മലയാളത്തിലെ ആദ്യ ദലിത് നോവലിന് ഇംഗ്ലിഷിൽ പുനർജന്മം

HIGHLIGHTS
  • ഇന്ത്യയിലെ ദലിത് നോവൽ, പുറത്തുവരുന്നത് അരനൂറ്റാണ്ട് മുമ്പ്–1962 ൽ
pulayathara
SHARE

ഇന്ത്യയിൽ ആദ്യത്തെ ദലിത് നോവൽ പുറത്തുവരുന്നത് അരനൂറ്റാണ്ട് മുമ്പ്–1962 ൽ. കേരളത്തിലാണ് നോവൽ പ്രസിദ്ധീകരിക്കപ്പെട്ടത്. എഴുതിയത് ഒരു മലയാളിയും. കേരളവും മലയാളവും പൂർണമായി വിസ്മരിക്കുകയും അവഗണിക്കുകയും ചെയ്ത പോൾ ചിറക്കരോടിന്റെ പുലയത്തറ. 57 വർഷം മുമ്പ് പ്രസിദ്ധീകരിച്ചെങ്കിലും ഇപ്പോൾ കോപ്പികൾ ലഭ്യമല്ലാത്ത പുലയത്തറയ്ക്ക് പുനർജൻമം– ഇംഗ്ളിഷിൽ. ഒരു മലയാളി വനിതയാണ് പുലയത്തറയുടെ ഇംഗ്ലിഷ് മൊഴിമാറ്റത്തിനു പിന്നിൽ– കാതറിൻ തങ്കമ്മ. ഓക്സ്ഫഡ് യൂണിവേഴ്സിറ്റി പ്രസിനുവേണ്ടി മിനി കൃഷ്ണൻ എഡിറ്റ് ചെയ്ത പുസ്തകം വീണ്ടും മലയാളികളെ തേടിയെത്തുകയാണ്; ഇംഗ്ളിഷിലൂടെ ലോകമെങ്ങുമുള്ള വായനക്കാരെയും. 

1962 നു മുമ്പും ദലിത് കഥാപാത്രങ്ങളെ അവതരിപ്പിച്ച നോവലുകളുണ്ടായിട്ടുണ്ട്. നായകരായി തന്നെ വിഭാഗത്തിൽനിന്നുള്ളവരുമുണ്ടായിട്ടുണ്ട്. അവയൊന്നും എഴുതിയത് ദലിതരായിരുന്നില്ല. തകഴിയുടെ തോട്ടിയുടെ മകൻ ഉൾപ്പെടെയുള്ള നോവലുകൾ. പക്ഷേ, പൂർണമായും ദലിത് നോവലെന്ന വിശേഷണം ആദ്യമായി സ്വന്തമാക്കുന്നത് പുലയത്തറയാണ്. നോവലെഴുതിയത് തിരുവല്ലയിൽ പമ്പാനദിയുടെ തീരത്ത് മാരാമണ്ണിൽ ജനിച്ചുവളർന്ന പ്രമുഖ സാമൂഹിക പരിഷ്കർത്താവും സാംസ്കാരിക നായകനുമായ പോൾ ചിറക്കരോടും. 1938 സെപ്റ്റംബർ നാലിനാണ് പോളിന്റെ ജനനം, സി എം എസ് സ്കൂളിൽ അധ്യാപകനും സുവിശേഷകനും വേദപണ്ഡിതനുമായിരുന്ന റവ. സി.ടി. ദാനിയേലിന്റെയും ഏലിയാമ്മയുടെയും മകനായി. കോഴഞ്ചേരി സെയ്ന്റ് തോമസ് കോളജിൽ ഇന്റർമീഡിയറ്റിനു പഠിക്കുമ്പോൾ പോൾ ആദ്യ നോവലെഴുതി. 17–ാം വയസ്സിൽ. പേര് അലഞ്ഞുതീർന്ന ആത്മാവ്. ആരോഗ്യ വകുപ്പിൽ കുറച്ചുകാലം സേവനമനുഷ്ഠിച്ച ശേഷം മുഴുവൻ സമയ പൊതുപ്രവർത്തനത്തിനുവേണ്ടി ജോലി രാജിവെച്ചു. കല്ലറ സുകുമാരനോടൊപ്പം കേരള ഹരിജൻ ഫെഡറേഷൻ, ഇൻഡ്യൻ ലേബർ പാർട്ടി എന്നീ സംഘടനകളുടെ അമരക്കാരനായിരുന്നു. ബാംഗളൂരു ആസ്ഥാനമായുള്ള സി ഐ എസ് ആർ എസ് എന്ന സംഘടനയുടെ ദലിത് വിഭാഗം പഠനങ്ങളുടെ റിസർച്ച് അസിസ്റ്റന്റായി പ്രവർത്തിച്ചു. പടവുകൾ എന്ന മാസികയുടെ എഡിറ്ററായിരുന്നു. പുലയത്തറയ്ക്കു പുറമെ മതിൽ, നിഴൽ, വെളിച്ചം, ന്യായാസനം, ഏകാന്തതയുടെ ദ്വീപ്, ആവരണം എന്നീ കൃതികളും രചിച്ച അദ്ദേഹം തിരുവനന്തപുരത്ത് മരിക്കുന്നത് 11 വർഷം മുമ്പ്. അപ്പോഴേക്കും ദലിത് സാഹിത്യം ഇന്ത്യയിൽ വളർച്ച പ്രാപിച്ചിരുന്നു. സ്വന്തമായ വ്യക്തിത്വവും നേടിയിരുന്നു. എങ്കിലും അജ്ഞാതമായ കാരണങ്ങളാൽ പോൾ വിസ്മൃതനായി. അവഗണിക്കപ്പെട്ടു. ഒടുവിൽ കാതറിൻ തങ്കമ്മയുടെ ശ്രമഫലമായി പുലയത്തറ വീണ്ടുമെത്തുകയാണ്. ഒരു തുണ്ടു മണ്ണ് സ്വന്തമാക്കാനായി ഒരു ജ

നവിഭാഗം നടത്തിയ പോരാട്ടത്തെക്കുറിച്ച് ഓർമിപ്പിച്ച്. മണ്ണിൽ പണിയെടുക്കണം. അധ്വാനം കൊയ്തുകൂട്ടണം. പക്ഷേ, ഒരിക്കലും അന്തിയുറങ്ങാനോ അവസാനമായി ഉറങ്ങാനോ പോലും ഒരു തുണ്ട് മണ്ണ് നിഷേധിക്കപ്പെട്ട പരിവർത്തിത ക്രൈസ്തവരുടെ പരിതാപകരമായ കഥ പറഞ്ഞുകൊണ്ട്. 

62– ൽ പോൾ പുലയത്തറ സ്വയം അച്ചടിച്ച് പ്രസിദ്ധീകരിക്കുകയായിരുന്നു. 500 കോപ്പികൾ. 2014 ൽ ഒരു പ്രസാധകൻ നോവൽ വീണ്ടും അച്ചടിക്കാൻ തീരുമാനിക്കുമ്പോൾ ബാക്കിയുണ്ടായിരുന്നത് മൂന്നു കോപ്പികൾ മാത്രം. പരിവർത്തിത ക്രിസ്ത്യാനിയുടെ മകളെ പ്രണയിച്ച്, പ്രണയസാഫല്യത്തിനുവേണ്ടി ക്രിസ്തുമതത്തിലേക്കു പരിവർത്തനം ചെയ്യുന്ന കണ്ടങ്കോരനാണ് പുലയത്തറയിലെ നായകൻ. മണ്ണു കോരി തറയുണ്ടാക്കി, ജൻമിക്ക് പണം കൊടുത്ത് മുളയും ഓലയും വാങ്ങി കൂടിലു വച്ചിട്ടും തറ പോലും നിഷേധിക്കപ്പെട്ട തേവൻ പുലയൻ സങ്കടകഥ സമാന്തരമായി പറയുന്നുണ്ട്. ഒപ്പം സൗഭാഗ്യങ്ങളും നീതിയും സമത്വവും പ്രതീക്ഷിച്ച് സമുദായം ഉപേക്ഷിച്ചിട്ടും ജാതി–വർണ വെറിയുടെ ഇരകളായി കഴിയുന്ന ഒരു വലിയ കൂട്ടം മനുഷ്യരുടെ അധികമാരും ആഘോഷിക്കപ്പെടാതെപോയ സങ്കടങ്ങളുടെ കഥയും. 

കേവലം ഒരു സമുദായത്തന്റെ പരിവർത്തനത്തിന്റെ മാത്രം കഥയല്ല, വിവിധ സമുദായങ്ങളുടെ അടിച്ചമർത്തലിന്റെയും അടിമത്വത്തിന്റെയും കഥ കൂടിയാണ് പോൾ പറഞ്ഞത്. പോളിന്റെ പിതാവും നോവലിലെ ഒരു കഥാപാത്രമാണ്. കൽക്കരി പോലെ കറുത്ത, എണ്ണമിനുപ്പില്ലാത്ത ഇടതൂർന്ന മുടിയുള്ള, ലതറിന്റെ പുറം ചട്ടയുള്ള ബൈബിളുമായി ദൈവവചനം പ്രചരിപ്പിച്ച സുവിശേഷകൻ. ഇതേ കഥാപാത്രം പോളിന്റെ മറ്റു നോവലുകളിലും വന്നുപോകുന്നുണ്ട്. ഒരു കാലഘട്ടത്തിന്റെ പ്രതീകമായി. 

പോളിന്റെ ഒരു ചെറുകഥയാണ് കാതറിൻ തങ്കമ്മ ഓക്സ്ഫഡ് ഇന്ത്യാ ആന്തോളജിക്കുവേണ്ടി ആദ്യം വിവർത്തനം ചെയ്യുന്നത്–ഗൃഹാതുരത്വം. പിന്നീട് പുലയത്തറയുടെ ആദ്യ അഞ്ച് അധ്യായങ്ങളും പരിഭാഷപ്പെടുത്തി. പിന്നെയായിരുന്നു പൂർണമായ മൊഴിമാറ്റം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
FROM ONMANORAMA