sections
MORE

വശ്യഗന്ധങ്ങളുടെ വിരുന്നാണ് 'തമാശ' !

HIGHLIGHTS
  • തമാശ സിനിമയെകുറിച്ച് എഴുത്തുകാരൻ ലിജീഷ് കുമാർ എഴുതുന്നു
Thamaasha
SHARE

പ്രണയം ഒരു നഴ്സറിപ്പാട്ട് പോലെ ലളിതമാണ് എന്നെഴുതിയത് കെ.ജി.എസ്സാണ്. രണ്ട് മണിക്കൂർ ദൈർഘ്യമുള്ള ഒരു നഴ്സറിപ്പാട്ട് കേട്ടിട്ടുണ്ടോ, ഇല്ലെങ്കിൽ തമാശ കാണണം കേട്ടോ. ആ രണ്ട് മണിക്കൂറിന്റെ പേരാണ് ഹാപ്പി അവേഴ്‌സ് എന്റര്‍ടെയ്ൻമെന്റ്.

'കുന്നോളം... കിനാവോളം...

ഒരു പൂതി പൂത്താകെ...!' 

റെക്സ് വിജയന്‍റെ ഈണത്തില്‍ ഷഹബാസ് അമന്‍ മുഹ്സിന്‍ പരാരിയുടെ പാട്ട് പാടുമ്പോൾ കുട്ടിക്കാലത്തേക്ക് മടക്കിവെച്ച കുഞ്ഞുടുപ്പിന്റെ മണമായിരുന്നു തീയേറ്ററിനകം നിറയെ. സ്റ്റാഫ് റൂമിൽ നിന്ന് ശ്രീനിവാസമ്മാഷ് ചോറ്റുപാത്രം തുറന്നപ്പോൾ മണമടിച്ച് കസേരയിൽ നിന്ന് പൊങ്ങി ബബിത ടീച്ചറുടെയും ശ്രീനിവാസമ്മാഷിന്റെയും ജാലകവിടവ് വരെയെത്തിപ്പോയി. ഒരു ഗ്ലാസ് മസാലച്ചായയിൽ അര ഗ്ലാസേ ശ്രീനിവാസമ്മാഷ് കുടിക്കൂ, ബാക്കി നമുക്കാണ്. അര ഗ്ലാസിന്റെ പൈസ മതി എന്ന് ശ്രീനിവാസമ്മാഷോട് പറയുന്ന ചായക്കടക്കാരൻ ആവി പറക്കുന്ന സമോവറിന്റെ മറവിലൂടെ ഒളിഞ്ഞു നോക്കിയത് കണ്ടില്ലായിരുന്നോ?

ഓർമകൾ നഷ്ടപ്പെട്ടുപോയ മൂസക്ക നിലത്ത് പേപ്പർ വിരിച്ചു കിടക്കുന്ന ശ്രീനിവാസമ്മാഷെ തന്റെ രോഗക്കിടക്കയിലേക്ക് വിളിച്ചു കിടത്തുന്നുണ്ട്, അയാളാരാണെന്നു പോലും മൂസാക്കയ്ക്കോർമയില്ല. കറ്റാർവാഴയിട്ട് തിളപ്പിച്ച എണ്ണ മേലാസകലം പൂശി മുറ്റത്ത് കൂടെ ഉലാത്തുമ്പോൾ അച്ഛനിൽ നിന്ന് പുറപ്പെടുന്ന മണമായിരുന്നു മൂസക്കയുടെ വിയർപ്പിനെന്ന് ശ്രീനിവാസമ്മാഷിന് പിടികിട്ടിക്കാണും. അതിനോടൊട്ടിയൊട്ടി ചുരുണ്ട് കൂടുമ്പോൾ വിയർപ്പിന് സ്നേഹത്തിന്റെ മണമാണെന്ന് ശ്രീനിവാസമ്മാഷ് ലോകത്തോടാകമാനം വിളിച്ചു പറഞ്ഞു.

ബിരിയാണിച്ചെമ്പിലടച്ച റഹീമിന്റെ മുഹബത്തിന്റെ മണം, പുലാവിന്റെ മണം, മസാലച്ചായയുടെ മണം, വിയർപ്പിന്റെ മണം, എത് യോഗിയുടേയും മനസ്സിളക്കുന്ന അമ്മയുടെ ചിക്കൻ കറിയുടെ മണം, മണങ്ങൾ, മണങ്ങൾ !! വശ്യഗന്ധങ്ങളുടെ വിരുന്നാണ് 'തമാശ'.

ഒരിക്കൽ മാത്രമേ ഒരു പെണ്ണിനൊപ്പം ശ്രീനിവാസമ്മാഷ് കൂൾബാറിൽ പോയിട്ടുള്ളൂ. അന്നാണ് കടയുടെ ഉത്തരത്തിൽ നിന്ന് മാഷിന്റെ മുടികൊഴിഞ്ഞ തലയിലേക്ക് അബദ്ധത്തിൽ പെയിന്റ് തട്ടി മറിയുന്നത്. ആ കയ്യബദ്ധം നമ്മുടെയാണ്. നമ്മുടെ ജാഗ്രതക്കുറവു കൊണ്ട് പിരിഞ്ഞു പോയ എത്ര മനുഷ്യരുണ്ടെന്നോ... ഒരു പെണ്ണിനോട് മിണ്ടിയും പറഞ്ഞും നിൽക്കുമ്പോൾ കൃത്യമായി ശ്രീനിവാസമ്മാഷിന്റെ വിഗ് പറിച്ചെടുക്കുന്ന കുട്ടി നമ്മളാണ്. എത്ര ക്രൂരമായ നിഷ്കളങ്കതയാണ് പലപ്പോഴും നമുക്കെന്നോ. വിഗ് ഇളകിപോയപ്പോൾ ആ തലയിൽ നിന്ന് പുറപ്പെട്ട് തീയേറ്ററാകെപ്പരന്ന അപകർഷതയുടെ രൂക്ഷഗന്ധം അതുവരേക്കും അവിടമാസകലം പരന്ന ഉന്മത്ത ഗന്ധങ്ങളെ മുഴുവൻ ഒറ്റയടിക്ക് കൊന്നുകളഞ്ഞു. തേനില്‍ ചാലിച്ച കുമ്പളങ്ങ നീരിന്റെ കയ്പും ചവർപ്പുമുള്ള മണം. ആ മണങ്ങളെ മുഴുവൻ ഫുൾ ജാർ ഫലൂദയിൽ മുക്കുന്ന ചിന്നുവാണ് തമാശയിലെ കൈപ്പുണ്യമുള്ള പാചകറാണി. അവൾ വിളമ്പുന്ന ഒരു കുഞ്ഞ് കേക്ക് മതി വയറ് നിറഞ്ഞു പൊട്ടാൻ !!

തീയേറ്ററിലെ കയ്യടികളിൽ ലയിച്ച് കഥ പറഞ്ഞ് കഥ പറഞ്ഞ് ചിന്നുവും ശ്രീനിവാസമ്മാഷും മടങ്ങുമ്പോൾ അന്നോളം തന്നെ കളിയാക്കിയ ലോകത്തോട് ശ്രീനിവാസൻ മാഷിന് കടപ്പാടാണോ, ശത്രുതയാണോ? ശത്രുതാപരമായ കടപ്പാട് !! (antagonistic indebtedness), അതല്ലേ ശരി? കൂക്കി വിളിച്ച ലോകത്തോട്, നവ മാധ്യമങ്ങളിൽ പൊങ്കാലയിട്ട് ശീലിച്ച് ലോകത്തോട് ശ്രീനിവാസമ്മാഷ് പറയുന്നു - ''കയ്യടിക്കെടാ''. എത്ര ധാർഷ്ട്യത്തോടെ അടക്കിവെച്ചാലും കൈകൾ താനേ പൊങ്ങും, അവ പരസ്പരം കൂട്ടിയിടിച്ച് പിരിയും, ഉറപ്പ്. അഷ്റഫ് ഹംസയ്ക്കും ടീമിനും റെഡ് സല്യൂട്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA