sections
MORE

താന്ത്രിക രതിയുടെ നിഗൂഢതകൾ തേടി ഈ പുസ്തകം : കെ.വി. മോഹൻകുമാർ സംസാരിക്കുന്നു

devarathi
SHARE

താന്ത്രികമായ നിരവധി നിഗൂഢതകൾ പൈതൃകമായി കിട്ടിയ ഒരു രാജ്യമാണ് ഭാരതം. പൊതുവേ താന്ത്രികം എന്ന പദം ഉപയോഗിക്കുന്നത് ക്ഷേത്രങ്ങളെ സംബന്ധിച്ചാണ്. ‘താന്ത്രിക വിധി പ്രകാരം ദേവതകളെ കുടിയിരുത്തുന്നതിൽ’ തുടങ്ങിയ വാക്കുകൾ സാധാരണക്കാർക്കു പോലും പരിചിതമായിരിക്കെ, താന്ത്രികം എന്ന വാക്കിന്റെ അർധസാധ്യതകൾ തിരഞ്ഞു പോകുമ്പോൾ മുന്നിൽ കാണുന്നതിനപ്പുറം നീണ്ടു പരന്നു കിടക്കുന്ന വലിയൊരു ലോകമാണ് അതെന്നു കാണാം. ഭാരതത്തിലെ താന്ത്രിക പ്രസക്തിയുള്ള ഇടങ്ങളിലേക്കൊരു യാത്ര പോവുകയാണ് "ദേവരതി" എന്ന പുസ്തകത്തിലൂടെ കെ.വി. മോഹൻകുമാർ. 2018 ലെ വയലാർ പുരസ്കാരം നേടിയ ഉഷ്ണരാശി എന്ന നോവൽ അടക്കമുള്ള പുസ്തകങ്ങളുടെ രചയിതാവാണ് മോഹൻകുമാർ.

താന്ത്രികമായ യാത്രകളോടുള്ള കൗതുകത്തിൽ നിന്നാണ് എഴുത്തുകാരൻ ഇത്തരമൊരു നീണ്ട യാത്രയ്ക്കു തയാറെടുക്കുന്നത്. ആ യാത്രയിൽ അദ്ദേഹം കണ്ട വ്യത്യസ്തമായ കാഴ്ചകളാണ് "ദേവരതി" എന്ന പുസ്തകത്തിൽ. ദേവഭൂമിയാണ് ഭാരതം എന്ന പറയപ്പെടുന്നു. സാധാരണ മനുഷ്യർക്ക് അജ്ഞാതമായ നിരവധി താന്ത്രിക പൂജകൾ, വിധികൾ എന്നിവ രാജ്യത്തിന്റെ പല ഭാഗത്തും നടക്കുന്നുമുണ്ട്. താന്ത്രിക രതി ഇതിൽ ഏറ്റവും പ്രധാനമായ ഒന്നാണ്. കാമസൂത്രയുടെ വരെ നട്ടെല്ലായ ഈ രതി രീതി ഒരു ആസ്വാദനം എന്നതിനേക്കാൾ അനുഷ്ഠാനമാണ്. അഞ്ചു മിനിറ്റ് കൊണ്ട് രതിയുടെ ആസ്വാദനം അവസാനിപ്പിച്ചു പോകുന്ന സാധാരണ പുരുഷന്മാരുടെ അറിവിനും അപ്പുറത്താണ് താന്ത്രിക രതിയുടെ നിലനിൽപ്.

‘ഭൂട്ടാൻ, കൊറിയ, കാമാഖ്യ, താരാപീഠ, ലങ്ക, ഋഷികേശ് എന്നീ സ്ഥലങ്ങളിലൂടെ താന്ത്രിക അറിവുകൾക്കായി യാത്ര ചെയ്തു. പലരെയും പരിചയപ്പെട്ടു, അതാണ് ദേവരതി’ – പുസ്തകത്തെക്കുറിച്ചും താന്ത്രിക യാത്രയെക്കുറിച്ചും കെ.വി. മോഹൻകുമാർ സംസാരിക്കുന്നു,

ക്യാപ്റ്റൻ കൊളാബാവാലയുടെ "തന്ത്ര" എന്ന പുസ്തകത്തിലെ നിഗൂഢമായ താന്ത്രിക രതിയുടെ ലോകത്തിലെത്തിയ എഴുത്തുകാരൻ താന്ത്രിക രതിയിലൂടെ കുണ്ഡലിനീ ശക്തിയെ ഉണർത്താനുള്ള വിദ്യകൾ അറിയാൻ സ്വാഭാവികമായും താൽപര്യപ്പെട്ടു, പിന്നീട് വായിച്ച ഓഷോയുടെ "താന്ത്രിക ദർശനം" എന്ന പുസ്തകം ഇതുവരെ നേടിയ അറിവുകളെ നിഷ്പ്രഭമാക്കാൻ പോന്നതായിരുന്നു.

‘എന്റെ ‘പ്രണയത്തിന്റെ മൂന്നാം കണ്ണ്’ ബുദ്ധ തന്ത്ര വിഷയമാക്കി എഴുതിയ നോവലാണ്. ഓഷോ എന്റെ പ്രിയപ്പെട്ട ഫിലോസഫർ ആണ്. ഓഷോയുടെ ദ് തന്ത്ര എക്സ്പീരിയൻസ് വായിച്ചപ്പോഴാണ് ഈ നോവൽ എഴുതാനുള്ള സ്പാർക്ക് ഉണ്ടായത്. തുടർന്നു നടത്തിയ അന്വേഷണമാണ് ഓഷോയുടെ സോഴ്സ് താന്ത്രിക് ബുദ്ധിസമാണെന്ന് തിരിച്ചറിഞ്ഞത്. നോവൽ എഴുത്തിന്റെ ഭാഗമായി എന്റെ യാത്രകളെ വഴി തിരിച്ചു വിട്ടു. എവിടെപ്പോയാലും 'തന്ത്ര' എന്റെ അന്വേഷണ വിഷയമായി. ഋഷികേശിലെ യോഗിനിയുമായുള്ള കൂടിക്കാഴ്ച പോലെ ചില ആകസ്മികതകളും സംഭവിച്ചു’ – മോഹൻകുമാർ പറയുന്നു.

പ്രണയത്തിന്റെ മൂന്നാം കണ്ണ് എന്ന നോവലിനു വേണ്ടിയുള്ള യാത്രയ്ക്കിടയിൽ കണ്ട കാഴ്ചകളാണ് "ദേവരതി" എന്ന പുസ്തകത്തിലുള്ളത്. അതിനു വേണ്ടി എഴുത്തുകാരൻ നടത്തിയ യാത്രകൾ ചില്ലറയൊന്നുമല്ല. യോനീപൂജയുടെ താന്ത്രിക വിധികൾ ഇന്നും രാജ്യത്ത് എത്രയോ ഇടങ്ങളിൽ നടക്കുന്നുണ്ട് എന്ന ഉൾബോധത്തിൽ നിന്നാണ് യാത്ര നീളുന്നത്, പക്ഷേ അജ്ഞാതമായ ഏതൊക്കെയോ ഇടങ്ങളിൽ ഇപ്പോഴും ആവർത്തിക്കപ്പെടുന്ന പൂജകളിൽ നേരിട്ടു പങ്കെടുക്കുക അത്ര എളുപ്പമല്ല.  താരപീഠത്തിലെ രക്തദാഹിയായ താരാ ദേവിയെക്കുറിച്ചും എഴുത്തുകാരൻ പറയുന്നുണ്ട്. ബുദ്ധതന്ത്രത്തെക്കുറിച്ചു പറയുമ്പോൾ സ്വാഭാവികമായി ഉണ്ടാകുന്ന മാനുഷിക സംശയം ഉണ്ടായി. ബുദ്ധനും രതിയും തമ്മിലെന്താണ്?

കെ.വി. മോഹൻകുമാർ പറയുന്നു: 

‘ബുദ്ധ തന്ത്രയിൽ ഏറെയും സ്ത്രീകളായിരുന്നു യോഗിനിമാർ. ബുദ്ധൻ അഞ്ച് ധ്യാന ബുദ്ധന്മാരായി വിഘടിച്ച്  അഞ്ചു ശക്തിമാരുമായി സംയോജിച്ച് പ്രണയത്തിന്റെ പഥങ്ങളിലൂടെ സഞ്ചരിച്ചതായി താന്ത്രിക് ബുദ്ധിസം പറയുന്നു. അതാണ് 'താന്ത്രിക് ജേർണി'. ധർമചക്രത്തിന്റെ മൂന്നാമത്തെ കറക്കത്തിലാണ് താന്ത്രിക ബുദ്ധിസം അഥവാ വജ്രയാനിസം ഉണ്ടായത്. ഒന്നാമത് ഹീനയാനിസം, രണ്ടാമത്തെ കറക്കത്തിൽ മഹായാനിസം, മൂന്നാമത് വജ്രയാനിസം (താന്ത്രിക് ബുദ്ധിസം). മൈഥുനത്തെ ‘താന്ത്രിക് യാത്ര’ ആയാണ് ബുദ്ധതന്ത്ര കരുതുന്നത്. അരമണിക്കൂറിലോ മുക്കാൽ മണിക്കൂറിലോ ഒതുങ്ങുന്ന ഒരു യാന്ത്രികമായ പ്രക്രിയയായല്ല, മറിച്ച്‌ അനുഭൂതിയുടെ പുതിയ പുതിയ തലങ്ങളിലേക്കു നീളുന്ന സുദീർഘമായ യാത്രയായാണ്. ആചാര്യ സ്ഥാനത്ത്, പ്രണയത്തെയും രതിയെയും ധ്യാനാത്മകമായി കരുതിയിരുന്ന /അനുഷ്ഠിച്ചിരുന്ന  ഒരു കാലഘട്ടത്തിന്റെ ദർശനമാണ് താന്ത്രിക് ബുദ്ധിസം. ഇന്ന് പ്രണയത്തിലും രതിയിലും നഷ്ടമായിരിക്കുന്നതും അതാണ്. ഈ പശ്ചാത്തലത്തിൽ പ്രണയത്തെക്കുറിച്ചും രതിയെക്കുറിച്ചും ബുദ്ധ തന്ത്ര പകർന്നു തന്ന അവബോധം പ്രചരിപ്പിക്കുക എന്ന ആശയത്തിലാണ് ഞാൻ ആ നോവൽ എഴുതിയത്.

 

രതി യാന്ത്രികമായിത്തീർന്ന സമൂഹത്തിലാണ് നാം ജീവിക്കുന്നത്. ബുദ്ധതന്ത്ര 'ecstasy through love 'എന്ന് അനുശാസിക്കുന്നതിൽ ഒരു തലം രതിയും കൂടിയാണ്. രതിയിൽ ഉടലുകൾ പ്രാര്ഥനയിലെന്ന പോലെ കൈകൂപ്പുകയാണ് വേണ്ടത്. താന്ത്രിക് യോഗ മൈഥുനത്തെ പഞ്ച‘മ’കാരത്തിൽ അഞ്ചാമതായി അടയാളപ്പെടുത്തുന്നതും അതുകൊണ്ടാണ് .മൈഥുനം ധ്യാനനിരതമായ ഉടലുകൾ തമ്മിലുള്ള സംയോഗത്തിലൂടെ, അനേക മുദ്രകളിലൂടെ അനുഷ്ഠിച്ച് നിർവാണ പഥങ്ങളിൽ എത്തിയിരുന്നവരാണ് യോഗിനിമാർ. രതിയെ ധ്യാനതലത്തിൽ കണ്ടിരുന്ന ആ സംസ്കാരം ഇല്ലാതായതോടെയാണ് 'സൗമ്യമാരും നിർഭയമാരും 'പുരുഷന്റെ കാമാസക്തിയുടെ ഇരകളായത്’

ദേവരതിയിൽ സാധാരണ മനുഷ്യന് അപ്രാപ്യമായ നിരവധി അറിവുകളെക്കുറിച്ചും പറയുന്നുണ്ട്, അതിൽ പ്രധാനം അഘോരികളെക്കുറിച്ചുള്ള അറിവാണ്. എഴുത്തുകാരൻ നേരിട്ടു കണ്ടറിഞ്ഞ നിരവധി മനുഷ്യരിൽ ഒരു ഭാഗം അഘോരികളാണ്. പൊതുവേ അഘോരികളെക്കുറിച്ചു പറയുന്നതിലും ആഴത്തിലാണ് അവരെ എഴുത്തുകാരൻ പരിചയപ്പെടുത്തുന്നത്. ഓരോ യാത്രയിലും പലതരം മനുഷ്യരെ കണ്ടത് അദ്ദേഹത്തെ ഓരോ അറിവിലേക്കാണ് എത്തിക്കുന്നത്. അതിൽ ജൂലി ഉണ്ട്, അജ്ഞാതയായ രജപുത്ര സ്ത്രീയുണ്ട്, സാധു റാംജിയുണ്ട്, ലോപാമുദ്രയെ സ്വീകരിച്ച ബാബാജിയുണ്ട്, ലിമയുണ്ട് ... അങ്ങനെ എത്രയോ പേർ. 

‘താന്ത്രിക രതിയെക്കുറിച്ചു പറഞ്ഞു തരാൻ എനിക്കാവില്ല. നീയത് അനുഭവിച്ചറിയണം. നീയതിനൊരു താന്ത്രിക യോഗിനിയോടൊപ്പം സഞ്ചരിക്കണം. അവളുടെ ശിഷ്യനാവണം. പുരുഷനാണെന്ന അഹംഭാവത്തിന്റെ കൊമ്പ് നീ മുറിച്ചു കളയണം. നിന്നെക്കൊണ്ട് അതിനാവുമെന്നെനിക്കു തോന്നുന്നില്ല’ – പുഴയുടെ തീരം പോലെ മനോഹരമായ ഒപ്പുള്ള, പേരില്ലാത്ത, ആ സ്വാമിനി പറഞ്ഞതിലുണ്ട് കൃത്യമായ ദേവരതി. ഏറ്റവും ഉദാത്തമായ ബ്രഹ്മാനന്ദത്തേക്കാൾ വിലയേറിയ താന്ത്രികരതിയുടെ ആനന്ദം മനസ്സിലാക്കുക, പരിശീലിക്കുക എന്നത് അത്രയ്ക്ക് ബുദ്ധിമുട്ടേറിയ ഒരു പ്രക്രിയ തന്നെയെന്ന് ഈ യാത്രയിൽ വായനക്കാർക്ക് മനസ്സിലാക്കിയെടുക്കാം. 

വായനയെ പുതിയൊരു അറിവിന്റെ വഴിയിലേക്കു നടത്താനുള്ള എല്ലാ തന്ത്രങ്ങളും ദേവരതിയിലുണ്ട്. ഭാരതത്തിലെ ആത്മീയതയുടെയും രതിയുടെയും നിഗൂഢമാക്കപ്പെട്ട പല അധ്യായങ്ങളെയും ശ്രദ്ധാപൂർവ്വം വീക്ഷിക്കുന്ന ഒരാൾക്ക് ദേവരതി പ്രിയപ്പെട്ട പുസ്തകമായിരിക്കും. കേരളം പനോരമയിലെ "മായക്കാഴ്ചകൾ" എന്ന കോളത്തിനു വേണ്ടി എഴുതിത്തുടങ്ങിയ യാത്രക്കുറിപ്പ് പ്രണയത്തിന്റെ മൂന്നാം കണ്ണിനു വേണ്ടി മാത്രമല്ല ആധികാരികമായ താന്ത്രിക യാത്രകളെക്കുറിച്ച് വായനക്കാരന് അറിവു പകരാനുമുള്ള ഒരു രേഖയുമായി. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
FROM ONMANORAMA