മായരുത്, നമ്മുടെ മലയാളം

HIGHLIGHTS
  • കേരളത്തിലെ എല്ലാ സ്കൂളുകളിലും മലയാളം നിർബന്ധമായി പഠിപ്പിക്കണം
  • നിയമം നിലവിൽ വന്നിട്ട് 2 വർഷം...
Malayalam
SHARE

കേരളത്തിലെ എല്ലാ സ്കൂളുകളിലും 1 മുതൽ 10 വരെ ക്ലാസുകളിൽ മലയാളം നിർബന്ധമായി പഠിപ്പിക്കണമെന്ന നിയമം നിലവിൽ വന്നിട്ട് 2 വർഷം പൂർത്തിയാകുന്നു. 2017–18 അധ്യയനവർഷം മുതൽ ഈ നിയമം നടപ്പാക്കണമെന്നു നിയമത്തിൽതന്നെ കൃത്യമായി നിഷ്കർഷിച്ചിരുന്നെങ്കിലും ഇനിയും നടപ്പായില്ല. ബാലചന്ദ്രൻ ചുള്ളിക്കാട് അഭിപ്രായപ്പെട്ടതുപോലെ, മലയാളികൾക്കോ സംസ്ഥാന സർക്കാരിനോ ഇത്തരമൊരു നിയമം നടപ്പാക്കണമെന്ന് ആഗ്രഹമില്ലാത്തതാണു കാരണം.

രാജ്യത്തു മറ്റൊരു സംസ്ഥാനത്തും ഇത്തരം സ്ഥിതിവിശേഷമുണ്ടാകില്ല. തമിഴ്നാട് ഉൾപ്പെടെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ഭാഷാസ്നേഹത്തിനായി ജനങ്ങൾ നടത്തുന്ന മുന്നേറ്റങ്ങൾക്കു നേതൃത്വം കൊടുക്കുന്ന സർക്കാരുകളെയാണു കാണാനാവുക. എന്നാൽ ഇവിടെയൊരു നിയമം പാസാക്കിയിട്ട് അതു നടപ്പാക്കാൻ ഇച്ഛാശക്തി കാണിക്കാത്ത അധികൃതരെയാണു കാണുന്നത്. മലയാള ഭാഷാ സ്നേഹികളുടെ ഏറെക്കാലത്തെ നിവേദനങ്ങൾക്കും പ്രക്ഷോഭങ്ങൾക്കുമൊടുവിൽ കേരളത്തിലെ എല്ലാ സ്കൂളുകളിലും മലയാളം നിർബന്ധമായി പഠിപ്പിക്കണമെന്ന് അനുശാസിക്കുന്ന നിയമം പാസാക്കിയത് 2017 മേയ് 24നു വിളിച്ചുചേർത്ത പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ്. ഏകകണ്ഠമായി പാസാക്കിയ നിയമം ഗവർണർ അംഗീകരിച്ചത് 2017 ജൂൺ 2നായിരുന്നു. 

2017–18  അധ്യയനവർഷം മുതൽ നടപ്പാക്കണമെന്നു നിയമത്തിൽ നിഷ്കർഷിച്ചിരുന്നെങ്കിലും ചട്ടങ്ങൾ ആവിഷ്കരിക്കാത്തതിനാൽ ആ വർഷം നടപ്പായില്ല. 2018ൽ ചട്ടങ്ങൾ നിലവിൽ വന്നെങ്കിലും 2018– 19 വർഷത്തിലും നടപ്പായില്ല. ചട്ടം നടപ്പാക്കാൻ വിദ്യാഭ്യാസ അധികൃതർ മടിക്കുന്ന സാഹചര്യത്തിലാണു വീണ്ടുമൊരു അധ്യയനവർഷം വരുന്നത്. 2011ലെ ഒന്നാം ഭാഷാ ഉത്തരവു സെക്രട്ടേറിയറ്റിൽ നടപടി സ്വീകരിക്കാതെ ഇല്ലാതാക്കിയതു പോലെ മലയാള ഭാഷാ പഠനനിയമം താമസിപ്പിച്ച്  ഇല്ലാതാക്കാനുള്ള ഗൂഢ ശ്രമമാണോ നടക്കുന്നതെന്നു ഭാഷാസ്നേഹികൾ സംശയിക്കുന്നു.  

ഓരോ വിദ്യാഭ്യാസ ജില്ലയിലും ഡിഇഒയുടെ നേതൃത്വത്തിൽ 7 പേരടങ്ങുന്ന കമ്മിറ്റി എല്ലാ സ്കൂളിലും മലയാളം പഠിപ്പിക്കുന്നുണ്ടോ എന്നു പരിശോധിച്ചുറപ്പാക്കണമെന്നു നിയമം അനുശാസിക്കുന്നു. എസ്‌ഇആർടി പാഠപുസ്തകംതന്നെ മലയാളം പഠിപ്പിക്കാൻ സ്വീകരിക്കണം. ഡിഡിഇയുടെ നേതൃത്വത്തിൽ 5 പേരടങ്ങുന്ന മിന്നൽ പരിശോധന സമിതി രൂപീകരിക്കണം. ഓരോ വർഷവും ഓഗസ്റ്റിൽ ഈ കമ്മിറ്റികൾ സർക്കാരിലേക്കു റിപ്പോർട്ട് സമർപ്പിക്കണമെന്നാണു ചട്ടം. ഇതിന്റെ അടിസ്ഥാനത്തിൽ നിയമം നടപ്പാക്കാത്ത സ്കൂളുകൾക്കെതിരെ നടപടി സ്വീകരിക്കും. 5000 രൂപ പിഴയാണ് ആദ്യഘട്ട ശിക്ഷ. 3 തവണ ആവർത്തിച്ചാൽ സ്കൂളിന്റെ അംഗീകാരം നഷ്ടപ്പെടും.

കഴിഞ്ഞ വർഷത്തെ റിപ്പോർട്ട് പരിശോധിച്ചാൽ വഴിപാടു പരിശോധനകൾ നടത്തി നിയമത്തെ നോക്കുകുത്തിയാക്കാനുള്ള ശ്രമങ്ങളാണു വിദ്യാഭ്യാസവകുപ്പു നടത്തുന്നതെന്നു വ്യക്തമാണെന്നു ഭാഷാസ്നേഹികൾ പറയുന്നു. 

മലയാളം നിർബന്ധമാക്കാൻ വിഖ്യാത പ്രസ്താവന

മലയാളം നിർബന്ധമാക്കാൻ പാസാക്കിയ നിയമം നടപ്പാക്കാൻ മടി കാണിക്കുന്ന കേരളത്തിനു മാധുര്യത്തോടെ ഓർക്കാൻ ഇതാ പഴയൊരു പ്രസ്താവന. സെൻട്രൽ സ്കൂൾ ഉൾപ്പടെ കേരളത്തിലെ എല്ലാ സ്കൂളുകളിലും മലയാളം നിർബന്ധമാക്കാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്നതാണ് ഈ പ്രസ്താവന. സാഹിത്യകാരൻ എസ്.കെ. പൊറ്റെക്കാട്ട് ആദ്യ ഒപ്പുവച്ച 1982 ജൂൺ 15ലെ ഈ പ്രസ്താവനയിൽ അക്കാലത്തെ മുഴുവൻ സാഹിത്യനായകന്മാരും ഒപ്പുവച്ചു. 

മലയാളം പ്രഫസറും എഴുത്തുകാരനുമായ ഡോ. ജോർജ് ഇരുമ്പയത്തിന്റെ ഭാഷാസ്നേഹമാണ് ഈ പ്രസ്താവനയ്ക്കു പിന്നിൽ പ്രവർത്തിച്ചത്. ഔദ്യോഗിക ജീവിതത്തിലെ 20 വർഷമാണു ജോർജ്  മലബാറിൽ ചെലവഴിച്ചത്. കോഴിക്കോട് അശോകപുരത്തു താമസിക്കുമ്പോൾ വീട്ടിനടുത്തു സെൻട്രൽ സ്കൂളിൽ പഠിക്കുന്ന കുട്ടികളുണ്ടായിരുന്നു. മലയാളികളായിട്ടും ഈ കുട്ടികൾക്കു മലയാളം എഴുതാനോ വായിക്കാനോ അറിയില്ലെന്ന യാഥാർഥ്യം തിരിച്ചറിഞ്ഞ ജോർജ് ഇരുമ്പയം മലയാള ഭാഷയ്ക്കായി രംഗത്തിറങ്ങി. കോഴിക്കോട്ടെ സൗഹൃദക്കൂട്ടായ്മയിൽ അന്ന് എസ്.കെ. പൊറ്റെക്കാട്ട്, വൈക്കം മുഹമദ് ബഷീർ, സുകുമാർ  അഴീക്കോട്, എൻ.വി. കൃഷ്ണ വാരിയർ തുടങ്ങിയവരൊക്കെയുണ്ട്. ജോർജ് ഇരുമ്പയം എഴുതിത്തയാറാക്കിയ പ്രസ്താവന ആദ്യം എസ്.കെ യെ കാണിച്ചു. അദ്ദേഹം അതു മനോഹരമായ കൈപ്പടയിൽ മാറ്റിയെഴുതി ആദ്യ ഒപ്പുവച്ചു. അടുത്ത ഒപ്പിനായി വൈക്കം മുഹമദ് ബഷീറിന്റെ പക്കലെത്തി. ഒപ്പിനു പകരം പക്ഷേ, ബഷീറിന്റെ മറുപടി മുഖത്തടിച്ച പോലെ ഒരു ചോദ്യമായിരുന്നു: ‘അതെന്താ ഞാനല്ലേ ഇതിൽ ആദ്യ ഒപ്പിടേണ്ടിയിരുന്ന ആൾ...’ ഒരുവിധം സമാധാനിപ്പിച്ച് ഒപ്പു വാങ്ങി.

തുടർന്ന് ഈ പ്രസ്താവന മുഖ്യമന്ത്രി ഇ.കെ. നായനാർക്കും മന്ത്രി ടി.എം. ജേക്കബിനും അയച്ചു. സംസ്ഥാന സർക്കാർ ഈ പ്രസ്താവന കേരളത്തിലെ എല്ലാ യൂണിവേഴ്സിറ്റികൾക്കും അയച്ചു. കാലിക്കറ്റ് സർവകലാശാല  അക്കാദമിക് കൗൺസിലിലും ചർച്ചയിലെത്തി. 

മലയാളത്തെ സംരക്ഷിച്ച കോടതിവിധി

മലയാളം നിർബന്ധമായി പഠിപ്പിക്കാൻ നിയമം പാസാക്കും മുൻപു കോടതിയിൽനിന്നു ചരിത്രത്തിലിടം നേടിയ വിധി സമ്പാദിച്ച ചരിത്രവും നമുക്കുണ്ട്. സെൻട്രൽ സ്കൂളിലും മലയാളം നിർബന്ധമായി പഠിപ്പിക്കണമെന്നാവശ്യപ്പെട്ട് ഡോ. ജോർജ് ഇരുമ്പയം, ഡോ. കെ.എസ്. രാധാകൃഷ്ണൻ, എം.വി. ബെന്നി എന്നിവർ ഡോ. സെബാറ്റ്യൻ പോൾ മുഖേന ഹൈക്കോടതിയിൽ നൽകിയ കേസ് ആണ് ഇക്കാര്യത്തിൽ സുപ്രധാന വിധിക്കു വഴി തുറന്നത്. 1988ലായിരുന്നു വിധി. ചരിത്രസംഭവമായി മാറിയ വിധിയെത്തുടർന്നു മലയാളം നിർബന്ധമായി പഠിപ്പിക്കേണ്ടിവന്നു. 

കേന്ദ്രീയ വിദ്യാലയ സിലബസിൽ മാറ്റം വരുത്തി. സംസ്കൃതത്തിനു പകരം മാതൃഭാഷ പഠിപ്പിക്കാനും സംസ്കൃതം ഹിന്ദിയുടെ ഭാഗമായി പഠിപ്പിക്കാനുമായിരുന്നു തീരുമാനം. ഒന്നോ രണ്ടോ മാസം മലയാളം പഠിപ്പിച്ചെങ്കിലും സംസ്കൃതാധ്യാപകർ ഇന്ത്യയൊട്ടുക്കും ഇളകി. കൂട്ടത്തോടെ പണപ്പിരിവു നടത്തി നിയമയുദ്ധം നടത്തി. കിട്ടാവുന്നതിൽവച്ചേറ്റവും മികച്ച അഭിഭാഷകനെ മലയാളത്തിനെതിരെ പട നയിക്കാൻ നിയോഗിച്ചു സുപ്രീംകോടതിയിൽ നിന്നു സ്റ്റേ സമ്പാദിച്ചു. മലയാള സംരക്ഷണ വേദി രൂപീകരിക്കുംമുമ്പാണ് ഇവരെല്ലാം മലയാളത്തിനായി കോടതി കയറിയത്. 

മലയാള ഭാഷാ സംരക്ഷണ പ്രസ്ഥാനങ്ങൾ

മലയാള ഭാഷയുടെ പ്രാധാന്യം തിരിച്ചറിഞ്ഞു പ്രവർത്തിക്കാൻ കേരളത്തിൽ പല പ്രസ്ഥാനങ്ങളുമുണ്ടായിട്ടുണ്ട്. എറണാകുളം ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന മലയാള സംരക്ഷണ വേദി, പി. പവിത്രന്റെ നേതൃത്വത്തിൽ തൃശൂർ ആസ്ഥാനമായി പ്രവർത്തിച്ച മലയാള ഐക്യവേദി, തിരുവനന്തപുരം ആസ്ഥാനമായ മലയാള സമിതി എന്നിവയാണ് ഇതിൽ പ്രധാനപ്പെട്ടവ. ഈ 3 മാതൃഭാഷാ സംഘടനകളുടെയും പൊതുവേദി ആയാണ് ഇപ്പോൾ ഐക്യ മലയാള പ്രസ്ഥാനം പ്രവർത്തിക്കുന്നത്.

1989 ഒക്ടോബർ 3നു സെന്റ് ആൽബർട്സ് കോളജിൽ ചില അധ്യാപകരുടെ നേതൃത്വത്തിൽ ചേർന്ന ആലോചനായോഗത്തിലാണു മലയാള സംരക്ഷണവേദി രൂപീകരിച്ചത്.  പ്രഫ. എൻ.പി. രാമചന്ദ്രൻ നായർ ചെയർമാനും ജോർജ് ഇരുമ്പയം പ്രസിഡന്റും തൃക്കാക്കര ഭാരത് മാതാ കോളജിലെ പ്രഫ.  ടി.ഡി. മാത്യു സെക്രട്ടറിയുമായാണ് ആദ്യ കമ്മിറ്റിക്കു രൂപം നൽകിയത്. ബാലചന്ദ്രൻ ചുള്ളിക്കാട്, എം.വി. ബെന്നി, കെ.എസ്. രാധാകൃഷ്ണൻ തുടങ്ങി ധാരാളം പേർ അന്നു മലയാള സംരക്ഷണ വേദിയുമായി ബന്ധപ്പെട്ടു സജീവമായി രംഗത്തുണ്ടായിരുന്നു. വേദി കേരളത്തിൽ ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തി. എറണാകുളം, തിരുവനന്തപുരം, കോഴിക്കോട്, തലശേരി, കോട്ടയം എന്നിവിടങ്ങളിൽ സമ്മേളനങ്ങൾ നടത്തി. വി.ആർ. കൃഷ്ണയ്യർ ചെയർമാനായിരുന്ന കാലത്തു ഡൽഹിയിലും ഭാഷാസമ്മേളനം നടത്തി. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
FROM ONMANORAMA