sections
MORE

ഒരൊറ്റ ട്വീറ്റ്; നതാഷ ടെയ്ന്‍സിനു നഷ്ടമായത് കോടികളുടെ കരാർ

Natasha Tynes
നതാഷ ടെയ്ന്‍സ് (ചിത്രത്തിന് സമൂഹമാധ്യമങ്ങളോട് കടപ്പാട്)
SHARE

ഒരു ട്വിറ്റര്‍ സന്ദേശത്തിന്റെ പേരില്‍ ജോര്‍ദാനില്‍നിന്നുള്ള യുവ അമേരിക്കന്‍ എഴുത്തുകാരിക്ക് നഷ്ടപ്പെട്ടത് പ്രസാധകരുമായി ഉണ്ടാക്കിയ കോടികളുടെ കരാര്‍. ഫലം മാനസിക സംഘര്‍ഷങ്ങളും രോഗങ്ങളും ഭാഗ്യം തേടിയെത്തിയ രാജ്യത്തുനിന്ന് സ്വന്തം രാജ്യത്തേക്കുള്ള മടക്കവും. 

നതാഷ ടെയ്ന്‍സ് എന്ന എഴുത്തുകാരിയാണ് ഒരു സന്ദേശത്തിന്റെ പേരില്‍ അപ്രതീക്ഷിതവും നാടകീയവുമായ സംഭവങ്ങളിലെ നായികയായത്. കരാര്‍ റദ്ദാക്കിയതിന്റെ പേരില്‍ പ്രസാധക സ്ഥാപനത്തിനെതിരെ കേസുമായി നീങ്ങുകയാണ് നതാഷയുടെ അഭിഭാഷകര്‍. 13 ദശലക്ഷം ഡോളർ (90 കോടിയിലേറെ രൂപ) നഷ്ടപരിഹാരം ആവശ്യപ്പെട്ട് അവര്‍ കോടതിയെ സമീപിക്കുകയും ചെയ്തു. 

കഴിഞ്ഞ മേയിൽ വാഷിങ്ടൻ മെട്രോ ട്രെയിനില്‍നിന്നുള്ള ഒരു ചിത്രം സഹിതം നതാഷ ഒരു ട്വീറ്റ് ചെയ്തു. ഗതാഗത വകുപ്പിലെ ഒരു ജീവനക്കാരി ട്രെയിനിൽ ഭക്ഷണം കഴിക്കുന്നതായിരുന്നു ചിത്രം. ‘രാവിലെ മെട്രോയില്‍ യാത്ര ചെയ്യുമ്പോള്‍, യൂണിഫോമില്‍ ഗതാഗതവകുപ്പിലെ ജീവനക്കാരി ഭക്ഷണം കഴിക്കുന്ന കാഴ്ച എത്ര അരോചകമാണ്. ജീവനക്കാര്‍ക്ക് ജോലിക്കിടയില്‍ ഇങ്ങനെ ട്രെയിനിലിരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവാദമില്ലെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഇത് അനുവദിക്കാന്‍ പറ്റില്ല. അധികൃതര്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു’ എന്നായിരുന്നു ട്വീറ്റ്. 

സന്ദേശം സമൂഹമാധ്യമങ്ങളില്‍ വൈറലായതിനെത്തുടര്‍ന്ന് അധികൃതര്‍ നതാഷയോട് യാത്രയുടെ വിശദാംശങ്ങള്‍ അന്വേഷിച്ചു. ട്രെയിനും സമയവും ദിശയും ദിവസവും വ്യക്തമാക്കി നതാഷ മറുപടി കൊടുക്കുകയും ചെയ്തു. പക്ഷേ, എതിര്‍പ്പും പ്രതിഷേധവും ഉയര്‍ന്നത് സമൂഹമാധ്യമങ്ങളില്‍. കറുത്ത വര്‍ഗക്കാരിയായ ഒരു ജീവനക്കാരിയെ ഇങ്ങനെ ആക്ഷേപിക്കാന്‍ പാടുണ്ടോ എന്നായിരുന്നു പ്രധാന ചര്‍ച്ച. ജോര്‍ദാനില്‍നിന്നുള്ള, ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട വ്യക്തിയായിരുന്നിട്ടും ഒരു സാധാരണ തൊഴിലാളിയെ ആക്ഷേപിക്കാന്‍ നതാഷയ്ക്ക് എങ്ങനെ തോന്നിയെന്നും ചോദ്യങ്ങളുണ്ടായി.

അതിനിടെ, ജോലിസമയത്തല്ല, രണ്ടു ഡ്യൂട്ടികളുടെ ഇടവേളയിലാണ് ജീവനക്കാരി ഭക്ഷണം കഴിച്ചതെന്ന വിശദീകരണവുമായി തൊഴിലാളി സംഘടനയും രംഗത്തെത്തി. അവര്‍ തൊഴില്‍ നിയമം ലംഘിച്ചില്ലെന്നും മെട്രോ ട്രെയിനുകളില്‍ ഭക്ഷണം കഴിക്കുന്നതിനും വെള്ളം കുടിക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ലെന്നും വാദമുയര്‍ന്നു. പ്രതിഷേധം കടുത്തതോടെ നതാഷ മാപ്പു പറഞ്ഞു. ട്വിറ്റര്‍ സന്ദേശം പിൻവലിക്കുകയും ചെയ്തു.

പക്ഷേ, നതാഷയുടെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ കരാറുണ്ടാക്കിയിരുന്ന റെയര്‍ ബേഡ് എന്ന പ്രസാധക സ്ഥാപനം കരാർ റദ്ദാക്കുകയാണെന്ന് അറിയിച്ചു. നതാഷ ചെയ്തത് ഒരിക്കലും അംഗീകരിക്കാനാവാത്ത കാര്യമാണെന്നും അതിനാൽ അവരുമായി കരാര്‍ തുടരാന്‍ ബുദ്ധിമുട്ടാണെന്നും സ്ഥാപനം അറിയിച്ചു. കറുത്ത വര്‍ഗക്കാരായ തൊഴിലാളികള്‍ ഇത്തരത്തില്‍ നിരന്തരംഎതിര്‍പ്പും ആക്ഷേപവും അപമാനവും നേരിടുന്നുണ്ട്. ഒരു എഴുത്തുകാരി തന്നെ തൊഴിലാളിയെ അപമാനിക്കുന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല- റെയര്‍ ബേഡ് വിശദീകരിച്ചു. ഇതിനെതിരെയാണ് നതാഷയുടെ അഭിഭാഷകര്‍ കോടതിയെ സമീപിച്ചത്. 

ഒരു ട്വിറ്റര്‍ സന്ദേശത്തിന്റെ പേരില്‍ ഇതുവരെ ഒരാൾക്കും നേരിടേണ്ടിവന്നിട്ടില്ലാത്ത അധിക്ഷേപമാണ് നടാഷയ്ക്കു നേരേയുണ്ടായതെന്ന് അവര്‍ പറയുന്നു. നതാഷ കടുത്ത മാനസിക സംഘര്‍ഷം അനുഭവിച്ചു, വംശീയ പരാമര്‍ശങ്ങളെ നേരിട്ടു, വധഭീഷണി പോലുമുണ്ടായി. കടുത്ത നെഞ്ചുവേദനയെത്തുടര്‍ന്ന് ആശുപത്രിയിലായ നതാഷ ഒടുവില്‍ ബന്ധുക്കൾക്കൊപ്പം സ്വന്തം രാജ്യമായ ജോര്‍ദാനിലേക്കു മടങ്ങുകയും ചെയ്തു. ഇതിന്റെ പേരില്‍ അവർക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്നാണ് അവരുടെ അഭിഭാഷകര്‍ വാദിക്കുന്നത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
FROM ONMANORAMA