ADVERTISEMENT

കേരളപ്പിറവിദിനം മലയാളനാട് ആഘോഷമാക്കിയപ്പോൾ ഒരു മലയാളി ദൂരെയിരുന്നു തേങ്ങി– മലയാളദേശത്തിന്റെ പിറവിയോടെ കേരളത്തിനു നഷ്ടമായ എഴുത്തുകാരൻ തോപ്പിൽ മുഹമ്മദ് മീരാൻ. കേരളത്തിൽ ജനിച്ച് പിന്നീടു തമിഴരായി മാറിയവരുടെ പ്രതിധിനിയെന്ന നിയോഗം കാലം മീരാന്റെ ചുമലിൽ ഏൽപിക്കുകയായിരുന്നു. കേരളീയരല്ലാതായി മാറേണ്ടിവന്ന തെക്കൻ തിരുവിതാംകൂറുകാരുടെ കണ്ണീരും വിഭജനത്തിന്റെ വേദനകളും മീരാൻ ചോര പൊടിയുന്ന വാക്കുകളിലാണു കുറിച്ചിട്ടത്. ജീവിതനാടകത്തിൽ മുളകു കച്ചവടക്കാരനായും വേഷമിട്ട മീരാന്റെ എഴുത്ത് അദ്ദേഹം വിറ്റിരുന്ന വറ്റൽമുളകിനേക്കാൾ അനുവാചകരെ പൊള്ളിച്ചു. മീരാന്റെ കൃതികൾ വായിച്ച് അദ്ദേഹത്തെ തേടിയെത്തിയവരുടെയെല്ലാം മനസ്സിൽ ഇങ്ങനെയൊരു ചോദ്യമുണ്ടായിരുന്നു: തമിഴിലെ പ്രശസ്തനായ എഴുത്തുകാരൻ ഇങ്ങനെയാണോ ജീവിക്കേണ്ടത്? അതിസാധാരണക്കാരൻ. വാക്കിലോ പ്രകൃതത്തിലോ പ്രകടനങ്ങളില്ല. പാവപ്പെട്ട മീൻകച്ചവടക്കാരന്റെ മകനായ താൻ ഇങ്ങനെയല്ലാതെ പിന്നെ എങ്ങനെയാണു ജീവിക്കേണ്ടതെന്ന് അദ്ദേഹം ചോദിച്ചു. 

അന്നു ‘കൊണ്ട’ വെടിയൊച്ച 

1954 ഓഗസ്റ്റ് 11 ജീവിതത്തിലെ മറക്കാനാവാത്ത ദിവസം. സെക്കൻഡ് ഫോം വിദ്യാർഥിയായ കുട്ടി സ്കൂളിലിരിക്കുമ്പോൾ പുറത്തു പുതുക്കട ചന്തയിൽ വെടിയൊച്ച കേട്ടു. തുരുതുരാ വെടിവയ്പ്പ്. സ്കൂളിനു പുറത്തുവന്ന മീരാൻ തെരുവിൽ ചോരയൊലിച്ചു കിടക്കുന്ന മനുഷ്യരെയാണു കാണുന്നത്. 6 പേർ മരിച്ചുവീണു. വിറങ്ങലിച്ചു നിന്നു കണ്ട ആ ദൃശ്യങ്ങൾ ജീവിതാന്ത്യം വരെ മനസ്സിലുണ്ടായിരുന്നു. ഭാഷയും രാഷ്ട്രീയവും കൂടിക്കലർന്നുണ്ടായ ആ സംഭവത്തിനുശേഷം 2 വർഷം കഴിഞ്ഞു കേരളം പിറവിയെടുത്തു. ‘അന്നുവരെ മലയാളികളായി കഴിഞ്ഞിരുന്ന ഞങ്ങൾ അതോടെ അന്യദേശക്കാരായി മാറി.’ ചങ്കുപറിയുന്ന വേദനയോടെയാണ് മീരാൻ ഇതു പറഞ്ഞിരുന്നത്. 

മുളകുകച്ചവടക്കാരൻ 

തെക്കൻ തിരുവിതാംകൂറിലെ വിളവങ്കോട്, കൽക്കുളം, അഗസ്തീശ്വരം, തോവാള താലൂക്കുകൾ ചേർത്താണു കന്യാകുമാരി ജില്ല രൂപീകരിച്ചത്. വിളവങ്കോടിൽ ഉൾപ്പെട്ട തേങ്ങാപ്പട്ടണമായിരുന്നു ജന്മദേശം. കവി അംശി നാരായണപിള്ള നടത്തിയിരുന്ന അംശി സ്കൂൾ, നാഗർകോവിൽ എസ്ടി ഹിന്ദു കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. കോളജ് പഠനകാലത്തു കവി എസ്. രമേശൻനായർ സഹപാഠിയായിരുന്നു. ബിഎയ്ക്കു പഠിക്കുമ്പോൾ പിതാവു മരിച്ചതോടെ ജീവിതം പ്രതിസന്ധിയിലായി. അങ്ങനെ എണ്ണകമ്പനിയിൽ എടുത്തു കൊടുപ്പുകാരനായി. പിന്നീടാണു മുളകുകച്ചവടത്തിലേക്കു വരുന്നത്. വറ്റൽമുളകു മൊത്തമായെടുത്തു ചാലയിലും ചിന്നക്കടയിലും കൊണ്ടുവന്നു വിറ്റു. പേരെടുത്ത എഴുത്തുകാരനായിട്ടും കച്ചവടം അവസാനിപ്പിച്ചില്ല. മുളകുചാക്കുകളുടെ പുറത്ത് പത്രക്കടലാസു വിരിച്ച് മുകളിൽ പേപ്പർ വച്ചായിരുന്നു എഴുത്ത്. എഴുത്തിന്റെ പ്രിയപ്പെട്ട മറ്റൊരിടം താമ്രപർണി നദിക്കരയായിരുന്നു. നദിക്കരയിലിരുന്ന് തിരുക്കുറലിലെ ശ്ലോകങ്ങൾ ചൊല്ലുമായിരുന്നു. തിരുവള്ളുവരെ ജീവനായിരുന്നു. 

തമിഴ് പഠിക്കാത്തവൻ 

തമിഴിന് ഏറെ പരിചിതമല്ലാത്ത മുസ്‌ലിം അതിജീവനത്തിന്റെ കഥകളാണ് രചനകൾക്കു പ്രമേയമാക്കിയത്. മലയാളം, തമിഴ്, അറബിക്, ഉറുദു കൃതികൾ പഠിച്ചു. അവയുടെ പരിഭാഷയ്ക്കും വഴിയൊരുക്കി. തമിഴ് പഠിക്കാത്തവനെന്നു വിമർശിച്ചു തമിഴ് സാഹിത്യലോകം ആദ്യകാലത്ത് അകറ്റിനിർത്തി. മലയാളത്തിലും ഇടംകിട്ടിയില്ല. കേന്ദ്ര അക്കാദമി പുരസ്കാരത്തിനു ശേഷമാണു അയിത്തം മാറിയതെന്നു പറഞ്ഞ് അദ്ദേഹം ചിരിക്കുമായിരുന്നു. 

ചോരയും നീരും കലർന്ന ഭാഷ 

തമിഴും മലയാളവും കലർന്ന വിചിത്രഭാഷയിൽ എഴുതുന്നയാൾ എന്നു വിമർശിച്ചവരോട് തലയുയർത്തി പറ‍ഞ്ഞു: ‘എന്റെ തമിഴ് അക്കാദമിക തമിഴല്ല. എന്റെ ചോരയും നീരും കലർന്ന ഭാഷയാണ്. എഴുത്തുകാരൻ ജനിച്ചത് എവിടെയെന്നു നോക്കിയല്ല അയാളുടെ സാഹിത്യസൃഷ്ടി വിലയിരുത്തേണ്ടത്.’ 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com