ADVERTISEMENT

തടവുമുറികളിൽ ലഭ്യമായ പേപ്പറുകളിൽ എഴുതി കാവൽക്കാരിലൂടെ രഹസ്യമായി പുറത്തെത്തിച്ച് പറയാനുള്ളതെല്ലാം ലോകത്തെ അറിയിച്ച രാഷട്രീയത്തടവുകാരുണ്ട്. എഴുതിയതിന്റെ പേരിൽ കാരാഗൃഹത്തിൽ അടയ്ക്കപ്പെട്ടവരുണ്ട്. പിറന്ന നാട്ടിൽ നിന്ന് നാടു കടത്തപ്പെട്ടവരുണ്ട്. രാഷ്ട്രീയത്തെക്കുറിച്ചും രാജ്യത്തെക്കുറിച്ചും അതിർത്തികളെക്കുറിച്ചും എഴുതിയില്ലെങ്കിലും എഴുത്തിന്റെ പേരിൽ ഏകാന്ത തടവ് അനുഭവിക്കേണ്ടി വന്നിട്ടുണ്ട് അഷിതയ്ക്ക്. അഷിത പഴയന്നൂർ കുറുപ്പത്ത് എന്ന പെൺകുട്ടിക്ക്. കുറുപ്പത്തും പഴയന്നൂരും പിന്നീട് മാഞ്ഞു പോകുകയും അഷിത മാത്രം നിലനിൽക്കുകയും ചെയ്തത് ഒരു പക്ഷേ ആ വാക്കിന്റെ അർഥം കൊണ്ടു കൂടി ആയിരിക്കാം. ഗുജറാത്തിയിൽ അഷിത എന്ന വാക്കിന്റെ അർഥം ‘അനുഗ്രഹിക്കപ്പെട്ടവൾ’ എന്നാണ്. ജാപ്പനീസ് ഭാഷയിൽ ‘പ്രത്യാശ’ എന്നും.

 

പ്രതിഭയാൽ അനുഗ്രഹിക്കപ്പെട്ട പ്രത്യാശ പരത്തിയ അഷിത കടന്നു പോയത് സങ്കീർണമായ ജീവിത സാഹചര്യങ്ങളിലൂടെ, അച്ഛനമ്മമാർ തമ്മിൽ നിലനിന്ന സംഘർഷവും ശീതസമരവും അഷിതയേയും ബാധിച്ചു. മകൾ ഒരു എഴുത്തുകാരി ആകുന്നത് കുടുംബം ഇഷ്ടപ്പെട്ടില്ല. വിലക്കി നോക്കി. ശാസിച്ചു നോക്കി, മർദ്ദിച്ചു. മാനസിക രോഗാശുപത്രിയിലാക്കി. പേപ്പറുകൾ ആ പെൺകുട്ടിയുടെ മുറിയിൽ നിന്നും കടത്തി. എന്നിട്ടും അഷിത എഴുതി. പലപ്പോഴും ഒന്നോ രണ്ടോ കടലാസുകൾ മാത്രമായിരിക്കും കയ്യിലുള്ളത്. അതുകൊണ്ടാണ് ആ കഥകളുടെ നീളം കുറഞ്ഞു പോയതും എഴുതിയ വാക്കുകളിൽ തീവ്രത നിറഞ്ഞു നിന്നതും. ഓരോ കഥയെഴുതുമ്പോഴും ‘നീ എന്താ മാധവിക്കുട്ടിയാകാനാണോ ഭാവം’ എന്ന വാചകങ്ങൾ ഒരു ചീത്ത പോലെ അഷിത കേട്ടുകൊണ്ടിരുന്നു. 

 

കൗമാരത്തിലും യൗവനത്തിലും കുടുംബമായിരുന്നു എഴുത്ത് വിലക്കിയിരുന്നതെങ്കിൽ രോഗവും ആശങ്കകളും ആശയക്കുഴപ്പങ്ങളും ആത്മീയമായ അസ്വാസ്ഥ്യങ്ങളും അവരുടെ എഴുത്തിനു വിലങ്ങു തടിയായിട്ടുണ്ട്. പലവട്ടം എഴുത്തു നിർത്തി. വായന ഉപേക്ഷിച്ചു. സ്വന്തം മുറിയിലേക്ക് ഒതുങ്ങിക്കൂടി. പക്ഷേ, വിലക്കപ്പെട്ട അതിഥിയുടെ സന്ദർശനം പോലെ കഥകൾ അഷിതയെ മാടി വിളിച്ചുകൊണ്ടിരുന്നു. 

 

ഇനിയും എഴുതണോ എന്ന ആശങ്കയും സംശയവും തീരാ വ്യഥയായപ്പോൾ അഷിത തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വാധീനത്തിലേക്ക് തന്നെ തിരിഞ്ഞു– ഗുര നിത്യ ചൈതന്യയതിയിലേക്ക്.

 

എഴുത്ത് പൂര്‍ണമായി ഉപേക്ഷിച്ച് പേന ഉപേക്ഷിച്ച എഴുത്തുകാരിയെ മലയാളത്തിനു മടക്കി നൽകുന്നത് ഗുരുവാണ്; അദ്ദേഹത്തിന്റെ ആത്മീയതയുടെ വെളിച്ചമാണ്. ജീവിതത്തിലും എഴുത്തിലും ഗുരു അഷിതയെ സ്വാധീനിച്ചു. അഷിതയെന്ന കാറ്റിലാടിയ, ഉലഞ്ഞ, മൺവിളക്കിനെ കെടാതെ കാത്തു. ആ ആത്മീയതയുടെ തണലിൽ സാന്ത്വനത്തിന്റെ കുളിർമയിൽ സംരക്ഷണത്തിന്റെ സുരക്ഷിതത്വത്തിൽ. അഷിത വീണ്ടും എഴുതി. ജീവിതത്തെ സമചിത്തതയോടെ നേരിട്ടു. കഥകള്‍ എഴുതി മൗനത്തിലേക്കു പിൻവലിഞ്ഞ്, നിശ്ശബ്ദയായ അഷിതയെ പെട്ടെന്ന് എല്ലാവരും മറക്കും എന്ന് പലരും കുറ്റപ്പെടുത്തിയിട്ടുണ്ട്. അങ്ങനെയൊരു സംശയമില്ലായിരുന്നെങ്കിലും കുറ്റപ്പെടുത്തൽ കൂടിയപ്പോൾ അഷിത ഗുരുവിനോട് സംശയം ഉണർത്തിച്ചു. ആത്മീയ ഗാംഭീര്യത്തോടെ ഗുരു നിത്യചൈതന്യയതി പറഞ്ഞു.

 

ഒരു പൂവ് വിരിഞ്ഞാൽ അത് എഴുന്നേറ്റു നിന്ന് ‘ഞാൻ ഇവിടെയുണ്ട്’ എന്നു പ്രഖ്യാപിക്കുന്നില്ല. മൗനമന്ദഹാസമായി അത് അതിന്റെ കാലം വരെ നില കൊള്ളുന്നു. എന്നിട്ടും കോടാനുകോടി വർഷങ്ങളായി ഒരു പൂ വിരിഞ്ഞാൽ വണ്ടുകൾ അതിനെ തേടിയെത്തുന്ന പ്രക്രിയ അവിരാമം നടന്നു പോരുന്നുണ്ട്. സൃഷ്ടിയിലെ എല്ലാത്തിനും ഈ കരുതലും സ്നേഹവും ലഭിക്കുന്നുണ്ട്. 

 

ഗുരു പറഞ്ഞതെത്ര സത്യം. അഷിത ഇന്നും എന്നും മലയാളത്തിന്റെ മൗന മന്ദഹാസവുമായി, ഒരിക്കലും വാടാത്ത പൂവു പോലെ വിരിഞ്ഞു നിൽക്കുന്നു. തലമുറകൾക്ക് സ്നേഹത്തിന്റെ സുഗന്ധവും സത്യത്തിന്റെ കിരൺമയ കാന്തിയും പകർന്നുകൊണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com