ADVERTISEMENT

മുഖ്യമന്ത്രി പിണറായി വിജയന് ഏറ്റവും അടുപ്പമുള്ള സാഹിത്യകാരൻ ആരായിരിക്കും?

 

കഥയുടെ കുലപതി എന്നു വിശേഷിപ്പിക്കുന്ന ടി. പത്മനാഭൻ തന്നെയായിരിക്കും ഒരുപക്ഷേ. പിണറായി വിജയൻ ‘പപ്പാട്ടൻ’ എന്നേ അദ്ദേഹത്തെ വിളിക്കൂ; ഏത് സാഹിത്യസദസ്സാണെങ്കിലും. ടി. പത്മനാഭൻ ഒരിക്കലും ഒരു കമ്യൂണിസ്റ്റുകാരൻ ആയിരുന്നില്ല. കമ്യൂണിസ്റ്റ് പാർട്ടിയുടെ വല്യ വിമർശകൻ ആയിരുന്നു. വിദ്യാർഥിയായിരുന്ന കാലത്ത് കോൺഗ്രസുകാരനായിരുന്നു. ഇപ്പോൾ കോൺഗ്രസുകാരനാണോ എന്നു ചോദിച്ചാൽ ആണെന്നായിരിക്കില്ല ഉത്തരം.

 

പഠിക്കുന്ന കാലത്ത് വിദ്യാർഥി കോൺഗ്രസിന്റെ സജീവ പ്രവർത്തകനായിരുന്നു അദ്ദേഹം. കണ്ണൂർ ജില്ലയിലെ മിക്ക സ്ഥലത്തും കോൺഗ്രസിനു വേണ്ടി പ്രസംഗിച്ച അനുഭവം അദ്ദേഹം പറയാറുണ്ട്. കമ്യൂണിസ്റ്റുകാർക്ക് ഏറെ വേരോട്ടമുള്ള മോറാഴയിൽ കമ്യൂണിസ്റ്റ് പാർട്ടിയെ വിമർശിച്ചു സംസാരിച്ചതും രാത്രി മടങ്ങുമ്പോൾ കമ്യൂണിസ്റ്റുകാർ പോകാൻ ചൂട്ടുകത്തിച്ചു നൽകിയതുമൊക്കെ അദ്ദേഹത്തിന്റെ ഓർമക്കുറിപ്പിലുണ്ട്.

 

പാർട്ടി പ്രവർത്തനമൊക്കെ കഴിഞ്ഞ് രാത്രിയാണ് മടങ്ങിയെത്തുക. ഇരുട്ടത്ത് വരരുതെന്ന് അമ്മ എന്നും പറയും. എന്നാൽ പത്മനാഭൻ അതൊന്നും കാര്യമാക്കില്ല. കണ്ണൂർ സെൻട്രൽ ജയിലിനു പിന്നിലാണ് വീട്. ഒരിക്കൽ രാത്രി വീട്ടിലെത്തുമ്പോൾ ഉമ്മറത്ത് ഒരു വിളക്കു കത്തിനിൽക്കുന്നു. അത് അമ്മ കത്തിച്ചുവച്ചതായിരുന്നു, മകനു വെളിച്ചംപകരാൻ. അമ്മ കത്തിച്ചുവച്ച ആ വെളിച്ചം ഒരിക്കലും തന്നിൽ നിന്നു അണഞ്ഞുപോകില്ലെന്ന് പത്മനാഭൻ പറയും. കാരണം അമ്മ ജീവിതത്തിൽ വലിയ പ്രചോദനമായിരുന്നു. ചെറുപ്രായത്തിൽ തന്നെ അച്ഛൻ നഷ്ടപ്പെട്ടിരുന്നു പത്മനാഭന്. ജ്യേഷ്ഠനും അമ്മയുമാണ് വളർത്തിയതും പഠിപ്പിച്ചതുമെല്ലാം.

 

നിയമപഠനം കഴിഞ്ഞ് കണ്ണൂരിൽ വക്കീലായി പ്രാക്ടീസ് ചെയ്യുന്ന സമയത്തും രാഷ്ട്രീയമുണ്ടായിരുന്നു. എന്നാൽ രാഷ്ട്രീയത്തിൽ സ്വാർഥതാൽപര്യം വന്നതോടെ ആ വഴി ഉപേക്ഷിച്ചു. വിദ്യാർഥി കോൺഗ്രസ് പ്രവർത്തകനായ കാലത്തു തുടങ്ങിയതായിരുന്നു ഖദറിനോടുള്ള താൽപര്യം. അതിപ്പോഴും തുടരുന്നുണ്ട്. ഏതു വിദേശത്തുപോകുകയാണെങ്കിലും ഖാദിമാത്രമേ ധരിക്കാറുള്ളൂ. 

രാഷ്ട്രീയം ഉപേക്ഷിച്ചെങ്കിലും രാഷ്ട്രീയക്കാരുമായുള്ള ബന്ധം ഉപേക്ഷിച്ചിരുന്നില്ല. കോൺഗ്രസുകാരനായിരുന്നപ്പോഴും മനസ്സിൽ ആരാധന തോന്നിയിരുന്നത് ഒരു കമ്യൂണിസ്റ്റ് നേതാവിനോടായിരുന്നു. സഖാവ് കൃഷ്ണപ്പിള്ളയോട്. കൃഷ്ണപ്പിള്ളയെ എതിരാളികൾ കണ്ണൂരിൽ വച്ച് മർദിക്കുന്നതിന് ടി. പത്മനാഭൻ സാക്ഷിയായിട്ടുണ്ട്. ആദർശ രാഷ്ട്രീയത്തിന്റെ നിറകുടമായിരുന്നു കൃഷ്ണപ്പിള്ള.

 

കൃഷ്ണപ്പിള്ളയ്ക്കു ശേഷം പത്മനാഭൻ ഏറ്റവും ഇഷ്ടപ്പെട്ട കമ്യൂണിസ്റ്റ് നേതാവാണ് പിണറായി വിജയൻ. പിണറായി വിജയനുമായുള്ള അടുപ്പത്തിനു പിന്നിൽ മറ്റൊരാൾ കാരണക്കാരനായിട്ടുണ്ട്. സിപിഎമ്മിന്റെ കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫിസ് സെക്രട്ടറിയായിരുന്ന സുനിൽ ആണ് രണ്ടുപേരെയും അടുപ്പിക്കുന്നത്. പത്മനാഭൻ കഥകൾ വായിച്ചാണ് സുനിൽ അദ്ദേഹവുമായി അടുപ്പമാകുന്നത്. പിണറായി വിജയനുമായി ഏറെ അടുപ്പമാണ് സുനിലിന്. കമ്യൂണിസ്റ്റ് പാർട്ടിയെ കിട്ടുന്ന അവസരങ്ങളിലെല്ലാം വിമർശിക്കാറുള്ള പത്മനാഭനെ പിണറായിയുമായി അടുപ്പിക്കാൻ സുനിലിനു സാധിച്ചു. അടുപ്പം വലിയ സൗഹൃദമായി.

 

കൃഷ്ണപ്പിള്ളയും പിണറായിയുമായുള്ള തന്റെ സ്നേഹബന്ധത്തെകുറിച്ച് പത്മനാഭൻ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. കണ്ണൂരുകാരുടെ ശൈലിയിൽ ‘പപ്പാട്ടൻ’ എന്നേ പിണറായി അദ്ദേഹത്തെ വിളിക്കൂ. കണ്ണൂരിലെ മറ്റൊരു സിപിഎം നേതാവിനോടും ടി. പത്മനാഭന് ഈ ബന്ധമില്ല. കോൺഗ്രസ് ആശയത്തിൽ വളർന്നിട്ടും കണ്ണൂരിലെ കോൺഗ്രസ് നേതാക്കളുമായും അടുപ്പമില്ല. 

എല്ലാ തിരഞ്ഞെടുപ്പിലും പത്മനാഭൻ വോട്ട് ചെയ്യാൻ പോകും. അത് ഇതുവരെ മുടക്കിയിട്ടില്ല. ജനാധിപത്യത്തിലുള്ള അടിയുറച്ച വിശ്വാസം തന്നെ കാരണം.

 

അഴീക്കോട് മുൻ എംഎൽഎ ബാലന്റെ വീട്ടിലേക്ക് എതിർ പാർട്ടിക്കാർ ബോംബെറിഞ്ഞപ്പോൾ പത്മനാഭൻ തൊട്ടടുത്ത ദിവസം തന്നെ ആ വീട്ടിലെത്തി. ബോംബേറിൽ എംഎൽഎയുടെ മകന്റെ കണ്ണിനു പരുക്കേറ്റിരുന്നു. കണ്ണൂരിൽ തുടരുന്ന രാഷ്ട്രീയകുടിപ്പകയിൽ ഒന്നുമറിയാത്ത ഒരു പിഞ്ചുബാലനു വേദനിച്ചപ്പോൾ, ആ സംഭവം വച്ച് അദ്ദേഹമൊരു കഥയുമെഴുതി.

 

ഏറ്റവുമൊടുവിൽ എറണാകുളത്ത് മഹാരാജാസ് കോളജ് വിദ്യാർഥി അഭിമന്യു ശത്രുക്കളുടെ കത്തിക്കിരയായപ്പോൾ പത്മനാഭൻ പ്രതികരിച്ചത് അഭിമന്യുവിന്റെ കുടുംബത്തിന് ഒരു ലക്ഷം രൂപ സഹായം നൽകികൊണ്ടായിരുന്നു. എന്നാൽ കണ്ണൂരിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അടുത്തിടെ നിഷ്ഠൂരമായി കൊല ചെയ്തപ്പോൾ അദ്ദേഹം പ്രതികരിക്കാതിരുന്നതിനെ പലരും വിമർശിക്കുകയും ചെയ്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com