ADVERTISEMENT

ഒരു ബസ് കാത്തിരിപ്പുകേന്ദ്രം പുസ്തകങ്ങളുടെ കാത്തിരിപ്പുകേന്ദ്രമായി മാറിയ കഥയാണു വടുതലക്കാർക്കു പറയാനുള്ളത്.

വടുതല റെയിൽവേ ഗേറ്റിനടുത്ത് 8 മാസമായി പ്രവർത്തിക്കുന്ന ടി.എസ്. മുരളി സ്മാരക ഓപ്പൺ ലൈബ്രറി ഒരു അത്ഭുതമാണ്.

പുരോഗമന കലാസാഹിത്യ സംഘം വടുതല യൂണിറ്റ് പ്രവർത്തകരാണ് ഈ ജനകീയ ലൈബ്രറിക്കു പിന്നിൽ.

2018 ഒക്ടോബർ 22നാണു ലൈബ്രറി പ്രവർത്തനമാരംഭിച്ചത്. 100 പുസ്തകവുമായി തുടങ്ങിയ ലൈബ്രറിയിൽ ഇപ്പോൾ 600 പുസ്തകമുണ്ട്. ആദ്യ 100 പുസ്തകം മാത്രമേ വില കൊടുത്തു വാങ്ങേണ്ടിവന്നുള്ളൂ. ബാക്കി 500 പുസ്തകവും സംഭാവനയായി ലഭിച്ചു.

ബസ് റൂട്ടിൽ വന്ന മാറ്റത്തോടെ അനാഥമായ കാത്തിരിപ്പുകേന്ദ്രമാണു ഞായറാഴ്ചകളിൽ പുസ്തകവിതരണകേന്ദ്രമായി മാറുന്നത്. ബസ് കാത്തിരിപ്പു കേന്ദ്രത്തിനടുത്തു താമസിക്കുന്ന സാജന്റെ വീട്ടിലാണു പുസ്തകങ്ങൾ സൂക്ഷിക്കുന്നത്. 

ഞായറാഴ്ച രാവിലെ എട്ടരയ്ക്കു ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ പുസ്തകങ്ങൾ എത്തിക്കും. റജിസ്റ്ററും വയ്ക്കും. ഇതിൽ പേരെഴുതി പുസ്തകമെടുക്കാം. പുസ്തകം തിരിച്ചെത്തിക്കുമ്പോഴും റജിസ്റ്ററിൽ രേഖപ്പെടുത്തണം. ശരാശരി അമ്പതോളം പേർ ഈ ലൈബ്രറിയിൽ നിന്നു പുസ്തകം കൊണ്ടുപോകുന്നു.

‘ഒരാളും വരാതിരിക്കുന്ന ഒരു ദിവസം ഉണ്ടായാൽ അന്ന് ഈ ലൈബ്രറി പൂട്ടും’ –ഭാരവാഹികളിലൊരാളായ കെ.ആർ. മുരളീധരന്റെ വാക്കുകളിലുണ്ട് ഈ ലൈബ്രറിയുടെ ഭാവി. കാരണം അങ്ങനെയൊരു നാൾ ഉണ്ടാവില്ല. 

വടുതലയിലും പരസരത്തും വായനയുടെ സുഗന്ധം പരത്തി സാഹിത്യക്വിസ്, ആസ്വാദകക്കുറിപ്പ് മൽസരം, വായനാനുഭവം പങ്കുവയ്ക്കൽ തുടങ്ങിയ മേച്ചിൽപ്പുറങ്ങളിലേക്കും ലൈബ്രറി കടന്നുകഴിഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com