കഥപറയുന്ന പുറംചട്ടകളും ബിരിയാണിയുടെ കവറിലുള്ള ആ കയ്യും!

HIGHLIGHTS
  • ലോകസാഹിത്യകാരന്‍ മിലാന്‍ കുന്ദേരയുടെ പുസ്തകങ്ങള്‍ ദൂരെനിന്നേ തിരിച്ചറിയാനാകും.
  • മലയാളത്തില്‍ ഇങ്ങനൊരു സ്ഥിരം പാറ്റേണുണ്ടായിരുന്നത് ബഷീറിനായിരുന്നു.
Abin Joseph
SHARE

സുരേഷ്‌ഗോപി സിനിമകളിലെ പൊലീസുകാരുടെ റിവോള്‍വര്‍– അതായിരുന്നു ആ പുസ്തകത്തിന്റെ കവര്‍. അക്കാലത്ത് ആക്‌ഷന്‍ സിനിമകളില്‍ ഹരം കയറി നടക്കുന്ന പരുവമായിരുന്നതുകൊണ്ട്, മുന്നും പിന്നും നോക്കാതെ അതെടുത്ത് ലൈബ്രറിയില്‍നിന്നിറങ്ങി. 

പുസ്തകം- സിംഹം. 

എഴുതിയത്- കോട്ടയം പുഷ്പനാഥ്. 

കോട്ടയം പുഷ്പനാഥ് ഒന്നാന്തരം നോവലെഴുത്തുകാരനാണെങ്കിലും ഡിറ്റക്ടീവ് നോവലുകളൊന്നും അധികം വായിക്കാറില്ല; അന്നും ഇന്നും. പക്ഷേ, ആ കവറിലെ നിഗൂഢമായ എന്തൊക്കെയോ സംഗതികളാണെന്നെ ആകര്‍ഷിച്ചത്. അതിനു മുന്‍പും പിന്നെയും പുസ്തകങ്ങളുടെ കവറുകള്‍ അതിലേക്കു വലിച്ചടുപ്പിക്കുന്ന കാന്തങ്ങളായിരുന്നു. 

ചില ലൈബ്രറികളുണ്ട്. എല്ലാ പുസ്തകങ്ങളും പൊതിഞ്ഞുവെച്ചിട്ടുണ്ടാകും. ഒന്നുകില്‍ ബ്രൗണ്‍ പേപ്പര്‍കൊണ്ട്. അല്ലെങ്കില്‍ പത്രമോ കലണ്ടറോ വെച്ച്. അതിനു മുകളില്‍ ഒരു വെള്ളക്കടലാസില്‍ പുസ്തകത്തിന്റെയും എഴുത്തുകാരന്റെയും പേരെഴുതി ഒട്ടിച്ചിട്ടുണ്ടാകും. പുസ്തകങ്ങളെക്കുറിച്ചോര്‍ക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ കലിപ്പു തോന്നുന്ന സംഗതി അതാണ്. കഥാപാത്രങ്ങളിലേക്കുള്ള രഹസ്യവഴി കൊട്ടിയടച്ച പുസ്തകപ്പൊതി. സ്‌കൂള്‍ ലൈബ്രറിയില്‍നിന്നു പുസ്തകമെടുത്തപാടെ, പൊതിയഴിച്ചുകളയുന്നതുകണ്ട് ഒരു കൂട്ടുകാരി കാര്യം ചോദിച്ചിട്ടുമുണ്ട്. മിക്കവാറും എല്ലാ കവര്‍പേജുകളിലും ഉള്ളടക്കത്തിലേക്കുള്ള ഒരു കൊളുത്തുണ്ടാകും. 

ലോകസാഹിത്യകാരന്‍ മിലാന്‍ കുന്ദേരയുടെ പുസ്തകങ്ങള്‍ ദൂരെനിന്നേ തിരിച്ചറിയാനാകും. തൂവെള്ള നിറത്തിലാകും, അത്. പ്രത്യേകമായൊരു ഫോണ്ടില്‍ എഴുത്തുകാരന്റെയും നോവലിന്റെയും പേര് സൈഡില്‍ എഴുതിയിട്ടുണ്ടാകും. കവറിലെ ഇല്ലസ്‌ട്രേഷനും ഒരേ പാറ്റേണിലാണ്. ജാപ്പനീസ് എഴുത്തുകാരനായ ഹരൂകി മുറകാമിയുടെ നോവലുകളും ഇതേ പാറ്റേണില്‍ മിനിമല്‍ ഡിസൈനുമായാണ് പുറത്തിറങ്ങാറുള്ളത്. മിക്കവാറും കറുത്ത കവറായിരിക്കും. അല്ലെങ്കില്‍ ചുവപ്പ്. പുസ്തകശാലയിലെ സൈഡലമാരയില്‍ ദൂരെനിന്നുതന്നെ നമുക്കവരെ തിരിച്ചറിയാം. ഗാര്‍ഷ്യ മാര്‍ക്കേസിന്റെ പുസ്തകങ്ങളുടേത് അത്ര സിംപിള്‍ അല്ല. മാര്‍ക്കേസിയന്‍ എഴുത്തിന്റെ ചുരുളന്‍ വഴികളെ സങ്കല്‍പിക്കാന്‍ തക്കവണ്ണം ഇത്തിരി കുഴഞ്ഞുമറിഞ്ഞ ഡിസൈനായിരിക്കും. പക്ഷേ, എന്നാലും നമുക്കു പുസ്തകം എടുക്കാന്‍തോന്നും. അതുപിന്നെ, മാര്‍ക്കേസാണല്ലോ.

മലയാളത്തില്‍ ഇങ്ങനൊരു സ്ഥിരം പാറ്റേണുണ്ടായിരുന്നത് ബഷീറിനായിരുന്നു. ബഷീറിയന്‍ പുസ്തകങ്ങള്‍ മറ്റുള്ളവരുടേതില്‍നിന്ന് ഇമ്മിണി ചെറിയ വലിപ്പം. വെള്ള കവര്‍. ബഷീര്‍ എന്ന് വലുപ്പത്തില്‍ ചെരിച്ചെഴുതിയിട്ടുണ്ടാകും. ചെറിയ ഒരു ഇല്ലസ്‌ട്രേഷനും. നമ്മുടെയൊക്കെ സ്‌കൂള്‍ വായനക്കാലത്ത് ബഷീറിന്റെ സ്റ്റൈല്‍ അതായിരുന്നു. പിന്നീടു പക്ഷേ, പ്രസാധകര്‍ അതുമാറ്റി. ജനനത്തെയും മരണത്തെയും ഒരുമിച്ചുകൊണ്ടുവന്ന, സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖത്തിന്റെ കവറാണ് ഏറെ അമ്പരപ്പിച്ച ഒന്ന്. ജീവിതത്തിന്റെയും മരണത്തിന്റെയും സൂചനകള്‍പോലെ വെള്ളയും കറുപ്പും കലര്‍ന്ന ഇരട്ടക്കവര്‍ പുസ്തകംതന്നെ വാങ്ങണമെന്നുണ്ടായിരുന്നു. പുസ്തകശാലയിലെ അവസാനത്തെ കോപ്പിയാണ് കൈയില്‍ കിട്ടിയത്. കെ. ആര്‍. മീരയുടെ ഭഗവാന്റെ മരണവും പരീക്ഷണം കൊണ്ട് അത്ഭുതപ്പെടുത്തി. വെടിയേറ്റവന്റെ ഇടനെഞ്ചുപോലെ, ആദ്യപേജു തൊട്ട്, അവസാനത്തെ പേജു വരെ നീളുന്നൊരു കുഴി, അതിലുണ്ടായിരുന്നു. പിന്നെയും പിന്നെയും എത്രയെത്ര കവറുകള്‍: കെ. ഷെരീഫിന്റെ ഇരുളന്‍ വരകൊണ്ട് കൊതിപ്പിച്ച അന്ധകാരനഴി, ചുവപ്പില്‍ ഒരു മുടിയിഴയും പൊട്ടും മാത്രംവച്ച പാണ്ഡവപുരം, കരിമ്പനകള്‍ക്കു താഴെക്കൂടെ ഏകാകിയായ എഴുത്തുകാരന്‍ നടന്നുപോകുന്ന ഖസാക്കിന്റെ ഇതിഹാസം, നിറഞ്ഞ നിലാവിലെ ചന്ദ്രനെ ഗര്‍ഭപാത്രമായി സങ്കല്‍പിക്കുന്ന പറുദീസാനഷ്ടം, ചുവന്ന കെഎസ്ആര്‍ടിസി ബസില്‍ പേരെഴുതിയ കോട്ടയം- 17. ഓരോ പുസ്തകവും ഓരോ ഓര്‍മയാവുമ്പോള്‍ ഓരോ കവറും ഓര്‍മയിലേക്കുള്ള വഴികളായി മാറുന്നു. 

വീടിന്റെ അടുത്തുള്ള അമ്പലത്തില്‍ കര്‍ക്കടകമാസത്തില്‍ രാമായണം വായിക്കും. വളരെ പഴക്കവും ചരിത്രവുമുള്ള അമ്പലമാണത്. മൈക്കിലൂടെ എത്തുന്ന ശ്ലോകങ്ങള്‍ മനസ്സിലാവില്ലെങ്കിലും അതിന്റെ താളം അന്നേ ഉള്ളില്‍ക്കയറിയതാണ്. പള്ളിയിലെ ബൈബിള്‍ വായനയ്ക്കും പ്രത്യേകമായൊരു ഈണമുണ്ട്. സാധാരണ ഒരു പുസ്തകം വായിക്കുന്നതു പോലെയല്ല, പുരോഹിതന്‍ സുവിശേഷം വായിക്കുക. സത്യത്തില്‍ എല്ലാ പുസ്തകങ്ങളും അങ്ങനൊരു താളംപിടിത്തം ആവശ്യപ്പെടുന്നുണ്ട്.

ബഷീറിന്റെ ആടുഫലിതം വായിക്കുന്ന താളത്തില്‍, വികെഎന്‍ എഴുതിയ ചാത്തന്‍ ഹ്യൂമര്‍ വായിക്കാനൊക്കില്ല. എംടിയുടെ ഒഴുക്കന്‍ ഗദ്യത്തിന്റെ പോക്കല്ല ഖസാക്കിലെ രൂപകഭാഷയ്ക്ക്- പുസ്തകങ്ങളുടെ മുഖവും അത് പ്രതീക്ഷിക്കുന്നുണ്ട്. കുറഞ്ഞപക്ഷം, അതു വാങ്ങാനെത്തുന്ന വായനക്കാരനെങ്കിലും. 

പുസ്തകങ്ങളുടെ കവര്‍ ഡിസൈന്‍ ചെയ്യുന്ന കുറച്ചു സുഹൃത്തുക്കളുള്ളതുകൊണ്ട്, പലതിനെക്കുറിച്ചും അഭിപ്രായം ചോദിക്കാറുണ്ട്. ഒറ്റനോട്ടത്തില്‍ ബുക്കെടുക്കാന്‍, തുറന്നുനോക്കാന്‍ പുസ്തകശാലയില്‍നിന്നു പടിയിറങ്ങുമ്പോള്‍ വലംകൈയില്‍ ഇറുക്കിപ്പിടിക്കാന്‍ തോന്നിക്കുന്ന ഒരു നിതാന്തലഹരി അതിലുണ്ടോ എന്നു നോക്കാറുണ്ട്.

കവറുകളെക്കുറിച്ചുള്ള കൗതുകം ഉള്ളിലുള്ളതുകൊണ്ടായിരിക്കാം, ഒരു കവര്‍ ഇല്ലസ്‌ട്രേഷന്റെ ഭാഗമാകാനുള്ള നിയോഗം കാലം കാത്തുവെച്ചിട്ടുണ്ടായിരുന്നു. സുഹൃത്തായ ഫോട്ടോഗ്രഫര്‍ ഒരു ദിവസം വിളിച്ചു: 'നിന്റെ കൈ ഒന്നുവേണം'

പിറ്റേന്ന് ഫോട്ടോയെടുത്തു. ഭോപ്പാല്‍ ദുരന്തത്തിന്റെ വിഖ്യാതമായൊരു ചിത്രമുണ്ടല്ലോ. അവശിഷ്ടങ്ങള്‍ക്കിടയില്‍ കണ്ണുമിഴിച്ച്, മരിച്ചുകിടക്കുന്നൊരു കൊച്ചുകുഞ്ഞ്. അതിന്റെ തലയ്ക്കലെ മണ്ണുനീക്കുന്ന ഒരു കൈ- ഒറ്റ മാത്ര കണ്ടാല്‍ മനസ്സിനെ വേട്ടയാടുന്ന ചിത്രത്തിന്റെ മറ്റൊരു അവതരണമായിരുന്നു, കവര്‍പേജ്. 

പുസ്തകം- സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണി. 

പിന്നെയും കുറച്ചു കാലത്തിനുശേഷം സാഹിത്യ അക്കാദമിയുടെ മുറ്റത്തുവെച്ച് എഴുത്തുകാരനെ കണ്ടപ്പോള്‍ പറഞ്ഞു: ബിരിയാണിയുടെ കവറിലുള്ള കൈ എന്റേതാണ്. അയാള്‍ ചിരിച്ചു; ഞാനും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
FROM ONMANORAMA