sections
MORE

രാജ്യം ഇനി ആരു ഭരിക്കണമെന്നു കവികളും കവിതയില്‍ ജീവിക്കുന്നവരും തീരുമാനിച്ചിരുന്നെങ്കില്‍!

HIGHLIGHTS
  • കവിത കവിതയ്ക്കല്ല, ജനങ്ങൾക്കുവേണ്ടിയാണ്.
  • പ്രതിരോധ സൗന്ദര്യവും വീര്യവും ഉൾക്കൊള്ളുന്നവയാണു പുതുകവിതകൾ.
World Poetry Day
SHARE

ഇന്നു ലോക കവിതാദിനം. മനുഷ്യരാശിക്കൊപ്പം ജനിച്ചതാണു കവിത. അതിൽ മനുഷ്യ സംസ്കാരത്തിന്റെ അംശമടങ്ങിയിരിക്കുന്നു. മലയാളം എന്നുമോർക്കുന്ന കവികളും കവിതകളും ഏറെ. പ്രമുഖ കവികളിൽ ചിലർ കവിതാ നിലപാടുകൾ പങ്കുവയ്ക്കുന്നു; ചിലർ പുതുകവിതകളും...

കവികൾ കൂടട്ടെ, ഒപ്പം വായനക്കാരും കൂടട്ടെ

കെ.ജി. ശങ്കരപ്പിള്ള

KG Sankara Pillai

ലോകത്ത് ഏറ്റവും കൂടുതൽ എഴുതപ്പെടുന്നതു കവിതയാണ്. കവിതകൾക്കു മാത്രമായി സമൂഹമാധ്യമങ്ങളിൽ ധാരാളം വേദികൾ. ഓരോ ദിവസവും ആയിരക്കണക്കിനു കവിതകൾ പിറക്കുന്നു. കവനകൗതുകങ്ങളാണ് ഏറെ. ചിലതു അക്ഷര ലീലകൾ. ചിലവ കവിതയേയല്ല. അപൂർവം ചിലത് എക്കാലവും നിലനിൽക്കുന്നവ. ഇന്ത്യയുടെ സാഹചര്യത്തിലാണെങ്കിൽ വർഗീയ ഫാസിസത്തെ ചെറുക്കുന്ന, പ്രതിരോധ സൗന്ദര്യവും വീര്യവും ഉൾക്കൊള്ളുന്നവയാണു പുതുകവിതകളിലേറെയും. ദലിത്, സ്ത്രീ വിമോചന വിഷയങ്ങൾ ഉൾക്കൊള്ളുന്നവയാണവ. മറ്റ് ഇന്ത്യൻ ഭാഷകളിലും ഇതാണു സ്ഥിതി. പ്രതിരോധത്തിന്റെ ഉജ്ജ്വല വാങ്മയമായി കവിത മാറി. ശ്രീലങ്കയിലാകട്ടെ ഫാസിസത്തിനെതിരായി, ജനാധിപത്യത്തിനു വേണ്ടി ഉയരുന്ന ശബ്ദമാണത്.

പണ്ടത്തെപ്പോലെയല്ല. കവിത കവിതയ്ക്കല്ല, ജനങ്ങൾക്കുവേണ്ടിയാണ്. പണ്ടത്തെപ്പോലെ പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ പടപ്പാട്ടുകളല്ല ഇന്നു കവിത. അതു ജാതിരാഷ്ട്രീയത്തിന്റെയും പരിസ്ഥിതി പ്രശ്നങ്ങളുടെയും പ്രശ്നമണ്ഡലങ്ങൾ തിരിച്ചറിഞ്ഞ് അവിടങ്ങളിൽ പ്രതിരോധം തീർക്കുന്നു. കവികളിൽ വലിയ ജാഗ്രതയുണ്ട്. ഇപ്പോൾ എല്ലാവരും കവികളായി. എല്ലാവരും വായിക്കുന്നവർകൂടിയായാൽ മാത്രമേ ഫലം ശരിയായ അർഥത്തിൽ വരൂ.

കവിതാദിനത്തിൽ-

poem

ഇല്ലിനിയൊരുവൻ കത്തി-

ക്കിരയാവില്ലെന്നാർ പറയും?

ഇന്നലെ വീണവനവസാനത്തെ-

ബ്ബലിയെന്നെങ്ങനെ ഞാൻ പറയും?

ചോരാക്കൂര ചമച്ചതിലമ്മയെ 

മാറ്റിയിരുത്തണമതിനേറെ-

ത്തണൽ തുന്നി തണൽ തുന്നി-

പ്പടരാനുണ്ടിനിയും മക്കൾ.

തുലയട്ടേ വർഗീയതയെ- 

ന്നെഴുതാനുണ്ടിനിയും ജീവൻ.  

ഉരുകാനുണ്ടിനിയും സൂര്യൻ,

ചോറായ് വിരിയാൻ ചേറ്റുകയം. 

രാക്കിളിയൊച്ച, ഇരുട്ടിൽ

നീതിക്കൊരു കൂട്ട്; തരിശിൽ

വീഴുന്നൊരു കരുണ.

കരുതിയിരിക്കൂ 

കരുതിയിരിക്കൂ; നിർഭയ-

കവിതയതാണിക്കാലം. 

കവികളും കവിതയിൽ ജീവിക്കുന്നവരും

എസ്. കലേഷ്

S Kalesh

ദ്രോണാചാര്യര്‍ വിരല്‍ചൂണ്ടുമ്പോള്‍ കിളിയുടെ കഴുത്തുമാത്രം കാണുന്ന ഒരുവന്‍ കവിയാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. കിളിയിരിക്കുന്നിടത്ത് അതിന്റെ നിഴലോ ചിറകോ പൊഴിഞ്ഞുവീണ ഒരു തൂവലോ കവികള്‍ക്കു കാണാനായാല്‍ ഭാഗ്യം! ചിലപ്പോള്‍ കിളിയിരിക്കുന്ന മരംപോലും കവികള്‍ കാണണമെന്നില്ല. അതാണു കവിതയുടെ കളി. എന്റെ ജീവിതത്തിലെ പല സന്ദര്‍ഭങ്ങളും ഈ ചിന്തയോടു ചേര്‍ത്തുവച്ച് ആലോചിച്ചിട്ടുണ്ട്. ആള്‍ക്കൂട്ടത്തിന്, ആത്മബന്ധങ്ങള്‍ക്ക്, രാഷ്ട്രീയപക്ഷങ്ങള്‍ക്ക്, പൊതുബോധത്തിന് പ്രസക്തമാകുന്ന പല വിഷയങ്ങളും കവിക്കുമുന്നില്‍ അപ്രസക്തമാകുന്നു. അങ്ങനെവരുമ്പോള്‍ കവികള്‍ ഒറ്റപ്പെടും. ഏകാകികളും അന്തര്‍മുഖരും തലകുനിഞ്ഞവരും നിഷേധികളും നിസ്സംഗരും പോരാളികളും തോറ്റുപോയവരുമായ കവികള്‍ തിങ്ങിനിറഞ്ഞ കാവ്യഗോത്രത്തിലെ ഒരുവനാണ് ഞാനും. ആള്‍ക്കൂട്ടത്തില്‍ നിശബ്ദനായി ഒറ്റയ്ക്കുനിന്നു പൊട്ടിത്തെറിക്കുന്നതാണ് ഈ ഗോത്രത്തിന്റെ തനിസ്വഭാവം. പൊതുവെ ഭീരുക്കളാണ്, നിരുപദ്രവകാരികളുമാണ്. പക്ഷേ, കവിത എഴുതുമ്പോഴാകട്ടെ അസാധ്യ ധൈര്യവും ! 

വ്യക്തിപരമായ ഒരു സംഘര്‍ഷം അതിജീവിക്കാന്‍ കവിതയില്‍ മാര്‍ഗം തിരഞ്ഞുകേറിയവനാണു ഞാന്‍. എന്നാല്‍ അതുമൂലം നഷ്ടങ്ങള്‍ മാത്രമേ കരഗതമാകുകയുള്ളൂവെന്നു തിരിച്ചറിഞ്ഞപ്പോഴേക്കും വൈകി. കവിതയില്‍ നിന്നു കിട്ടുന്ന അനുഭൂതിയും ഊര്‍ജവും മൊത്തിക്കുടിച്ച് ഒരുവഴിക്കായ ശേഷം തിരിച്ചുനടക്കാന്‍ ത്രാണിയുണ്ടാകില്ല. ജീവിതത്തെക്കുറിച്ചുള്ള സ്വപ്‌നങ്ങളും വലിയ മോഹങ്ങളുമെല്ലാം മറ്റൊരുവഴിക്കാകും. പകരം കവിത അതിന്റെ നന്മയും തിന്മയും നീതിയും അനീതിയും ഉന്മാദവും നമ്മളിലൂടെ പ്രസരിപ്പിച്ചുകൊണ്ടിരിക്കും. 

ഒരുതരത്തില്‍ കെണിയാണു കവിത. കവിയെ തീര്‍പ്പാക്കാന്‍ കവിതയ്ക്ക് അപാര ശേഷിയുണ്ട്. കവിതയില്‍ നിന്നു കിട്ടുന്ന ആനന്ദം ജീവിതത്തില്‍ തിരഞ്ഞു കവികള്‍ പരാജയപ്പെടും. സ്വന്തം എഴുത്തും മടുക്കും. എഴുത്തിലെ സ്വന്തം ശൈലികളും ഭാഷയും മറികടക്കാന്‍ ആഗ്രഹിക്കും. അതിനു കഴിഞ്ഞില്ലെങ്കില്‍ സംഘര്‍ഷം തീവ്രമാകും. സമ്മിശ്രവികാരങ്ങള്‍ കവികളെ ചുറ്റിപ്പറ്റി നില്‍ക്കുന്ന നാട്ടുകാരും വീട്ടുകാരും തൊഴില്‍സ്ഥാപനങ്ങളും താങ്ങില്ല. അവര്‍ക്കതിന്റെ ആവശ്യവുമില്ല. കവിതയെഴുതി ജീവിക്കുന്നതിനെക്കാള്‍ എത്രയോ ആനന്ദകരം കവിയല്ലാതെ ജീവിക്കാന്‍. കാരണം ജീവിതത്തെ നമുക്കു കുറച്ചുകൂടെ സ്വസ്ഥതയോടെ സമീപിക്കാനാകും.

മറ്റൊരു കൂട്ടരുണ്ട്. കവികളാകാതെ കവിതയില്‍ ജീവിക്കുന്നവര്‍. കവിതപോലെ, സ്വപ്‌നനിര്‍ഭരമായ ജീവിതം നയിക്കുന്നവര്‍. അവര്‍ക്ക് എഴുതാന്‍ ഭാഷയുണ്ടാകില്ല. എന്നാല്‍ ഭാഷയ്ക്കും അതീതമായ കവിതയുടെ ഓറ അവരുടെ തലയ്ക്കു ചുറ്റുമുണ്ട്. അവരുടെ സംസാരത്തില്‍ കവിത പ്രവര്‍ത്തിക്കും. അവരുടെ നടപ്പില്‍, ഇരിപ്പില്‍, ദൈനംദിന ജീവിതം കയ്യിലെടുത്തു കളിക്കുന്നതില്‍, പ്രണയത്തില്‍, ഉന്മാദത്തില്‍ ഒക്കെ അവര്‍ കവികളെ, ഇതുവരെ എഴുതപ്പെട്ട കാവ്യചരിത്രത്തെ കടന്നുനില്‍ക്കും. കവികള്‍ക്ക് ഇക്കൂട്ടരെ പെട്ടെന്നു തിരിച്ചറിയാനാകും. എന്നാല്‍ ഇവര്‍ക്കാകട്ടെ കവികളെ മനസ്സിലാവുകയേയില്ല.

എന്റെ അഭിപ്രായത്തില്‍ ഈ രണ്ടുകൂട്ടരും ഉള്ളതുകൊണ്ടാണു നമ്മുടെ ലോകം കുറച്ചെങ്കിലും ജീവിക്കാന്‍ അര്‍ഹതയുള്ളതാകുന്നത്. ഈ ചെറിയ ലോകം മുന്നോട്ടു ചലിക്കുന്നത്. ജീവിതത്തിന്റെ ഭാവുകത്വം നവീകരിക്കപ്പെടുന്നത്. കുറച്ചുകൂടെ നന്നായി ജീവിക്കണമെന്നും തീവ്രമായി പരസ്പരം സ്‌നേഹിക്കണമെന്നും വിവേചനരഹിതമായി ഇടകലരണമെന്നും, ഓര്‍മകളില്‍ ജീവിക്കണമെന്നുമൊക്കെയുള്ള ചെറിയ വലിയ തീരുമാനങ്ങള്‍ ഒരാള്‍ എടുക്കുന്നത്. രാജ്യം ഇനി ആരു ഭരിക്കണമെന്നു കവികളും കവിതയില്‍ ജീവിക്കുന്നവരും തീരുമാനിച്ചിരുന്നെങ്കില്‍ !

ഇഷ്ടഭാഗങ്ങൾ മനസിൽ പതിഞ്ഞു കിടപ്പുണ്ട്

ബാലചന്ദ്രൻ ചുള്ളിക്കാട്

Balachandran Chullikkadu

കവിത മനുഷ്യാനുഭവത്തിന്റെ പ്രകാശിതസത്തയാണെന്നു പറയാം. മനുഷ്യാനുഭവത്തെ നിർണയിക്കുന്നതും നിയന്ത്രിക്കുന്നതും സ്ഥലവും കാലവുമാണ്. സ്ഥലത്തിനും കാലത്തിനുമുണ്ടാകുന്ന മാറ്റം കവിതയിലും പ്രതിഫലിക്കും. മനുഷ്യരാശിക്കൊപ്പം ജനിച്ചതാണു കവിത. ചരിത്രാതീതകാലം മുതൽ ഈ ഉത്തരാധുനികകാലത്തും മനുഷ്യന്റെ പ്രധാന സാംസ്കാരിക ഇടപെടൽകൂടിയാണു കവിത. 

ആദിമകലകളിലൊന്നാണ് കവിത. എല്ലാ സംസ്കാരങ്ങളിലുമുണ്ടു കവിത. ലിപിയില്ലാത്ത ഭാഷകളിൽപോലും കവിതകളുണ്ട്. മനുഷ്യരാശിയോടൊപ്പമോ ഭാഷയോടൊപ്പംതന്നെയോ കവിത ജനിച്ചിട്ടുണ്ട്. 

ഓരോ കാലത്തും രൂപത്തിലും ഭാവത്തിലും മാറ്റമുണ്ടാകും. ലോകാനുഭവത്തിന്റെ പൊരുൾ എന്താണെന്നറിയാനും ആവിഷ്കരിക്കാനും മനുഷ്യൻ നടത്തുന്ന ശ്രമമാണു കവിത. ആധുനികോത്തര അമേരിക്കൻ നഗരങ്ങളിലും ആദിവാസികൾക്കിടയിലും കവിത നിലനിൽക്കുന്നത് അതിനാലാണ്. ജീവിതാനുഭവത്തിന്റെ ആന്തരികാർഥം അറിയാൻ ശ്രമിക്കുമ്പോഴാണു കവിത ജനിക്കുന്നത്. ചിന്തയുടെയും ഭാവനയുടെയും സമന്വയവുമാണു കവിത. ഓരോ കാലത്തും കവിതയുടെ രൂപഭാവങ്ങൾ മാറും. പഴയ കവിത പോലെയാവില്ല പുതിയ കവിത. പല രാജ്യങ്ങളിലെയും  കവിതകൾ നിരീക്ഷിക്കുമ്പോൾ മനസിലാകുന്നതാണിത്. സമകാലീന കവിതകൾ കൃത്യമായി വായിക്കുന്ന ആളല്ല ഞാൻ. അതിനാൽ സമാലീന കവിതയുടെ വിധിനിർണയം എനിക്കു സാധ്യമല്ല. ഇഷ്ടപ്പെട്ട കവിതാഭാഗങ്ങൾ ആവർത്തിച്ചു വായിക്കുകയാണ് എന്റെ ഇഷ്ടരീതി. അതിനായി പുസ്തകം കൊണ്ടുനടക്കാറില്ല. ഇഷ്ടഭാഗങ്ങൾ എന്റെ മനസിൽ പതിഞ്ഞുകിടപ്പുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
FROM ONMANORAMA