ADVERTISEMENT

മലയാളത്തിൽ എഴുത്തിന്റെ സ്ത്രൈണ സൗന്ദര്യമായിരുന്നു മാധവിക്കുട്ടിയും അഷിതയും. രണ്ടു വഴികളിലൂടെ സഞ്ചരിച്ച രണ്ട് എഴുത്തുകാർ. ആത്മാവ് തേടുന്ന ശരീരമായിരുന്നു മാധവിക്കുട്ടി എങ്കിൽ ശരീരം തേടുന്ന ആത്മാവായിരുന്നു അഷിത. സുഹൃത്തുക്കളായിരിക്കുമ്പോഴും അവർ പരസ്പരം കലഹിച്ചു. വിരുദ്ധ വഴികളിലൂടെ സഞ്ചരിച്ചു; ഒപ്പം ആത്മാവിന്റെ ഏകാന്തതകളിൽ സൗഹൃദം ആഘോഷിക്കുകയും ചെയ്തു. 

 

മലയാളത്തിൽ അഷിതയുടെ സുഹൃത്ത് മാധവിക്കുട്ടിയായിരുന്നെങ്കിൽ അവർക്ക് ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരി എമിലി ഡിക്കൻസ് ആയിരുന്നു. 

 

അവർ എന്നെപ്പോലെ ഒറ്റപ്പെട്ട ഒരു സ്ത്രീയായിരുന്നു. എന്നെപ്പോലെ പറയാൻ  വയ്യാത്ത സങ്കടങ്ങളുമായി നടന്നു പോയ ഒരാൾ. എന്നെപ്പോലെ തന്നെ പരാജയപ്പെട്ട ഒരു സ്ത്രീ. മുറിഞ്ഞ ഒരു ആത്മാവ്. കവിതകളിൽ അവരുപയോഗിക്കുന്ന മൂർച്ചയുള്ള കുറച്ചു കുറച്ചു വാക്കുകൾ. അതുപയോഗിക്കും വിധം അതൊക്കെ എനിക്കു പരിചിതം. ഇഷ്ടം.

 

മാധവിക്കുട്ടിയെക്കുറിച്ച് ഓർമിക്കുമ്പോൾ അഷിത ആവർത്തിക്കുമായിരുന്നു; ക്ഷുബ്ധമായ ആ സൗഹൃദത്തെക്കുറിച്ച്. ശരീരത്തിന്റെ ആഘോഷങ്ങളിൽ പങ്കുചേരാത്തവൾ എന്നായിരുന്നു അഷിതയെക്കുറിച്ച് മാധവിക്കുട്ടിയുടെ പരാതി. ആത്മാവിന്റെ  ലാവണ്യം ഒരിക്കൽപ്പോലും കണ്ടിട്ടില്ലാത്തവർ എന്ന് അഷിത തിരിച്ച് അവരെ കളിയാക്കി. 

 

കഥയിലും ജീവിതത്തിലും മാധവിക്കുട്ടി സ്നേഹം അന്വേഷിച്ചു. അഷിതയാകട്ടെ സത്യവും. കലഹങ്ങൾ ആഘോഷമാക്കിയതായിരുന്നു അവരുടെ സൗഹൃദം. പരമമായ സത്യം തന്നെയാണ് സ്നേഹം എന്നറിയുന്നതിനു മുൻപ് മാധവിക്കുട്ടി കടന്നു പോയി. എന്നാണ് അഷിതയുടെ ദുഃഖം. ഇപ്പോഴിതാ അഷിതയും മടങ്ങിയിരിക്കുന്നു; സത്യമെന്ന സ്നേഹത്തെ കഥകളിലൂടെ അനശ്വരമാക്കി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com