾ ലോകകപ്പിൽ ഉമ്മ വെക്കുന്ന ചരിത്രമുഹൂർത്തം കാത്തിരുന്ന ക്രൊയേഷ്യക്കാർക്കു മുമ്പിൽ അവരുടെ ടീം  പൊരുതിവീണു. മോഡ്രിച്ചും കൂട്ടുകാരും കരഞ്ഞു. അവരോരുത്തരെയും തന്റെ മാറോടു ചേർത്തുപിടിച്ചാശ്വസിപ്പിച്ചു കൊളിൻഡ കിറ്ററോവിക്. അതുകണ്ട് ലോകം മുഴുവൻ അവരോടു ചേർന്നുനിന്നിട്ടുണ്ടാകണം. ഒരു ലീഡർ എങ്ങനെയാവണമെന്ന് കൊളിൻഡയുടെ ശരീരഭാഷ പറയും. ആ ശരീരഭാഷ കണ്ട്, ആൺ - പെൺ ഭേദമന്യേ ഫുട്ബോളിനെ നെഞ്ചിലേറ്റിയ രാജ്യത്തിന്റെ പ്രസിഡന്റ് ആയതിനാലാവണം ആരെയും കൊതിപ്പിക്കുന്ന അവരുടെ മെയ്​വഴക്കം കണ്ട് അന്നേ അവർക്കു വിസിലടിക്കാൻ തോന്നിയിട്ടുണ്ട് !!

കൊളിൻഡാ,

അടുത്ത വേൾഡ് കപ്പിന് ഖത്തറിൽ കാണണമെന്ന് ഞാനാഗ്രഹിക്കുന്ന പ്രതിഭ നിങ്ങളാണ്. തോറ്റവരെയും ജയിച്ചവരെയും മാറി മാറി നിങ്ങളാശ്ലേഷിക്കുമ്പോൾ കണ്ടു നിന്ന കോടിക്കണക്കിനാളുകളാൽ നിങ്ങളും ആശ്ലേഷിക്കപ്പെടുകയായിരുന്നു. നിങ്ങൾ തന്ന ഉമ്മകൾ നെഞ്ചേറ്റിയാണ് ഞങ്ങളന്ന് ഉറങ്ങാൻ പോയത്. എന്തൊരെനർജിയാണ് നിങ്ങൾക്ക്. ലോകനേതാക്കൾ മരവിപ്പു കൊണ്ട് ശവങ്ങളെ ഓർമിപ്പിക്കുന്നതിനാൽ അവരോടിതുവരേക്കും പറയാൻ തോന്നാത്തത് നിങ്ങളോടു പറയുന്നു -  ലവ് യൂ കൊളിൻഡ.

പ്രൊതിമ ബേദി

Protima Bedi

പണ്ട് സെന്റ് സേവ്യേഴ്‌സ് കോളേജിലെ ആണ്‍കുട്ടികള്‍ എന്നെ നോക്കി ചൂളമടിക്കുമായിരുന്നു. ഞാൻ തുള്ളിത്തെറിച്ചു നടക്കുന്നത് കണ്ട് അവരെന്നെ 'ചാലു' എന്ന് വിളിച്ചിരുന്നു, വേഗത കൂടിയ വണ്ടി !! ''അവളൊരു വല്ലാത്ത മുതലാണ് മോനേ, അവൾ ബ്രായിടുന്നില്ല'' എന്ന് അവർ കമന്റടിക്കുമായിരുന്നു. പാര്‍ട്ടികളിൽ നൃത്തം ചെയ്യുമ്പോൾ അവരരികിൽ വന്നു. ശ്രദ്ധയോടുകൂടിയ അശ്രദ്ധയോടെ കൈകള്‍ എന്റെ മാറില്‍ ഉരയ്ക്കാൻ അവരാഗ്രഹിച്ചിരിക്കണം. പക്ഷേ, അന്നത്തെ ആങ്കുട്ടികള്‍ പേടിത്തൊണ്ടന്മാരായിരുന്നു. ആങ്കുട്ടികളെ ഭയമില്ലാത്ത പെങ്കുട്ടികളെ അവര്‍ക്ക് പേടിയായിരുന്നു. ''ഡാ, അവള്‍ വെറുതെ തമാശയ്ക്കുവേണ്ടിയാണ്.'' എന്നവർ പരസ്പരം കുശുകുശുത്തു. എനിക്കത്ഭുതം തോന്നി. ഒരു പെണ്‍കുട്ടിയുമായി ഇടപെടുമ്പോള്‍ ഇവര്‍ വിവാഹത്തെക്കുറിച്ചാണോ ചിന്തിക്കാറുള്ളത്? ഏതു തരത്തിലുള്ള വിവാഹത്തെക്കുറിച്ചാണത് ! 

ഞാൻ ചുറ്റും കണ്ട വിവാഹങ്ങളൊക്കെ പരമ ബോറായിരുന്നു. എനിക്കറിയാവുന്ന പ്രസിദ്ധനായ ഒരു സംഗീതസംവിധായകനുണ്ട്, ദിവസവും രാത്രി അയാൾ ഭാര്യയെ തല്ലുമായിരുന്നു. എന്തിനു മറ്റുള്ളവരിലേക്കു പോകണം, എന്റെ അച്ഛനും അമ്മയും എന്നും വഴക്കായിരുന്നു. അടി കൊണ്ട് അമ്മ വീഴുക പോലും ചെയ്യും. അച്ഛൻ അമ്മയുടെ കൈകളെ  താലോലിക്കുന്നത് ഞാനൊരിക്കലും കണ്ടിട്ടില്ല. അവര്‍ പരസ്പരം ശ്രദ്ധിച്ചിരുന്നോ എന്നുപോലും എനിക്കറിയില്ല. എന്നിട്ടും അമ്മ മറ്റാരെയും കാമിച്ചില്ല !! 

പരസ്പരം പുലഭ്യം പറയുന്ന, വേലക്കാരെ ചീത്തവിളിക്കുന്ന, കുട്ടികളെ മര്‍ദ്ദിക്കുന്ന, അയല്‍ക്കാരെ ആക്രമിക്കുന്ന, പകുതി വിലയ്ക്കു കിട്ടാൻ പച്ചക്കറിവിൽപനക്കാരോട് വിലപേശുന്ന, ചന്തയിലും ക്ഷേത്രത്തിലുമുള്ള പുരുഷാരങ്ങള്‍ക്കിടയിലൂടെ കൈകൊണ്ടു മാടി വഴിയുണ്ടാക്കി നടന്നുപോകുന്ന ഈ പെണ്ണുങ്ങൾക്കൊന്നും സന്തോഷം കണ്ടെത്താൻ മാത്രമറിയില്ല. ഭര്‍ത്താവിന്റെ പരസ്ത്രീയെക്കുറിച്ച് പരദൂഷണം പറഞ്ഞ്, താനിഷ്ടപ്പെടുന്ന പുരുഷനെയോ സിനിമാതാരത്തേയോ സ്വപ്നത്തിൽ പോലും ഭോഗിക്കാൻ ഭയന്ന് അവര്‍ സമയം കളയുന്നു.

ലോലിത, ലേഡി ചാറ്റര്‍ലീസ് ലവര്‍... അങ്ങനെ പ്രായപൂര്‍ത്തിയായവര്‍ക്കു മാത്രമുള്ള  പുസ്തകങ്ങള്‍ ടോയ്‌ലറ്റില്‍ കയറി കതകു കുറ്റിയിട്ട് നിരവധി മണിക്കൂറുകളെടുത്ത് വിഴുങ്ങിയ ചീത്തക്കുട്ടിയായതു കൊണ്ടാവും സ്വതന്ത്രമതികളും ക്രീഡാപ്രിയരുമായ സ്ത്രീകള്‍ മാത്രമാണ് എന്നും എന്നെ ആകര്‍ഷിച്ചത്, അവരാണെന്റെ വഴി.’ 

1998 ഓഗസ്റ്റിലാണ്, മാനസരോവറിലേക്കുള്ള യാത്രയ്ക്കിടെ പ്രൊതിമയെ കാണാതായി.  ദിവസങ്ങൾക്കു ശേഷം മാൽപെ മലനിരകളിൽ അവരുടെ ശവശരീരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടു. ആനന്ദാന്വേഷണങ്ങൾ അവസാനിപ്പിച്ച ഉടലിനെ വിട്ടുതരാതെ മടങ്ങുമ്പോൾ അവർക്ക് 50 വയസ്സായിരുന്നു.

ആലിയ മഗ്ദ അല്‍മാദി

Aliaa Magda Elmahdy
ചിത്രത്തിന് സമൂഹമാധ്യമങ്ങളോട് കടപ്പാട്

പെണ്ണ് മുഖം മൂടണം എന്നു പറഞ്ഞ യാഥാസ്ഥിതികതയോട്, ‘ആണുങ്ങളും മുഖം മൂടുമെങ്കിൽ...’ എന്ന് കണ്ടീഷൻ വെച്ച പെണ്ണ്, ആലിയ !

ആലിയ മഗ്ദ അല്‍മാദിയെ ഞാനാദ്യം കാണുമ്പോൾ അവൾ നഗ്നയായിരുന്നു. സ്ത്രീകളുടെ നഗ്നചിത്രങ്ങൾ ഞാൻ മുമ്പും കണ്ടിട്ടുണ്ട്, ഇതതല്ല. നഗ്നയായ ഒരു പെൺകുട്ടി എന്നതിനെക്കാൾ നഗ്നയായ ഒരു ഈജിപ്തുകാരിപ്പെൺകുട്ടി എന്നതാണ് ആലിയ സൃഷ്ടിച്ച കൗതുകം. നഗ്നതയെ സമരായുധമാക്കിയ ഒരീജിപ്ഷ്യൻ പെൺകുട്ടി ! സ്ത്രീകൾ മുഖം മൂടിക്കൊണ്ടു മാത്രം പുറമെ പ്രത്യക്ഷപ്പെടുന്ന ഈജിപ്തിനെ അറിയുമ്പോഴാണ് ഇരുപതാം വയസ്സിൽ ആലിയ ഏന്തിയ തീപ്പന്തത്തിന്റെ ചൂട് നമ്മെ പൊള്ളിക്കുക.

"ടൈമര്‍ സെറ്റ് ചെയ്ത് എന്റെ പഴ്സനല്‍ ക്യാമറയില്‍ ഞാന്‍ സ്വയമെടുത്തതാണ് ആ ചിത്രങ്ങള്‍. എന്റെ ജീവിതത്തിന്റെ ചിത്രം !! ജീവിതത്തെ കലാപരമായി പ്രതിനിധാനം ചെയ്യേണ്ടത് ഉടലാണ്. ശരീരം എനിക്കൊരു പൊളിറ്റിക്കൽ ടൂളാണ്." - ഓർക്കണം, ഇരുപത് വയസ്സിലാണ് ആലിയ അത് പറഞ്ഞത്, ശരീരം ഒരു പൊളിറ്റിക്കൽ ടൂളാണെന്ന്.

ഐഎസ്ഐഎസിന് പെണ്ണ് ലൈംഗിക അടിമയാണ്. ആൺഘോഷങ്ങളുടെ വെടിപ്പുകയിൽ ലോകം കറുക്കുന്നത് കണ്ട് സഹികെട്ടൊരു ദിവസം അവരുടെ പതാകയില്‍ നഗ്നയായിരുന്ന് ആര്‍ത്തവരക്തം തുടച്ചെറിഞ്ഞു ആലിയ. നിന്റെയൊക്കെ കൊടി എനിക്ക് ടോയ്‌ലറ്റ് പേപ്പറാണെന്ന് ലോകത്തോടവൾ വിളിച്ചു പറഞ്ഞു. ആ പടം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. 

ആലിയ പറഞ്ഞു, "അതിലെനിക്ക് യാതൊരു നാണവും തോന്നിയില്ല. സ്ത്രീകളുടെ മഹത്വമറിയാത്ത ആണുങ്ങളേറെയുള്ള, അവരാൽ പെണ്ണുങ്ങൾ നിരന്തരമായി ലൈംഗിക ചൂഷണത്തിനിരയാകുന്ന ലോകത്ത് നഗ്‌നഫോട്ടോ പോസ്റ്റ് ചെയ്യുന്നതിലെന്തു നാണക്കേടാണ്. ശരീരത്തിനു വില കൽപിക്കുന്ന ആണുങ്ങളുടെ മുമ്പിൽ മാത്രമാണ്പെണ്ണുടലിന്റെ സ്വകാര്യതയ്ക്ക് ഇടമുള്ളത്, ഭംഗിയുള്ളത്. ഞാൻ ജീവിക്കുന്ന ലോകം അതർഹിക്കുന്നില്ല. ഭോഗവസ്തുവിനെ മൂടിയെഴുന്നള്ളിച്ച് തരേണ്ട ബാധ്യത എനിക്കില്ല !"

ദിവ്യ സ്പന്ദന

Divya Spandana
ചിത്രത്തിന് സമൂഹമാധ്യമങ്ങളോട് കടപ്പാട്

#AintNoCinderella ക്യാംപെയ്നോർക്കുന്നുണ്ടോ ? കന്നഡയിലെ താര റാണിമാരിലൊരാളാണതു തുടങ്ങിവെച്ചത് !! അവരുടെ പേര് രമ്യ, യഥാർഥ പേര് ദിവ്യ സ്പന്ദന. "Why shouldn't women go out after midnight?" ഒരിക്കൽ BBC യിൽ രമ്യ ചോദിച്ച ചോദ്യമാണ്. പിറ്റേന്നു മുതൽ  #AintNoCinderella ടാഗിൽ പെൺകുട്ടികൾ രാത്രിസഞ്ചാരപ്പടങ്ങൾ ഷെയർ ചെയ്തു തുടങ്ങി. കോൺഗ്രസിന്റെ ഐടി സെൽ അധ്യക്ഷയാണിന്നവർ, പതിനഞ്ചാം ലോക്സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം. അവരുടെ ട്വീറ്റുകൾ ഒന്നു ഫോളോ ചെയ്ത് നോക്കൂ. ദിവ്യ സൂപ്പറാണ് !

ഇത് അവസാനത്തെയാൾ അല്ല, ലേഖകന് പറയാനുള്ളത്...

princess-diana

എന്നെ ആവേശം കൊള്ളിച്ച പെണ്ണുങ്ങൾ ഒരുപാടുണ്ട്. ആണുങ്ങളേക്കാൾ കൂടുതലുണ്ട്. അതുകൊണ്ടുതന്നെ പറഞ്ഞാൽ ഞാനിങ്ങനെ പറഞ്ഞു കൊണ്ടിരിക്കും. നിങ്ങൾക്ക് മടുക്കും. ഇപ്പത്തന്നെ മടുത്തില്ലേ ? സോ, ഈ സീരീസ് ഇവിടെ അവസാനിപ്പിക്കുകയാണ്. 

മർലിൻ മൺറോയെ യാത്രയാക്കാൻ 1974 ൽ എൽട്ടൺ ജോണും ബർണീ ടോപ്പിനും എഴുതി ലോകത്തെ കരയിച്ച കാൻഡിൽ ഇൻ ദി വിൻഡിലെ വരികൾ ഞാനിവിടെ എഴുതിയിരുന്നു. 1997 ൽ എൽട്ടണും ടോപ്പിനും അത് മാറ്റിയെഴുതി. ഗുഡ് ബൈ നോർമ ജീൻ എന്നായിരുന്നില്ല, ഗുഡ് ബൈ ഇംഗ്ലണ്ട്സ് റോസ് എന്നായിരുന്നു അതിന്റെ തുടക്കം. അതു കേട്ട് ലോകം കരയുക മാത്രമല്ല, ഒരു നിമിഷം അതിന്റെ കറക്കമവസാനിപ്പിച്ച് നിൽക്കുക പോലും ചെയ്തു. 

നോക്കൂ, പഴകിയ വീഞ്ഞിനാണ് വീര്യമേറുക എന്നല്ലേ. ഞാനാ വീഞ്ഞിലലിഞ്ഞ് എൽട്ടന്റെ പിയാനോവിൽ തലവെച്ചുറങ്ങാൻ പോവുകയാണ്.  

good bye England’s Rose

may you ever grow in our hearts

now you belong to heaven,

and the stars spell out your name

and your footsteps will always fall here,

along England’s greenest hills;

good bye England’s Rose,

from a country lost without your soul

അന്നുമുതലിന്നോളം വീശിയ ചുഴലിക്കാറ്റുകൾക്കു പോലും ആ മെഴുകുതിരി കെടുത്താനായിട്ടില്ല. എത്രയെത്ര കഥകളുടെ വെളിച്ചമാണത്. ആ കഥകൾ പറയൂ, ഞാൻ നിർത്തിയതാണ്. എഴുതൂ, ഡയാനയെപ്പറ്റി - ആവേശം കൊള്ളിച്ച ഓരോ മനുഷ്യരെപ്പറ്റിയും. മുമ്പേ നടന്ന പെണ്ണുങ്ങൾക്ക് ഉള്ളിൽ ഉള്ളുതൊട്ട് സല്യൂട്ട്.

(അവസാനിച്ചു...)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
FROM ONMANORAMA