sections
MORE

ഉന്മാദികളുടെ സ്വപ്നം ഒരു ദിനം മുൻപേ കാണുന്ന വിധം

dali-gala
ദാലി, ഗാല
SHARE

ലിസ ഗെറാർഡിനി, പ്രൗഢയായ സുന്ദരി, പ്രായം അഞ്ഞൂറിലേറെയായി. ഇനിയും സൗന്ദര്യമൊട്ടും മങ്ങാത്ത ആ രൂപത്തിന് ഇന്നും കനത്ത കാവലാണ്. ആരു കണ്ടാലും മോഹിച്ചു പോകുന്ന മൊണാലിസയ്ക്ക് അത്ര കാവൽ വേണമല്ലോ. മൊണാലിസ ഡാവിഞ്ചിയേക്കാൾ എത്രയോ കാലം മുന്നോട്ടു പൊയ്ക്കഴിഞ്ഞിരിക്കുന്നു. ചുണ്ടിലൊളിപ്പിച്ച ചിരിയിലോ നിഗൂഢ ഭാവത്തിലോ യാതൊരു മാറ്റവുമില്ല താനും. 

പ്രിയപ്പെട്ടവർക്ക് അമരത്വമേകാൻ കഴിവുള്ള ചില മനുഷ്യരുണ്ട്. ഞാനില്ലാതെയായാലും വേനലുകളനവധി കടന്നു പോകിലും നീയിവിടെ നിലനിൽക്കണം എന്നു പറയുന്നവർ. അങ്ങനെ തന്റെ പ്രിയനെന്നും അക്ഷരങ്ങളിലൂടെ ജീവിക്കാൻ വേണ്ടിയാണല്ലോ ഷേക്സ്പിയർ പതിനെട്ടാം സോണറ്റ് എഴുതിയതു തന്നെ. അദ്ദേഹം തന്റെ സ്നേഹഭാജനമായിരുന്ന ചെറുപ്പക്കാരനു വേണ്ടി സമർപ്പിച്ചതാണ് ആ പതിന്നാലു വരികൾ. ‘മനുഷ്യൻ ശ്വസിക്കുന്നിടത്തോളവും കണ്ണുകൾ കാണുന്നിടത്തോളവും ഈ വരികൾ നിലനിൽക്കും നീയുമതിലൂടെ ജീവിക്കും’ എന്നാണാ സോണറ്റ് തീരുന്നത്.

വരികളാലും വരകളാലും വരയ്ക്കപ്പെട്ടവർ ഒരർഥത്തിൽ അനശ്വരത നേടുകയാണ്. അവർക്കേറ്റവും പ്രിയപ്പെട്ടവർ തന്നെയതു ചെയ്യുമ്പോൾ ഏറ്റവും വലിയ സമ്മാനമായി അത് മാറുകയും ചെയ്യുന്നു. വരകളിലൂടെ പ്രണയിനിയെ അനശ്വരയാക്കിയ ദാലിയും ചെയ്തത് അതുതന്നെയാണ്. ദാലിയുടെ ഗാലയായിരുന്നു എന്നതാണ് അവരുടെ ഭാഗ്യം. തനിക്ക് ഗാലയുണ്ടായിരുന്നു എന്നത് ദാലിയുടേയും.

വരകളിലൂടെയും വരികളിലൂടെയും ഗാലയെ ദാലി അനശ്വരയാക്കി. ദാലിയുടെ ‘രഹസ്യ ജീവിതം’ ഉൾപ്പെടെയുള്ള എഴുത്തുകളിലും അനേകം ചിത്രങ്ങളിലും ഗാല നിറഞ്ഞുനിൽക്കുന്നു. ‘അപൂർവ പുരാവൃത്ത വനിതയായ ഗാല എന്ന ജീനിയസിനെ വിവാഹം ചെയ്യാൻ ഭാഗ്യമുണ്ടായ അപൂർവ ജീനിയസ്’ എന്നാണ് ദാലി സ്വയം വിശേഷിപ്പിച്ചത്. ഗാലയെ ആദ്യം കണ്ടതിനെപ്പറ്റി ദാലി പറയുന്നത് ‘അവൾ എന്റെ ഗ്രാദിവയാകാൻ വിധിക്കപ്പെട്ടവളായിരുന്നു, എന്റെ വിജയത്തെയുറപ്പിക്കാൻ എന്റെ ഭാര്യയാവാൻ ഉള്ളവൾ’ എന്നാണ്. ജർമൻ സാഹിത്യകാരനായ വിൽഹെം ജെൻസന്റെ മിത്തോളജിക്കൽ നോവലാണ് ഗ്രാദിവ. ഇതിലെ നായികയായ ഗ്രാദിവയ്ക്ക് മറ്റുള്ളവരെ മുന്നോട്ട് നയിക്കാനും വിജയത്തിലെത്തിക്കാനുമുള്ള കഴിവുണ്ട്.

dali-1

തന്റെ മേഖലയിൽ വിജയിച്ചേ മതിയാകൂ എന്നുറപ്പിച്ച ദാലി അവനവനിലെ ഏറ്റവും മികച്ചതിനെ പുറത്തെടുക്കുന്നതിനായി സ്വന്തം ആരോഗ്യം ശ്രദ്ധിച്ചു തുടങ്ങി. മദ്യപാനം തീർത്തും നിർത്തി. ഗാലയെ അധികമായി ശ്രദ്ധിക്കുകയും ചെയ്തു. ‘കാരണം അവളില്ലാതായാൽ എല്ലാം ഒടുങ്ങും’ എന്നാണ് ഗാലയ്ക്ക് നൽകിയ ശ്രദ്ധയെക്കുറിച്ച് അദ്ദേഹം പറഞ്ഞത്. അപ്പോഴേക്ക് ചിത്രം വരയ്ക്കുള്ള മോഡലും കാരണവും പ്രണയവും ജീവനും ഗാലയായിക്കഴിഞ്ഞിരുന്നു. ദാലിയുടെ കാൻവാസിൽ വിരിയുന്ന ചിത്രങ്ങളിലെ സചേതനമായ അംശം ഗാലയോടുളള പ്രണയവും, പലപ്പോഴും ഗാല തന്നെയും ആയിരുന്നു. ദാലിയോ ഗാലയോ ആകാതെ എങ്ങനെ മറ്റുള്ളവർ ജീവിക്കുന്നു എന്നതാണ് ദാലിയെ അത്ഭുതപ്പെടുത്തിയിരുന്നത്.

സ്പെയിനിലെ പോർട്ട്ലിഗയിൽ തീരത്തോടടുത്ത ഒരു ബംഗ്ലാവിലാണ് ദാലിയും ഗാലയും ജീവിച്ചത്. മുകൾ നിലയിൽ കടൽക്കാഴ്ചയിലേക്ക് തുറക്കുന്ന ജനാലകളുള്ള ഒരു മുറിയായിരുന്നു ദാലിയുടെ സ്റ്റുഡിയോ. അസംപ്ഷൻ എന്ന ചിത്രത്തിന്റെ രചന നന്നായി പുരോഗമിക്കുന്ന കാലം. ഒരു സായംസന്ധ്യയിൽ ദാലി തന്റെ സ്റ്റുഡിയോയിൽ നിന്നു നോക്കുമ്പോൾ ഗാല തന്റെ ചെറുനൗകയിൽ തീരത്തിനടുത്തേക്ക് വരുന്നു. നൗകയുടെ അണിയത്ത് ഇരിക്കുകയാണ് ഗാല. ദാലി പറയുന്നു ‘എന്റെ ജീവിതത്തിലെ മറ്റേത് വേളയിലും അവൾ ഇത്ര സുന്ദരിയായിരുന്നില്ല. റാഫേലിന്റെ സൃഷ്ടികളിൽ ഒന്നിനേപ്പോലെ സുന്ദരിയാണ് ഗാല. അതു കൊണ്ട് ദൈവത്തോട് നന്ദി പറയാൻ ഞാൻ ഒരിക്കൽക്കൂടി മുട്ടുകുത്തുന്നു. ഈ സൗന്ദര്യം, ഞാൻ ഉറപ്പിച്ച് പറയുന്നു, കണ്ടറിയാൻ അസാധ്യമാണ്. എനിക്ക് മാത്രമേ സചേതനനായി അത് കാണുവാൻ കഴിഞ്ഞിട്ടുള്ളു’. ഗാല അതിസുന്ദരിയായിരുന്നു എന്നല്ല, ദാലിയുടെ പ്രണയം അത്രയേറെ ഗാഢമായിരുന്നു എന്നതാണിതിനർത്ഥം. ഗാലയെക്കാൾ സൗന്ദര്യം മറ്റൊന്നിലും കാണുവാനാകാത്തത്ര തീവ്ര പ്രണയമായിരുന്നു ദാലിയുടേത്. കാണാനാഗ്രഹിക്കുന്ന സൗന്ദര്യമത്രയും ഗാലയിൽ കാണുകയായിരുന്നു. ‘നീ ഞാനാണ്, നീ എന്റെയും നിന്റെയും കണ്ണുകളുടെ കൃഷ്ണമണികളാണ്’ എന്ന് പറയിച്ച പ്രണയം. 

ആരാധനയിലെത്തിയ പ്രണയം, അതൊരുന്മാദിയുടെ പ്രണയമായിരുന്നു. 

dali-2

ഉന്മാദിയുടെ പ്രണയമായിരിക്കാൻ സ്വയം ഉന്മാദിയായിരുന്നാൽ പോര. അവരോടു ചേർന്നു നിന്ന് സ്വപ്നം കാണാനും കഴിയണം. അവരുടെ പനിച്ചൂടുകളിൽ പൊള്ളാതെയും മരവിപ്പിക്കുന്ന തണുപ്പിൽ ഉറഞ്ഞു പോകാതെയും ശക്തമായി പ്രണയിക്കാൻ കഴിയണം. അവരുടെ സ്വപനങ്ങൾ അവരേക്കാൾ മുൻപേ കാണണം. ഒടുവിലവർ വിജയം തുല്യമായി പകുത്തോ, ചിലപ്പോൾ മുഴുവനായിത്തന്നെയോ കൈകളിലേക്ക് തരും. പക്ഷേ എത്രയേറെ ക്ഷമയോടെയാകും ജീവിതയാത്രയിൽ ഓരോ ശ്രമത്തിലും ഉന്മാദിക്കൊപ്പം പ്രിയപ്പെട്ടവർ നിൽക്കുന്നത്. അതും ദാലിയെ പോലെ സർറിയലിസം ജീവിതത്തിലോരോ ഫ്രെയിമിലും നിറഞ്ഞു നിൽക്കുന്ന ഒരാൾക്കൊപ്പം. 

അസംപ്ഷനിലും മറ്റു പല ചിത്രങ്ങളിലും മഗ്ദലന മറിയമായി ഗാലയെക്കാണാം. ദാലിയുടെ സർറിയലിസ്റ്റ് ചിത്രങ്ങളിലെ യാഥാർഥ‌്യത്തിന്റെ അംശങ്ങളിൽ ഒന്നായി നിറഞ്ഞു നിൽക്കമ്പോൾത്തന്നെ ഗാലയുടെയും സർറിയലിസ്റ്റിക് ഇമേജുകൾ കാണാതെ വയ്യ. ഗാല പ്ലാസിഡിയ എന്ന ചിത്രം അനേകം ഗോളാകൃതികളുടെ ചേർത്തുവയ്പ്പിൽ ഉരുത്തിരിയുന്ന ഗാലയാണ്.

ഓരോ ചിത്രത്തിനും ജീവൻ പകരാൻ മണിക്കൂറുകൾ ഇരുന്നു കൊടുത്തിട്ടുണ്ട് ഗാല. ദാലിക്ക് വേണ്ട തുണയായും അതേപോലെ ഏകാന്തത വേണ്ടപ്പോൾ മനസിൽ മാത്രമായും നിന്നു ഗാല. പഴിയേറെ കേട്ടിട്ടുമുണ്ട്. ദാലിയുടെ സ്വത്തിനായി കൂടെ കൂടിയവൾ എന്നു വരെ. ധനികയായി ജീവിക്കാമായിരുന്ന അവർ ദാലിയെ വിവാഹം കഴിച്ചപ്പോൾ അദ്ദേഹം പ്രശസ്തനും അത്ര ധനവാനും ആയിരുന്നില്ലതാനും. ഗ്രാദിവയായി നിന്ന് ദാലിയെ വിജയിയാക്കിയതിൽ ഗാലക്കുളള പങ്ക് ദാലി തന്നെ എത്രയോ തവണ പറഞ്ഞിട്ടുള്ളതാണ്. 

ദാലി ഗാലക്ക് സമ്മാനിച്ച കാറ്റലൻ കോട്ട തന്നെ ദാലിയുടെ സ്നേഹമാണ്. മുൻകൂട്ടി അറിയിക്കാതെ ദാലി പോലും അവിടേക്കു ചെന്നിരുന്നില്ല. വിർജീനിയ വുൾഫ് പറഞ്ഞതു പ്രകാരം ഒരു സ്ത്രീക്ക് അവളുടേതായൊരിടം ആവശ്യമാണ് എന്ന തിരിച്ചറിവാണ് ഈ സമ്മാനത്തിനു പിന്നിൽ. സർറിയലിസ്റ്റ് കലാരൂപങ്ങളുടെ ഒരു മ്യൂസിയം പോലെ ഭംഗിയായി ഗാല കാറ്റലൻ കാസിലിനെ ഒരുക്കി. ഗാലയും കലാബോധത്തിലും കലാസ്വാദനത്തിലും പിന്നിലായിരുന്നില്ല.

മരിക്കുമ്പോൾ അടുത്തടുത്ത് അടക്കണം, രണ്ടു പേർക്കുമിടയിൽ മരണശേഷം പരസ്പരം കൈ പിടിക്കാനുള്ള ഒരു വിടവുമുണ്ടായിരിക്കണം എന്ന് ദാലി ആഗ്രഹിച്ചുവെങ്കിലും രണ്ടിടത്തായി അവർ ഉറങ്ങുന്നു. അവരുടെ ആത്മാക്കളില്ലാത്ത ശരീരങ്ങളെ മാത്രമേ രണ്ടിടത്താക്കാൻ കഴിഞ്ഞിട്ടുള്ളു. ആത്മാക്കൾ കൈപിടിച്ചു തന്നെയെന്നും നടക്കും. അതുപോലെ ദാലിയുടെ വർണങ്ങളെയും ഗാലയേയുമൊരിക്കലും വേർപിരിക്കാനാവില്ല. കലയും കലാസ്വാദകരുമുള്ളിടത്തോളം ഗാലയിവിടെ ഉണ്ടായിരിക്കും എന്നുറപ്പിച്ചാണ് ദാലി പോയത്. 

ഇനിയുമൊരു കവിതയിലോ കാൻവാസിലോ കഥയിലോ അതിന്റെ ആത്മാവായി ചേരാൻ, ആ സൃഷ്ടി അതുല്യമാക്കാൻ ഏതു പ്രണയിതാക്കളും പരസ്പരം എത്ര പ്രണയം പകർന്നാൽ മതിയാകും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
FROM ONMANORAMA