സങ്കടപ്പെരുമഴയുടെ കാലം അഷിത തുറന്നുപറഞ്ഞപ്പോൾ...

HIGHLIGHTS
  • വേദനകളുടെ ഒരു പെരുംമഴയായിരുന്നു ശിഹാബുദ്ദീൻ പൊയ്ത്തുംകടവിനു മുന്നിൽ.
  • അവർ പറഞ്ഞതിന്റെ പത്തിലൊന്നു പോലും ഞാൻ എഴുതിയിട്ടില്ല: ശിഹാബുദ്ദീൻ
Ashitha
അഷിത
SHARE

വേദനകളുടെ ഒരു പെരുംമഴയായിരുന്നു ശിഹാബുദ്ദീൻ പൊയ്ത്തുംകടവിനു മുന്നിൽ. മലയാളത്തിലെ മുൻനിര എഴുത്തുകാരി തന്റെ വ്യക്തിപരമായ വേദനകൾ ഒരു മറയുമില്ലാതെ തുറന്നുപറഞ്ഞപ്പോൾ വായനക്കാർ ശരിക്കും ഞെട്ടി. അവരുടെ ഉള്ളുപിടച്ചു. മരണത്തെ പുൽകിയ രാജലക്ഷ്മിയുടെയും സരസ്വതി അമ്മയുടെയും മാധവിക്കുട്ടിയുടെയും അനുഭവങ്ങൾക്കൊക്കെ മുകളിലായിരുന്നു അഷിതയുടേത്. സ്വന്തം രക്ഷിതാക്കളിൽ നിന്നേൽക്കേണ്ടി വന്ന വേദനകളായിരുന്നു അവർ പ്രിയസുഹൃത്തിനോടു തുറന്നുപറഞ്ഞത്. അടുത്തിടെ ശിഹാബുദ്ദീൻ പൊയ്ത്തുംകടവിനെ കണ്ടപ്പോൾ അദ്ദേഹം ഈ അഭിമുഖത്തെക്കുറിച്ചു പറഞ്ഞുതുടങ്ങിയത് ഇങ്ങനെയായിരുന്നു– ‘അവർ പറഞ്ഞതിന്റെ പത്തിലൊന്നു പോലും ഞാൻ എഴുതിയിട്ടില്ല.’ എഴുതിയതു തന്നെ ശരിക്കും പൊള്ളിക്കുന്നത്. അപ്പോൾ അഷിതയുടെ വേദനകൾ പങ്കിട്ട ശിഹാബുദ്ദീന്റെ ഹൃദയത്തിൽ എത്രമാത്രം ചോര പൊടിഞ്ഞിട്ടുണ്ടാകും. കാൻസറിനോടു മല്ലിട്ടുകൊണ്ട് ജീവിക്കുന്ന സമയത്താണ് ശിഹാബുദ്ദീനുമായി അവർ അഭിമുഖത്തിനു തയാറാകുന്നത്. 

ആത്മഹത്യാശ്രമത്തെക്കുറിച്ച് അഷിത പറയുന്നുണ്ട്.– ‘പതിനേഴാമത്തെ വയസ്സിൽ ഞാൻ സൂയിസൈഡ് അറ്റംപ്റ്റ് ചെയ്തു, വളരെ അതിശയകരമായ തോൽവി പിണഞ്ഞ അറ്റംപ്റ്റ്!’ മാനസികരോഗമാണെന്നു പറഞ്ഞ് വീട്ടുകാർ ഷോക്ക് ട്രീറ്റ്മെന്റിനു കൊണ്ടുപോയി, പഠനമെല്ലാം നിർത്തി വീട്ടിൽ ഇരിക്കുന്ന സമയം. അമ്മൂമ്മയും അവരുടെ സഹോദരനും മാത്രമേ ഈ തറവാട്ടുവീട്ടിൽ ഉള്ളൂ. Mandrax എന്ന ഗുളിക പതിമൂന്നെണ്ണം സംഘടിപ്പിച്ച് ഉച്ചയ്ക്കു ശേഷം കഴിച്ചു. അന്ന് ഫോണൊന്നുമില്ലാത്ത കാലമാണ്. അമ്മൂമ്മ മുറിയുടെ മുന്നിലൂടെ പോകുമ്പോൾ അഷിത പറഞ്ഞു, ഞാൻ ഗുളിക കഴിച്ചു, മരിക്കാൻ പോകുകയാണെന്ന്. സഹായത്തിന് ആരുമില്ലാത്ത അവസ്ഥ. കുറച്ചു കഴിഞ്ഞപ്പോൾ സ്കൂൾ നേരത്തെ വിട്ട് എട്ടാംക്ലാസിൽ പഠിക്കുന്ന ബന്ധു വീട്ടിലേക്കുവന്നു. അമ്മൂമ്മ അവനോടു കാര്യം പറഞ്ഞു. അവൻ ഉടൻ തന്നെ കിലോമീറ്റർ അകലെയുള്ള മെഡിക്കൽ ഷോപ്പിലേക്ക് ഓടി കമ്പൗണ്ടറെ കൂട്ടിക്കൊണ്ടുവന്ന് വയർ കഴുകാനുള്ള മരുന്നു കൊടുപ്പിച്ചു. 

പതിവിനു വിപരീതമായിട്ടായിരുന്നു അന്നത്തെ സംഭവങ്ങൾ. സ്കൂൾ നേരത്തെ വിടുന്നു, അവൻ മെഡിക്കൽ ഷോപ്പിലേക്ക് ഓടുമ്പോൾ പരിചയമില്ലാത്തൊരാൾ സൈക്കിൾ കൊടുക്കുന്നു. ആകസ്മികതകൾക്കൊടുവിൽ അഷിത രക്ഷപ്പെടുന്നു. എന്നാൽ ആത്മഹത്യാശ്രമത്തിന്റെ അടുത്ത സംഭവത്തെക്കുറിച്ച് അവർ പറയുന്നതാണ് എല്ലാവരെയും ശരിക്കും വേദനിപ്പിച്ചത്. ആത്മഹത്യ ചെയ്യാനായി കഴുത്തിൽ കയറൊക്കെയിട്ട് നിൽക്കുകയാണ് അഷിത. മകളുടെ ആത്മഹത്യാഭീഷണി അമ്മ കാണുന്നുണ്ട്. എന്നാൽ അതിനെക്കുറിച്ച് വേവലാതിപ്പെടാതെ അമ്മ കാത്തുനിൽക്കുകയായിരുന്നെന്നാണ് അഷിത പറഞ്ഞത്. മകൾ ഇങ്ങനെയൊരു കടുംകൈ ചെയ്യുമ്പോൾ പേടിക്കേണ്ടതാണ് അമ്മമാർ. എന്നാൽ തന്റെ അമ്മ കാത്തിരിക്കുകയായിരുന്നു, മകൾ കഴുത്തിൽ കയറിട്ട് ചാടിയിട്ട് കഴുത്തുമുറുകുന്നതു കാണാൻ!. എന്താ നീ കാണിക്കുന്നതെന്നു ചോദിക്കുകയോ അച്ഛനെ വിളിക്കുകയോ ഉണ്ടായില്ല. അമ്മയുടെ ഈ പെരുമാറ്റം കണ്ടതോടെ ആത്മഹത്യാശ്രമം ഉപേക്ഷിച്ച് അഷിത ജീവിതത്തിലേക്കു മടങ്ങുകയായിരുന്നു.

അച്ഛൻ ഉപേക്ഷിച്ച കുട്ടി

അച്ഛനിൽ നിന്നാണ് തനിക്ക് മാനസികവും ശാരീരികവുമായ പീഡനങ്ങൾ ഏൽക്കേണ്ടി വന്നതെന്ന് അഷിത ശിഹാബുദ്ദീനോടു പറയുന്നുണ്ട്. ഒരിക്കൽ അച്ഛൻ മുംബൈയിൽ ഉപേക്ഷിക്കാൻ ശ്രമിച്ച അനുഭവം അവർ പറയുന്നുണ്ട്. മുംബൈയിലെ തിരക്കേറിയ നഗരത്തിൽ അച്ഛൻ അഷിതയെ ഉപേക്ഷിച്ചു കടന്നു. അച്ഛൻ ധൃതിയിൽ റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുകയാണ്. പക്ഷേ, വാഹനങ്ങളുടെ അമിതവേഗം മുറിച്ചുകടക്കാൻ അച്ഛനു കഴിയുന്നില്ല. ഒടുവിൽ ഒന്നുമറിയാത്തതുപോലെ അച്ഛൻ തിരിച്ചുവന്നപ്പോൾ അഷിത ഓടിച്ചെന്ന് കെട്ടിപ്പിടിച്ചു. നീ കൂടെ ഉണ്ടായിരുന്നില്ലേ എന്ന് ലാഘവത്തോടെയൊരു ചോദ്യം മാത്രമേ അച്ഛനിൽ നിന്നുണ്ടായിരുന്നുള്ളൂ. 

പിന്നീടൊരിക്കൽ മുംബൈയിലെ ആശുപത്രിയിൽ അച്ഛൻ ഉപേക്ഷിക്കാൻ ശ്രമിച്ചു. ഡോക്ടറെ കാണാൻ പോയതായിരുന്നു. ഡോക്ടറുണ്ടോ എന്നു നോക്കിയിട്ടുവരാമെന്നു പറഞ്ഞ് അച്ഛൻ മുങ്ങി. എന്നാൽ മകളെ അവിടെ ഉപേക്ഷിച്ചു പോകാനുള്ള അച്ഛന്റെ ശ്രമം സെക്യൂരിറ്റിക്കാരൻ പിടിക്കുകയായിരുന്നു. പാസിൽ രണ്ടുപേർ ഉണ്ടായിരുന്നു. അച്ഛൻ രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ സെക്യൂരിറ്റി പിടിച്ചു. ഒടുവിൽ മകളെയും കൂട്ടി മടങ്ങേണ്ടിവന്നു. രണ്ടുതവണ ഉപേക്ഷിക്കാൻ ശ്രമിച്ചിട്ടും വീണ്ടും അതേ അച്ഛന്റെ അഭയത്തിൽ ജീവിക്കേണ്ടി വന്നതിന്റെ അപമാനഭാരം ജീവിതത്തിലുടനീളം ഉണ്ടായിരുന്നെന്ന് അഷിത പറയുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ