ADVERTISEMENT

ഏറ്റവും കൂടുതല്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുന്ന സംസ്ഥാനത്തിന് ഒരു പുരസ്കാരം ഏര്‍പ്പെടുത്തിയാല്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കി വിജയിക്കുന്നത് ആരെന്ന് ഒരു സംശയവുമില്ല. സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, സാഹിത്യ മേഖലകളിലായി കേരളത്തില്‍ ഓരോദിവസവും പ്രഖ്യാപിക്കപ്പെടുന്നത് എണ്ണമറ്റ പുരസ്കാരങ്ങള്‍. വലിയ തുകയുള്ളവയും ചെറിയ തുകയുള്ളവയും. തുകയില്ലാതെ പ്രശസ്തിപത്രം മാത്രമുള്ളവ. ശില്‍പങ്ങള്‍ പുരസ്കാരമായി ലഭിക്കുന്നവരുമുണ്ട്. ചിലര്‍ക്കാകട്ടെ ശൂന്യമായ കവറുകളായിരിക്കും ലഭിക്കുക എന്നും പറയപ്പെടുന്നു. അങ്ങനെ പറയുന്നത് അസൂയാലുക്കളാണെന്ന് ആക്ഷേപിച്ചാലും സാഹിത്യലോകത്തിലെങ്കിലും ഓരോദിവസവും പ്രഖ്യാപിക്കപ്പെടുന്ന എണ്ണമറ്റ പുരസ്കാരങ്ങള്‍ ആര്‍ക്ക് എന്ത് പ്രയോജനമാണു ചെയ്യുന്നതെന്ന ഒരു ചോദ്യമുണ്ട്.

 

ഉദ്ദേശ്യശുദ്ധി തന്നെ സംശയിക്കപ്പെടുന്ന പ്രഖ്യാപനങ്ങളും ധാരാളിത്തം നിറഞ്ഞ പുരസ്കാരവേദികളും. പുരസ്കാരത്തെക്കുറിച്ച് ഒരു പുരസ്കാരംപോലും ലഭിക്കാത്ത ചിന്ത ഉദിക്കാന്‍ ഒരു കാരണമുണ്ട്. കഴിഞ്ഞദിവസം പ്രഖ്യാപിക്കപ്പെട്ട വിന്‍ധാം-കാംപ്ബെല്‍ സാഹിത്യപുരസ്കാരം. ഈ പുരസ്കാരം പ്രഖ്യാപിക്കുന്നതിനു പിന്നില്‍ ഒരു ഉദ്ദേശ്യം മാത്രമേയുള്ളൂ. സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്നവരും എന്നാല്‍ അവസരം കിട്ടിയാല്‍ കൂടുതല്‍ എഴുതാന്‍ കഴിവുള്ളവരെയും സഹായിക്കുക. സാമ്പത്തികമായിത്തന്നെ. പ്രതിഭയുടെ തിളക്കമുള്ള ഒന്നോ രണ്ടോ പുസ്തകമെഴുതി പിന്നീട് വിസ്മൃതിയില്‍ മറയുന്നവരുണ്ട്. അത്തരക്കാരെ കണ്ടെത്തുക. സഹായിക്കുക. ഒരു വിധത്തിലുമുള്ള നാമനിര്‍ദേശമോ ശുപാര്‍ശയോ പിന്താങ്ങലോ തന്ത്രങ്ങളോ അനുവദിക്കാറില്ല. പുരസ്കാരം തീരുമാനിച്ചാല്‍ എഴുത്തുകാരെ നേരിട്ട് വിളിച്ച് അറിയിക്കും. അപ്പോള്‍ മാത്രമായിരിക്കും അവര്‍ തങ്ങള്‍ പുരസ്കാരങ്ങള്‍ക്ക് തിരഞ്ഞെടുക്കപ്പെട്ടു എന്ന വാര്‍ത്ത തന്നെയറിയുന്നത്. ഇനിയാണ് സര്‍പ്രൈസ്. അതായത് സമ്മാനത്തുക. ഒന്നേകാല്‍ക്കോടി രൂപ! 

 

അമ്പതു വയസ്സുള്ള ഐറിഷ് എഴുത്തുകാരിയായ ഡാനിയേല കഴിഞ്ഞദിവസം ഒരു യാത്രയിലായിരുന്നു. ജന്‍മദിനാഘോഷത്തിന്റെ ഭാഗമായുള്ള യാത്ര. ഫോണ്‍ അടിച്ചപ്പോള്‍ എടുത്തു. ഒരിക്കലും ഒരു പ്രതീക്ഷയുമില്ലാതിരുന്ന വാര്‍ത്തയാണ് അവരെ കാത്തിരുന്നത്. ഈ വര്‍ഷത്തെ വിന്‍ധാം ക്യംപ്ബെല്‍ പുരസ്കാരം. ഞാന്‍ ആകെ തകര്‍ന്ന അവസ്ഥയിലായിരുന്നു. എഴുത്തില്‍ വലിയ തടസ്സം നേരിട്ട ദിവസങ്ങള്‍. ഇനി എഴുതണോ എന്നുപോലും സംശയിച്ച നിമിഷങ്ങള്‍. ഒരു പ്രോത്സാഹനവും ലഭിക്കാതെ മാനസികമായി തകര്‍ന്നുപോയ ഘട്ടം. അപ്പോഴാണ് വലിയൊരു തുകയുമായി ഒരു പുരസ്കാരം. അദ്ഭുതം എന്നല്ലാതെ മറ്റെങ്ങനെയാണ് ഞാന്‍ ഈ പുരസ്കാരത്തെ വിശേഷിപ്പിക്കുന്നത്? - ഡാനിയേല ചോദിക്കുന്നു. 

 

ഇംഗ്ലിഷ് ഭാഷയിലെഴുതുന്നവരില്‍ നിന്ന് തിരഞ്ഞെടുക്കുന്ന എട്ട് എഴുത്തുകാര്‍ക്ക് എല്ലാ വര്‍ഷവും സമ്മാനിക്കുന്ന വിന്‍ധാം ക്യാംപ്ബെല്‍ പുരസ്കാരം ലോകത്തുതന്നെ തുകയില്‍ മുന്‍പന്തിയിലാണ്. സാമ്പത്തിക പരാധീനതകളെക്കുറിച്ച് ചിന്തിക്കാതെ എഴുത്തില്‍ മുഴുകാന്‍ എഴുത്തുകാരെ സഹായിക്കുക എന്നതാണ് ലക്ഷ്യം. 

 

ഡാനിയേലയ്ക്കു പുറമെ പുരസ്കാരത്തിനര്‍ഹരായവര്‍: 

റെബേക്ക സോള്‍നിറ്റ് (ലേഖനം ) 

രഘു കര്‍നാഡ് (പത്രപ്രവര്‍ത്തനം)

ഡേവിഡ് ചരിയാണ്ടി (നോവല്‍) 

കെയിം ഡോസ് (കവിത) 

ഇഷിയോന്‍ ഹച്ചിന്‍സന് ‍(കവിത)  

പട്രീഷ്യ കോര്‍ണേലിയസ് (നാടകം) 

യങ് ജീന്‍ ലീ (നാടകം) 

 

അഭിഭാഷകയായിരുന്ന ഡാനിയേല പത്തുവര്‍ഷം മുമ്പ് അസുഖത്തെത്തുടര്‍ന്ന് ജോലി മതിയാക്കുകയായിരുന്നു. നിയമവൃത്തിയിലേക്കു തിരിച്ചുപോകാന്‍ ഒരു സാധ്യതയുമില്ല. എഴുത്തിലാകട്ടെ പ്രചോദനവുമില്ല. എഴുതിയാല്‍ പ്രസിദ്ധീകരിക്കുന്നതുതന്നെ ചെലവുള്ള കാര്യം. ഇനിയും എഴുതണോ എന്ന ചോദ്യം ഗൗരവമായി സ്വയം ചോദിച്ചുകൊണ്ടിരുന്നപ്പോഴാണ് അവര്‍ക്ക് വിന്‍ധാം പുരസ്കാരം ലഭിക്കുന്നത്. എങ്ങനെ അതിശയിക്കാതിരിക്കും ? 

 

ആറുവര്‍ഷം മുമ്പ് 2013 ലാണ് വിന്‍ധാം പുരസ്കാരം ഏര്‍പ്പെടുത്തുന്നത്. ഡോണള്‍ഡ് വിന്‍ധാം എന്ന എഴുത്തുകാരന്‍ തന്റെ എസ്റ്റേറ്റ് യേല്‍ സര്‍വകലാശാലയ്ക്ക് വിട്ടുകൊടുത്തതിനുശേഷം. എഴുത്തുജീവിതത്തിന്റെ തുടക്കത്തില്‍ സാമ്പത്തികമായി വളരെയധികം ബുദ്ധിമുട്ട് അനുഭവിച്ചിട്ടുണ്ട് വിന്‍ധാമും ഭാര്യ സാന്‍ഡി കാംപ്ബെല്ലും. തങ്ങളുടെ ദുരവസ്ഥ ഭാവിയില്‍ ഒരു എഴുത്തുകാര്‍ക്കും വരരുത് എന്നായിരുന്നു അവരുടെ ആഗ്രഹം. ആ മഹത്തായ സ്വപ്നത്തിന്റെ സാക്ഷാത്കാരമാണ് വിന്‍ധാം കാംപ്ബെല്‍ പുരസ്കാരം. ഇന്നും എഴുത്തുകാര്‍ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന സാമ്പത്തിക സഹായം. പ്രചോദനവും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com