sections
MORE

ദൈവമേ, ദൈവമേ..അവള്‍ നെടുവീര്‍പ്പിട്ടു. അറീലിയാനോ !

HIGHLIGHTS
  • കാലം നിശ്ഛലമാകുന്ന കാത്തിരിപ്പിന്റെ കഥ ലോകം കേട്ടുതുടങ്ങിയിട്ട് അരനൂറ്റാണ്ട്
  • നദിയുടെ തീരത്തുള്ള പട്ടണമായ മക്കൊണ്ടയുടെ കഥ. അറീലിയാനോയുടെ ഏകാന്തതയുടെ കഥ
netflix-to-adapt-one-hundred-years-of-solitude-by-gabriel-garcia-marquez
ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസ്
SHARE

അവള്‍ കേണല്‍ അറീലിയാനോ ബുവേന്‍ഡിയയെ കാണുകയായിരുന്നു. യുദ്ധത്തിനും മുമ്പൊരിക്കല്‍ അയാള്‍ അവള്‍ക്കു മുന്നിലെത്തി ആദ്യത്തെ കല്‍പന പുറപ്പെടുവിച്ചു - തനിക്കു സ്നേഹം നല്‍കണമെന്ന കല്‍പന. അതു പിലര്‍ ടെര്‍ണറ ആയിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് അവള്‍ക്ക് 145 വയസ്സു തികഞ്ഞശേഷം അവള്‍ വയസ്സു കണക്കുകൂട്ടിവയ്ക്കുന്ന വൃഥാ ജോലിക്ക് ഒരുമ്പെട്ടിട്ടില്ല. നിശ്ഛലമായ സ്മൃതികളുടെ ലോകത്തായിരുന്നു അവളുടെ ജീവിതം. 

അന്നുതൊട്ട് അറീലിയാനോ തനിക്ക് അജ്ഞാതയായ തന്റെ മുതുമുത്തശ്ശിയുടെ ദയാമയമായ വാത്സല്യത്തിന്റെ തണിലിലാണു ജീവിച്ചത്. ചൂരല്‍ക്കസേരയിലിരുന്ന് അവള്‍ കഴിഞ്ഞ കാലങ്ങളെക്കുറിച്ച്, കുടുംബത്തിന്റെ ഉയര്‍ച്ചതാഴ്ചകളെക്കുറിച്ച്, മക്കൊണ്ടയുടെ നശിച്ചുകഴിഞ്ഞ മാഹാത്മ്യത്തെക്കുറിച്ച് പുനരവലോകനം നടത്തി. ഈ മുത്തശ്ശിയെക്കുറിച്ചായിരുന്നു തന്റെ ഏകാന്തത്തടവുകാലത്ത് അറിലിയാനോ സ്വപ്നം കണ്ടിരുന്നത്. അവന്റെ മിഥ്യാധാരണകളെ അമരാന്റ ഉര്‍സുല തകിടം മറിച്ച ദിവസം വൈകിട്ട് ഇങ്ങനെയൊരു സ്ഥലത്തു ചെന്ന് അഭയം തേടണമെന്നേ അവനു തോന്നിയുള്ളൂ. അവന്‍ നേരെ ചെന്ന് പിലര്‍ ടെര്‍ണറയുടെ മടിയില്‍ മുഖമമര്‍ത്തിക്കരഞ്ഞു. അവന്‍ പറയാതെ തന്നെ മനുഷ്യവര്‍ഗ്ഗത്തിന്റെ ഏറ്റവും പഴക്കംചെന്ന ഏങ്ങിക്കരച്ചില്‍ സ്നേഹത്തിനുവേണ്ടിയുള്ളതാണെന്ന് പിലര്‍ ടെര്‍ണറയ്ക്ക് അറിയാമായിരുന്നു. 

മതി കുട്ടീ മതി. അവള്‍ ആശ്വസിപ്പിച്ചു. ഇനി ആരാണ് അതെന്ന് എന്നോടു പറയൂ. നീ ഒട്ടും വിഷമിക്കേണ്ട. അവള്‍ ഇപ്പോള്‍ എവിടെയായാലും നിനക്കുവേണ്ടി കാത്തിരിക്കുകയാണ്....’ 

കാലം നിശ്ഛലമാകുന്ന കാത്തിരിപ്പിന്റെ കഥ ലോകം കേട്ടുതുടങ്ങിയിട്ട് അരനൂറ്റാണ്ട്. അടിത്തട്ടു കാണാവുന്ന മട്ടില്‍ ഒഴുകുന്ന ഒരു നദിയുടെ തീരത്തുള്ള പട്ടണമായ മക്കൊണ്ടയുടെ കഥ. അറീലിയാനോയുടെ ഏകാന്തതയുടെ കഥ. റെമഡിയോസ് സുന്ദരിയുടെ പ്രണയത്തിന്റെ കഥ. ജിപ്സികള്‍ക്ക് ഒരു കോവര്‍ കഴുതയേയും രണ്ട് ആടുകളെയും കൊടുത്ത് ജോസ് ആര്‍ക്കേഡിയോ ബുവേന്‍ഡിയ അയസ്കാന്തം വാങ്ങി ഭൂമിയുടെ ഉള്ളില്‍നിന്ന് സ്വര്‍ണം കുഴിച്ചെടുക്കാന്‍ ശ്രമിച്ച കഥ. യാഥാസ്ഥിതികരും സോഷ്യലിസ്റ്റുകളും തമ്മില്‍ നടത്തിയ യുദ്ധത്തിന്റെ കഥ. ഒടുവില്‍ സ്വപ്നം പോലെ മക്കൊണ്ട പട്ടണം അനന്തതയില്‍ ലയിക്കുന്നതിന്റെ കഥ. അരനൂറ്റാണ്ടായി ലോകത്തെ അദ്ഭുതപ്പെടുത്തി അനശ്വരമായ ആദരവു നേടിയ നോവലിന്റെ ഭൂമികയാണ് മക്കൊണ്ട. നോവല്‍ ആമുഖം വേണ്ടാത്ത ‘ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍’. 

ജീവിച്ചിരുന്നപ്പോള്‍തന്നെ ഇതിഹാസകാരന്‍ എന്നു വാഴ്ത്തപ്പെട്ട കൊളംബിയന്‍ എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസിന്റെ മാസ്റ്റര്‍പീസായ ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍ ഒടുവില്‍ അഭ്രപാളികളിലേക്ക്. ക്യമാറയുടെ മുന്നിലും പിന്നിലും പ്രവര്‍ത്തിക്കുന്നവരെ തീരുമാനിച്ചിട്ടില്ലെങ്കിലും ലോകമങ്ങുമുള്ള സാഹിത്യാസ്വാദകര്‍ കാത്തിരിപ്പു തുടങ്ങിക്കഴിഞ്ഞു: മനസ്സിന്റെ തിരശ്ശീലയില്‍ പലവട്ടം കണ്ട അറീലിയാനോയെ സ്ക്രീനില്‍ കാണാന്‍. 145 വയസ്സു കഴിഞ്ഞിട്ട് വയസ്സു കൂട്ടുന്നതുതന്നെ നിര്‍ത്തിയ പിലര്‍ ടെര്‍ണറ എന്ന മുതുമുത്തശ്ശിയെ കാണാന്‍. റെമഡിയോസിന്റെ സൗന്ദര്യം ആസ്വദിക്കാന്‍. മക്കൊണ്ടയിലെ നദിയിലെന്നപോലെ കഥയുടെയും കഥാപാത്രങ്ങളുടെയും ആഴങ്ങള്‍ കണ്‍മുന്നില്‍ കണ്ട് ആസ്വദിക്കാന്‍. 

ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍ പ്രസിദ്ധീകരിക്കപ്പെടുന്നത് 52 വര്‍ഷം മുമ്പ് 1967 ല്‍. പുസ്തകക്കടകള്‍ക്കു മുന്നില്‍ നീണ്ട നിരയായി നിന്ന് ലോകം അക്ഷമയോടെ വാങ്ങുകയും അതിശയത്തോടെ വായിക്കുകയും വീണ്ടും വീണ്ടും വായിച്ച് ആസ്വദിക്കുകയും ചെയ്ത നോവല്‍. മാര്‍ക്കേസിനെ വിശ്വപ്രസിദ്ധനാക്കുകയും നൊബേലിന്റെ പ്രഭയിലേക്ക് ഉയര്‍ത്തുകയും ചെയ്ത നോവല്‍. ജീവിച്ചിരുന്ന കാലത്ത് തന്റെ പ്രിയപ്പെട്ട നോവല്‍ സിനിമയാക്കാനാള്ള അനേകം ഓഫറുകള്‍ ലഭിച്ചെങ്കിലും മാര്‍ക്കേസ് അവയെല്ലാം നിരസിച്ചു. ഇതിഹാസ സമാനമായ നോവലിനെ ഒന്നോ രണ്ടോ സിനിമകളില്‍ ഒതുക്കാനാവില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ ന്യായം. സിനിമ സ്പാനിഷ് ഭാഷയില്‍ത്തന്നെ വേണമെന്ന നിബന്ധനയും അദ്ദേഹം മുന്നോട്ടുവച്ചു. മാര്‍ക്കേസിന്റെ കടുത്ത നിബന്ധനകളുടെ പേരില്‍ മാറ്റിവയ്ക്കപ്പെട്ട നോവല്‍ ഒടുവില്‍ ചലച്ചിത്രമാകുകയാണ്. അദ്ദേഹത്തിന്റെ മരണശേഷം ആണ്‍മക്കള്‍ റോഡ്രറിഗോയും ഗോണ്‍സാലോയും എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാരായി. ചലച്ചിത്രരൂപത്തിന്റെ അവകാശം സ്വന്തമാക്കിയിരിക്കുന്നത് നെറ്റ്ഫ്ളിക്സ്. 

1955 തന്നെ ആദ്യ പുസ്തകമായ ലീഫ് സ്റ്റോം പ്രസിദ്ധീകരിച്ചിരുന്നെങ്കിലും മാര്‍ക്കേസിന്റെ നല്ലകാലം തുടങ്ങുന്നത് ഏകാന്തതയുടെ പ്രസിദ്ധീകരണത്തോടെയാണ്. തുടക്കത്തില്‍ പുസ്തകത്തിന്റെ 10,000 കോപ്പി പ്രസിദ്ധീകരിക്കാനായിരുന്നു പ്രസാധകരുടെ പദ്ധതി. പക്ഷേ കഥയുടെ കാമ്പു മനസ്സിലാക്കിയ അവര്‍ 20,000 കോപ്പി പ്രസിദ്ധീകരിച്ചു. പിന്നീടു സംഭവിച്ചത് ലോകസാഹിത്യത്തിലെ ഏറ്റവും ഉജ്വലമായ ഒരു സുവര്‍ണകാലത്തിന്റെ തുടക്കം. അരനൂറ്റാണ്ടിനിടെ 50 ദശലക്ഷം കോപ്പികള്‍ വിറ്റഴിഞ്ഞ നോവല്‍ സ്ഥാപിച്ചത് അപൂര്‍വമായ റെക്കോര്‍ഡ്. 40 ല്‍ അധികം ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടു. ഒടുവില്‍ തീരാത്ത അദ്ഭുതങ്ങളുടെയും അവസാനിക്കാത്ത അതിശയങ്ങളുടെയും പുസ്തകരൂപമായ ഏകാന്തതയുടെ കഥ തിരശ്ശീലയിലേക്കും. യുക്തിക്കു നിരക്കാത്ത സംഭവങ്ങള്‍ ഏറെയുണ്ടെങ്കിലും യാഥാര്‍ഥ്യത്തിലില്ലാത്ത ഒന്നും താന്‍ നോവലില്‍ എഴുതിയിട്ടില്ലെന്നാണ് മാര്‍ക്കേസ് അവകാശപ്പെട്ടിരുന്നത്. എഴുതിയതെല്ലാം ലാറ്റിന്‍ അമേരിക്കന്‍ ജീവിതത്തിന്റെ സവിശേഷതകളാണെന്നും. 

അത്യന്തം നാടകീയമാണു നോവല്‍. അതുതന്നെയാണ് നോവലിന്റെ ചലച്ചിത്രസാധ്യതയും വെല്ലുവിളിയും. ആദിരൂപങ്ങളുടെയും വംശസ്മൃതികളുടെ കലവറയായ കൊളംബിയയുടെ കഥയെ വെല്ലുന്ന ജീവിതം തിരശ്ശീലയില്‍ കാണാന്‍ കാത്തിരിക്കാം. അരനൂറ്റാണ്ടു മുമ്പ് നോവല്‍ പ്രസിദ്ധീകരിച്ചപ്പോള്‍ സംഭവിച്ച അതേ അദ്ഭുതത്തിന്റെയും ആദരവിന്റെയും തനിയാവര്‍ത്തനത്തിനായി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
FROM ONMANORAMA