ADVERTISEMENT

കയ്യിലും കണ്ണിലുമല്ല ഇവിടെ പുസ്തകങ്ങൾ ഉടക്കുന്നത്. ഹൃദയത്തിന്റെ നിർമലമായ സൗഹൃദ തടങ്ങളിലാണ്. അതിന്റെ ഊഷ്മളത  ഈ സൗഹൃദക്കൂട്ടത്തിലെ ഓരോ അംഗങ്ങളുടെയും മുഖഭാവങ്ങളിൽ നമുക്ക് കാണാം. ഇന്നത്തെയും ഇന്നലത്തെയും എഴുത്തുരീതികളെക്കുറിച്ചും കൃതികളെക്കുറിച്ചും ഒന്നും രണ്ടും പറഞ്ഞ് തുടങ്ങിയ സൗഹൃദം ഇന്ന് ഏറെ ഗൗരവമേറിയ ചർച്ചകൾ നടത്തുന്ന കൂട്ടായ്മയായി വളർന്നിരിക്കുന്നു. സൗഹൃദ സാംസ്കാരിക വേദിയെന്ന ഈ കൂട്ടായ്മയിൽ ഇന്ന് അൻപതിലധികം അംഗങ്ങളുണ്ട്. എഴുത്ത്, വായന, വിമർശനം എന്നിങ്ങനെ വിവിധ മേഖലകൾ ഇഷ്ടപ്പെടുന്നവരാണിവർ. വിമർശനങ്ങളും വിലയിരുത്തലുകളും പരസ്പരം പങ്കിടുമ്പോൾ പുസ്തക ലോകത്തെ ഇഴപൊട്ടാച്ചരടുകളായി മാറുകയാണ് ഇവർ. 

സാഹിത്യ ലോകത്തെ ഓരോ പ്രമുഖ കൃതികൾ എല്ലാ മാസത്തെയും അവസാനത്തെ ഞായറാഴ്ച ഇവർ ചർച്ച ചെയ്യും. സൗഹൃദ സാഹിത്യ പുരസ്കാരം എന്ന പേരിൽ വർഷം തോറും സംസ്ഥാനതലത്തിൽ മികച്ച കൃതിക്ക് ഈകൂട്ടായ്മ അവാർഡും ഏർപ്പെടുത്തിയിട്ടുണ്ട്. 2019 ലെ സൗഹൃദസാഹിത്യ പുരസ്കാരം സാറാ ജോസഫിന് മറ്റന്നാൾ സമ്മാനിക്കാനുള്ള ഒരുക്കത്തിലാണ് സൗഹൃദ സാംസ്കാരിക വേദി അംഗങ്ങൾ

ചെറിയ തുടക്കം 

അധ്യാപകനും കവിയും ചെണ്ടവാദ്യ കലാകാരനുമായ ധനേഷ് ചീരാൽ, സുഹത്തുക്കളായ സി.പി. ജസിൻ, സി.ഡി. വർഗീസ് എന്നിവർ ചേർന്നാണ് പുസ്തകചർച്ച കൂട്ടായ്മക്ക് തുടക്കമിട്ടത്. ബത്തേരിയിൽ ഒരു സാഹിത്യ സദസ് വളർത്തിയെടുക്കുക എന്നതായിരുന്നു ലക്ഷ്യം. തുടക്കത്തിൽ നടത്തിയ പുസ്തക ചർച്ചകളുടെ രുചി നുണഞ്ഞ് പിന്നീട് ഏറെപ്പേരെത്തി. അതോടെ പുസ്തക ചർച്ച നടത്തുന്നത് കൂടുതൽ സൗകര്യമുള്ള സഹകരണ എംപ്ലോയീസ് സൊസൈറ്റി ഹാളിലേക്ക് മാറ്റി.

ആടു ജീവിതം മുതൽ ആൽകെമിസ്റ്റ് വരെ

2014 ഒക്ടോബർ 26 ന് ആദ്യ ചർച്ച നടന്നു. ബന്യാമിന്റെ ‘ആടുജീവിതം’ ആയിരുന്നു പുസ്തകം. പ്രഫ. കെ. രാജഗോപാലാണ് പുസ്തകം അവതരിപ്പിച്ചത്. 3 മണിക്കൂറോളം നീളുന്നതാണ് ഓരോ പുസ്തക ചർച്ചയും ഒരോ തവണയും അവതരിപ്പിക്കുന്ന പുസ്തകത്തെയും അവതാരകനെയും സംബന്ധിച്ച് തലേ മാസം തന്നെ തീരുമാനമെടുക്കുന്നതിനാൽ പുസ്തക ചർച്ച നടക്കുമ്പോൾ പങ്കെടുക്കുന്നവരെല്ലാം  ചർച്ചക്കെടുക്കുന്ന പുസ്തകം നല്ലവണ്ണം വായിച്ചാണെത്തുക. ഇതും പുസ്തവായനയെ പരിപോഷിപ്പിക്കുന്നതിനു വലിയ താങ്ങായി.

പ്രകാശനവും പ്രസിദ്ധീകരണവും

സൗഹൃദ സാംസ്കാരിക വേദിയിൽ അംഗങ്ങളായ 9 പേരുടെ കൃതികൾ സൗഹൃദയുടെ നേതൃത്വത്തിൽ തന്നെ പ്രകാശനം ചെയ്യുകയുമുണ്ടായി. ജാഫർ സാദിഖിന്റെ ‘ഒറിഗാമി, ഡോ.പി.ബി. സനോജിന്റെ ‘ഡോക്ടറേ ഒരു സംശയം’, ഭാസ്കരൻ ബത്തേരിയുടെ ‘ഉസി’, ധനേഷ് ചീരാലിന്റെ ‘മാഷിന്റേം കുട്യാേൾടേം കവിതകൾ’, കെ.വേലായുധന്റെ ‘ചൂണ്ട’, തോളിൽ സുരേഷിന്റെ ‘കലാഭവൻമണി-ജനപഥത്തിന്റെ പാട്ടും നടനവും’, വിജയൻ പുല്ലഴിയുടെ ‘നീതിപീഠം’, അനിഷ കാപ്പിലിന്റെ ‘മഴവില്ല് വീണ തടാകം’ സാലി യോഹന്നാന്റെ ‘കാറ്റേറ്റു തുറന്ന കിളിവാതിൽ’ എന്നിവയാണവ. ഇതിൽ അനിഷ കാപ്പിലിന്റെ ‘മഴവില്ലു വീണ തടാകം’ പ്രസിദ്ധീകരിച്ചതും സൗഹൃദയാണ്. ഇതു കൂടാതെ കൂട്ടായ്മയിൽ അംഗങ്ങളായ സെബാസ്റ്റ്യൻ ജോസഫിന്റെ ‘വസന്തത്തിന്റെ ഇടിമുഴക്കം’ എന്ന പുസ്തകവും സി.വി. ജോയിയുടെ ‘വയനാട്ടിലെ ഗോത്ര സമുദായങ്ങൾ- ജീവിതവും സംസ്കാരവും’ എന്ന പുസ്തകവും ഏറെ പ്രശംസിക്കപ്പെടുകയും ചെയ്തു. സൗഹൃദയിലെ മറ്റ് അംഗങ്ങൾക്കും എഴുത്തിലേക്കുള്ള പ്രചോദനമാവുകയാണ്  ഇതെല്ലാം.

പ്രോൽസാഹനമേകാൻ പുരസ്കാരം

ചർച്ചകൾക്കും വായനക്കും എഴുത്തിനുമൊപ്പം മികച്ച കൃതികൾ കണ്ടെത്തി അവയ്ക്ക് പുരസ്കാരങ്ങൾ ഏർപ്പെടുത്തണമെന്ന ചിന്തയും തുടക്കത്തിലേയുണ്ടായെന്ന് സൗഹൃദ പ്രസിഡന്റ് ധനേഷ് ചീരാൽ പറയുന്നു. 2016 ൽ ‘ചുരം കയറുകയാണ് ഇറങ്ങുകയാണ്’ എന്ന പുസ്തകത്തിന് അർഷാദ് ബത്തേരിക്കും 2017 ൽ ‘മനുഷ്യന് ഒരു ആമുഖം’ എന്ന കൃതിക്ക് സുഭാഷ് ചന്ദ്രനും 2018 ൽ ‘തക്ഷൻകുന്ന് സ്വരൂപം’ എന്ന കൃതിക്ക് യു.കെ. കുമാരനും പുരസ്കാരങ്ങൾ സമ്മാനിച്ചു. യഥാക്രമം മുഹമ്മദ് അഹമ്മദ്, വി. ആർ. സുധീഷ്, പി. കെ. പാറക്കടവ് എന്നിവരാണ് അവാർഡുകൾ സമ്മാനിച്ചത്. 15000 രൂപയും പ്രശസ്തി പത്രവും ശിൽപവും അടങ്ങുന്നതാണ് പുരസ്കാരം. 2019 ലെ പുരസ്കാരം ‘അലാഹയുടെ പെൺമക്കൾ’ എന്ന കൃതിക്ക് സാറാ ജോസഫിന് സമ്മാനിക്കും. 12 ന് ഉച്ചയ്ക്ക് 2 ന് ബത്തേരി അധ്യാപക ഭവനിലാണ് പുരസ്കാര സമർപ്പണം. വയലാർ അവാർഡ് ജേതാവ് കെ. വി. മോഹൻകുമാറാണ് അവാർഡ് സമ്മാനിക്കുന്നത്. 

പങ്കാളിത്തം  സജീവം

ധനേഷ്കുമാറാണ് സൗഹൃദ സാംസ്കാരിക വേദിയുടെ പ്രസിഡന്റ്. കെ. ഗോപകുമാർ(സെക്ര.), നിസി അഹമ്മദ്(വൈസ് പ്രസി.), കെ. പി. സുരേഷ് (ജോ.സെക്ര.). ഡോ.പി. ബി. സനോജ്(ട്രഷ.), സി. വി. ജോയി, കെ.ഇന്ദിര, സി. ക്സതൂരിബായി, പ്രഫ. കെ. രാജഗോപാലൻ, എം. ബാലകൃഷ്ണൻ(രക്ഷാധികാരികൾ) എന്നിവരാണ് മറ്റു ഭാരവാഹികൾ. ഇവർക്കൊപ്പം വിനയകുമാർ അഴിപ്പുറത്ത്, രമാബായി, പി.വി. ആന്റണി, സീന ആന്റണി,കോമളവല്ലി, ബിന്ദു പുരുഷോത്തമൻ, എൻ.ഡി. ദിഷ, ബാലൻ, ഷിനോയ് ജേക്കബ്, ഷമീർ കരടിപ്പാറ, അനിഷ കാപ്പിൽ, സുരേന്ദ്രൻ മണിച്ചിറ, പി.വി. സിദ്ദിഖ്, ഭാസ്കരൻ ബത്തേരി, ഹരിലാൽ, പി. ആർ. നിധിൻ, സുനിൽ കലാക്ഷേത്ര, എൻ.കെ.ശശി, ജയൻകുപ്പാടി, ആസിയ, ജാഫർ സാദിഖ്, സത്യനാഥൻ, ആരിഫ് തണലോട്ട്, സെബാസ്റ്റ്യൻ ജോസഫ്, സ്റ്റെല്ല സെബാസ്റ്റ്യൻ, രാജശ്രീ ഗോപകുമാർ, ഡിന്നു ജോർജ്, പി.പി. അബൂബക്കർ, അനിൽ, വി. എൻ. സുരേഷ്ബാബു, കെ.വേലായുധൻ, റീന സുനിൽ, എം. എ. പുഷ്പ, ഷാജൻ സെബാസ്റ്റ്യൻ,സാലി യോഹന്നാൻ എന്നവരും സജീവ അംഗങ്ങളാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com