ADVERTISEMENT

ക്രൈസ്തവ വേദപണ്ഡിതരുടെ ഒരു സദസ്സ്. ബഹുമാന്യരും ആദരണീയരുമായവര്‍ വേദിയില്‍. ദൈവത്തെക്കുറിച്ചും വേദശാസ്ത്രത്തെക്കുറിച്ചും സഭാഘടനയെക്കുറിച്ചും സംസാരിക്കുകയാണ് ഡി. ബാബുപോള്‍. കാതുകൂര്‍പ്പിച്ചു കേട്ടിരിക്കുന്നവരോട് അദ്ദേഹം പറഞ്ഞുതുടങ്ങിയത് ഋഗ്വേദത്തെക്കുറിച്ച്. ക്രിസ്തുമതം ഉള്‍പ്പെടെയുള്ള മതങ്ങള്‍ ഔപചാരികമായി രൂപപ്പെടുന്നതിനുമുമ്പ് വിരചിക്കപ്പെട്ട ഋഗ്വേദം. ഒന്നാമത്തെ മണ്ഡലത്തില്‍ 164-ാം സൂക്തത്തില്‍ 46-ാം മന്ത്രത്തില്‍ കാണുന്ന ഉദ്ധരണിയെക്കുറിച്ച് ബാബുപോള്‍ വാചാലനായി. ഇന്ദ്രന്‍, മിത്രന്‍, വരുണന്‍, അഗ്നി എന്നൊക്കെ വിളിക്കുന്നത് ഒന്നിനെത്തന്നെയാണ്. ഒരേ സത്യത്തിന് വിദ്വാന്‍മാര്‍ പല പേരുകള്‍ പറയുന്നു എന്നു മാത്രം. വേദിയിലും സദസ്സിലുമിരിക്കുന്നവരെ നോക്കി ഉറച്ച ശബ്ദത്തില്‍ ‘വേദശബ്ദരത്നാകര’ ത്തിന്റെ രചയിതാവ് അര്‍ഥശങ്കയ്ക്കിടയില്ലാതെ ഉറക്കെ പറഞ്ഞു: ഇതാണു സാരം. അന്ന് ഒരേ സംസ്കാരത്തിന്റെ വിവിധ സരണികളായിരുന്നു സൂചിതമെങ്കില്‍ ഇന്നു വിവിധ മതങ്ങളിലെ ഏകതയാണു വിവക്ഷിതം എന്നുമാത്രം. മൗലികമായ ചിന്താപദ്ധതി ഒന്നുതന്നെ. വിവിധഭാവങ്ങളില്‍ വിവരിക്കപ്പെടുന്ന ഈശ്വരന്‍ ഒന്നുതന്നെ. അന്ന് സിന്ധുഗംഗാ സമതലത്തിന്റെ ഭൂമികയില്‍ പരിമിതപ്പെടുത്തപ്പെട്ടത് ഇന്ന് ആഗോളതലത്തില്‍ പ്രയോഗിക്കപ്പെടുന്നു എന്നുമാത്രം. സത്യം കാലാതീതം. പ്രകാശനം കാലാനുസൃതം. 

വിവിധ മതമേലധ്യക്ഷന്‍മാരെപ്പോലും അതിശയിപ്പിച്ച അറിവിന്റെ ഉടമയായിരുന്നു വേദശബ്ദ വ്യാഖ്യാനങ്ങളിലൂടെ ആത്മീയ ചിന്താ മേഖലയില്‍ അഗ്രഗണ്യ സ്ഥാനം നേടിയ ഡി.ബാബുപോള്‍. വിപുലമായ വായനയും വ്യത്യസ്തമായ ചിന്തയും അദ്ദേഹത്തെ നയിച്ചത് മൗലികമായ ആശയങ്ങളിലേക്ക്. ലളിതമായ ഭാഷയില്‍ ബാബുപോള്‍ കണ്ടെത്തി അവതരിപ്പിച്ച ആശയങ്ങളിലും ചിന്തകളിലും മതങ്ങളുമായി ബന്ധപ്പെട്ട് ഇന്നത്തെ കാലം നേരിടുന്ന വേദനപ്പിക്കുന്ന ചോദ്യങ്ങളുടെ ഉത്തരമുണ്ട്. ക്രൈസ്തവ ശാസ്ത്രങ്ങളെയും മതപ്രബോധനങ്ങളെയും ഇഴകീറി പരിശോധിച്ച് സത്യത്തിന്റെ സ്വര്‍ണവെളിച്ചം കണ്ടെത്തിയ അദ്ദേഹം ഒരിക്കലും ഒരു മൗലികവാദി ആയിരുന്നില്ല. അദ്ദേഹത്തിന്റെ വായനയും ചിന്തയും ഏതെങ്കിലും ഒരു മതത്തിന്റെ ആത്മീയ ചിന്തകളില്‍ മാത്രം കുടുങ്ങിക്കിടന്നുമില്ല. എല്ലാ മതങ്ങളുടെയും ആധാരഗ്രന്ഥങ്ങളില്‍ അദ്ദേഹം പരതി. ഇരുട്ടില്‍ വെളിച്ചം അന്വേഷിക്കുന്ന പ്രവാചകനെപ്പോലെയായിരുന്നു ആദ്ദേഹത്തിന്റെ ആത്മീയസത്യം തേടിയുള്ള യാത്ര. ക്രൈസ്തവ പുരോഹിതന്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രചരിപ്പിക്കുന്ന അന്ധവിശ്വാസങ്ങളെ ശക്തമായ ഭാഷയില്‍ എതിര്‍ത്തും, വ്യത്യസ്ത മത പ്രചാരകര്‍ പറയുന്നതിലെ സത്യം കണ്ടെടുത്തും ബാബുപോള്‍ നിരന്തരം പറഞ്ഞത് പ്രപഞ്ചം മുഴുവന്‍ നിറയുന്ന ദൈവസ്നേഹത്തെക്കുറിച്ച്. കാരുണ്യം നിറഞ്ഞ പ്രവൃത്തികളിലൂടെ സ്നേഹം സാക്ഷാത്കരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്. അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും കുടുങ്ങിക്കിടക്കാതെ നിഷ്കളങ്ക സ്നേഹത്തിന്റെ പ്രവചാകന്‍മാരായി ജീവിതം സന്തോഷഭരിതമാക്കണമെന്ന്. 

ദൈവത്തെക്കുറിച്ചും ദൈവശാസ്ത്രത്തെക്കുറിച്ചും ഒരു മനുഷ്യായുസ്സില്‍ നേടാവുന്ന അറിവെല്ലാം സ്വന്തമാക്കിയതിനുശേഷവും ബാബുപോള്‍ ഉറപ്പിച്ചു പറഞ്ഞു: ദൈവവുമായി ബന്ധപ്പെടുന്നതിന്  അര്‍ഥമുണ്ടാകണമെങ്കില്‍ മനുഷ്യനുമായി ബന്ധപ്പെടുന്നതില്‍ ആ അര്‍ഥം തെളിയണമെന്ന്. അവതാരത്തിലൂടെ അപമാനീകരണം സ്വയം വരിച്ച ദൈവം നമ്മെ സ്നേഹിച്ചതുപോലെ പരസ്പരം സ്നേഹിക്കുന്നില്ലെങ്കില്‍ നമ്മുടെ ദൈവബന്ധം അര്‍ഥശൂന്യമാണെന്ന്. 

ക്രിസ്ത്യാനിയെ സംബന്ധിച്ച കാലാതീത സത്യം ക്രിസ്തുവില്‍ വെളിപ്പെട്ട ദൈവസ്നേഹമാണ്. അതിന്റെ കാലിക സാക്ഷാത്കാരങ്ങളായിട്ടാണ് വേദപുസ്തകത്തെയും വേദശാസ്ത്രത്തെയും സഭാഘടനയേയും കാണേണ്ടതെന്ന് ബാബുപോള്‍ വിശ്വസിച്ചു, പ്രചരിപ്പിച്ചു. ഒരു മതവും സത്യത്തിന്റെ പകര്‍പ്പവകാശം വഹിക്കുന്നില്ല എന്നു പറഞ്ഞ അതേ ആവേശത്തോടെ എല്ലാ മതങ്ങളിലുമുള്ള സത്യം കണ്ടെടുക്കാന്‍ പരിശ്രമിക്കുകയും ചെയ്തു. 

ഭൂമിയിലെ ജീവിതത്തിന്റെ നിസ്സാരതയും ഗാംഭീര്യവും ഒരേമനസ്സോടെ മനസ്സിലാക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യാനും ബാബുപോളിനായി. ലഭ്യമായ നിമിഷങ്ങളെ ആഴമേറിയ വായനയും ചിന്തയും മനനവും കൊണ്ട് അര്‍ഥസമ്പുഷ്ടമാക്കി തന്റെ ചിന്തകള്‍ അനന്തര തലമുറകള്‍ക്കുവേണ്ടി പകര്‍ത്തിവയ്ക്കുകയും ചെയ്ത അദ്ദേഹം ഇഹലോക ജീവിതത്തിനുശേഷം എല്ലാ സൃഷ്ടികളും സ്രഷ്ടാവില്‍ വിലയം പ്രാപിക്കുന്നു എന്നു വിശ്വസിച്ചു. ഈശ്വരന്‍ സൃഷ്ടിച്ചതാണ് പ്രപഞ്ചമെന്നും പ്രപഞ്ചത്തിലെ എല്ലാ ഘടകങ്ങളും സഹോദരങ്ങളാണെന്നും വിശ്വസിച്ചതുപോലെതന്നെയായിരുന്നു മരണാനന്തരജീവിതത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ശുഭപ്രതീക്ഷയും. ‘കർമണ്യേവാധികാര്യസ്‌തേ‘ എന്നു പഠിപ്പിച്ച അച്‌ഛന്റെ മകനാണു താന്‍ അഭിമാനത്തോടെയാണ് ബാബുപോള്‍ പറഞ്ഞിട്ടുള്ളത്. ആ സാഹോദര്യവും സമഭാവനയും തന്നെയാണ് അദ്ദേഹം തന്റെ പുസ്തകങ്ങളിലൂടെ കെടാത്ത വിളക്കായി കൊളുത്തിവയ്ക്കാന്‍ ശ്രമിച്ചതും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com