ADVERTISEMENT

പ്രശസ്ത ഇന്ത്യൻ ഇംഗ്ലിഷ് എഴുത്തുകാരൻ അനീസ് സലിമിന്റെ 'ദി സ്മോൾ സീ' എന്ന നോവൽ സിനിമയാകുന്നു. ശ്യാമപ്രസാദിന്റെ സംവിധാനത്തിലാണ് സിനിമ സ്ക്രീനിൽ എത്തുക. കടലോരപട്ടണത്തിന്റെ പശ്ചാതലത്തിൽ ഒരു പതിമൂന്ന് വയസ്സുകാരന്റെ കഥ പറയുന്ന നോവലാണ് 'ദി സ്മോൾ സീ'. ശ്യാമ പ്രസാദ് തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.

 

ഇഗ്ലിഷ് നോവലിന് ചരിത്രത്തിലാദ്യമായി കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ മലയാളിയാണ് അനീസ് സലിം. 22-ാം വയസ്സില്‍ നാട്ടില്‍നിന്ന് ഹൈദരാബാദിലേക്ക് അനീസ് ട്രെയിന്‍ കയറിയത് എഴുതണം എന്ന ആഗ്രഹവുമായിട്ടായിരുന്നു‍. തുടക്കം കഥയില്‍. ആദ്യത്തെ കഥ തന്നെ തിരസ്കരിക്കപ്പെട്ടു. പിന്നെ കഥകളില്‍നിന്നു നോവലിലേക്ക്. ആദ്യ നോവലും തിരസ്കരിക്കപ്പെട്ടു. തളര്‍ന്നെങ്കിലും ഊര്‍ജം സംഭരിച്ച് വീണ്ടും വീണ്ടും എഴുതി. ദ് വിക്സ് മാംഗോ ട്രീ- അദ്യനോവല്‍. എഴുതിയത് 26 വയസ്സുള്ളപ്പോള്‍. നോവല്‍ പുറത്തുവന്നത് ഒരു വ്യാഴവട്ടത്തിനുശേഷം 38-ാം വയസ്സില്‍. 2012-ല്‍. അയച്ചുകൊടുത്ത നോവല്‍ ഇഷ്ടപ്പെട്ട ലിറ്റററി ഏജന്റ് എഴുതിവച്ച പുസ്തകങ്ങളെല്ലാം ചോദിച്ചതോടെയാണ് പുസ്തകങ്ങളോരാന്നായി വെളിച്ചം കണ്ടത്. അഞ്ചു നോവലുകള്‍. കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം ഉൾപ്പെടെ അഞ്ചു കൃതികള്‍ക്കും പുരസ്കാരങ്ങള്‍. ദ് ബ്ളൈന്‍ഡ് ലേഡീസ് ഡിസെന്റന്‍സ്, വാനിറ്റി ബാഗ്, ടെയില്‍സ് ഫ്രം എ വെന്‍ഡിങ് മെഷീന്‍ എന്നിവയാണ് അനീസ് സലിമിന്റെ മറ്റുപുസ്തകങ്ങൾ. 

 

പുസ്തകങ്ങളെ അടിസ്ഥാനമാക്കി മുൻപും ശ്യാമപ്രസാദ് സിനിമകൾ എടുത്തിട്ടുണ്ട്. ലളിതാംബിക അന്തർജനത്തിന്റെ 'അഗ്നിസാക്ഷികൾ' അതേ പേരിൽ ശ്യാമപ്രസാദ് തിരശീലയിലേയ്ക്ക് പകർത്തിയിരുന്നു. ടെന്നീസീ വില്യംസിന്റെ 'ദി ഗ്ലാസ് മെനാജിരി' ആസ്പദമാക്കി ഒരുക്കിയ സിനിമയാണ് 'അകലെ'. പരിതോഷ് ഉത്തമിന്റെ 'ഡ്രീസ് ഇൻ പ്രഷൻ ബ്ലൂ' എന്ന പുസ്തകമാണ് 'ആർടിസ്റ്റ്' എന്ന സിനിമയുടെ പ്രചോദനം.

 

ഈ വർഷം പകുതിയോടെ പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് പ്രതീക്ഷ. ചിത്രത്തിനായി കാത്തിരിക്കുകയാണ് ശ്യാമപ്രസാദിന്റെയും അനീസ് സലിമിന്റെയും ആരാധകർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com