sections
MORE

നാടകക്കാരന്റെ ജീവിതം നാടകമാകുമ്പോൾ; 'വീണ്ടും ഭഗവാന്റെ മരണം' കാഴ്ചാനുഭവം

HIGHLIGHTS
  • രാഷ്ട്രീയ നിലപാടുകൾ കൊണ്ട് ശ്രദ്ധേയമായ നാടകം
veendum-bhagavante-maranam
'വീണ്ടും ഭഗവാന്റെ മരണം' നാടകത്തിൽ നിന്ന് ഒരു രംഗം
SHARE

കെ.ആർ.മീരയുടെ ചെറുകഥയായ 'ഭഗവാന്റെ മരണ'ത്തെ മുൻനിർത്തി ഹസിം അമരവിള ഒരുക്കിയ 'വീണ്ടും ഭഗവാന്റെ മരണം' എന്ന നാടകത്തിന്റെ കാഴ്ചാനുഭവം എഴുത്തുകാരനും നിരൂപകനുമായ എം.വി. നാരായണൻ പങ്കുവയ്ക്കുന്നു.

ചില നാടകങ്ങൾ ഇതിവൃത്തം കൊണ്ടു ശ്രദ്ധേയമാകുന്നു, ചിലത് അവയുടെ രാഷ്ട്രീയ നിലപാടുകൾ കൊണ്ട്, വേറെ ചിലത് സങ്കേതങ്ങളുടെ ഫലപ്രദമായ പ്രയോഗത്തിലൂടെ, ഇനിയും ചിലവ രംഗഭാഷയുടെ നൂതന പ്രകരണങ്ങൾ കണ്ടെത്തുന്നതിലൂടെ. എന്നാൽ, ഒരേ സമയം ഇതെല്ലാം ചേർന്ന് ഒരു നാടകം ശ്രദ്ധേയമാകുന്നത് വിരളമായി മാത്രം സംഭവിക്കുന്ന ഒന്നാണ്. തൃശൂർ റീജിയനൽ തിയറ്ററിൽ ശിലാ രംഗകലോത്സവത്തിന്റെ ഭാഗമായി, ഹസീം അമരവിള സംവിധാനം ചെയ്ത്, കനൽ സാംസ്കാരിക വേദി അവതരിപ്പിച്ച "വീണ്ടും ഭഗവാന്റെ മരണം"  അത്തരം ഒരനുഭവമാണ് സമ്മാനിച്ചത്. 

കലുഷിതമായ രാഷ്ട്രീയാവസ്ഥയും വർഗീയത അതിൽ വിതയ്ക്കുന്ന നാശത്തിന്റെ വിത്തുകളും കൃതഹസ്തതയോടെ ആവിഷ്കരിക്കുന്ന, കെ.ആർ. മീരയുടെ കൃതിയെ ആസ്പദമാക്കിയ ഈ നാടകം, വിമർശനചിന്തയെ അക്രമം കൊണ്ടു നേരിടുന്ന കുത്സിത ശക്തികളും അതിനു വിടുപണി ചെയ്യുന്ന ഭരണകൂട ഹസ്തങ്ങളും ചേർന്ന് സ്വാതന്ത്ര്യവും ജനാധിപത്യമൂല്യങ്ങളും ഭരണഘടനാപരമായ അവകാശങ്ങളുമെല്ലാം ധ്വംസിക്കുന്ന ഒരു രാഷ്ട്രീയ പരിസ്ഥിതിയെ അവതരിപ്പിക്കുന്നതിൽ വിജയിച്ചിരിക്കുന്നു. ഇത്തരമൊരു കാലാവസ്ഥയിൽ സർഗ്ഗാത്മക പ്രവൃത്തി എത്ര ദുഷ്കരവും അതേസമയം എത്ര അനിവാര്യവും ആണെന്ന് അതോർമിപ്പിക്കുന്നു. 

veendum-bhagavante-maranam-2

ഭഗവാൻ ബസവപ്പ എന്ന ചിന്തകനെ കൊല്ലാൻ എത്തുന്ന, അമര എന്ന ചെറുപ്പക്കാരന്റെ മനംമാറ്റത്തിന്റെ കഥ ഇതിവൃത്തമാക്കുന്ന ഒരു നാടകം ചെയ്യാൻ ഒരു നാടക സംഘം തയാറെടുക്കുന്നു. കൊലയാളിയായി വന്നവൻ ശിഷ്യനായി മാറുകയും, അവനെ അങ്ങോട്ടയച്ച നേതാവുതന്നെ പിന്നീട് ഭഗവാനെ കൊലപ്പെടുത്തുമ്പോൾ, ഭഗവാൻ തുറന്നു കൊടുത്ത അറിവിന്റെ വഴികൾ ആ നേതാവിനു നേരെ പ്രയോഗിക്കുകയും ചെയ്യുന്ന അമരയിലൂടെ അക്രമത്തിനുള്ള മറുപടി അക്രമമല്ല, സ്നേഹവും വിമർശന ചിന്തയുമാണെന്ന ശാശ്വതമായ ഗാന്ധിയൻ തത്വത്തെയാണ് ആ ഇതിവൃത്തം മുന്നോട്ടു വയ്ക്കുന്നത്. എന്നാൽ, ആ നാടകം അവതരിപ്പിക്കുന്നതിൽ നിന്നു പൊലീസും ഭരണകൂടവും അവരെ തടയുന്നു. സമൂഹത്തിന്റെ മനഃസാക്ഷിയാകാൻ ഉദ്യമിക്കുന്ന കലാപ്രവർത്തകരും ചിന്തകരും ഇന്ന് നേരിടുന്ന അക്രമാവസ്ഥയുടെ ഒരു നേർക്കാഴ്ചയാകുന്നു അതുവഴി ഈ നാടകം. സൃഷ്ടിപരതയും വിമർശനവും ഒരു ഫാസിസ്റ്റ് ക്രമത്തിൻ കീഴിൽ എത്രകണ്ട് ആപൽക്കരമാണെന്നതിനുള്ള സാക്ഷ്യവും.

അതേ സമയം, ബാഹ്യതലത്തിലുള്ള ഈ പ്രത്യക്ഷ രാഷ്ട്രീയത്തോടൊപ്പം, ആന്തരികമായ ഒരു സൂക്ഷ്മരാഷ്ട്രീയം കൂടി നാടകം സംവദിക്കുന്നുണ്ട്. അത് നാടകപ്രവർത്തനത്തിന്റെ രാഷ്ട്രീയമാണ്. നാലാൾ ചേർന്ന് നാടകം ചെയ്യുക എന്നതിൽതന്നെ ചുരുളഴിയുന്ന ഒരു രാഷ്ട്രീയമുണ്ട്. വ്യത്യസ്ത പശ്ചാത്തലങ്ങളുള്ള, വ്യത്യസ്ത അഭിപ്രായങ്ങളുള്ള കുറച്ചു പേർ ഒരു നാടകം ചെയ്യാൻ ഒരുമ്പെടുമ്പോൾ, ആ കൂട്ടംകൂടലിൽ പങ്കുചേരുന്ന ഓരോരുത്തരും നടത്തുന്ന ഒരു യാത്രയുണ്ട്. അത് ഒരേ സമയം സാമൂഹികതയുടെയും അറിവിന്റേതുമായ ഒരു യാത്രയാണ്. ശരിയെന്നു കരുതിയ പല മുൻ നിശ്ചയങ്ങളും സങ്കൽപങ്ങളും ചോദ്യം ചെയ്യപ്പെടുകയും പുനഃപരിശോധനക്ക് വിധേയമാക്കപ്പെടുകയും, തന്നെത്തന്നെ വീണ്ടും കണ്ടെത്തുകയും പുനഃസൃഷ്ടിക്കുകയും, ചെയ്യുന്ന ഈ യാത്ര ഒരർഥത്തിൽ ഓരോ നാടകപ്രവർത്തകനും നടത്തുന്ന ഒരു ആത്മയാത്ര കൂടിയാണ്. നാടകത്തിനു പുറകിലുള്ള ഈ നാടകത്തെ അവതരിപ്പിക്കുന്നു എന്നതാണ് "വീണ്ടും ഭഗവാന്റെ മരണ"ത്തിന്റെ സവിശേഷത. ആ അർഥത്തിൽ നാടകാവതരണമല്ല, നാടകം ചെയ്യലിന്റെ അവതരണമാണ് അതു നിർവഹിക്കുന്നത്.

"നാടകത്തിനുള്ളിലെ നാടകം" എന്നു വിളിക്കപ്പെടുന്ന ഈ സങ്കേതം മുമ്പും മലയാള നാടകത്തിൽ പരിമിതമായെങ്കിലും പരീക്ഷിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ, "വീണ്ടും ഭഗവാന്റെ മരണ"ത്തിന്റെ പ്രത്യേകത അതൊരു കേവല സങ്കേതമെന്നതിലുപരി നാടകാവതരണത്തിന്റെ രൂപത്തെ തന്നെ നിർണ്ണയിക്കുന്ന ഒരു സമഗ്ര സാന്നിധ്യമായി വികസിക്കുന്നു എന്നതാണ്. പണി തീർക്കപ്പെട്ട ഒരു ഉൽപന്നം മാത്രമായി നാടകത്തെ കണ്ടു ശീലിച്ചിട്ടുള്ള ഒരു ആസ്വാദക സദസ്സിന് അതിലൂടെ തുറന്നു കിട്ടുന്നത് നാടകംചെയ്യൽ എന്ന പ്രക്രിയയുടെ ഉള്ളറകളിലേക്കുള്ള ഒരു കാഴ്ചയാണ്. അതിൽ അടങ്ങിയിരിക്കുന്ന അദ്ധ്വാനത്തിന്റെയും സഹനത്തിന്റെയും, കലഹങ്ങളുടെയും സഹകരണങ്ങളുടേയും, നിരാശകളുടെയും വേദനകളുടെയും, ആഹ്ലാദത്തിന്റെയും ആവേശത്തിന്റെയും ലോകങ്ങൾ അങ്ങിനെ അനുവാചകനായി തുറക്കപ്പെടുന്നു. ഒരു ജീവിതത്തിൽ കാലൂന്നി നിന്ന് മറ്റൊരു ജീവിതം സ്വപ്നം കാണുന്നതിന്റെ സാഹസികത വെളിവാകുന്നു. അതു വഴി, നാടകം അപരത്വത്തിന്റെ അന്വേഷണമാണ് എന്നതിന്റെ ദൃഷ്ടാന്തമാകുന്നു.

veendum-bhagavante-maranam-3

അരങ്ങിന്റെ അകവും പുറവും തമ്മിലുള്ള ബന്ധം/വ്യതിരിക്തത എന്നത് നാടകാവതരണത്തിന്റെ ഏറ്റവും സങ്കീർണ്ണമായ സമസ്യകളിലൊന്നാണ്. ഒരു വശത്ത് ഈ രണ്ടു ലോകങ്ങൾ തമ്മിലുള്ള വ്യതിരിക്തത നിലനിർത്തേണ്ടത് അവതരണത്തിന്റെ സുഗമമായ പുരോഗതിക്ക് അനിവാര്യമായിരിക്കുമ്പോഴും, അവ തമ്മിലുള്ള അതിർത്തികൾ ഭേദിക്കാനും അരങ്ങും സദസ്സും അഭിനേതാക്കളും കാഴ്ചക്കാരും, തമ്മിൽ പുതിയ ബന്ധങ്ങൾ തീർക്കുവാനുമുള്ള ശ്രമങ്ങൾ നടകചരിത്രത്തിൽ ആവർത്തിച്ച് പ്രത്യക്ഷപ്പെടുന്നതു കാണാം. സദസ്സിനെ ഒന്നത്ഭുതപ്പെടുത്തി അവരുടെ ശ്രദ്ധയെ ആകർഷിക്കുക എന്നതിനപ്പുറം അത് ഗൗരവതരമായ ഒരവതരണ രീതിയായി മാറുമ്പോൾ, അവതരണവും സ്വീകരണവും വളരെ വ്യത്യസ്തമായ മാനങ്ങൾ കൈവരിക്കുന്നു, സൗകര്യപ്രദമായ സ്ഥിരം ചാലുകളിൽ നിന്ന് അവ വഴി മാറി നടക്കുന്നു. ഇത്തരം ഒരു വഴിമാറി നടക്കൽ "വീണ്ടും ഭഗവാന്റെ മരണ"ത്തിൽ ഉടനീളം കാണാവുന്നതാണ്. അരങ്ങിലൊതുങ്ങാതെ, നാടകം സദസ്സിന്റെ ഇടത്തിലേക്ക് നിരന്തരം സംക്രമിക്കുമ്പോൾ, ചിലയവസരങ്ങളിൽ അരങ്ങുതന്നെ സദസ്സാകുമ്പോൾ, പ്രേക്ഷകന്റെ പങ്കാളിത്തം ഒരു കാഴ്ചക്കാരന്റേതിൽ നിന്ന് ഒരു കൂട്ടാളിയുടേതോ, എന്തിന് ഒരു സഹകുറ്റവാളിയുടേതോ, ഒക്കെയായി മാറുന്നു. എന്നാൽ ഇതൊരു തീക്കളി കൂടിയാണ്. എപ്പോൾ വേണമെങ്കിലും കൈവിട്ടുപോകാവുന്ന, അപകടത്തിൽ ചെന്നവസാനിക്കാവുന്ന കളി. എന്നാൽ, ഏറ്റവും തന്മയത്വത്തോടെ, ഒട്ടുമേ കൃത്രിമത്വം തോന്നാത്ത വിധം, അരങ്ങിന്റെയും സദസ്സിന്റെയും ഇടങ്ങൾ തമ്മിലുള്ള ഈ കൂടിക്കുഴയൽ നിർവ്വഹിക്കപ്പെട്ടു എന്നതു തന്നെയാണ് നാടകത്തിന്റെ വിജയം. ഒടുവിൽ, തങ്ങൾ എന്തു ചെയ്യേണ്ടു എന്ന പ്രതിസന്ധിയിൽ ആഴ്ത്തി പ്രേക്ഷകരെ കൂടി നാടകത്തിന്റെ അടരുകളിലേക്ക് ഉൾച്ചേർക്കുമ്പോൾ, ആപൽക്കരമായ ഈ കാലത്ത് ഒരാൾക്കും വെറും കാഴ്ചക്കാരനാകാൻ കഴിയില്ല എന്ന ബോധം തന്നെയാണ് പറയാതെ പറയപ്പെടുന്നത്.

വ്യത്യസ്തങ്ങളായ അഭിനയ/ശരീരഭാഷകൾ വികസിപ്പിക്കുന്നതിലും സംവിധായകനും നടീനടന്മാരും വലിയൊരളവോളം വിജയിച്ചിട്ടുണ്ട്. ഒരേ സമയം അഭിനയിക്കുകയും അഭിനയിക്കുന്നതായി അഭിനയിക്കുകയും ചെയ്യേണ്ടി വരുന്ന രണ്ട് അവതരണതലങ്ങൾക്കിടക്കുള്ള ഒരു "ബാലൻസിങ് ആക്ട്" ആണ് ഇതിൽ ഓരോ അഭിനേതാവും നിർവ്വഹിക്കുന്നത്. അതേ സമയം, റിഹേഴ്സ് ചെയ്യുന്ന നാടകത്തിലെ സമസ്യകൾ തന്നെ "ജീവിത"ത്തിൽ അവർക്കു നേരിടേണ്ടി വരുമ്പോൾ, 'കളി' കാര്യമാകുമ്പോൾ, അവർ ഓരോരുത്തരും അനുഭവിക്കുന്ന അന്തഃസംഘർഷങ്ങൾ വ്യക്തിപരമായതൊക്കെ രാഷട്രീയപരം കൂടിയാകുന്ന ഈ കാലത്തിന്റെ അടയാളങ്ങളാണ്. ആ അർഥത്തിൽ, നാടകത്തിലെ ഏറ്റവും ശ്രദ്ധേയമായ പ്രസ്താവന, ക്രൂരനായ വർഗ്ഗീയ തീവ്രവാദിയായ മല്ലപ്പയായി വേഷമിടുന്ന നടന്റെ "എനിക്കു പേടിയാകുന്നു" എന്ന വാക്യമാണ്. ഭീതിയും ഭയവും ദൈനംദിന യാഥാർഥ്യങ്ങളായി മാറുന്ന ഒരു ആസുര കാലം തന്നെയാണ് അതിലൂടെ തെളിയുന്നത്. 

തീർത്തും കൂട്ടായ ഈ സംരംഭത്തിലെ ചില കഥാപാത്രങ്ങളെയും അഭിനേതാക്കളേയും മാത്രം പ്രത്യേകം പേരെടുത്തു പറയുന്നത് ഒരനീതിയായിരിക്കും. കാരണം, ഓരോ കഥാപാത്രവും - ലൈറ്റിങ് ടെക്നിഷ്യൻ തൊട്ട് അമര വരെ, സ്റ്റേജ് മാനേജർ തൊട്ട് ഭഗവാൻ വരെ, പൊലീസ് ഇൻസ്പെക്ടർ തൊട്ട് കാവേരി വരെ - അവരവരുടെ രീതികളിൽ മനസ്സിൽ അവരുടെ സാന്നിദ്ധ്യം കോറിയിട്ടാണ് പോയത്. അവതരണത്തിലും അഭിനയത്തിലും ഇനിയും മാറ്റങ്ങളും മെച്ചപ്പെടുത്തലുകളും സാദ്ധ്യമായിരിക്കാം. അത്തരം ചർച്ചകളും വിമർശനങ്ങളും ഉണ്ടാകുമെന്നും പ്രതീക്ഷിക്കാം. പക്ഷേ, അതിനെല്ലാം മുമ്പ് നാടകത്തിലുള്ള വിശ്വാസത്തെയാണ് അവർ തട്ടിയുണർത്തിയത് എന്ന് പറയാതെ വയ്യ. അതിന് ഹാസിം അമരവിളക്കും കൂട്ടർക്കും നന്ദി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
FROM ONMANORAMA