ADVERTISEMENT

അറുപിശുക്കനെന്നു കീര്‍ത്തി കേട്ടിട്ടുണ്ടെങ്കിലും എഴുതാനിരുന്നപ്പോള്‍ വാക്കുകളില്‍ പിശുക്കു കാട്ടിയിട്ടില്ല ചാര്‍ലി ചാപ്ളിന്‍. ദ്രോഹിച്ച് ആനന്ദിക്കുന്നതില്‍ സന്തോഷം അനുഭവിക്കുന്നവന്‍ എന്ന ആക്ഷേപം കേട്ടിരുന്നെങ്കിലും എഴുത്തില്‍ അദ്ദേഹം ദ്രോഹിച്ചത് തന്നെത്തന്നെ. ദുരഭിമാനിയും നിഷ്ഠൂരനുമെന്നു സഹപ്രവര്‍ത്തകര്‍ വിളിച്ചിരുന്നെങ്കിലും അഭിമാനത്തിന്റെ അവസാനത്തെ പുറന്തോടും ഊരിക്കളഞ്ഞിട്ടാണ് കുട്ടിക്കാലത്തെ ദാരിദ്ര്യത്തെക്കുറിച്ച് അദ്ദേഹം എഴുതിയത്. കാമുകിമാര്‍ ഏറെയുണ്ടായിരുന്നെങ്കിലും സ്നേഹത്തിനുവേണ്ടി താന്‍ എത്രമാത്രം ദാഹിച്ചിരുന്നെന്നു സമ്മതിച്ചത്. പ്രശസ്തിയുടെയും തിരക്കിന്റെയും കൊടുമുടി കയറിയിട്ടും ആള്‍ക്കൂട്ടത്തില്‍ ഒറ്റയ്ക്കായിരുന്നു എന്നു പരിതപിച്ചത്. ആത്മാര്‍ഥതയോടെയല്ലാതെ ഒരു വാക്കുപോലും എഴുതിയിട്ടില്ലാത്തതിനാല്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ ലോകം ഏറ്റെടുത്തു. സത്യസന്ധമായല്ലാതെ ഒരു അനുഭവവും എഴുതിയിട്ടില്ലാത്തതിനാല്‍ നാടകീയമായ ആ അനുഭവങ്ങളെയും ലോകം ഉള്‍ക്കൊണ്ടു. അഭിനയശേഷിയെന്നപോലെ എഴുത്തിലെ പ്രതിഭയേയും അംഗീകരിച്ചു. എഴുത്തുകാരുടെ ആത്മകഥകളേക്കാള്‍ മൂല്യമുണ്ട് ഇന്നും ചാര്‍ലി ചാപ്ളിന്റെ ആത്മകഥയ്ക്ക്. ലോകഭാഷകളില്‍, പുതിയ എഡിഷനുകളായി വീണ്ടും വീണ്ടും അദ്ദേഹത്തിന്റെ സ്വന്തം കഥ പുറത്തുവന്നുകൊണ്ടിരിക്കുന്നു. ഏറ്റവും പുതിയ തലമുറയേയും ആനന്ദിപ്പിച്ചുകൊണ്ട്. കരയിച്ചുകൊണ്ടും ചിരിപ്പിച്ചുകൊണ്ടും. ഒടുവില്‍ ഒരു പുസ്തകമെന്നതിനേക്കാള്‍ ജീവനുള്ള ഒരു വ്യക്തിയെയെന്നപോലെ ചാപ്ളിന്റെ ആത്മകഥയെ ഹൃദയത്തില്‍ ഏറ്റുവാങ്ങുന്നു. 

സൗന്ദര്യത്താല്‍ ലക്ഷക്കണക്കിന് ആരാധകരെ സൃഷ്ടിച്ച നടിമാര്‍ കൂട്ടിനുണ്ടായിരുന്നെങ്കിലും ചാപ്ളിന്റെ ഏറ്റവും പ്രിയപ്പെട്ട കാമുകി ഒരു നിഘണ്ടു ആയിരുന്നു. ഏതു രാജ്യത്തു പോയാലും, എത്ര വില കൂടിയ മുറിയില്‍ താമസിച്ചാലും, ഏറ്റവും ചെലവേറിയ ഭക്ഷണം കഴിച്ചാലുമെല്ലാം അദ്ദേഹത്തിന്റെ മുറിയില്‍ എപ്പോഴും വിശിഷ്ടമായ സ്ഥാനമുണ്ടായിരുന്ന നിഘണ്ടു. അനുവാദം ചോദിക്കാതെ അദ്ദേഹത്തിന്റെ മുറിയില്‍ ഇരിക്കാന്‍ അവകാശം ഉണ്ടായിരുന്ന ഏകവസ്തു. ആ വലിയ പുസ്തകത്തില്‍നിന്നാണ് അദ്ദേഹം പഠിച്ചത്. ദിവസവും ഒരോ പുതിയ വാക്ക് എന്ന ക്രമത്തില്‍. സ്കൂളില്‍ പോയിട്ടില്ലാത്ത, കോളജില്‍ പോയിട്ടില്ലാത്ത, അധ്യാപകരില്ലാത്ത ചാപ്ളിന്റെ ഗുരുവും ശിഷ്യനുമെല്ലാം അദ്ദേഹം തന്നെയായിരുന്നു. ദിവസവും ഉപയോഗിച്ചിട്ടും പഴഞ്ചനാകാതിരുന്ന ആ നിഘണ്ടു. അതില്‍നിന്ന് ഉള്‍ക്കൊണ്ട വാക്കുകളെ അദ്ദേഹം സ്നേഹിച്ചു. ആരാധിച്ചു. സ്വപ്നം കണ്ടു. ജീവിതസായാഹ്നത്തില്‍ എഴുതാനിരുന്നപ്പോള്‍ പ്രിയപ്പെട്ട കാമുകിമാരെന്നപോലെ വാക്കുകള്‍ അദ്ദേഹത്തെ തേടിയെത്തി. കരച്ചിലും ചിരിയും സഹതാപവും അനുകമ്പയുമൊക്കെയായി അവര്‍ അദ്ദേഹത്തിന്റെ പേജുകളില്‍ നൃത്തം ചെയ്തു. അതിന്റെ ഫലമാണ് ചാര്‍ലി ചാപ്ളിന്റെ കഥാപുസ്തകം – എന്റെ ആത്മകഥ. 

കഥ വായിച്ചവരൊക്കെ പരസ്പരം ചോദിച്ചു – ഇതൊക്കെ ചാപ്ളിന്‍ എഴുതിയതാണോ? അദ്ദേഹത്തിന് ഇങ്ങനെയൊക്കെ എഴുതാന്‍ കഴിവുണ്ടോ? ഭാവനയും ഭാവുകത്വവുമുണ്ടോ? 

സ്വന്തം സിനിമകള്‍ക്ക് തിരക്കഥകള്‍ സ്വയമെഴുതുകയും അവ സ്വയം സംവിധാനം ചെയ്യുകയും സംഗീതം സ്വയം ചിട്ടപ്പെടുത്തുകയും ചെയ്തയാളെക്കുറിച്ചാണ് സംശിയിക്കുന്നത്. എണ്‍പതോളം സിനിമകളിലൂടെ 65 വര്‍ഷം സ്ക്രീനില്‍ നിറഞ്ഞുനിന്ന നിശ്ശബ്ദ സാന്നിധ്യത്തെക്കുറിച്ച്. എഴുത്തിനെ മിനുക്കിയെടുക്കാനും ഭംഗിയാക്കാനും നിഴലെത്തുകാരന്‍ ഉണ്ടിയിരുന്നോ എന്നു സംശയിച്ചവര്‍ അദ്ദേഹത്തിന്റെ ദിനചര്യ കൂടിയറിയണം. പ്രത്യേകിച്ച് ആത്മകഥ എഴുതിയ ആറു വര്‍ഷങ്ങളില്‍. ദിവസവും രാവിലെ സ്വിറ്റ്സര്‍ലന്‍ഡിലെ തന്റെ ഓഫിസിലേക്കു പോകുന്നതുപോലെ, ഭാര്യ ഊനയോടു യാത്ര പറഞ്ഞ്, ചുംബനം നല്‍കി, അദ്ദേഹം ലൈബ്രറിയിലേക്കു പോയി. ദിവസവും മൂന്നു നിശ്ചിത നേരങ്ങളില്‍. ആറുവര്‍ഷത്തെ നിരന്തരമായ അധ്വാനം. ഗവേഷണമില്ല. തിരിഞ്ഞുനോട്ടമില്ല. ഓര്‍മക്കുറിപ്പുകളെ ആശ്രയിക്കുന്നില്ല. മനസ്സില്‍ മുദ്രിതമായ അനുഭവങ്ങള്‍ മാത്രം എഴുതി. മനസ്സു തൊടുന്ന ഭാഷയില്‍. കുട്ടിക്കാലത്തെ ചില അനുഭവങ്ങളുടെ കാര്യത്തില്‍ സംശയം തോന്നിയപ്പോള്‍ ജ്യേഷ്ഠന്‍ സിഡ്നിയോടു ചോദിച്ചു. പുസ്തകം പുറത്തുവന്നതിനുശേഷം ഗവേഷകര്‍ സത്യവസ്ഥ അറിയാന്‍ ചരിത്രം പരിശോധിച്ചു. സമകാലികരെ കണ്ടു. എല്ലാം കൃത്യം.. കിറുകൃത്യം. ഒരു കംപ്യൂട്ടറിനെപ്പോലും തോല്‍പിക്കുന്ന സൂക്ഷ്മതയും കൃത്യതയും. ഉള്ളില്‍ കരഞ്ഞുകൊണ്ട് പുറമെ ചരിക്കാതെ ചിരിപ്പിച്ച നടന് എല്ലാം മനഃപാഠം. ചെറിയ, ചെറിയ ദൃശ്യങ്ങള്‍ പോലും. മദ്യശാലകളുടെ ഇരുണ്ട മൂലകളില്‍ അച്ഛനെ അന്വേഷിച്ചുപോയതുമുതല്‍ കിടപ്പുമുറിയില്‍ സുഖം പകരാനെത്തിയ കാമുകിമാരുടെ പേരുവരെ. പിതൃത്വ പരിശോധനയ്ക്കായി കോടതികളിലേക്കു വലിച്ചിഴച്ച സൗന്ദര്യത്തിടമ്പുകളുടെ ഭാവപ്രകടനങ്ങള്‍ വരെ. ഏറ്റവുമധിക കാലം നീണ്ടുനിന്ന അവസാന ദാമ്പത്യബന്ധത്തിലെ നായിക ഊനയെ 17-ാം വയസ്സില്‍ ആദ്യം കണ്ട രംഗം വരെ. തനിക്കുവേണ്ടത് മറ്റൊരു നടിയെ ആണെന്നു പറഞ്ഞ് ഇറങ്ങിപ്പോയെങ്കിലും സിനിമയിലും ജീവിതത്തിലും ഊന നായികയായതിനെക്കുറിച്ച്. പ്രശസ്തിയും സമ്പത്തും ആവോളം തന്ന രാജ്യം ചവിട്ടിപ്പുറത്താക്കിയതിനെക്കുറിച്ച്. 

ചാപ്ളിന്റെ തന്നെ വാക്കുകള്‍ സ്മിത മീനാക്ഷിയുടെ വശ്യമാര്‍ന്ന മലയാളത്തില്‍ വായിക്കൂ... അവസാന പേജിലെ അവസാന വാക്കുകള്‍: 

സന്തോഷത്തിനൊരു പ്രതികൂല വശവുമുണ്ടെന്ന് ഷോപ്പന്‍ഹെയര്‍ പറ‍ഞ്ഞിട്ടുണ്ട്. പക്ഷേ, ഞാനതിനോടു വിസമ്മതിക്കുന്നു. കഴിഞ്ഞ ഇരുപതു വര്‍ഷമായി സന്തോഷമെന്തെന്ന് ഞാനറിയുന്നു. വളരെനല്ല ഒരു ഭാര്യയുമായി ജീവിതം പങ്കിടാനുള്ള ഭാഗ്യമെനിക്കുണ്ടായി. അതേക്കുറിച്ച് കൂടുതലെഴുതണമെന്നുണ്ട്. പക്ഷേ, അതില്‍ പ്രണയമുണ്ട്. ആത്മാര്‍ഥ പ്രണയമാണ് എല്ലാ മോഹഭംഗങ്ങളേക്കാളും മനോഹരം. എന്തെന്നാല്‍, അതൊരാള്‍ക്ക് ആവിഷ്കരിക്കാവുന്നതിലും മേലെയാണ്. ഊനയോടൊപ്പം ജീവിച്ചുതുടങ്ങിയതില്‍പ്പിന്നെ, അവളുടെ സ്വഭാവത്തിന്റെ ആഴവും സൗന്ദര്യവും എനിക്കൊരു നിരന്തര വെളിപാടായി മാറി. വിവേയുടെ ഇടുങ്ങിയ നടപ്പാതകളിലൂടെ എനിക്കു മുന്‍പിലായി ലാളിത്യമാര്‍ന്ന അന്തസ്സോടെ, നേര്‍ത്ത ചെറിയ ശരീരം നിവര്‍ത്തിപ്പിടിച്ച് ഏതാനും വെള്ളിവരകള്‍ വീണ കറുത്തമുടി പിന്നാക്കമൊതുക്കിവച്ച് അവള്‍ നടന്നുപോകുമ്പോള്‍, പൊടുന്നനേ അവളെക്കുറിച്ചുള്ള സ്നേഹാദരങ്ങള്‍ എന്നില്‍ നിറയുന്നു. ഞാന്‍ ഗദ്ഗദകണ്ഠനാകുന്നു. 

ലോകത്തെ ഏറ്റവും കൂടുതല്‍ ചിരിപ്പിച്ച നടന്‍ കരയുമ്പോള്‍ കരയാതിരിക്കാനാകുമോ... 

ഏറ്റവും കൂടുതല്‍ പ്രണയിച്ച മനുഷ്യന്‍ സാക്ഷ്യപ്പെടുത്തുമ്പോള്‍ പ്രണയത്തില്‍ വിശ്വസിക്കാതിരിക്കാനാകുമോ...? 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com