sections
MORE

ദുരിതം അനുഭവിച്ച കുട്ടികൾ പറയുന്നു, ലോകം കണ്ട ഏറ്റവും വിനാശകാരിയായ യുദ്ധത്തെക്കുറിച്ച്

HIGHLIGHTS
  • രണ്ടാം ലോക മഹായുദ്ധത്തെക്കുറിച്ച് ചരിത്രത്തിൽ ഇതാദ്യമായി കുട്ടികൾ പറയുന്നു
  • നൂറിലധികം കുട്ടികളുടെ കഥകളുണ്ട് ലാസ്റ്റ് വിറ്റ്നസസ്സില്‍
Svetlana Alexievich
SHARE

ഒരു കുട്ടിയുടെയെങ്കിലും കണ്ണീര്‍ തുടയ്ക്കാൻ ഇതുവരെ ഏതെങ്കിലുമൊരു യുദ്ധത്തിനോ വിപ്ലവത്തിനോ പ്രത്യയശാസ്ത്രത്തിനോ കഴിഞ്ഞിട്ടുണ്ടോ എന്നു ചോദിച്ചത് ദസ്തോവിസ്കിയാണ്. കുറ്റവും ശിക്ഷയും എഴുതിയ, കാരമസോവ് സഹോദരൻമാർ എഴുതിയ മഹാനായ എഴുത്തുകാരൻ. ചരിത്രം ഞെട്ടലോടെ കേട്ട ആ ചോദ്യത്തിനു മറുപടി പറയുകയാണ് സ്വെറ്റ്ലാന അലക്സിവിച്ച്, ദസ്തോവിസ്കിയുടെ പ്രസിദ്ധമായ വാചകം തന്റെ പുതിയ പുസ്തകത്തിന് ആമുഖമായിച്ചേര്‍ത്ത്...

ദസ്തോവിസ്കിയുടെ ചോദ്യം തന്നെയാണ് സ്വെറ്റ്ലാന അലക്സിവിച്ചിനും ചോദിക്കാനുള്ളത്. നൂറ്റാണ്ടുകള്‍ക്കു മുമ്പു മുതലേ കരുണയുള്ള മനുഷ്യരെ അലട്ടിയ, അസ്വസ്ഥരാക്കിയ ചോദ്യം. ഒന്നും നേടാതെ അവസാനിക്കുന്ന യുദ്ധങ്ങള്‍. കണ്ണീരിനു പരിഹാരമാകാത്ത വിപ്ലവങ്ങള്‍. സമാധാനത്തിനും സന്തോഷത്തിനും പകരം രക്തച്ചൊരിച്ചിലില്‍ അവസാനിക്കുന്ന പ്രത്യയശാസ്ത്രങ്ങള്‍. വാഗ്ദത്ത ഭൂമി തേടിയുള്ള മനുഷ്യന്റെ ഒരിക്കലും തീരാത്ത മഹായാനങ്ങള്‍. 

യുദ്ധത്തിന്റെ സ്ത്രീവിരുദ്ധമുഖത്തെക്കുറിച്ച് പറഞ്ഞ് സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടിയ സ്വെറ്റ്ലാന പുതിയ പുസ്തകവുമായി എത്തുന്നു: ഇത്തവണ കുട്ടികളുടെ ചോദ്യങ്ങൾക്കാണ് അവര്‍ ശബ്ദം നൽകുന്നത്. കുട്ടികള്‍ കുട്ടികൾ മാത്രമല്ല. സാക്ഷികളാണ്. രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാന സാക്ഷികൾ. ലോകം കണ്ട ഏറ്റവും വിനാശകാരിയായ യുദ്ധത്തെക്കുറിച്ച് ചരിത്രത്തിൽ ഇതാദ്യമായി കുട്ടികൾ പറയുകയാണ്. എങ്ങനെ അവരുടെ ചിറകുകൾ അകാലത്തിൽ മുറിച്ചുവെന്ന്. എങ്ങനെ അവർക്ക് ആകാശം നിഷേധിക്കപ്പെട്ടുവെന്ന്. എങ്ങനെ ഭൂമിയിലും ആകാശത്തും അവർ ആർക്കും വേണ്ടാതായെന്ന്. പുസ്തകത്തിന്റെ പേര് ലാസ്റ്റ് വിറ്റ്നസ്സസ്– അൺചൈൽഡ് ലൈക് സ്റ്റോറീസ്. 1985–ൽ കമ്യൂണിസ്റ്റ് പാർട്ടി തീർത്ത ഇരുമ്പുമറയ്ക്കുള്ളിൽനിന്ന് പ്രകാശം തേടിയിറങ്ങിയ പുസ്തകങ്ങൾക്കൊപ്പം റഷ്യയിൽ പ്രസിദ്ധീകരിച്ച കൃതി ഇപ്പോൾ ഇംഗ്ലിഷിലും. 

സ്വെറ്റ്ലാനയുടെ പുസ്തകം വായിച്ച ഒരാളും യുദ്ധത്തെക്കുറിച്ച് കുട്ടികൾക്ക് എന്തറിയാം എന്ന് ചോദിക്കില്ല. അവരെപ്പോലെ മറ്റാരും യുദ്ധം മനസ്സിലാക്കിയിട്ടില്ല എന്നാകും ലാസ്റ്റ് വിറ്റ്നസ്സസ് വായിച്ചുകഴിയുമ്പോൾ വായനക്കാർ തിരിച്ചറിയുക. അച്ഛനും അമ്മയും യുദ്ധത്തിൽ നഷ്ടപ്പെട്ട കുട്ടി അവർ സമ്മാനിച്ച ഓറഞ്ച് ഫ്രോക്കുമായി വന്ന് മരിച്ചുകിടക്കുമ്പോള്‍ തന്നെ അതേ ഫ്രോക്ക് അണിയിക്കണേ എന്ന് അപേക്ഷിക്കുമ്പോള്‍ കണ്ണുകള്‍ ഇറനണിയാത്ത മനുഷ്യര്‍ ഒരുപക്ഷേ ഭൂമിയിലൊരിടത്തും കാണില്ല. മറക്കാനാകുമോ ആ കുട്ടിയെ. ഓറഞ്ച് ഫ്രോക്ക്. അവസാനത്തെ അഭ്യര്‍ഥന. ആ ചിത്രം മനസ്സിൽനിന്ന് മായിച്ചുകളയാനായിരിക്കും വായനക്കാർ ബുദ്ധിമുട്ടുക. എന്നന്നേക്കുമായി മനസ്സിൽ പതിയുന്ന ഇങ്ങനെ നൂറുകണക്കിനു ചിത്രങ്ങളുണ്ട് ലാസ്റ്റ് വിറ്റ്നസ്സിൽ.  കണ്ണീരും ചോരയും ആഴമുള്ള വാക്കുകളില്‍ എഴുതിയ ദുരന്തേതിഹാസം. 

സ്വെറ്റ്ലാന പത്രപ്രവര്‍ത്തകയാണ്. ഗബ്രിയേല്‍ മാര്‍ക്കേസ് ഉള്‍പ്പെടെയുള്ളവര്‍ പത്രപ്രവര്‍ത്തനത്തില്‍നിന്ന് സാഹിത്യത്തിലേക്ക് പ്രവേശിച്ചവരാണെങ്കില്‍ സ്വെറ്റ്ലാന പത്രപ്രവര്‍ത്തനത്തെ സാഹിത്യവുമായി കൂടുതല്‍ അടുപ്പിച്ചു. രണ്ടും തമ്മില്‍ വേര്‍തിരിക്കാനാവത്തവിധത്തില്‍ സംയോജിപ്പിച്ചു. എഴുത്തില്‍ മനുഷ്യമുഖമുള്ള പുതിയൊരു അധ്യായം തന്നെ തുറന്നു. സാഹിത്യത്തിനുള്ള നൊബേല്‍ കമ്മിറ്റി പോലും അംഗീകരിച്ചു സ്വെറ്റ്ലാനയുടെ സാഹിത്യത്തെ. മനുഷ്യകേന്ദ്രീകൃതമായ അപൂര്‍വ പത്രപ്രവര്‍ത്തനത്തെ. 

നൂറിലധികം കുട്ടികളുടെ കഥകളുണ്ട് ലാസ്റ്റ് വിറ്റ്നസസ്സില്‍; ഓരോന്നും ഓരോരീതിയില്‍ തീക്ഷ്ണവും അവിസ്മരണീയവും.  നാസികള്‍ അമ്മയെ കഴുത്തുമുറിച്ച് കൊല്ലുന്നതു കാണേണ്ടിവന്ന ഏഴുവയസ്സുകാരി മുതല്‍ മുത്തഛന്റെ മൃതദേഹം പൂന്തോട്ടത്തില്‍ അടക്കം ചെയ്യേണ്ടിവന്ന കുട്ടി വരെ. അച്ഛനമ്മമാരും ബന്ധുക്കളും ജീവനോടെ തീയിലേക്കു വലിച്ചെറിയപ്പെട്ടതു കാണേണ്ടിവന്നവരുണ്ട്. നാസികള്‍ കോണ്‍സന്‍ട്രേഷന്‍ ക്യാംപിലേക്കു കൊണ്ടുപോകുന്ന വഴി ട്രെയിനില്‍ സ്ഫോടനം നടന്നപ്പോള്‍ രക്ഷപ്പെട്ട കുട്ടിയുണ്ട്. ഇവരൊക്കെ യുദ്ധവും നാസി ഭീകരതയും അതിജീവിച്ച് ഡോക്ടറും വക്കീലും ഒക്കെയായി. പക്ഷേ അവരുടെ ജീവിതത്തിലെ ഉണങ്ങാത്ത മുറിവുകളാണ് സ്വെറ്റ്ലാനയുടെ പുസ്തകം. ഈ കഥകള്‍ വായിച്ചുകഴിയുമ്പോള്‍ ദസ്തോവിസ്കിയുടെ ചോദ്യത്തിന്റെ ഉത്തരം വായനക്കാരുടെ മനസ്സില്‍ തെളിയും. ഏതു യുദ്ധമാണ് ആരുടെയെങ്കിലും കണ്ണീരിനെ ഇല്ലാതാക്കിയിട്ടുള്ളത്. ഏതു വിപ്ലവമാണ് കണ്ണീര്‍ തുടച്ചത്. ഏതു പ്രത്യയശാസ്ത്രമാണ് മോചനത്തിന്റെ പാത സാധ്യമാക്കിയത്. ചരിത്രമാണ് സ്വെറ്റ്ലാനയുടെ പുസ്തകം. നാം ജീവിക്കുന്ന ലോകത്തിന്റെ ഇരുണ്ട ചരിത്രം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
FROM ONMANORAMA