ADVERTISEMENT

ഇന്നു ലോക കവിതാദിനം. മനുഷ്യരാശിക്കൊപ്പം ജനിച്ചതാണു കവിത. അതിൽ മനുഷ്യ സംസ്കാരത്തിന്റെ അംശമടങ്ങിയിരിക്കുന്നു. മലയാളം എന്നുമോർക്കുന്ന കവികളും കവിതകളും ഏറെ. പ്രമുഖ കവികളിൽ ചിലർ കവിതാ നിലപാടുകൾ പങ്കുവയ്ക്കുന്നു; ചിലർ പുതുകവിതകളും...

 

പതിനായിരം കവികള്‍ ഉണ്ടായാല്‍ എന്താണു കുഴപ്പം 

Kuzhur Wilson

കുഴൂര്‍ വിത്സണ്‍ 

 

‘ഒരു പഞ്ചായത്തില്‍ പതിനായിരം കവികള്‍’ എന്നതു പ്രശസ്തനായ കവി പുതുകവിതയെ അധിക്ഷേപിക്കാൻ ഉപയോഗിച്ച പ്രയോഗമാണ്. ഒരു പഞ്ചായത്തില്‍ പതിനായിരം കള്ളന്മാര്‍ ഉണ്ടായാല്‍ കുഴപ്പമുണ്ട്, ഒരു പഞ്ചായത്തില്‍ പതിനായിരം പീഡകര്‍ ഉണ്ടായാല്‍ കുഴപ്പമുണ്ട്, പതിനായിരം കവികള്‍ ഉണ്ടായാല്‍ എന്താണു കുഴപ്പം എന്നാണു കാലം അതിനു മറു ചോദ്യം ഉന്നയിച്ചത്. രണ്ടായിരത്തിനു ശേഷമുണ്ടായ ഇന്റർനെറ്റ് ജനാധിപത്യം മലയാള കവിതയെയും മാറ്റിയിരിക്കുന്നു. 

 

പഴയതുപോലെ ഇപ്പോഴത് വലിയ തറവാടുകളുടെ അകത്തളങ്ങളിലല്ല. പാടത്തും പറമ്പിലും അടുക്കളയിലും പെരുവഴിയിലും അതു പടര്‍ന്നു കിടക്കുന്നു. കൊട്ടാരം കവികളുടെ തുടര്‍ച്ച അക്കാദമിക്, സര്‍ക്കാര്‍ ഉദ്യോഗ തലങ്ങളിലാണു തൊണ്ണൂറുകളില്‍ ഉണ്ടായത്. ഇന്ന് കവിതയെന്ന മാധ്യമം കൈകാര്യം ചെയ്യുന്നത് വീട്ടമ്മമാരും കിണർ പണിയുന്നവരും കര്‍ഷകരും ഓട്ടോറിക്ഷ ഓടിക്കുന്നവരും ഒക്കെയാണ്. ആ വൈവിധ്യവും ഊര്‍ജവും കവിതയില്‍ പ്രകടം. 

 

കവിത തങ്ങളുടെ അളിയനാണെന്നും ബാക്കിയെല്ലാം പൊട്ടയാണെന്നും ആക്ഷേപിക്കുന്ന വലിയ ആളുകളെ ഒരു കാര്യം ഓര്‍മിപ്പിക്കട്ടെ. അരുവിപ്പുറത്തു ശിവപ്രതിഷ്ഠ നടത്തിയതിനു മേലാളന്മാര്‍ കുറ്റപ്പെടുത്തിയപ്പോള്‍ ശ്രീനാരായണ ഗുരു പറഞ്ഞു.

 

നിങ്ങള്‍ എന്തിനു ദേഷ്യപ്പെടണം. ഞാന്‍ പ്രതിഷ്ഠിച്ചത് ഈഴവ ശിവനെയാണ് എന്ന്. ചെറിയ ഭാഷയില്‍, ചെറിയ ഭാവനയില്‍ കവിത എഴുതുന്ന അതിസാധാരണക്കാരായ ആളുകളും പറയുന്നത് അതു തന്നെയാണ്– ഇത് നിങ്ങളുടെ കവിതയല്ല. ഞങ്ങളുടെ പാവം കവിതയാണെന്നാണ്. ശ്രീനാരായണ ഗുരു നടത്തിയത് ആദ്യത്തെ കവിതാ പ്രതിഷ്ഠാപനങ്ങളില്‍ ഒന്നാണെന്നു ഞാന്‍ വിചാരിക്കുന്നു.

 

നല്ല കാര്യമായി

 

ജീവിതകാലം മുഴുവൻ 

വെള്ളത്തിൽ കിടന്നതിന്റെ 

തണുപ്പകറ്റാൻ

വെയിലുകൊള്ളുന്നതാണ്

ഉണക്കമീനെന്നോ ?

 

നിങ്ങടെ ഈ അളിഞ്ഞ ഭാഷ 

വല്ല കവിതയിലും കൊള്ളാം;

ആഖ്യാനമോ വ്യാഖാനമോ എന്തും.

 

തുടർന്നങ്ങോട്ട് പൊരിയുന്നതിനു മുൻപ്

വെയിലു കൊണ്ട് പരിശീലിക്കുന്നതിനെ

ഉണക്കമീനെന്ന് 

കളിയാക്കരുത്.

 

ജീവിതകാലം മുഴുവൻ 

sreekumar-kariyad

വെയിലത്ത് കഴിയുന്ന നിങ്ങളെ

ഞങ്ങൾ ഉണക്കമനുഷ്യരെന്ന് 

വിളിക്കാറുണ്ടോ?

 

വല്ലപ്പോഴും കടലിൽ വരുമ്പോൾ

പച്ചമനുഷ്യർ എന്ന് 

വിളിക്കാറുണ്ടോ?

ഉണക്കമീനേ, 

നല്ല കാര്യമായി...

 

 

കവിത, അബോധ ഭാഷയിലേക്കുളള പരിണാമം 

poet-s-ramesan-nair

ശ്രീകുമാർ കരിയാട്

 

ഭാഷയെ ഒരു ഉപാധിയാക്കി, അപരലോകങ്ങളെയും ആവിഷ്കരിക്കാനുളള കവിയുടെ ഇച്ഛയിൽ നിന്നാണ് ഓരോ കവിതയും ജനിക്കുന്നത്. ഒരു കവിത എഴുതിത്തുടങ്ങുന്ന നിമിഷം മുതൽ, ആ കവിതയുടെ രചനാമാർഗങ്ങളിലൂടെ, ഈ സമാന്തരപ്രപഞ്ചം താളബദ്ധമായി പ്രവേശിക്കുന്നത് കവിക്ക് അനുഭവപ്പെടുന്നുണ്ട്. ബോധപൂർവമല്ലാത്തതെന്നു കാവ്യരചനയെ വിശേഷിപ്പിക്കുന്നതും അതുകൊണ്ടാണ്. ബോധഭാഷയിൽനിന്ന് അബോധഭാഷയിലേക്കുളള ഈ പരിണാമമാണു നല്ല കവിതയുടെ ലക്ഷണമെന്നും തോന്നുന്നു. വ്യാവഹാരിക ഭാഷകളിൽ നിന്നു വ്യതിരിക്തമായ ബദൽ ഭാഷകൾ സൃഷ്ടിച്ചു കൊണ്ടാണു ലോകകവിത വളരുന്നത്. ജീവിതത്തിന്റെ ബഹുതല  യാഥാർഥ്യങ്ങളിൽനിന്നെല്ലാം കവിത അതിന്റെ ഊർജം സ്വീകരിക്കുന്നു. അതോടൊപ്പം പ്രചോദിതമായ മൊഴിഭേദങ്ങൾകൊണ്ട് അതു മനുഷ്യാത്മാവിനെ ഉണർത്തുകയും ചെയ്യുന്നു.

 

സമുദ്രമേ...

 

എത്ര പഴക്കമതേറിയാലും

നിത്യപാരായണ കാവ്യം പോലെ,

ചിത്രവും ശിൽപ്പവും സംഗീതവും ചമ-

ച്ചെത്രമേൽ ഛന്ദസ്സിൻ പൂർണിമയായ് 

എന്റെ മനസ്സിന്റെയക്കരെനിന്നെനി-

ക്കിക്കരെയെത്തുന്ന പുഞ്ചിരിയായ്

വന്നെന്നഹന്തകൾ തട്ടിയുടച്ചുകൊ-

ണ്ടട്ടഹസിക്കൂ സമുദ്രമേ നീ.

 

 

ഉള്ളത്തിൽ വരയ്ക്കുന്ന മായാ വര

എസ്. രമേശൻ നായർ

 

കവിതയുടെ ഉത്സവക്കൊടി ഉയർന്നുപാറാത്ത ഒരൊറ്റ ദിവസമെങ്കിലും മനുഷ്യജീവിതത്തിലുണ്ടോ? ഇഷ്ടപ്പെട്ട ഓരോ ഈരടിയിലുമുണ്ടു സ്നേഹഭാവനയുടെ ഏഴു നിറം. കവിത ജീവിതമാകുന്നതും ജീവിതം കവിതയാകുന്നതും അങ്ങനെ. കലകളുടെ കടഞ്ഞെടുത്ത സത്തയാണു കവിത. ഇന്ന്, അലസവേളകളിൽ കുറെ നിരർഥകപദങ്ങൾ കോർത്തുകെട്ടി ആർക്കും കവിയാകാവുന്ന സ്ഥിതിവിശേഷം വന്നുഭവിച്ചിട്ടുണ്ട്. ഇടക്കാലത്തുണ്ടായ അത്യന്താധുനികതാഭ്രമം പലരെയും വഴിതെറ്റിച്ചു. 

 

ഗുഡ്സ് ട്രെയിനിൽ എത്രയൊക്കെ പുരോഗമനവും അത്യാധുനികതയുമൊക്കെ കയറ്റി അയച്ചാലും പരിചിതമായ പാരമ്പര്യത്തിന്റെ പാളത്തിലൂടെയല്ലാതെ അതിന് ഒരടി മുന്നോട്ടു പോകാൻ കഴിയുമോ? പി. കുഞ്ഞിരാമൻനായരുടെ ഒരു കവിതയെങ്കിലും വായിച്ച് ഉൾക്കൊണ്ടിട്ടില്ലാത്ത ഒരാൾക്ക് ഈ ജന്മം ഇവിടെ നല്ലൊരു മലയാള കവിയായി തലയുയർത്തി നടക്കാൻ കഴിയുമെന്ന് എനിക്കു തോന്നുന്നില്ല. വെള്ളത്തിൽ എത്രയെങ്കിലും വരയ്ക്കാം. മനുഷ്യന്റെ ഉള്ളത്തിൽ മായാത്ത ഒരു വര പറ്റുമോ? എങ്കിൽ നിങ്ങളൊരു കവിയാണ്. കവിത നിറഞ്ഞ ലോകകവിതാദിനത്തിൽ എല്ലാ കവികൾക്കും നല്ലതു വരട്ടെ എന്നു പ്രാർഥിക്കുന്നു.

 

കവിതപ്പൊരുൾ

 

കരളിൽനിന്നാദ്യമായ്–

ക്കിനിയുന്ന കനിവിന്റെ

കണികയ്ക്കു കവിതയെ–

ന്നാണു പേര്.

കടലിന്റെയാഴത്തി–

ലെവിടെയോ തെളിയുന്ന

കനലിനും കവിതയെ–

ന്നാണു പേര്.

പൊക്കിൾക്കൊടി ബന്ധ–

മറ്റാലുമമ്മതൻ

മക്കൾക്കു കവിതയെ–

ന്നാണു പേര്.

മണ്ണിനെ വിണ്ണാക്കു–

മാത്മബന്ധങ്ങൾതൻ

മഹിമയ്ക്കു കവിതയെ–

ന്നാണു പേര്. 

ഇരുളിലും ഒരു തുള്ളി 

വെട്ടം പൊഴിക്കുന്ന

പൊരുളിനും കവിതയെ–

ന്നാണു പേര്. 

പലകോടി ഹൃദയങ്ങ–

ളൊരുമിച്ചു വിരിയുന്ന

പകലിനും കവിതയെ–

ന്നാണു പേര്.

കവിത പെയ്യും കൃഷ്ണ–

മേഘത്തിനും കള–

മുരളിക്കും കവിതയെ–

ന്നാണു പേര്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com