ADVERTISEMENT

എറണാകുളം ജെട്ടിക്കു സമീപം നിന്നാൽ പടിഞ്ഞാറു കായലിൽനിന്നൊരു കാറ്റു വന്ന് നമ്മെ തൊട്ടുപോകും. അക്ഷരങ്ങളുടെ ഈറനും മണവുമുള്ളൊരു കാറ്റ്. പണ്ട് പ്രിയ എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീർ ഇവിടെ പുസ്തക ശാല നടത്തിയതിന്റെ ഓർമയ്ക്കാകണം, ആ കാറ്റ് മുടങ്ങാതെ എത്തുന്നത്. അതുകൊണ്ട് വായനയുടെ വിത്ത് എത്രയെറിഞ്ഞാലും ഇവിടെ അതിവേഗം വേരുപിടിക്കും. എറണാകുളത്തിന്റെ അക്ഷരത്തെരുവായി സമീപത്തെ പ്രസ്ക്ലബ് റോഡ് മാറിയതിനു പിന്നിലും മറ്റൊന്നാകില്ല കാരണം. ഇന്നിതാ മാറുന്ന കാലത്തെ എത്തിപ്പിടിക്കാൻ ‘ബുക്ക് മാൾ’ എന്ന സങ്കൽപം ഉരുവം കൊള്ളുന്നതും ഇവിടെ തന്നെ. വിവിധ ബ്രാൻഡുകളുടെ ഉൽപന്നങ്ങളുമായി മാളുകൾ ഷോപ്പിങ് പ്രേമികളെ സ്വാഗതം ചെയ്യുന്നപോലെ, ഈ മാളും പുസ്തക സ്നേഹികളെ ക്ഷണിക്കുകയാണ്. ബോട്ട് ജെട്ടിക്ക് എതിർവശത്തുള്ള റവന്യു ടവറിൽ സർക്കാരിന്റേത് അടക്കം ഒട്ടേറെ പ്രസാധകരാണ് 3–4 വർഷത്തിനിടയിൽ കടകൾ തുടങ്ങിയിരിക്കുന്നത്. മറ്റു ചില പ്രസാധകരുടെ കടകൾ ഉടൻ തുറക്കാനുള്ള ഒരുക്കത്തിലുമാണ്. വൈവിധ്യമാർന്ന മേഖലകളിലെ പതിനായിരക്കണക്കിന് പുസ്തകങ്ങൾ ഒരു കുടക്കീഴിൽ കിട്ടുമെന്നതാണ് ബുക്ക് മാളിന്റെ മെച്ചം. വർഷം മുഴുവൻ പുസ്തക മേള എന്ന പ്രതീതിയും വായനക്കാരനു കിട്ടും.

മുഴുവനായും ശീതീകരണ സംവിധാനമുള്ള ഇവിടെ ഇരുന്നു വായിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. പുസ്തക വ്യാപാരികളുടെ കൂട്ടായ്മയിൽ ദിവസേന സാംസ്കാരിക പരിപാടികൾ നടത്താനുള്ള ആലോചനകളും മുന്നേറുകയാണ്. അങ്ങനെ വായനയുടെ മുഴുവനായ അനുഭൂതിയുമായി ഒരു മാൾ.

വായനയുടെ ‘അണ്ടർഗ്രൗണ്ട്’

റവന്യു ടവറിന്റെ ബേസ്മെന്റ് നിലയിലേക്ക് ഇറങ്ങുമ്പോൾ മിക്കവാറും മൊബൈൽ ഫോണിന്റെ സിഗ്നലുകൾ കട്ട് ആകും. താഴേയ്ക്ക് എത്തുമ്പോൾ റാക്കുകളിൽ നിറയെ പുസ്തകങ്ങൾ നിറച്ചുവച്ചിരിക്കുന്ന കടകൾ കാണാം. റോഡിലെ വാഹനങ്ങളുടെ ബഹളങ്ങളില്ല. ചൂട് മാറി തണുപ്പാകുന്നു. എല്ലാ കടകളിലും മേശയും കസേരയുമുണ്ട്. എവിടെ വേണമെങ്കിലും കയറി ഇരുന്നു സ്വസ്ഥമായി അക്ഷരങ്ങളോടു കൂട്ടുകൂടാം. മടുത്താൽ അടുത്ത കടയിലേക്ക്. പുസ്തകൾ വാങ്ങിച്ചാലും ഇല്ലെങ്കിലും അതു തേടി ആളുകൾ വരുന്നതും ഇവിടെ സമയം ചെലവഴിക്കുന്നതുമാണ് പുസ്തക മാൾ സങ്കൽപത്തിന്റെ വിജയമെന്നു വ്യാപാരികൾ പറയുന്നു. വായനയുടെ ആകാശങ്ങൾ വിപുലമാക്കുന്നതിന് മിക്കവാറും ദിവസങ്ങളിൽ എഴുത്തുകാരെ ക്ഷണിച്ച് സാംസ്കാരിക കൂട്ടായ്മകൾ ഒരുക്കാനുള്ള പദ്ധതി ബുക്ക് മാൾ കൂടുതൽ ജനകീയമാക്കുമെന്നും ഇവർ പ്രതീക്ഷിക്കുന്നു. മൂന്നു മാസത്തിൽ ഒരിക്കൽ എല്ലാ വ്യാപാരികളും ചേർന്ന് പുസ്തക മേളകൾ നടത്താനും ആലോചനയുണ്ട്.

കേന്ദ്ര സർക്കാരിനു കീഴിലുള്ള നാഷനൽ ബുക്ക് ട്രസ്റ്റ്, കേരള സർക്കാരിന്റെ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, ബുക്ക് മാർക്ക്, കൊങ്കിണി സാഹിത്യ കേന്ദ്രം തുടങ്ങി ആറോളം പ്രസാധകരുടെ കടകളാണ് നിലവിൽ ഇവിടെയുള്ളത്. മലയാളത്തിലെ പ്രമുഖരായ പല പ്രസാധകരും ഉടൻ ഇവിടെ ഷോറൂം തുറക്കുന്നുണ്ട്. അതിന്റെ നിർമാണം പുരോഗമിക്കുകയാണ്. പൂർണമായൊരു പുസ്തകാനുഭൂതി വായനക്കാരനു നൽകാൻ ഇനിയും കൂടുതൽ പ്രസാധകർ ഇവിടേക്ക്  എത്തുമെന്നാണ് ഇവരുടെ പ്രതീക്ഷ.

എൻബിടി കേരളത്തിൽ ആദ്യം

ഒട്ടേറെ മലയാളം ടൈറ്റിലുകൾ ഉണ്ടായിട്ടും നാഷനൽ ബുക്ക് ട്രസ്റ്റിന്റെ പുസ്തകങ്ങൾ കേരളത്തിൽ കണികാണാൻ കിട്ടാത്ത കാലമുണ്ടായിരുന്നു. വർഷത്തിൽ ഒരിക്കൽ എത്തുന്ന ഏതെങ്കിലും പുസ്തക മേളകളിൽ കണ്ടുകിട്ടിയാലായി. എന്നാൽ അതിനൊരു അറുതിയായി കേരളത്തിലെ എൻബിടിയുടെ ആദ്യ ഷോറൂം തുടങ്ങിയിരിക്കുന്നത് റവന്യു ടവറിലാണ്. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ വിവിധ ഇന്ത്യൻ ഭാഷകളിലെ കൃതികളുടെ മലയാള പരിഭാഷയുടെ വൻ ശേഖരമാണ് എൻബിടിയുടെ ഹൈലൈറ്റ്. കൂടാതെ ഇന്ത്യയിലെ പ്രശസ്ത ബാലസാഹിത്യ കൃതികളുടെ വർണശബളമായ മലയാളം, ഇംഗ്ലിഷ് പരിഭാഷകളും ഇവിടെ ലഭ്യം. സർക്കാർ സബ്സിഡി നൽകുന്നതിനാൽ ഉയർന്ന നിലവാരത്തിലുള്ള പുസ്തകങ്ങൾ തുച്ഛമായ വിലയ്ക്കാണ് എൻബിടി വിൽക്കുന്നത്. ഒൻപതു രൂപ മുതൽ ബാലസാഹിത്യ കൃതികൾ ലഭിക്കും. 

സാഹിത്യ അക്കാദമിയും അരികെ

കേരള സാഹിത്യ അക്കാദമിയുടെ മികവുറ്റ പുസ്തകങ്ങൾ എവിടെ കിട്ടുമെന്ന് സംശയിച്ച് ഇനി അലയേണ്ട. തൃശൂരിലേക്കും വണ്ടി കയറേണ്ട. റവന്യു ടവറിലെ ബുക്ക് മാർക്കിന്റെ കടയിലേക്കു വന്നാൽ മതി. പിഎസ്‌സി നേരിട്ട് ഇറക്കുന്ന റാങ്ക് ഫയലുകളും ഇവിടെ ലഭിക്കും. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കുന്ന പുസ്തകങ്ങളും ഇവിടെനിന്നു വാങ്ങാം. എൻസൈക്ലോപീഡിയ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വൈജ്ഞാനിക ഗ്രന്ഥകങ്ങളും ഇവിടെയുണ്ട്. ഒട്ടേറെ സ്വകാര്യ പ്രസാധകരുടെ അംഗീകൃത ഡീലർ‌ കൂടിയാണ് ബുക്ക് മാർക്ക്. അറിവിന്റെ അമൂല്യ ശേഖരവുമായി ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഷോറൂമും വായനക്കാരനെ കാത്തിരിക്കുകയാണ്. കൂടുതൽ പ്രസാധകർ എത്തുന്നതോടെ ബുക്ക് മാൾ എന്ന സങ്കൽപം എറണാകുളത്തിന്റെ വായനയുടെ ചരിത്രത്തിൽ പുതിയൊരു അധ്യായം തീർക്കുമെന്നതിൽ സംശയം വേണ്ട.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com