ആനന്ദനടനത്തിന്റെ ബൈബിൾ, അഥവാ ഇസഡോറയുടെ സുവിശേഷം !

HIGHLIGHTS
  • അവൾ അവളെ കണ്ടെത്തുകയായിരുന്നില്ല - അവളെ നിർമ്മിക്കുകയായിരുന്നു.
Isadora-Duncan
SHARE

ജോർജ് ഓർവലെഴുതിയ അനിമൽ ഫാമിന്റെ കഥാപരിസരം ഹെര്‍ട്ട് ഫോര്‍ഡ് ഷയറായിരുന്നു. ജെയ്ൻ ഓസ്റ്റന്റെ പ്രൈഡ് ആൻഡ് പ്രൊജ്യുഡ്യൂസും ഹെര്‍ട്ട് ഫോര്‍ഡ് ഷയറിലാണ് വേരൂന്നുന്നത്. ഓസ്കർ വൈൽഡിന്റെ നാടകത്തിൽ, ചാൾസ് ഡിക്കൻസിന്റെ നോവലിൽ, നിറയെ നിറയെ ഹെർട്ട് ഫോർഡ് ഷെയർ !! ആരാണിവരെയൊക്കെ അവിടേക്കെത്തിക്കുന്നതെന്ന അന്വേഷണത്തിന്റെ ഒടുവിലെത്തിയത് ഹെർട്ട് ഫോർഡ് ഷെയറിലെ വെൽവിൻ ഹാറ്റ്ഫീൽഡിലുള്ള അയോട്ടുകളിലൊന്നിലാണ്. സെന്‍റ് ലോറന്‍സിൽ, ഇവിടെയാണ് ഇംഗ്ലീഷ് ലിറ്ററേച്ചറിന്റെ ബാബമാരിലൊരാളുടെ ആശ്രമം.

ഒരു പകൽ വീട്ടുമുറ്റത്തെ മരത്തിന്‍റെ ചില്ലകള്‍ വെട്ടി വെടിപ്പാക്കുന്നതിനിടെ ഏണി വഴുതി താഴെവീണ ആ വയസ്സൻ ബാബയുടെ കഥ ഞാൻ കേട്ടിട്ടുണ്ട്. പാതി വെട്ടി നിര്‍ത്തിയ മരം, പാതി എഴുതി നിർത്തിയ 'വൈ ഷീ വുഡ് നോട്ട്' എന്ന നാടകം !! എല്ലാം ബാക്കിയാക്കി നടുവിനും എല്ലുകള്‍ക്കും പറ്റിയ ക്ഷതത്തെ മറികടക്കാനാകാതെ രണ്ടുദിവസത്തിനു ശേഷം അയാൾ മരിച്ചു. സെന്‍റ് ലോറന്‍സിലെ ഷാസ് കോർണറിലുള്ള പൂന്തോട്ടത്തിൽ അയാളുടെ ചിതാഭസ്മം വിതറിയിട്ടുണ്ട്. അയാൾ പൂത്ത് തളിർത്ത് ആ പൂന്തോട്ടത്തിൽ നിന്ന് യൂറോപ്പാകമാനം വശ്യഗന്ധം പരത്തുന്നുവെന്നാണ് വിശ്വാസം.

94-ാം വയസിൽ ബർണാഡ് ഷാ കോണി വെച്ച് മരത്തിൽ കയറുമോ എന്നെനിക്കറിയില്ല, കഥയാണ്. കോളറക്കാലത്തെ പ്രണയത്തിൽ ഫെർമിനയുടെ ഭർത്താവ് തത്തയെ പിടിക്കാൻ മരത്തിൽ കയറിയപ്പോഴാണ് വീണ് മരിച്ചത്, എനിക്കതേ അറിയൂ. അയാളുടെ ശവസംസ്‌കാരദിനത്തിലാണ്, ഫെര്‍മിനയോട് അവളുടെ പൂർവകാമുകൻ ഫേ്‌ളാറന്‍റിനൊ വീണ്ടും പ്രണയാഭ്യർത്ഥന നടത്തുന്നത്. പിരിഞ്ഞതിന് ശേഷം കൃത്യം 51 വര്‍ഷവും ഒമ്പതുമാസവും നാലുദിവസവും പിന്നിട്ട ശേഷം. അപ്പോള്‍ ഫെര്‍മിനയ്ക്ക് 72 വയസ്സ്‌, ഫേ്‌ളാറന്‍റിനൊയ്‌ക്ക്‌ 76 !! എന്ത് രസമാണ് അവരുടെ ജീവിതത്തിലേക്ക് ഒളിഞ്ഞു നോക്കാനെന്നോ.

കാലത്തിലേക്കും വ്യക്തിയിലേക്കും ഒളിഞ്ഞുനോക്കാനുള്ള ഇഷ്ടം കൊണ്ടാവണം ഇടക്കിടെ ഞാനാത്മകഥകൾ തേടിപ്പോകാറുണ്ട്, ആത്മകഥകളോ ആത്മകഥകളെന്ന് തോന്നുന്ന നോവലുകളോ തേടി. ആ പരതലുകളെല്ലാം ബർണാഡ് ഷായെ ഓർമിപ്പിക്കും. നമ്മെ കണ്ടെത്തലല്ല ജീവിതം, നമ്മെ നിർമ്മിക്കലാണത് എന്നെഴുതിയത് ബർണാഡ് ഷായാണ്. ഒരു വട്ടം കടന്നുപോയ ആത്മകഥകളിലൂടെ പിന്നെയെന്നെങ്കിലും രണ്ടാമതൊരുവട്ടം ഞാൻ കടന്നു പോയിട്ടുണ്ടെങ്കിൽ തീർച്ചയായും അത് മേപ്പറഞ്ഞ നിർമിതിയുടെ ആകർഷണം കൊണ്ടു മാത്രമാകും. അങ്ങനൊരാളുണ്ട്, അവൾ അവളെ കണ്ടെത്തുകയായിരുന്നില്ല - അവളെ നിർമ്മിക്കുകയായിരുന്നു. മരിച്ച് മണ്ണടിഞ്ഞ് 92 വർഷങ്ങൾക്കിപ്പുറവും അവളെ ഓർത്തിരിക്കാൻ മാത്രം കരുത്തുള്ള നിർമ്മിതിയായിരുന്നു അത്.

Life isn't about finding yourself. Life is about creating yourself എന്ന് ബർണാഡ് ഷായെക്കൊണ്ട് എഴുതിച്ചതും അവളായിരിക്കണം. ഒരു ദിവസം ബാറിലിരുന്ന് ബർണാഡ് ഷാ മദ്യപിച്ചു കൊണ്ടിരിക്കെ അവൾ വന്നു പറഞ്ഞു, "എന്‍റെ ഭംഗിയും നിങ്ങളുടെ ബുദ്ധിയും ചേര്‍ന്ന ഒരു കുട്ടിയെ ഞാൻ സ്വപ്നം കാണുന്നു. എനിക്ക് നിങ്ങളുമായി ഇണചേരണം!" എന്ന്. "എന്‍റെ സൗന്ദര്യവും നിന്‍റെ ബുദ്ധിയുമാണ് ചേരുന്നതെങ്കില്ലോ, ആ കുട്ടി പെട്ടുപോകും. അതില്‍പ്പരം മറ്റൊരു ദുരന്തമില്ല." എന്ന മറുപടിയിൽ അവളെ കളിയാക്കി വിട്ടെങ്കിലും ബർണാഡ് ഷാ കിടുങ്ങിപ്പോയി. എന്ത് പെണ്ണാണിത് ? ആർ യൂ റെഡി ഫോർ സെക്സ് എന്ന് വ്യവസ്ഥാപിത ആണിടത്തിൽ വന്ന് മുഖത്തു നോക്കി ചോദിച്ച പെണ്ണ്. വേഷത്തിലും പ്രണയത്തിലും രതിയിലും നിലനിന്ന സാമൂഹിക നിയമങ്ങൾക്കുമേൽ കയറി നിന്ന് ഒരുന്മാദിനിയെപ്പോലെ നൃത്തം ചെയ്ത്, അവയെ ചവിട്ടിമെതിച്ച് തന്റെ വഴിയിലൂടെ മാത്രം സ്വതന്ത്രയായി ജീവിച്ച പെണ്ണ്, അവളുടെ പേര് ഇസഡോറ ഡങ്കൻ ! വായിച്ചിട്ടുണ്ടോ ഇസഡോറയുടെ ആത്മകഥ, 'മൈ ലൈഫ്' ?

അതിരിക്കട്ടെ, ഏഴു രാജകുമാരിമാരുടെ കഥ വായിച്ചിട്ടുണ്ടോ ? 1911-ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ ഫ്രഞ്ച് റൈറ്റർ മോറിസ് മെറ്റർലിങ്കാണ് അതെഴുതിയത്. ആധുനിക സാഹിത്യത്തിൽ സിംബോളിക് രീതി ആദ്യമായി ഉപയോഗിച്ചു തുടങ്ങിയത്  മെറ്റർലിങ്കാണ്. ഇസഡോറ മെറ്റർലിങ്കിനോടും പറഞ്ഞു, ''എനിക്ക് നിങ്ങളുമായി ഇണ ചേരണം." മെറ്റർലിങ്കും അവളെ കളിയാക്കി. ''വൗ ! ഞാൻ ഹാപ്പിയാണ്. നിങ്ങള്‍ എന്‍റെ ഭാര്യയുമായി ഒന്ന് ചര്‍ച്ച ചെയ്യണം." തന്റെ ശരീരത്തിന്റെയും തന്റെ തീരുമാനങ്ങളുടെയും ഉടമ താനല്ല എന്ന മറുപടി അയാളിൽ നിന്നു കേട്ടിട്ടും ഇസഡോറ പിന്മാറിപ്പോന്നില്ല. അവൾ മോറിസിന്‍റെ ഭാര്യയെപ്പോയി കണ്ട് തല്ലുകൂടി. ഈ കഥ മോറിസ് മെറ്റർലിങ്കിൽ അവസാനിക്കുന്നില്ല. പ്രശസ്തരായ ആറുപേരെയാണ് എനിക്ക് താങ്കളുടെ കുഞ്ഞിനെ പ്രസവിക്കണം എന്ന മോഹവുമായി ഇസഡോറ ചെന്ന് കാണുന്നത്.

വിക്ടോറിയന്‍ മൊറാലിറ്റിയെ തന്‍റെ ലൈംഗിക തെരഞ്ഞെടുപ്പുകളിലൂടെ ഇസഡോറാ ഡങ്കന്‍ വെല്ലുവിളിക്കുന്നത് 125 വർഷങ്ങൾക്ക് മുമ്പാണ്. 1877 മേയ് 27 ന് സാൻഫ്രാൻസിസ്കോവിൽ ജനിച്ച ഇസഡോറ 1927 സെപ്റ്റംബർ 14 ന് കഴുത്തിൽ കിടന്ന സ്കാർഫ് തന്റെ സ്പോർട്ട്സ് കാറിന്റെ ടയറിൽ ചുറ്റി മരിക്കുമ്പോൾ അവൾക്ക് 50 വയസ്സേ ഉണ്ടായിരുന്നുള്ളൂ. ഈ അമ്പതാണ്ടിന്റെ കഥയാണ് 'മൈ സ്റ്റോറി'.

'മൈ സ്റ്റോറി' വായിക്കുമ്പോൾ ബാലെ നൃത്തത്തിന്റെ നിയമങ്ങൾ അവഗണിച്ചുകൊണ്ട് അയഞ്ഞ വസ്ത്രം ധരിച്ച് നഗ്നപാദയായി നൃത്തം ചെയ്യുന്ന അവളിലെ റിബലിനെ നമ്മളങ്ങ് കാമിച്ച് പോകും. അവളാടിയതിൽ ഏറ്റവും മികച്ച നൃത്തമാണ് അവളുടെ ആത്മകഥ. ആടിയപ്പോഴും ആടാതിരുന്നപ്പഴുമൊക്കെ അവൾ സ്വന്തം കാലിലായിരുന്നു. ഒരാണിനും ഇസഡോറ ഡങ്കൻ അടിമപ്പെട്ടില്ല. ലോകം മുഴുക്കെ അവളുടെ ആട്ടം കണ്ടു. ആടി മടുത്തപ്പോഴൊക്കെ അവൾ തന്റെ ഇഷ്ടക്കാർക്കൊപ്പം പ്രേമനാടകമഭിനയിച്ചു.

''എന്‍റെ സ്റ്റുഡിയോ ഒരു വിചിത്രമായ കെട്ടിടമാണ്, അവിടെ നടന്നതത്രയും വിചിത്രമായ കാര്യങ്ങളായിരുന്നു." ഇസഡോറയെഴുതി. വൈചിത്ര്യങ്ങളിലാണ് അവരെപ്പോഴും ജീവിച്ചത്. അത് കാട്ടി അവർ കൊതിപ്പിച്ചു, അത് കാട്ടി അവർ അസ്വസ്ഥപ്പെടുത്തി. ആവശ്യം വന്ന നേരങ്ങളിൽ തന്റെ ഇഷ്ടക്കാരെ അവർ കിടപ്പറയിലേക്ക് വലിച്ചു കയറ്റി. ആവശ്യം തീർന്നപ്പോൾ ഇറക്കി വിട്ടു. തന്റെ കാമനയെ അതിന്‍റെ എല്ലാ തീവ്രതയോടെയും അനുഭവിച്ച ഒരാൾക്ക് ലൈംഗിക അരാജകവാദി എന്നാണ് പേരെങ്കിൽ ഇസഡോറ ഡങ്കൻ അതാണ്. അതായിരിക്കുന്നതിൽ ആനന്ദിക്കുന്നവളാണ്.

അലന്‍ ടെറിയുടെ മകനും പ്രശസ്ത ഡിസൈനറുമായ ഗോര്‍ഡന്‍ ഗ്രെയ്ഗ്, ഗെയിറ്റ്‌ ലിറിക്‌ എന്ന പിയാനിസ്റ്റ്, ലോഹന്‍ ഗ്രീൻ, നീലക്കണ്ണുകളും സ്വര്‍ണ്ണത്തലമുടിയുമുള്ള വിം, സിംഗര്‍ തയ്യല്‍ മെഷീനിലൂടെ കോടീശ്വരനായ പാരീസ്‌ സിംഗർ, റഷ്യന്‍ കവി സെര്‍ജി യസ്പനിൻ, അങ്ങനെ ഇസഡോറയുടെ ജീവിതത്തിലൂടെ കടന്നുപോയ ആണുങ്ങളേറെയാണ്. പുറത്താക്കപ്പെടുമ്പോൾ അവരനുഭവിച്ചതെന്തായിരുന്നാലും ഇസഡോറ പറയും, "ഞാന്‍ എന്‍റെ പ്രണയത്തില്‍ എക്കാലവും വിശ്വസ്തത പുലര്‍ത്തിയിരുന്നു. ഞാനാരെയെങ്കിലും ഉപേക്ഷിച്ചിട്ടുണ്ടെങ്കില്‍ അതവരോടുള്ള വിശ്വസ്തത നഷ്ടപ്പെട്ടതുകൊണ്ടു മാത്രമാണ്. ഒരിക്കല്‍ സ്നേഹിച്ചവരെ ഞാനിപ്പോഴും സ്നേഹിക്കുന്നുണ്ട്. ആരില്‍ നിന്നെങ്കിലും അകലേണ്ടി വന്നിട്ടുണ്ടെങ്കില്‍ അത് പുരുഷന്‍റെ ചപലത കൊണ്ടും വിധിയുടെ ദയാരാഹിത്യം കൊണ്ടും മാത്രമാണ്."

എങ്കിലും സെർജിയെക്കുറിച്ചോർക്കുമ്പോൾ സങ്കടം വരും. സോവിയറ്റ് യൂണിയനിലെ കർഷകകവിയായിരുന്നു സെർജി എസ്പെനിൻ. തന്‍റെ രക്തം കൊണ്ട് ഇസഡോറയ്ക്ക് കത്തെഴുതി വെച്ചാണ് സെർജി ആത്മഹത്യ ചെയ്തത്. "തീക്ഷ്ണമായ ഹൃദയാഘാതത്തില്‍ നിന്നും രക്ഷനേടിയതേയുള്ളൂ. അടുത്തതില്‍ നിന്നും രക്ഷപെടുമോ?'' എന്ന് എന്നത്തേതും പോലെ പറഞ്ഞു പോകാൻ സെർജിയുടെ മരണം ഇസഡോറയെ അനുവദിച്ചിരിക്കുമോ ? 1925 ലാണ് സെർജി ആത്മഹത്യ ചെയ്യുന്നത്. 1927 ൽ ഇസഡോറയും മടങ്ങി. അത് വിടാം, തുടക്കമോ ഒടുക്കമോ അല്ല നാം ചർച്ചയ്ക്കെടുക്കേണ്ടത്. ഈ പുസ്തകത്തിന്റെ ആത്മാവ് അവിടെയല്ല. ഇത് തന്റെ ഇഷ്ടങ്ങളെ ആഘോഷിച്ച് സ്വതന്ത്രയായി ജീവിച്ച ചരിത്ര വനിതയുടെ ആത്മകഥയാണ് –  ആനന്ദനടനത്തിന്റെ ബൈബിൾ. കണ്ണടച്ച് പ്രാർത്ഥിച്ച്, ബൈബിൾ തുറക്കുന്നത് കാണാറില്ലേ. ഇതാ തുറന്ന് വെക്കുന്നു ഇസഡോറയുടെ സുവിശേഷം, നമുക്ക് വായിക്കാം : that night we stood together on the roof of my villa. the sun was setting beyond the sea. the moon rising and flooding with sparkling light the marble side of the mountain, and when I felt his strong youthful arms about me and his lips on mine, when all his italian passion descended on me. l felt that I was rescued from grief and death, brought back to light — to love again.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
FROM ONMANORAMA