ADVERTISEMENT

"Give it a watch when you get the chance. Everything about it – from the story to the music to the stunning visuals – is a love letter to Notre Dame. " 

പാരിസ് ഓർമകളിൽ വിലപിക്കുന്ന ചിത്രമായിരുന്നു കഴിഞ്ഞ കുറെ ദിവസമായി ചുറ്റും. മനോഹരമായൊരു പ്രണയലേഖനം പോലെ നോത്രദാം പള്ളി വിക്ടർ യൂഗോയുടെ നോവലിൽ തെളിഞ്ഞു കിടന്നിരുന്നു. അതിന്റെ മുകളിലൂടെ, പള്ളി മണികൾക്കിടയിലൂടെ ക്വാസിമോദോ അതിവേഗം നടന്നു പോകുന്നു. അവിടെ അവനെ കാത്ത് ഭയന്ന് മുറിവേറ്റ എസ്മറാൾഡോ ഇരിക്കുന്നു. അവൾക്കു മുകളിൽ തൂങ്ങിക്കിടക്കുന്ന കൂറ്റൻ പള്ളിമണികൾ.

ഫ്രാൻസിന്റെ ജീവനകാലത്തെ പലതായി വിഭജിക്കുമ്പോൾ അതിലൊന്നിൽ വിക്ടർ യൂഗോയും അദ്ദേഹത്തിന്റെ ക്വാസിമോദോയുമുണ്ട്. അതിനു പ്രധാനകാരണങ്ങളിൽ ഒന്ന്  പാരിസിലെ തലയുയർത്തി നിൽക്കുന്ന നോത്രദാം പള്ളിയല്ലാതെ മറ്റൊന്നല്ല. ആ മനോഹരമായ പ്രണയകാവ്യമാണ് അഗ്നി വിഴുങ്ങി ചാരമായി കുറച്ചു ദിവസം മുൻപ് നിലംപൊത്തിയത്. ലോകമെങ്ങുമുള്ള സാഹിത്യ കുതുകികൾ അപ്പോൾ വീണ്ടും യൂഗോയെയും ക്വാസിമോദോയെയും കുറിച്ചോർത്തു, നോത്രദാം പള്ളിയെക്കുറിച്ചു ചർച്ച ചെയ്തു, മഞ്ഞ‌വെളിച്ചത്തിൽ അടർന്നു വീഴുന്ന പള്ളിച്ചുമരുകൾ കണ്ട് വിലപിച്ചു.

ക്വാസിമോദോയുടെ കഥയാണ് നോത്രദാമിലെ കൂനൻ. പള്ളിയുടെ വിശുദ്ധിയും അതിനുള്ളിലെ വിശുദ്ധതാ വിരുദ്ധ പ്രവൃത്തികളും പള്ളിയുടെ അധികാരവും എല്ലാം മുകളിൽ നിൽക്കുമ്പോഴും അത് മനുഷ്യർക്കു ദൈവത്തിന്റെ വീടാണ്. ക്‌ളൗഡ്‌ ഫ്രോല്ലോ പറയും പോലെ, ‘ഈ പള്ളി നിങ്ങൾക്ക് തള്ളിത്തകർക്കാനാവില്ല, കാരണം ഇത് ദൈവത്തിന്റെ ഭവനമാണ്’. പക്ഷേ അതേ ദൈവത്തിന്റെ ഭവനത്തിനുള്ളിൽ വച്ചാണ് ഫ്രോല്ലോ എസ്മറാൾഡോയെ മോഹിച്ചത്, തെറ്റാണെന്ന് ഉത്തമ ബോധ്യമുണ്ടായതുകൊണ്ട് അതിന്റെ പേരിൽ സ്വയം ശിക്ഷയേറ്റു വാങ്ങിയത്, പക്ഷേ എന്നിട്ടും എന്നിട്ടും തെറ്റുകൾ ആവർത്തിച്ചുകൊണ്ടിരുന്നത്, ഒടുവിൽ അതേ പള്ളിയുടെ ഏറ്റവും മുകളിലെ മിനാരങ്ങളിലൊന്നിൽനിന്നു താഴേക്കു പതിച്ചത്.

നന്മയുടെയും മനുഷ്യത്വത്തിന്റെയും ഓർമകളാണ് നോത്രദാം പള്ളിയെ ചുറ്റിപ്പറ്റിയുള്ളത് എന്നു വിശ്വസിക്കാനാണ് എല്ലാവർക്കുമിഷ്ടം. ഫ്രോല്ലോയുടെ മാനുഷികതയിൽ നിന്നാണ് മാതാപിതാക്കൾ പള്ളിമുറ്റത്ത് ഉപേക്ഷിച്ച കൂനനായ ക്വാസിമോദോയ്ക്ക് ജീവനും ജീവിതവും ലഭിക്കുന്നത്. പുറത്തുള്ള കൂനും ലോകത്തിന്റെ മുഴുവൻ ഭാരവും പേറിയെന്ന മട്ടിലുള്ള നടത്തവും വികൃതമാക്കപ്പെട്ട കണ്ണുകളും മുഖവും ക്വാസിമോദോയെ ദൈവത്തിന്റെ പ്രിയപ്പെട്ടവനാക്കി. മറ്റൊരാളും ക്വാസിമോദോയ്ക്ക് ഉണ്ടായിരുന്നുമില്ല. സംരക്ഷകനായിരുന്ന ഫ്രോല്ലോ സഞ്ചരിക്കുന്ന വഴികളിൽ മുൻപുണ്ടായിരുന്ന മാനുഷികതയും നന്മയും അയാൾക്ക് കൈമോശം വന്നുവെന്നറിയുമ്പോഴും പിതാവിനോടുള്ള സ്നേഹം നിറഞ്ഞ ഭക്തിയാണ് ക്വാസിമോദോയെ അദ്ദേഹത്തെ ആലിംഗനം ചെയ്യാൻ പോലും പ്രേരിപ്പിക്കുന്നത്. പക്ഷേ എസ്മറാൾഡോയുടെ ഉള്ളിലുള്ള ദയയിലൂടെയാണ് ക്വാസിമോദോ ജീവിക്കുന്നത്. തിരിച്ച്, തന്റെയുള്ളിലെ നനുത്ത തിരശീലയിൽ കിനിഞ്ഞിറങ്ങിയിരിക്കുന്ന പ്രണയത്തിന്റെ തണുത്ത ജലം അവൻ അവൾക്കും നൽകുന്നു. പ്രണയത്തിനും അപ്പുറമുള്ള ഒരു സ്നേഹത്തിന്റെ മഹാമാന്ത്രികനാണ് അവർക്കിടയിൽ അദ്‌ഭുതം പ്രവർത്തിച്ചത്. അതിനു സാക്ഷിയായതാവട്ടെ നോത്രദാമിലെ ആ പള്ളിയും. അതിനു മാത്രമല്ല എല്ലാത്തിനും സാക്ഷി ആ പള്ളി തന്നെയായിരുന്നു. നൂറ്റാണ്ടുകളുടെ കാഴ്ചകൾ പേറിയ അതേ പള്ളി.

മധ്യകാല യൂറോപ്പിലെ നവോത്ഥാനകാലത്തെ ഓർമപ്പെടുത്തുന്ന നിർമാണ രീതിയാണ് നോത്രദാം പള്ളിക്ക്. അതിന്റെ വലുപ്പം, ഗരിമ, പഴമ, ശിൽപകല, എല്ലാം  നവോത്ഥാനകാല ഗോഥിക് കലയെ ഓർമിപ്പിക്കുന്നതാണ്. പതിമൂന്നാം നൂറ്റാണ്ടിൽ നിർമിക്കപ്പെട്ട ഈ പള്ളി ഫ്രാൻസിലെ ആർച്ച് ബിഷപ്പിന്റെ ഭവനവുമാണ്. ഒരു രാജ്യത്തിന്റെ ഒരു കാലഘട്ടത്തെ അതിമനോഹരമായി ഓർമിപ്പിച്ചുകൊണ്ട് തലയുയർത്തി നിൽക്കുന്ന പള്ളിയെ ഫിക്‌ഷനാക്കി മാറ്റിയ വിക്ടർ യൂഗോ വഴി നോത്രദാം ലോകമെങ്ങും അറിയപ്പെട്ടു; ക്വാസിമോദോയും.

ക്വാസിമോദോ എന്ന ഒരു കൂനൻ യഥാർഥത്തിൽ ജീവിച്ചിരുന്നോ? എത്ര വലിയ ചോദ്യമാണല്ലേ! പക്ഷേ ഗവേഷകർ പലരും അഭിപ്രായപ്പെടുന്നത് വിക്ടർ യൂഗോയുടെ കാലത്ത് നോത്രദാമിൽ കൂനനായ ഒരാൾ ജീവിച്ചിരുന്നു എന്നാണ്. പക്ഷേ അയാളുടെ ജീവിതകഥ ഇതായിക്കൊള്ളണമെന്നില്ല. അല്ലെങ്കിലും ഒരു ജീവിതത്തിന്റെ അംശം വച്ച് ഫിക്‌ഷനെന്ന മഹാ അതിശയ ലോകം ഉയർത്തുന്നവരാണല്ലോ എഴുത്തുകാർ. യൂഗോയും അതേ ചെയ്തുള്ളൂ. പുസ്തകത്തിൽ യൂഗോ അവതരിപ്പിച്ച ക്വാസിമോദോ ജിപ്സികൾക്കു ജനിച്ച  കുട്ടിയായിരുന്നു. ഭീകരരൂപം കാരണം ജനിച്ചപ്പോൾത്തന്നെ ഉപേക്ഷിക്കപ്പെട്ടവൻ. ഫ്രോല്ലോ അവനെ എടുത്തു വളർത്തി. പുറത്തിറങ്ങി നടക്കാൻ ക്വാസിമോദോ ഭയന്നു. തന്റെ ഭീകരരൂപത്തെ ജനങ്ങൾ ഉപദ്രവിക്കുമെന്നും താൻ വെറുക്കപ്പെട്ടവനാണെന്നും അവനറിഞ്ഞു. ആകെ ആശ്രയം ദൈവം മാത്രമായി. പക്ഷേ ഫ്രോല്ലോയും ക്വാസിമോദോയും ഒരേപോലെ എസ്മറാൾഡോ എന്ന ജിപ്സി പെൺകുട്ടിയെ മോഹിക്കുമ്പോൾ കഥ തുടങ്ങുന്നു. തനിക്ക് അർഹതയില്ലെങ്കിലും ദയയുടെ കണ്ണിലൂടെ എസ്മറാൾഡോയെന്ന ദേവതയെ ക്വാസിമോദോ പ്രണയിക്കുന്നു. പക്ഷേ കാമമോഹിതനായ ഫ്രോല്ലോ, അവളെ ലഭിക്കാത്തതുകൊണ്ടുതന്നെ എസ്മറാൾഡോയെ മന്ത്രവാദിനിയായും ചെകുത്താനായും വ്യാഖ്യാനിക്കുകയും കൊലപ്പെടുത്താൻ പദ്ധതിയിടുകയും ചെയ്യുന്നു. ഇതാണ് ഒരു കാമുകനും കാമഭ്രാന്തനും തമ്മിലുള്ള വ്യത്യാസം. തന്നെ സ്നേഹിക്കുന്നില്ലെന്നറിയാമെങ്കിലും പ്രിയപ്പെട്ടവൾക്കു വേണ്ടി ജീവൻ പോലും നൽകാനുള്ള സ്നേഹമാണത്. അതേ സ്നേഹത്തിന്റെ ഉദാത്തതയെക്കുറിച്ചാണ് വിക്ടർ യൂഗോ പറയുന്നതും.

നോത്രദാം പള്ളിയാണ് ഈ നോവലിലെ ഏറ്റവും പ്രസക്തനായ കഥാപാത്രമെങ്കിലും അതിലൂടെ ഒരു കാലത്തിന്റെ വിശ്വാസ പ്രമാണങ്ങളെ കൂടി യൂഗോ പറഞ്ഞു വയ്ക്കുന്നുണ്ട്. 

"A dark, frightening time when people believed the world was flat and that God's truth was hand-written on sacred parchment paper in Cathedral libraries. It was a world where modern ideas were banned by the Church, and the mere possession of a printed page was a crime punishable by death.", അതെ, വിശ്വാസങ്ങളുടെ ആഴങ്ങളിൽ നിന്നുമാണ് ഫ്രോല്ലോ മുന്നിൽ നിന്ന പടയാളികളോട് ഇതു ദൈവത്തിന്റെ ഭവനമാണെന്ന് ഉറക്കെപ്പറയുന്നത്, അതുകേട്ട് എല്ലാവരും പിന്തിരിഞ്ഞു നടക്കുന്നതും. ഒരുകാലത്ത് വിശ്വാസികളുടെ അവസാനവാക്കും അവിടെ നിന്നുള്ളതായിരുന്നു, ഏതൊരു ഭരണാധികാരിയെക്കാളും അധികാരം ആർച്ച് ബിഷപ്പിനും പള്ളിക്കും ഉണ്ടായിരുന്ന കാലം. ലോകം പരന്നിരുന്ന കാലം. പിന്നീട് കാഴ്ച ഉറച്ചും ഉരുണ്ടും വന്നു, കാഴ്ചപ്പാടുകളും അതേപോലെ തെളിഞ്ഞു വന്നു. വിശുദ്ധി എന്നത് മാനുഷികതയും സ്നേഹവുമാണെന്ന് പള്ളികളെ തകർത്തെറിഞ്ഞു കൊണ്ട് വിക്ടർ യൂഗോയെ പോലെയുള്ളവർ ഉറക്കെ പറഞ്ഞു.

ഇന്ന് പാരിസിലെ നോത്രദാം പള്ളി കത്തിയെരിയുമ്പോൾ മുന്നിൽ കൂനനായ ക്വാസിമോദോയുമുണ്ട്. അയാൾ അതിവേഗത്തിൽ പള്ളിമണികളടിക്കാൻ മിനാരങ്ങളിലൂടെ ഓടിപ്പോകുന്നുണ്ട്. ക്വാസിമോദോ ഇന്ന് ഉണ്ടായിരുന്നെങ്കിൽ കത്തിയമർന്ന പള്ളിക്കിടയിലൂടെ ആർത്തു വിളിച്ചു കരഞ്ഞേനെ. അയാൾക്കു നഷ്ടപ്പെടുന്നത് ഭവനവുമാണല്ലോ; ദൈവത്തിന്റെ മാത്രമല്ലാതായി തീർന്ന ആ ഭവനം. ക്വാസിമോദോയുടെ ഒപ്പം വായനക്കാരും നിലവിളിക്കുന്നു. വീണ്ടും ആ മിനാരങ്ങളുടെ തലയെടുപ്പുയർന്നു വരാൻ പ്രാർഥിക്കുന്നു. നോത്രദാമിന്റെ തകർച്ച വീണ്ടും ആ കൂനനിലേക്കും മാനുഷികതയുടെ മൂല്യങ്ങളിലേക്കും വിക്ടർ യൂഗോയിലേയ്ക്കും ആധുനിക സമൂഹത്തെ, ഓരോ വായനക്കാരനെയും കൊണ്ടുപോകുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com