ADVERTISEMENT

കേസുകൾ എന്താണെന്നുപോലും വ്യക്തമാക്കാതെ അനിശ്ഛിതമായ വിചാരണയ്ക്ക് വിധേയനാക്കപ്പെട്ട വ്യക്തിയെക്കുറിച്ചുള്ള കാഫ്കയുടെ കഥ ഭാവനയാണെന്ന് അരോപിക്കുന്നവർക്കുള്ള മറുപടിയാണ് ഇക്കഴിഞ്ഞദിവസം പുറത്തുവന്ന കോടതിവിധി; ഒരു ദശകത്തിലേറെയായി തുടരുന്ന കോടതിനടപടികളും. ഇനി ഒന്നേ അറിയാനുള്ളൂ– അപൂർണമായി അവശേഷിച്ച കാഫ്കയുടെ കൃതികളുടെ പുറത്തുവരാത്ത അവസാന ഭാഗങ്ങൾ ഇനിയെങ്കിലും പുറത്തുവരുമോ? ഉത്തരം ഇനിയും തുറന്നിട്ടില്ലാത്ത ഒരു പെട്ടിയിലുണ്ട്. ആ പെട്ടി വേഗം തുറക്കാൻവേണ്ടി കാത്തിരിക്കുകയാണ് സാഹിത്യലോകം. 

ക്ഷയരോഗത്തെത്തുടർന്ന് 40–ാം വയസ്സിൽ അകാലത്തിൽ മരിച്ച കാഫ്ക ആവശേഷിപ്പിച്ച കുറിപ്പുകളെക്കുറിച്ചുള്ള കോടതിവിധിയാണ് 20–ാം നൂറ്റാണ്ട് കണ്ട ഏറ്റവും ശക്തനായ എഴുത്തുകാരിൽ ഒരാളെ വീണ്ടും വാർത്തകളിലെത്തിച്ചിരിക്കുന്നത്. ഒരു ബാങ്ക് ലോക്കറിൽ സുരക്ഷിതമായിരിക്കുന്ന കാഫ്കയുടെ ഇനിയും വെളിച്ചം കണ്ടിട്ടില്ലാത്ത നോവൽ ഭാഗങ്ങൾ തുറക്കാമെന്നും അവ ഇസ്രയേലിലെ ദേശീയ മ്യൂസിയത്തിലേക്ക് മാറ്റണമെന്നുമാണ് വിധി. സ്വിറ്റ്സർലൻഡിലെ സൂറിക് ജില്ലാ കോടതിയാണ് വിധി പറഞ്ഞിരിക്കുന്നത്. കാഫ്ക സ്വന്തം കൈപ്പടയിൽ എഴുതിയവയാണ് ലോക്കറിൽ സൂക്ഷിച്ചിരിക്കുന്നതെന്നാണ് വിശ്വസിക്കപ്പെടുന്നത്. അവ പുറത്തുവരുന്നതോടെ കാഫ്കയുടെ അപൂർണമായ നോവലുകൾ പൂർണമായി വായിക്കാനായേക്കും എന്ന പ്രതീക്ഷയും വ്യാപകമാണ്. ചെക്കോസ്ളോവാക്യയിൽ ജനിച്ച്, ജർമൻ ഭാഷ സംസാരിക്കുന്ന, യഹൂദനായ കാഫ്കയ്ക്കുവേണ്ടി വർഷങ്ങളായി പോരാട്ടം നടത്തുകയാണ് ഇസ്രയേലും ജർമനിയും. ഇസ്രയേലിന് അനുകൂലമായാണ് ഇപ്പോഴത്തെ വിധി വന്നിരിക്കുന്നതും. ഈ വിധിയോടെ കാഫ്കയുടെ ജീവിതത്തെയും എഴുത്തിനെയും കുറിച്ചുള്ള ദുരൂഹതകളും അവസാനിക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. 

ഒരിക്കലും അവസാനിക്കാത്ത നിയപ്പോരാട്ടങ്ങൾ കാഫ്കയുടെ ഇഷ്ടപ്രമേയങ്ങളിലൊന്നായിരുന്നു. ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി ഓഫിസുകളുടെ വാതിലുകളിൽ മുട്ടിത്തളരുന്നവരും ഉദ്യോഗസ്ഥ പീഡനം നിരന്തരം സഹിക്കേണ്ടിവരുന്ന ഒറ്റപ്പെട്ടവരും കാഫ്കയുടെ കൃതികളിൽ ആവർത്തിക്കുന്നുണ്ട്. സമൂഹത്തിൽ ഒറ്റപ്പെടുന്ന, അധികാര ശക്തികൾക്കുമുമ്പിൽ നിസ്സഹായരാകുന്ന സാധാരണക്കാർ. അലയാൻ മാത്രം വിധിക്കപ്പെട്ട അസ്വസ്ഥ ആത്മാക്കൾ. അവരുടെ വേദനയും നൊമ്പരങ്ങളും പുറത്തുവരാത്ത നിലവിളികളുമാണ് കാഫ്കയെ ലോകത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരനാക്കിയത്. ജീവിച്ചിരുന്നപ്പോൾ പ്രശസ്തി കാഫ്കയെ അനുഗ്രഹിച്ചിട്ടുമില്ല. വിപരിണാമം (മെറ്റമോർഫസിസ്) പോലുള്ള കഥകളും ട്രയൽ, അമേരിക്ക തുടങ്ങിയ നോവലുകളും ലോകസാഹിത്യത്തിലെ ക്ളാസിക്കുകളായാണ് പരിഗണിക്കപ്പെടുന്നതെങ്കിലും കാഫ്ക അറിയപ്പെട്ടത് അദ്ദേഹത്തിന്റെ മരണശേഷം. 

ചുരുങ്ങിയ കാലം മാത്രമേ ജീവിച്ചിരുന്നുള്ളുവെങ്കിലും എഴുതിയതത്രയും കാഫ്ക സുഹൃത്തും പ്രസാധകനുമായ മാക്സ് ബ്രോഡിനെ ഏൽപിച്ചിരുന്നു. തന്റെ മരണശേഷം വായിക്കുകപോലും ചെയ്യാതെ കത്തിച്ചുകളയണമെന്നായിരുന്നു കാഫ്കയുടെ ആവശ്യം. പ്രിയസുഹൃത്തിന്റെ അവസാനത്തെ അപേക്ഷയും അന്ത്യാഭിലാഷവും മാക്സ് ബ്രോഡ് നടപ്പാക്കിയില്ല. അദ്ദേഹം വായിക്കരുതെന്ന് കൽപിച്ചിരുന്ന കൃതികൾ കാഫ്കയുടെ മരണശേഷം പ്രസിദ്ധീകരിച്ചു. ലോകം കാഫ്കയെ അറിയുകയായിരുന്നു. അംഗീകരിക്കുകയായിരുന്നു. ആ പ്രതിഭാശാലിയെ ജീവിച്ചിരുന്നപ്പോൾ അംഗീകരിക്കാതിരുന്നതിന്റെ പേരിൽ പശ്ഛാത്തപിക്കുകയും ചെയ്തു. 

കഥ അവിടെ തീരുന്നില്ല. കാഫ്ക എഴുതിയെല്ലാം ബ്രോഡ് പ്രസിദ്ധീകരിച്ചില്ല. 1968–മരിക്കുമ്പോൾ ബ്രോഡ് കാഫ്കയുടേതായി അവശേഷിച്ചിരുന്ന കുറിപ്പുകൾ അറിയപ്പെടുന്ന ഒരു സ്ഥാപനത്തിനെ ഏൽപിക്കാൻ പഴ്സണൽ സെക്രട്ടറിയായിരുന്ന എസ്തർ ഹോഫിനെ ചുമതലപ്പെടുത്തി. ഹോഫും ബ്രോഡ് ആവശ്യപ്പെട്ടപ്രകാരമല്ല പ്രവർത്തിച്ചത്. കാഫ്കയുടെ കുറച്ചു കൃതികൾ അവർ ചില പ്രസാധകർക്കു വിറ്റു. 2008–ൽ അവർ മരിക്കുമ്പോൾ ബാക്കിയുണ്ടായിരുന്നവ അവരുടെ മക്കൾക്കു നൽകുകയും ചെയ്തു. ഇവ ഹോഫ്, റൂത്ത് വെസ്‍ലർ എന്നിവരായിരുന്നു എസ്തറിന്റെ മക്കൾ. അവരും മരിച്ചു. അതോടെ കാഫ്കയുടെ വെളിച്ചം കാണാത്ത അക്ഷരങ്ങൾ വെസ്‍ലറുടെ പെൺമക്കളുടെ സ്വന്തമായി. അവരത് ഇസ്രയേലിലെ ടെൽ അവീവിലുള്ള വീട്ടിലും ഒരു ബാങ്കിലെ ലോക്കറിലുമായി സൂക്ഷിക്കുകയാണ്. ഇവയാണ് ഇസ്രയേൽ ദേശീയ മ്യൂസിയത്തിനു കൈമാറാനും ലോകത്തിനു തുറന്നുകൊടുക്കാനും ഇപ്പോൾ കോടതി വിധിച്ചിരിക്കുന്നത്. വെസ്‍ലറുടെ പെൺമക്കളുടെ വക്കീൽ വിധി അപമാനകരമാണെന്നു പറയുന്നുണ്ടെങ്കിലും കാഫ്ക അവശേഷിപ്പിച്ചതെല്ലാം വായിക്കാമല്ലോ എന്ന ആഹ്ളാദത്തിലാണ് സാഹിത്യലോകം. ഒപ്പം കാഫ്കയുടെ അപൂർണ കൃതികളുടെ അവസാനം അറിയാമെന്ന പ്രതീക്ഷിയിലും. 

ഇസ്രയേലിലെ കോടതികൾ നേരത്തെതന്നെ കാഫ്കയുടെ കുറിപ്പുകൾ മ്യൂസിയത്തിനു കൈമാറാനും പ്രസിദ്ധീകരിക്കാനും അനുവദിച്ചിരുന്നു. ഇപ്പോൾ സൂറികിലെ കോടതിയും അതേ വിധി അംഗീകരിച്ചിരിക്കുകയാണ്. 95 വർഷം മുമ്പ് 1924 ജൂൺ മൂന്നിനാണ് 40–ാം വയസ്സിൽ കാഫ്ക മരിക്കുന്നത്. ഏകദേശം ഒരു നൂറ്റാണ്ടിനുശേഷം ലോകം വീണ്ടും കാഫ്കയെ വായിക്കാൻ തുടങ്ങുന്നു. മഹത്തായ എഴുത്തുകാർക്കും മഹത്തായ കൃതികൾക്കും മരണമില്ലെന്ന് ഒരിക്കൽക്കൂടി തെളിയിച്ചുകൊണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com