ADVERTISEMENT

വിശ്വസാഹിത്യത്തിലെ അതികായരായ ഷേക്സ്പിയർ, ഡോൺ മിഗ്വെൽ ദെ സെർവാന്റസ്, ഗാർസിലാസോ ഡേ ലാ വേഗാ എന്നിവരുടെ ചരമദിനമാണിന്ന്. ഈ മഹാന്മാരോടുള്ള ആദര സൂചകമായാണ് ഇന്നേ ദിവസം ലോക പുസ്തക ദിനമായി ആചരിക്കുന്നത്. 1995ലെ യുനസ്കോ പൊതു സമ്മേളനത്തിലാണ് ഇങ്ങനൊരു തീരുമാനം കൈക്കൊള്ളുന്നത്. ലോക പുസ്തകദിനം എന്ന ആശയം ലോകത്തിനു മുന്നിൽ അവത‌രിപ്പിച്ചത് സ്പെയിനിലെ പുസ്ത കച്ചവടക്കാരാണ്. 1923 ഏപ്രിൽ 23ന് മരണമടഞ്ഞ അവരുടെ പ്രിയപ്പെട്ട എഴുത്തുകാരൻ സെർവാന്റസിനോടുള്ള ആദര സൂചകമായായിരുന്നു അത്. തുടർന്ന് ഷേക്സ്പിയർ, ഗാർസിലാസോ ഡി ലാ വെഗാ എന്നിവരുടെ ചരമ ദ‌ിനം കൂടി കണക്കിലെടുത്ത് യുനസ്കോ ഈ ദിനം ‌ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഏപ്രിൽ 23 ലോക പുസ്തക ദിനമായി ആചരിക്കാൻ കാരണഭൂതരായ ഈ എഴുത്തകാരെ പരിചയപ്പെടാം.

 വില്യം ഷേക്സ്പിയർ

മാതൃരാജ്യമായ ഇംഗ്ലണ്ടിനെക്കാളും ഷേക്സ്പിയറെ ഉൾക്കൊണ്ടത് ഇന്ത്യക്കാരാണ് എന്നാണ് സാഹിത്യ ലോകം വിലയിരുത്തുന്നത്. അതിൽ തന്നെ മലയാളികളെ പോലെ ഷേക്സ്പിയറെ വായിക്കുകയും പഠിക്കുകയും ചെയ്തവർ കുറവായിരിക്കും. മലയാളികൾക്ക് ഷേക്സ്പിയർ സ്വന്തം എഴുത്തുകാരനാണ്. ഹാംലെറ്റ്, ഒഥല്ലോ, കിങ്‍ലിയർ, മാക്ബത്ത് തുടങ്ങി അദ്ദേഹത്തിന്റെ കൃതികളെല്ലാംതന്നെ മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. ലോകചരിത്രത്തിലെ തന്നെ ഏറ്റവും മഹാനായ എഴുത്തുകാരനും നാടകകൃത്തുമായായാണ് അദ്ദേഹത്തെ കണക്കാക്കുന്നത്.

38 നാടകങ്ങളും 154 ഗീതകങ്ങളും ചില കാവ്യങ്ങളും ഇദ്ദേഹത്തിന്റേതായി നമുക്കു ലഭിച്ചിട്ടുണ്ട്. ഷേക്സ്പിയറിന്റെ മരണശേഷമാണ് അദ്ദേഹത്തിന്റെ പുസ്തകങ്ങൾ ശ്രദ്ധിക്കപ്പെട്ടത്. ഷേക്സ്പിയറിന്റെ കൃതികൾ എല്ലാം തന്നെ ലോകത്തിലെ പ്രധാന ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

 ഡോൺ മിഗ്വെൽ ദെ സെർവാന്റസ്

ഡോൺ മിഗ്വെൽ ദേ സെർവാന്റസിനെ പരിചയമില്ലെങ്കിലും മലയാളികൾക്ക് ഡോൺ ക്വിക്സോട്ട് എന്ന കഥാപാത്രത്തെയും നോവലിനെയും പ‌രിചയമുണ്ടാകും. ഡോൺ ക്വിക്സോട്ട് എന്ന അനശ്വര കഥാപാത്രത്തിന്റെ രചയിതാവാണ് സെർവാന്റസ്. പാശ്ചാത്യ സാഹിത്യത്തിലെ സ്പാനിഷ് ക്ലാസിക്കുകളിൽ ആദ്യത്തേതും ഇതാണ്. അറുപത്തഞ്ചിലേറെ ഭാഷകളിലേക്ക് ഈ പുസ്തകം വിവർത്തനം ചെയ്തിട്ടുണ്ട്. 

സ്പാനിഷ് സാഹിത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട എഴുത്തുകാരിൽ ഒരാളായാണ് ലോകം ഇദ്ദേഹത്തെ കരുതുന്നത്. അദ്ദേഹത്തിന്റെ ഏറ്റവും പ്രധാന ക‌ൃതിയും ക്വിക്സോട്ട് ആണ്. നോവലിസ്റ്റും കവിയും നാടകകൃത്തുമായിരുന്ന സെർവാന്റസിന്റെ മരണ ദിനമാണ് ആദ്യമായി പുസ്തകദിനമായി അചരിച്ചു തുടങ്ങിയത്.

 ഗാർസിലാസോ ഡി ലാ വേഗാ

സ്പാനിഷ് ഇതിഹാസ എഴുത്തുകാരനും ചരിത്രകാരനുമാണ് ഗാർസിലാസോ ഡി ലാ വേഗ. ചരിത്ര രചയിതാവായ ഇദ്ദേഹത്തിന്റെ രചനകൾ ഏറെ ജനപ്രിയമാണ്. സാധാരണയിൽ നിന്നു വ്യത്യസ്തമായി ചരിത്രത്തെ നോക്കിക്കാണാൻ ശ്രമിച്ച എഴുത്തുകാരനാണ് അദ്ദേഹം. സാഹിത്യപരമായ സാധ്യതതകൾ ലേഖനങ്ങളിൽ കൊണ്ടുവരാൻ അദ്ദേഹം ശ്രമിച്ചു. ദ് ഫ്ലോറിഡ ഓഫ് ദ് ഇൻക, റോയൽ കമന്റേറ്ററീസ് ഓഫ് ദ് ഇൻക, ദ് ജനറൽ ഹിസ്റ്ററി ഓഫ് പെറു തുടങ്ങിയവയാണ് ഇദ്ദേഹത്തിന്റെ കൃതികൾ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com