ADVERTISEMENT

പ്രസിദ്ധീകരിക്കാത്ത പുസ്തകത്തിൽ എഴുതിവച്ചിരിക്കുന്നത് എന്താണെന്ന ആകാംക്ഷ ബാക്കി വച്ചാണ് ലാറ്റിനമേരിക്കയുടെ സ്വന്തവും ലോകത്തിന്റെ പ്രിയപ്പെട്ടവനുമായ ഗാബോ പോയത്. 

സ്പാനിഷ് ഭാഷയിൽ ഗാബോയുടെ പുസ്തകങ്ങളേക്കാൾ ഏറെ പ്രചാരം മറ്റൊരു പുസ്തകത്തിനേയുള്ളൂ; ബൈബിളിന്. മാജിക്കൽ റിയലിസത്തിന്റെ രാജകുമാരനെപ്പറ്റി പറയുമ്പോൾ ഏകാന്തതയുടെ നൂറു വർഷങ്ങളും കോളറക്കാലത്തെ പ്രണയവും ആദ്യം മനസിലെത്തുന്നതുതന്നെ അത്രയേറെ പ്രചാരം ലഭിച്ചതുകൊണ്ടാണ്.

എക്കാലത്തേയും ഏറ്റവും നല്ല കൊളംബിയക്കാരൻ എന്നാണ് ഗാബോ എന്ന ഗബ്രിയേൽ ഗാർസിയ മാർക്കേസിനെ കുറിച്ച് കൊളംബിയൻ പ്രസിഡന്റ് സാന്റോസ് പറഞ്ഞിട്ടുള്ളത്.

നൊബേൽ സമ്മാനം ഏറ്റുവാങ്ങിയിട്ട് പ്രസംഗിച്ചപ്പോൾ മാർക്കേസ് പറഞ്ഞത്, കൊളംബിയയ്ക്ക് പറയാൻ കഥകളേറെയാണ്, പക്ഷേ അതൊക്കെ യാഥാർഥ്യങ്ങൾ ആണെന്ന് വിശ്വസിപ്പിക്കാൻ ഉതകുന്ന മാർഗങ്ങൾക്കാണ് ദൗർലഭ്യം എന്നാണ്. മാജിക്കൽ റിയലിസമായി വായിക്കപ്പെട്ടത് കൊളംബിയൻ യാഥാർഥ്യങ്ങൾ ആയിരുന്നുവത്രേ. കരീബിയൻ തീരങ്ങളെ ലോകത്തിന് പ്രിയപ്പെട്ടതാക്കിയത് ഗാബോയുടെ അക്ഷരങ്ങളാണ്. 

മാജിക്കൽ റിയലിസമാണ് ഗാബോയുടെ പേനയിലെ മഷിയെന്ന് കരുതപ്പെടുമ്പോഴും താനെഴുതുന്ന ഒരൊറ്റ വരിപോലും യാഥാർഥ്യത്തിൽ നിന്ന് അകലെയല്ലെന്ന് അദ്ദേഹം പറഞ്ഞു. കരീബിയൻ യാഥാർഥ്യങ്ങൾ ഏതു വന്യ സങ്കൽപ്പങ്ങൾക്കുമപ്പുറമാണെന്നൊരു ന്യായവുമതിന് അദ്ദേഹത്തിനുണ്ട്.

താനെഴുതുന്നത് വായിച്ച് ആസ്വദിച്ചിരുന്ന സുഹൃത്തുക്കൾക്കുവേണ്ടി എഴുതുക, അവർക്കിഷ്ടമാകുന്ന രീതിയിൽ എഴുതുക എന്ന രീതി കഴിഞ്ഞ് കോടിക്കണക്കിന് വായനക്കാർക്കായി എഴുതുമ്പോൾ അവരുടെ ഇഷ്ടങ്ങൾ എന്തൊക്കെ എന്ന് അദ്ദേഹത്തിന് ആധി തോന്നിയിരുന്നുവത്രേ. അവരെയൊക്കെ സംതൃപ്തരാക്കാൻ കഴിയാതെയാവുക എന്നത് പൂർണതാവാദിയായ ഗാബോക്ക് സ്വയം ക്ഷമിക്കാൻ ആകുമായിരുന്നില്ല. ഓരോ വരി കുറിക്കുമ്പോഴും അതിഷ്ടപ്പെടാനിടയുള്ള സുഹൃത്തിനെ ഓർത്തിരുന്നുവത്രേ. ദശലക്ഷങ്ങൾ വായിച്ച 'ഏകാന്തതയുടെ നൂറ് വർഷങ്ങൾ' മുതലിങ്ങോട്ടുള്ള ഭീതി, കൂട്ടുകാരല്ലാത്ത ഈ ലക്ഷക്കണക്കിനാളുകളേയും അവരുടെ ഇഷ്ടങ്ങളേയും അറിയില്ലല്ലോ എന്നതായിരുന്നു. 

ആന്തരിക സംവാദങ്ങൾ എത്ര ഫലപ്രദമായി സാഹിത്യ സൃഷ്ടികളിലുപയോഗിക്കാമെന്ന് മാർക്കേസിനേക്കാൾ നന്നായി ആരറിഞ്ഞു. ജന്മഗൃഹത്തിലേക്കുള്ള യാത്രയൊന്നിൽനിന്ന് ആദ്യ നോവലായ 'ലീഫ് സ്റ്റോം' എഴുതിയ ഗാബോ ഇനി തനിക്കൊരു മടങ്ങിപ്പോക്കില്ല, അക്ഷരങ്ങളാണ്, എഴുത്താണിനി ജീവിതം എന്ന് തിരിച്ചറിഞ്ഞത് പിന്നെ വന്ന ഓരോ വായനക്കാരനും വേണ്ടിയായിരുന്നല്ലോ.

മാർക്കേസിന്റെ ഏറ്റവുമൊടുവിലിറങ്ങിയ നോവൽ, 2004ൽ പുറത്തുവന്ന 'എന്റെ വിഷാദികളായ വേശ്യകളുടെ ഓർമകൾ' (Memories of My Melancholy Whores) ആണ്. ഗാബോയുടെ സ്ഥിരം പ്രസാധകരായിരുന്ന റാൻഡം ഹൗസ് ഇതിനു ശേഷം 2010ൽ അദ്ദേഹത്തിന്റെ മറ്റൊരു പുസ്തകം ഇറങ്ങാൻ പോകുന്നതായി അറിയിക്കുകയുണ്ടായി. 'നമുക്ക് ഒാഗസ്റ്റിൽ കാണാം' (We'll Meet in August) എന്നായിരുന്നു പുസ്തകത്തിന്റെ പേര് പറഞ്ഞിരുന്നത്.

കരീബിയൻ ദ്വീപിൽ അമ്മയെ അടക്കിയിടത്തേക്ക് 28 വർഷമായി എല്ലാ ഒാഗസ്റ്റിലും യാത്ര ചെയ്യുന്ന ഒരു സ്ത്രീയാണ് ഇതിലെ കേന്ദ്ര കഥാപാത്രം. ഇരുപത്തിയെട്ടാം വർഷം ആ സ്ത്രീ, മേരി മഗ്ദലേന ബാക്, കരീബിയൻ ദ്വീപിലെത്തുമ്പോൾ അവർക്ക് പ്രായം അൻപത്തി രണ്ട്. ഇരുപത്തിമൂന്നാം വിവാഹ വാർഷികം സന്തോഷമായി ആഘോഷിച്ചിട്ട് ദിവസങ്ങളേ കഴിഞ്ഞിരുന്നുള്ളു. 

കരീബിയയിൽ പതിവായി താമസിക്കാറുള്ള ഹോട്ടലിലെ പതിവ് മുറി തന്നെയാണ് അവർ തിരഞ്ഞെടുക്കുന്നത്. ആ തവണ ഓഗസ്റ്റ് 16ന് അവിടെവച്ച് പരിചയപ്പെട്ട ഒരാളുമായി, ഒറ്റ ദിവസം മാത്രം പരിചയമുള്ള ആളുമായി, അവർ ഒരു രാത്രി ചിലവഴിക്കുന്നു. പ്രണയത്തിലല്ലാതെ, സ്വന്തമല്ലാത്തൊരാളുമായി ഉണ്ടായ ബന്ധത്തെ ഓർത്ത് കുറ്റബോധത്തോടെയുണർന്ന അവൾ കാണുന്നത് കിടക്കയ്ക്കരികിൽ ഇരുന്ന ഡ്രാക്കുള എന്ന പുസ്തകത്തിന്റെ താളുകൾക്കുള്ളിൽ അയാൾ വച്ച 20 ഡോളറാണ്.

കഥ തുടരുന്നില്ല. മാർക്കേസ് അത് എഴുതി പൂർത്തിയാക്കിയില്ല. എന്തുകൊണ്ട് ആ പുസ്തകത്തിന്റെ പൂർത്തീകരിച്ച രൂപം പ്രസാധകനിലേക്ക് എത്തിയില്ല എന്ന് പറയാൻപോലും നിൽക്കാതെ ഗാബോ പോയി. റാൻഡം ഹൗസിന്റെ ഡയറക്ടർ പറയുന്നത് ഗാബോ പരിപൂർണ്ണതയിൽ കുറഞ്ഞ ഒന്നിനോടും ഒത്തുതീർപ്പിനില്ല എന്നതാണ് ഇത് പ്രസിദ്ധീകരിക്കാൻ നൽകാഞ്ഞതിന്റെ പിന്നിൽ എന്നാണ്.

ഗാബോയുടെ ജീവചരിത്രകാരനായ ജെറാൾഡ് മാർട്ടിന് അത് ഒരു നോവൽ തന്നെയോ എന്ന സംശയവും ഉണ്ട്. മൂന്ന് സ്വതന്ത്ര കഥകൾ ഉൾപ്പെടുന്ന പുസ്തകം, അതിലൊരു കഥയായി ഇതും വരേണ്ടിയിരുന്നതാണ് എന്ന് അദ്ദേഹം കരുതുന്നത്.

അഭ്യൂഹങ്ങൾ, അഭിപ്രായങ്ങൾ എന്നിവയ്ക്കിടയിൽ അതിൽ ഒന്നു തന്നെയും ആയിരിക്കാവുന്ന സത്യത്തെ ഒളിച്ചു വച്ച് കാത്തിരിക്കുന്നു വി വിൽ മീറ്റ് ഇൻ ഓഗസ്റ്റ്. ഗാബോയുടെ ആരാധകർ രണ്ടു കൈയും നീട്ടി സ്വീകരിക്കുമെന്നുറപ്പുണ്ട് എങ്കിലും അദ്ദേഹത്തിന്റെ താൽപര്യം എന്തായിരുന്നു എന്നതിനാണല്ലോ മുൻതൂക്കം. അതറിയാവുന്നവരുടെ കൈയിൽ ആണ് പുസ്തകത്തിന്റെ ഭാവി.

ഗാബോയുടേതായി ഇറങ്ങിയ പുസ്തകങ്ങൾ ഏറെയുള്ളപ്പോഴും ഇറങ്ങാത്ത പുസ്തകത്തിന്റെ ഉള്ളടക്കമാണ് ആകാംക്ഷയുണർത്തുന്നത്. അറിയാത്തതിനെ, അറിയാൻ ഇടയില്ല എന്നു സംശയമുള്ളതിനെക്കുറിച്ചല്ലേ കൂടുതൽ ആകാംക്ഷ ഉണ്ടാവുക.

ഉള്ളടക്കം എന്തുമാകട്ടെ, പാചകം നളനെന്നിരിക്കെ, വിഭവം രുചികരമാകാതെ തരമില്ലല്ലോ. പ്രിയപ്പെട്ട ഗാബോയുടെ ആ പുസ്തകം വായിക്കാനാകുമോ എന്നൊരു നിശ്ചയമില്ലാത്ത ഒരു ഓഗസ്റ്റിനായി കാത്തിരിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com