ADVERTISEMENT

സ്വന്തമായൊരു രാഷ്ട്രീയപാർട്ടിയുണ്ടായിരുന്ന സാഹിത്യകാരിയോ? ഇങ്ങനെയൊരു ചോദ്യം വന്നാൽ പെട്ടെന്നൊരാൾക്ക് ഉത്തരം പറയാൻ സാധിച്ചെന്നു വരില്ല. എന്നാൽ അങ്ങനെയൊരു ധൈര്യം കാട്ടിയ എഴുത്തുകാരിയും മലയാളത്തിൽ ഉണ്ടായിരുന്നു.

മാധവിക്കുട്ടി മലയാളിക്ക് എഴുത്തുകാരി മാത്രമായിരുന്നില്ല. അവരുടെ ഓരോ വാക്കും പ്രവൃത്തിയും ഇവിടെ ചർച്ചയായിരുന്നു. മാധവിക്കുട്ടിയുടെ കൗമാരകാലവും വിവാഹവും ദാമ്പത്യവും മതംമാറ്റവുമെല്ലാം മലയാളിക്ക് ഇഷ്ടവിഷയമായിരുന്നു. അതുപോലെ ഒന്നായിരുന്നു അവരുടെ രാഷ്ട്രീയവും.

എഴുത്തിൽ സജീവമായി നിൽക്കുന്ന സമയത്താണ് മാധവിക്കുട്ടിക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹം വരുന്നത്. ആരെയും സംശയിക്കാത്ത പ്രകൃതമായിരുന്നു മാധവിക്കുട്ടിയുടെത്. അവരുടെ എഴുത്തിലെ ജനപ്രീതി വോട്ടാക്കാമെന്ന് ചിലർ വന്നു പറഞ്ഞപ്പോൾ എങ്കിൽ അങ്ങനെയാകാമെന്ന് മാധവിക്കുട്ടിയും തീരുമാനിച്ചു. അങ്ങനെയാണ് 1984ൽ അവർ തിരഞ്ഞെടുപ്പിൽ സ്വതന്ത്രയായി മത്സരിക്കുന്നത്. ആകെ കിട്ടിയത് 1786 വോട്ട്. കോൺഗ്രസിലെ എ. ചാൾസ് ആയിരുന്നു അക്കുറി തിരുവനന്തപുരത്തുനിന്ന് പാലർമെന്റിലേക്കു ജയിച്ചത്. 

പക്ഷേ, തിരഞ്ഞെടുപ്പ് പരാജയം മാധവിക്കുട്ടിയെ നിരാശയാക്കിയില്ല. ജനങ്ങൾക്ക് എന്നെ വേണ്ടാത്തതുകൊണ്ടാണ് തോറ്റതെന്നായിരുന്നു പ്രതികരണം. 

പിന്നീട് 2000 ജൂലൈയിൽ ആണ് അവർ സ്വന്തമായി പാർട്ടി രൂപീകരിക്കുന്നത്. ലോക് ‍സേവാ പാർട്ടി. മതംമാറ്റത്തിനു ശേഷമുള്ള പ്രധാന തീരുമാനമായിരുന്നു പാർട്ടി രൂപീകരണം. ഗോഡ്സ് ഓൺ പാർട്ടി എന്നായിരുന്നു ആദ്യം പേരിട്ടിരുന്നത്. പിന്നീട് ലോക്‌സേവാ പാർട്ടിയെന്നാക്കി. ദേശീയ പാർട്ടിയെന്ന മതിപ്പുണ്ടാക്കാൻ വേണ്ടിയായിരുന്നു ലോക് സേവ പാർട്ടിയെന്ന പേരിട്ടതെന്ന് അന്ന് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. 

പതിവു കക്ഷിരാഷ്ട്രീയമായിരുന്നില്ല മാധവിക്കുട്ടി പുതിയ പാർട്ടിയിലൂടെ ലക്ഷ്യമിട്ടിരുന്നത്. സ്നേഹമായിരുന്നു പാർട്ടിയുടെ സന്ദേശം. യുവാക്കളെയും സ്ത്രീകളെയുമായിരുന്നു അവർ ലക്ഷ്യമിട്ടിരുന്നത്. ബെംഗളൂരുവിൽ ഒരു കാംപസിൽ വിദ്യാർഥികളുമായി നടന്ന സംവാദത്തിലാണ് പാർട്ടി രൂപീകരണം എന്ന ആശയം ഉദിക്കുന്നത്. ഉടൻ തന്നെ അതു നടപ്പാക്കി. എല്ലാ യുവാക്കളോടും തന്റെ പാർട്ടിയിൽ ചേരാൻ അവർ സ്നേഹത്തോടെ ക്ഷണിച്ചു. എന്നാൽ ആ ക്ഷണം സ്വീകരിച്ചവർ കുറവായിരുന്നു. 

മാധവിക്കുട്ടിയോട് അടുപ്പമുണ്ടായിരുന്ന ചിലരൊക്കെ പാർട്ടിയിൽ ചേർന്നിരുന്നു. എന്നാൽ ലോക്‌ സേവാ പാർട്ടിക്കും അൽപായുസ്സേ ഉണ്ടായിരുന്നുള്ളൂ. മതംമാറ്റത്തോടെ മാധവിക്കുട്ടി വലിയൊരു വിവാദം തുറന്നുവിട്ടിരുന്നു. അതുകൊണ്ടു തന്നെ അവരുടെ രാഷ്ട്രീയപാർട്ടി രൂപീകരണം ആരും കാര്യമായി എടുത്തിരുന്നില്ല. 

ആലയിലെ പശുവിനു സമാനമായ ജീവിതത്തിൽ നിന്നു രക്ഷപ്പെടാൻ സ്ത്രീകളോടെല്ലാം തന്റെ പാർട്ടിയിൽ അണിചേരണമെന്നൊക്കെ അവർ ആഹ്വാനം ചെയ്തിരുന്നു. പക്ഷേ, ആ ആഹ്വാനം കേരള രാഷ്ട്രീയമണ്ഡലത്തിൽ ഉറക്കെ കേട്ടില്ല. മാധവിക്കുട്ടിയുടെ മരണശേഷം ആരും അവരുടെ രാഷ്ട്രീയപാർട്ടിയെ ഓർക്കാറുമില്ല. അവരുടെ അക്ഷരങ്ങൾ മാത്രം അനശ്വരമായി ഇവിടെ ജീവിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com