ADVERTISEMENT

30 വയസ്സു വരെ ഒരാൾ കമ്യൂണിസ്റ്റ് ആയില്ലെങ്കിൽ അയാൾ മനുഷ്യനല്ല. 30 കഴിഞ്ഞാൽ ഒരാൾ കമ്യൂണിസത്തെ തള്ളിപ്പറഞ്ഞില്ലെങ്കിൽ അയാൾ മനുഷ്യനല്ല...

 

ബുദ്ധി ഉദിക്കുന്ന ഒരാൾ കമ്യൂണിസത്തെ തള്ളിപ്പറയുമെന്ന് പരിഹാസ രൂപേണ പറഞ്ഞത് മറ്റാരുമായിരുന്നില്ല, മലയാളിയുടെ ഇഷ്ട സാഹിത്യകാരൻ പുനത്തിൽ കുഞ്ഞബ്ദുള്ള. 2001ൽ നിയമ‌സഭാ തിരഞ്ഞെടുപ്പിൽ ബേപ്പൂർ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയായി നിന്നുകൊണ്ട് എല്ലാവരെയും ഞെട്ടിച്ച മലയാളിയുടെ കുഞ്ഞിക്കയെ ഓർക്കുമ്പോൾ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പല സംഭവങ്ങളും  മുന്നിൽ തെളിഞ്ഞുവരും.

 

പുനത്തിൽ കുഞ്ഞബ്ദുള്ളയ്ക്കു പല മുഖമായിരുന്നു മലയാളിയുടെ മുന്നിൽ. വടകരയിൽ നല്ല തിരക്കുള്ള ഡോക്ടറായിരുന്നു അദ്ദേഹം. സാഹിത്യവും മരുന്നും ഒന്നിച്ചു കൊണ്ടുപോകാൻ അസാമാന്യ മിടുക്ക്. എന്നാൽ തന്റെ ജീവിതം കൊണ്ട് അദ്ദേഹം മറ്റുപലതരം മാജികുകൾ കാട്ടി. അതിലൊന്നായിരുന്നു മതംമാറ്റം, പിന്നെ തിരഞ്ഞെടുപ്പിൽ മത്സരിച്ചതും.

 

മാധവിക്കുട്ടി മതം മാറിയതിന്റെ അടുത്ത ദിവസം കുഞ്ഞബ്ദുള്ളയും പ്രഖ്യാപിച്ചു– താനും മതംമാറുകയാണ്. താൻ കൃഷ്ണഭക്തനാണെന്നാണ് കുഞ്ഞബ്ദുള്ള പറഞ്ഞത്. അത് സാഹിത്യലോകത്തിൽ മാത്രമല്ല, പൊതുസമൂഹത്തിലും ഏറെ കോളിളക്കമുണ്ടാക്കി.

 

2001ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയം. എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് കുഞ്ഞബ്ദുള്ള വീണ്ടുമെത്തി. ബിജെപിയുടെ ബേപ്പൂർ സ്ഥാനാർഥിയായിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പുത്തൻ വരവ്. തന്റെ വരവിനൊരു കാരണവും അദ്ദേഹത്തിനു പറയാനുണ്ടായിരുന്നു. 

 

"ആദ്യം ക്ഷണിച്ചത് ബിജെപിക്കാരായിരുന്നു. അതുകൊണ്ട് അവരുടെ സ്ഥാനാർഥിയായി".  

 

ആദ്യം ക്ഷണിച്ചത് മറ്റാരെങ്കിലുമായിരുന്നെങ്കിലോ എന്ന് പത്രപ്രവർത്തകർ ചോദിച്ചപ്പോൾ "പരിഗണിക്കുമായിരുന്നു" കുഞ്ഞിക്കയുടെ മറുപടി. ഫലം വന്നപ്പോൾ വലിയ മാർജിനിൽ തോറ്റു. കിട്ടിയത് 10934 വോട്ട്. സിപിഎമ്മിന്റെ വികെസി മമ്മദ് കോയയാണു ജയിച്ചത്. 62,636 വോട്ട്. രണ്ടാമതെത്തിയ മുസ്‌ലിം ലീഗ് സ്ഥാനാർഥി എം.സി. മായിൻഹാജിക്ക് 57,565 വോട്ട് ലഭിച്ചു. 

 

കോഴിക്കോട്ടുകാർക്ക് പുനത്തിലിനെ ഇഷ്ടമായിരുന്നു. അതുകൊണ്ടാണ് ഇത്രയധികം വോട്ടുകിട്ടിയത്. അത് ബിജെപിയുടെ വോട്ടുകളായിരുന്നില്ല, ഇഷ്ട സാഹിത്യകാരനുള്ള വോട്ടുകുത്തലായിരുന്നു. 

 

പതിവു രാഷ്ട്രീയക്കാരനായിട്ടായിരുന്നില്ല പുനത്തിൽ പ്രചാരണത്തിനിറങ്ങിയിരുന്നത്. അദ്ദേഹത്തിനു തോന്നിയതുപോലെ പ്രസംഗിക്കും. അതിൽ ബിജെപിയോ വാജ്പേയിയോ ആരും ഉണ്ടാകില്ല. പുനത്തിലിന് ഇഷ്ടമുള്ളത് മൈക്കിലൂടെ പറയും. അതു ചിലപ്പോൾ സ്ഥാനാർഥിയാക്കിയവർക്ക് രസിക്കുന്നതുമായിരുന്നില്ല. 

 

തിരഞ്ഞെടുപ്പ് അനുഭവത്തെക്കുറിച്ചും പുനത്തിലിന് സ്വന്തം ശൈലിയിലുള്ള മറുപടിയുണ്ടായിരുന്നു. "അതൊരു ദിവ്യാനുഭവം" എന്നാണു വിശേഷിപ്പിച്ചത്. "നീന്തൽവേഷവും ശ്വസനോപകരണങ്ങളുമായി മണിക്കൂറുകളോളം കടലിനടിയിൽ നീന്തുന്നപോലൊരു ദിവ്യാനുഭവം".

 

വീണ്ടും ഒരു വെടിപൊട്ടിക്കൽ കൂടി അദ്ദേഹം നടത്തി. "സാഹിത്യകാരന്മാരേക്കാൾ ആത്മാർഥത രാഷ്ട്രീയക്കാർക്കാണ്" എന്നു പറഞ്ഞപ്പോൾ സാഹിത്യകാരന്മാരായ കൂട്ടുകാർ പ്രതികരിച്ചില്ല. എന്നാൽ ചിലർ അദ്ദേഹത്തിനെതിരെ രംഗത്തുവന്നു. പുനത്തിലിന്റെ അഭിപ്രായം കയ്യടിയോടെ സ്വീകരിക്കാൻ രാഷ്ട്രീയം മറന്ന് നേതാക്കളെത്തി. 

 

ഒരിക്കൽ തന്നെ സ്ഥാനാർഥിയാക്കിയ പാർട്ടിയെ അതിശക്തമായി വിമർശിച്ചുകൊണ്ട് പുനത്തിൽ രംഗത്തെത്തിയതും ഏറെ ചർച്ചയായിരുന്നു. 

 

അതാണ് പുനത്തിൽ കുഞ്ഞബ്ദുള്ള. മലയാളി ശരിക്കും മനസ്സിലാക്കാതെ പോയ പ്രതിഭ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com