ADVERTISEMENT

തമ്പി ആന്റണിയുടെ മെക്സിക്കൻ മതിൽ എന്ന കഥയുടെ നിരൂപണം 

അമേരിക്കയുടെ കൃത്യമായ രാഷ്ട്രീയം പറയുന്ന കഥകൾ തുലോം കുറവാണു മലയാളത്തിൽ. അല്ലെങ്കിൽത്തന്നെ രാഷ്ട്രീയം നന്നായി പറയുന്ന എത്ര കഥകളുണ്ടെന്ന ചോദ്യവും പ്രധാനമാണ്. അപ്പോഴാണ് അമേരിക്കയിൽ സ്ഥിരതാമസമാക്കിയ എഴുത്തുകാരനും സിനിമാനടനും നിർമാതാവുമായ തമ്പി ആന്റണി മെക്സിക്കൻ അഭയാർഥികളുടെ ജീവിതത്തെ അക്ഷരങ്ങളാക്കുന്നത്. മെക്സിക്കൻ മതിൽ എന്ന പുതിയ കഥ ഒരു കഥാകൃത്ത് എന്ന നിലയിൽ തമ്പി ആന്റണിയെ ഏറെ ദൂരം സാഹിത്യലോകത്ത് മുന്നോട്ടു കൊണ്ടു പോയിരിക്കുന്നു എന്ന് ആദ്യംതന്നെ പറയേണ്ടി വരും. ഏറെ ആന്തരികമായ ഒരു രഹസ്യം പോലെയാണ് കഥയിലെ പത്രപ്രവർത്തകനും എഴുത്തുകാരനുമായ സന്തോഷ് മെക്സിക്കോയിലെ കാർലോസിനെക്കുറിച്ച് സ്വന്തം ഹൃദയത്തോടു തന്നെ അന്വേഷിക്കുന്നത്. പക്ഷേ കോട്ടയത്ത് എത്ര മത്തായിമാരുണ്ട് എന്ന ജോണ്‍ എബ്രഹാമിന്റെ ചോദ്യം പോലെ, മെക്സിക്കോയിൽ എത്ര കാർലോസുമാരുണ്ട് എന്ന രഹസ്യവും സന്തോഷിനെ വേട്ടയാടുന്നു. പക്ഷേ ഇപ്പോൾ, ഈ നിമിഷം അയാൾ ടിവിയിൽ കണ്ട കാർലോസ് എന്ന ഡ്രഗ് ഡീലർ അയാളെ ആരുടെയോ വിദൂര ഛായ ഓർമിപ്പിക്കുന്നുണ്ട്. ആ ആളെ തിരഞ്ഞുള്ള അന്വേഷണവും അതിന്റെ രാഷ്ട്രീയ മാനങ്ങളുമാണ് മെക്സിക്കൻ മതിലെന്ന കഥ പറയുന്നത്.

യാതൊരു ആവശ്യവുമില്ലാഞ്ഞിട്ടും സ്വാഭാവികമായ പത്രപ്രവർത്തന ത്വര കൊണ്ട് സന്തോഷ് കാർലോസിനെ തിരഞ്ഞു ചെല്ലുമ്പോൾ അയാളുടെ മുന്നിലൊരു ബോർഡുണ്ട്, അതിൽ ഇങ്ങനെ എഴുതിയിരിക്കുന്നു: "പ്ലീസ് ഹെൽപ് മീ ടു ഗോ ടു ഹെൽ"

അതിനു താഴെ, നിറം കെട്ട, അഭയാർഥികളുടെ മുഖവുമായി കാർലോസ് ഫവേല ഇരിക്കുന്നു.

‘ഞാൻ സാധാരണ ലഞ്ച് കഴിക്കാൻ പോകുന്ന വഴിയിലുള്ള  വിൽമാർ തെരുവിൽവെച്ചാണ് അയാളെ ആദ്യമായി ഞാൻ കണ്ടുമുട്ടുന്നത്. ആ തെരുവിലെ, നട്ടുവളർത്തിയ പൊക്കംകുറഞ്ഞ മേപ്പിൾമരങ്ങൾക്കിടയിൽ ആരും ശ്രദ്ധിക്കാൻ സാദ്ധ്യതയില്ലാത്ത ഒരു പഴയ ഒറ്റനിലക്കെട്ടിടത്തിലെ പച്ചക്കറിക്കടയുടെ ഓരം ചേർന്നാണ് അയാൾ ഇരിക്കാറുണ്ടായിരുന്നത്’ – കാർലോസ് ഫവേലയെ കുറിച്ച് സന്തോഷിന്റെ ആദ്യ കാഴ്ച ഇതാണ്. ഈ വരികളിൽ, മേപ്പിൾ മരങ്ങൾക്കിടയിൽ ഇടയ്ക്കിടെ നടക്കാൻ സാധ്യതയുള്ള ഒരു രൂപം തെളിഞ്ഞു വരും. അയാൾ അയഞ്ഞു തൂങ്ങിയ വൂളൻ വസ്ത്രങ്ങൾ ധരിച്ചിട്ടുണ്ടാവും. പക്ഷേ രഹസ്യങ്ങളുടെ ഒരു കൂമ്പാരം പോലെ തൂങ്ങിയ അയാളുടെ ഹൃദയം ആരെങ്കിലും കണ്ടിട്ടുണ്ടാകുമോ! അതു തിരയാൻ നോക്കിയെങ്കിലും പരാജയമായിരുന്നു സന്തോഷിനെയും കാത്തിരുന്നത്.

ഒരിക്കലും ഭിക്ഷ ചോദിക്കാത്ത ഒരു യാചകനായിരുന്നു കാർലോസ്. പക്ഷേ അധികമായേക്കും എന്നുറപ്പുള്ള ഭക്ഷണം സന്തോഷ് നൽകുമ്പോൾ അതു സ്വീകരിക്കുവാൻ കാർലോസ് മടി കാട്ടിയില്ല. വിശപ്പു തന്നെയായിരുന്നു അയാളുടെ പ്രശ്നം എന്നതു കൊണ്ട് പണം നൽകിയാലും "ഐ ആം ഹംഗ്രി" എന്ന് പറയാൻ കാർലോസിന്‌ എളുപ്പമായിരുന്നു. പെട്ടെന്നൊരു ദിവസം മുതൽ അയാളെ കാണാതാവുകയും ദിവസങ്ങൾക്കു ശേഷം അതേ കാർലോസുമായി രൂപ സാദൃശ്യമുള്ള കാർലോസ് ലോപ്പസിനെ അമേരിക്കൻ പോലീസ് പിടികൂടുകയും ചെയ്തു. ‘കുപ്രസിദ്ധ മെക്സിക്കൻ ഡ്രഗ് ഡീലർ കാർലോസ് ലോപ്പസ്  അമേരിക്കൻ ബോർഡർ പെട്രോളിന്റെ കസ്റ്റഡിയിൽ’. 

പക്ഷേ യഥാർഥത്തിൽ അവിടെ ആരാണ് അറസ്റ്റു ചെയ്യപ്പെടുന്നത്? എന്തുകൊണ്ട് മെക്സിക്കൻസ് ആയ മനുഷ്യർ ഇത്തരത്തിൽ അമേരിക്കൻ ഉദ്യോഗസ്ഥരാൽ അറസ്റ്റു ചെയ്യപ്പെടുകയോ പിന്നെ കാണാതാകുകയോ ചെയ്യുന്നു? അതാണ് അമേരിക്കയുടെ അഭയാർഥി രാഷ്ട്രീയം.

അമേരിക്കയുടെ അതിർത്തി പ്രദേശമാണ് മേക്കാലോ. അതായത് മെക്സിക്കോയുടെ അതിർത്തി പങ്കിടുന്ന സ്ഥലം. അമേരിക്കയിലേക്ക് കള്ളത്തരത്തിൽ കുടിയേറി പാർക്കുന്നവരുടെയും പാർക്കാൻ ആഗ്രഹിക്കുന്നവരുടെയും പ്രിയപ്പെട്ട സ്ഥലമാണിത്. ദുൽഖർ സൽമാന്റെ ‘സിഐഎ’ എന്ന ചിത്രത്തിൽ അമേരിക്കയിലേക്കു നേരിട്ട് പോകാൻ യാതൊരു വഴിയുമില്ലാത്ത യാത്രികർ മെക്സിക്കൻ അതിർത്തി വഴി കയറുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെങ്കിൽ കാര്യങ്ങൾ മനസ്സിലാക്കാൻ കുറച്ചു കൂടി എളുപ്പമായി. പക്ഷേ പുറത്തു നിന്നുള്ളവർ മാത്രമല്ല, കള്ളക്കടത്തും അഭയാർഥികളുമുള്ള മെക്സിക്കോയിലെ മനുഷ്യർക്ക് നല്ലൊരു ജീവിതം കൂടിയാണ് അമേരിക്ക ദൂരെ നിന്നു മോഹിപ്പിച്ച് വാഗ്ദാനം ചെയ്യുന്നത്. മറ്റൊന്നും ചെയ്യാനില്ലാതെ, ജീവിക്കാൻ, അവരുടെ ജീവിതവും സ്വപ്നങ്ങളും കരുപ്പിടിപ്പിക്കാൻ ഇറങ്ങുന്ന മെക്സിക്കൻ യുവാക്കൾ മയക്കുമരുന്നിലും കള്ളക്കടത്തിലും ഇറങ്ങിയില്ലെങ്കിലേ അതിശയമുള്ളൂ. ഇതൊന്നുമില്ലാത്തവർ നരകത്തിലെങ്കിലും പോയാൽ മതി എന്ന അസഹിഷ്ണുതാ വാദത്തോടെ തെരുവുകളിൽ കാർലോസുമാരായി അലഞ്ഞേക്കും. അങ്ങനെ എത്ര കാർലോസുമാർ!

കാർലോസ് ഫവേല എങ്ങനെ കാർലോസ് ലോപ്പസ് ആയി? വളരെ എളുപ്പമാണ്. വിദൂര ഛായ ഉള്ള, ഒരേ പേരുള്ള, തെരുവിൽ അലയുന്നവർക്ക്  പേരിന്റെയൊപ്പം സർ നെയിമുകൾ ഉണ്ടാകില്ല. ഫവേല ആയാലും ലോപ്പസ് ആയാലും എല്ലാവർക്കും ഒരേ മുഖം, ഒരേ ആദ്യ നാമം. അമേരിക്കൻ സൈന്യത്തിന് കുറ്റവാളിയായി ആരെ ലഭിച്ചാലും മതി. വീണ്ടും വീണ്ടും കുറ്റവാളികൾ ഉണ്ടായിക്കൊണ്ടേയിരിക്കുന്നതൊന്നും അവർക്കൊരു പ്രശ്‌നമേയല്ല. ഇത് മെക്സിക്കൻ ജനത മാത്രമനുഭവിക്കുന്ന ഭാവനാ രാഹിത്യത്തിന്റെയും അനാഥത്വത്തിന്റെയും ചതിയുടെയും കഥയാണോ? വായിക്കുമ്പോൾ ഒരുപക്ഷേ കാർലോസിന്‌ മറ്റനേകം പേരുകളും അനേകം രൂപങ്ങളും ഉണ്ടാകുന്നത് കാണാം, മെക്സിക്കോ എന്ന നഗരത്തിനു പല നഗരങ്ങളുടെയും രൂപവും നിറവും വരുന്നതും കാണാം.

"ഹെലികോപ്റ്റർ താഴ്ന്നു പറക്കുബോൾ ആടിയുലയുന്ന ഓറഞ്ച് മരങ്ങൾക്കിടയിലൂടെ ഓടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലാണ് മിക്കവാറും കണ്ടുപിടിക്കപ്പെടുന്നത്. അവരുടെ റിപ്പോർട്ട് അനുസരിച്ച്, പൊലീസ് പാഞ്ഞെത്തി പമ്മിയിരുന്നു പൂച്ച എലിയെ പിടിക്കുന്ന ലാഘവത്തോടെ  കാർലോസിന്റെ മേൽ ചാടി വീഴുകയായിരുന്നിരിക്കണം "- പൂച്ച എലിയെ പിടിക്കുന്ന ലാഘവത്തിൽ കാർലോസിനെ പിടികൂടുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ കഥ കേൾക്കുമ്പോൾ സമകാലിക ലോക രാഷ്ട്രീയത്തെപ്പോലും നോക്കിക്കാണാൻ സാധിക്കും. ശക്തമായ നേതൃസ്ഥാനത്തുള്ളവർ വെറുതെ പൂച്ച എലികളെ തട്ടിക്കളിക്കുന്ന ലാഘവത്വത്തോടെ, പ്രതികരിക്കുന്നവരെ തുരത്തുന്ന കാഴ്ചകളാണെങ്ങും. എന്തിനേറെ പറയുന്നു, ഈ എലിയും പൂച്ചയും കളി കേരളത്തിൽപോലും ചൂണ്ടിക്കാണിക്കാനാവില്ലേ! അധികാരിവർഗ്ഗം എല്ലായ്പ്പോഴും അങ്ങനെയാണെന്നും തെരുവിൽ അലയുന്നവൻ പേരും ഊരുമില്ലാതെ ഇല്ലാതാക്കാൻ വിധിക്കപ്പെടുന്നവനാണെന്നും തമ്പി ആന്റണി കാർലോസിലൂടെ പറഞ്ഞു വയ്ക്കുന്നു.

പത്രപ്രവർത്തകനായ സന്തോഷിന് ഇവിടെയിനി ഒന്നും ചെയ്യാനില്ല; നിശബ്ദനായി കാർലോസിനു വേണ്ടി നടത്തി വന്ന അന്വേഷണം മതിയാക്കുകയല്ലാതെ. പക്ഷേ അയാൾക്ക് നന്നായി അറിയാം, കാർലോസ് എന്ന പേര് മെക്സിക്കോയിലെ എണ്ണമറ്റ മനുഷ്യരുടെ പേരാണ്. അവർക്കാർക്കും പിന്നിൽ കെട്ടിത്തൂക്കാൻ വാലുകളുണ്ടാവില്ല. പക്ഷേ ഉറപ്പായും അവർക്കൊക്കെ ഇതേ ഗതി തന്നെയാകും. ഇതാണ് അമേരിക്കയുടെ അഭയാർഥി രാഷ്ട്രീയം. നിലനിൽക്കുന്ന രാജ്യത്തെ മാനുഷിക പരിഗണനയുടെ പേരിൽ കൂടി ചോദ്യം ചെയ്യുകയാണ് തമ്പി ആന്റണി മെക്സിക്കൻ മതിൽ എന്ന കഥയിലൂടെ. ഒരിക്കൽ താൻ സഞ്ചരിച്ച വഴികളിലൂടെ കഥയിൽ കൂടി നടക്കവേ കണ്ടു മുട്ടിയ മനുഷ്യരുടെ കാഴ്ചകൾ തന്നെയാവാം ഇങ്ങനെയൊരു കഥയ്ക്ക് തമ്പി ആന്റണിയെ പ്രേരിപ്പിച്ചിട്ടുണ്ടാവുക. എന്തുതന്നെയായാലും അമേരിക്കയുടെ അധികമൊന്നും കാണാത്ത രാഷ്ട്രീയ മുഖം അനാവരണം ചെയ്യുന്ന കഥ വായിക്കപ്പെടേണ്ടതും അതിന്റെ സമകാലീന അവസ്ഥകൾ ചർച്ച ചെയ്യപ്പെടേണ്ടതുമാണെന്ന് നിസംശയം പറയാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com