ADVERTISEMENT

'ഞാന്‍ കല്ലില്‍ ഒരു മാലാഖയെ കണ്ടു. അതിനെ സ്വതന്ത്രനാക്കും വരെ ഞാന്‍ കല്ലു രാകി മിനുക്കി' എന്നു പറഞ്ഞത് വിഖ്യാത ശില്പി മൈക്കലാഞ്ചലോ ആണ്. എവിന്‍ തട്ടാശ്ശേരി എന്ന മഹാശില്പി സ്വാതന്ത്രേച്ഛ കൊണ്ട് രാകി മുനുക്കിയത് സ്വന്തം ജീവിതമാണ്. സ്വതന്ത്രനായി നില്‍ക്കാനുള്ള ഉൽക്കടമായ അഭിവാഞ്ഛ കൊണ്ട് അദ്ദേഹം പണത്തിനോ വിധേയത്വങ്ങള്‍ക്കോ കീഴടങ്ങാതെ ജീവിച്ചു, തപസ്സു പോലെ തന്റെ കലാസപര്യ അനുഷ്ഠിച്ചു. അദ്ദേഹം തന്നെ പലപ്പോഴും പറഞ്ഞിരുന്നതു പോലെ 'കലയെ വിൽപനച്ചരക്കാക്കാന്‍ എനിക്കാവില്ല' എന്ന വിശ്വാസപ്രമാണം മുറുകെ പിടിച്ചതിനാല്‍ ജീവിതം പ്രയാസകരമായി മാറിയപ്പോള്‍ പോലും എവിന്‍ സ്വതന്ത്ര്യകാംക്ഷിയായ ഒറ്റയാന്റെ പാതകള്‍ തേടി. ഒരു അവധൂതനെ പോലെ ജീവിച്ച് മരണത്തിലൂടെ പരിപൂര്‍ണസ്വാതന്ത്ര്യം തേടിയ എവിന്‍ തട്ടാശ്ശേരി എന്ന എറണാകുളം അയ്യപ്പന്‍കാവുകാരനായ അവിരാച്ചന്‍ മണ്‍മറഞ്ഞിട്ട് ഇത് അഞ്ചാമാണ്ട്. 

വിശ്വപ്രസിദ്ധ കലാകാരന്‍ കെ.സി.എസ്. പണിക്കരുടെ ശിഷ്യന്‍ അവിരാച്ചന്‍ തട്ടാശ്ശേരി പിൽക്കാലത്ത് എവിന്‍ തട്ടാശ്ശേരി എന്നറിയപ്പെടാന്‍ ആഗ്രഹിച്ചത് സാമുദായികമായ ചില കെട്ടുപാടുകളില്‍ നിന്ന് വിമുക്തനാകാന്‍ വേണ്ടി കൂടി ആയിരിക്കണം. 1955 ല്‍ മികച്ച രീതിയില്‍ മദ്രാസ് ഫൈന്‍ ആര്‍ട്‌സ് കോളജില്‍ നിന്ന് ശില്പകലാ പഠനം പൂര്‍ത്തിയാക്കി. ഒരു അവധൂതന്റെ ധ്യാനം പോലെ ശില്പകലയുടെയും ചിത്രകലയുടെയും സംഗീതത്തിന്റെയും മുന്നില്‍ തപസ്സിരുന്നു. ധനത്തിന്റെ വഴികള്‍ മനപൂര്‍വം തേടാതെ കലയില്‍ മാത്രം ആനന്ദിച്ചു. അതിന്റെ നഷ്ടങ്ങളെ പോലും ശിരസ്സാ വഹിച്ചു. 

sculpture

അവിരാച്ചന്റെ പ്രസിദ്ധമായ പ്രതിമകളിലൊന്നാണ് കേരളഗാന്ധി എന്നറിയപ്പെടുന്ന കേളപ്പജിയുടെ അര്‍ദ്ധകായ വെങ്കല പ്രതിമ. അഞ്ചു മാസത്തെ നിരന്തര തപസ്യ കൊണ്ട് പൂര്‍ത്തീകരിച്ച് ഈ പ്രതിമ 1990 ല്‍ കോഴിക്കോട്ടു വച്ച് ഉദ്ഘാടനം ചെയ്തത് അന്ന് മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാരാണ്. 60 കിലോഗ്രാം തൂക്കമുണ്ടായിരുന്ന ഈ പ്രതിമയുടെ മോഡല്‍ ആദ്യം കളിമണ്ണില്‍ തയാറാക്കി അത് പിന്നീട് മെഴുകില്‍ പകര്‍ത്തിയ ശേഷം ഓട് ഉരുക്കിയൊഴിച്ച് പൂര്‍ണത വരുത്തുകയായിരുന്നു. അക്കാലത്ത് അദ്ദേഹം ദിവസം പന്ത്രണ്ടു മണിക്കൂര്‍ വരെ ജോലിയില്‍ മുഴുകിയിരുന്നതായി മകള്‍ ഉഷ ഓര്‍ക്കുന്നു. 

'ഞാന്‍ കേളപ്പനെ കണ്ടിട്ടില്ല. അദ്ദേഹത്തിന്റെ ചിത്രം ഹൃദയത്തിലേക്ക് പകര്‍ത്തിയാണ് പ്രതിമയ്ക്ക് രൂപം നല്‍കിയത്.' അതിനെ കുറിച്ച് അവിരാച്ചന്‍ അന്നു പറഞ്ഞ വാക്കുകള്‍ അദ്ദേഹത്തിന്റെ കലോപാസനയുടെ നേര്‍വാക്കായിരുന്നു. ഹൃദയം കൊണ്ടാണ് അദ്ദേഹം ശില്പം നിര്‍മിച്ചത്. ഹൃദയം കൊണ്ടാണ് അദ്ദേഹം ജീവിച്ചതും. 

sculpture-1

കടവന്ത്രയില്‍ ശിരസ്സുയര്‍ത്തി നില്‍ക്കുന്ന സഹോദരന്‍ അയ്യപ്പന്റെ 9 അടി ഉയരമുള്ള വെങ്കല ശില്പം അതു വഴി കടന്നു പോകുന്ന ഏവരുടെയും ശ്രദ്ധ ആകര്‍ഷിക്കുന്നതാണ്. അത് അനാച്ഛാദനം ചെയ്ത് അന്നത്തെ ഇന്ത്യന്‍ പ്രസിഡന്റ് ആയിരുന്ന ശ്രീ. ശങ്കര്‍ ദയാല്‍ ശര്‍മയാണ്. കേശവദാസപുരത്ത് സ്വതന്ത്ര സമര സേനാനി ടി.എം. വര്‍ഗീസിന്റെ ഒന്‍പതടി ഉയരമുള്ള വെങ്കലപ്രതിമ സ്ഥാപിച്ചപ്പോള്‍ അത് അനാച്ഛാദനം ചെയ്യാനെത്തിയതാവട്ടെ മുന്‍ പ്രസിഡന്റ് ആര്‍. വെങ്കിട്ടരാമനും. 

കോണ്‍ഗ്രസ് ശതാബ്ദിയാഘോഷത്തോടനുബന്ധിച്ച് എറണാകുളം മറൈന്‍ ഡ്രൈവില്‍ സംഘടിപ്പിച്ച പ്രദര്‍ശനത്തില്‍ വലിയ ശ്രദ്ധ നേടിയ പ്രതിമയാണ് അവിരാച്ചന്‍ പ്ലാസ്റ്റര്‍ ഓഫ് പാരീസില്‍ നിര്‍മിച്ച ഇന്ദിരാഗാന്ധിയുടെ ആറടി രണ്ടിഞ്ച് ഉയരമുള്ള അര്‍ദ്ധകായ പ്രതിമ. സൈലന്റ് വാലി സംരക്ഷിക്കാന്‍ താൽപര്യമെടുത്ത ഇന്ദിരാ ഗാന്ധിക്കുള്ള പ്രണാമമായിരുന്നു അത്. കൊല്ലം കായിക്കരയില്‍ 12 അടി ഉയരമുള്ള മഹാകവി കുമാരനാശാന്റെ വെങ്കല പ്രതിമ, എറണാകുളം ഫൈന്‍ ആര്‍ട്‌സ് ഹാളിലെ സ്വാതി തിരുനാളിന്റെ അര്‍ദ്ധകായ വെങ്കല പ്രതിമ, ശങ്കരാനന്ദാശ്രമത്തിലെ ശ്രീനാരായണ ഗുരുവിന്റെ പത്തടി ഉയരമുള്ള പൂര്‍ണകായ പ്രതിമ, സുഭാഷ് പാര്‍ക്കിലെ പ്രസിദ്ധമായ ആശ്ലേഷം എന്ന ശില്പം, കച്ചേരിപ്പടിയില്‍ ഗാന്ധി ഭവനില്‍ ധ്യാനനിരതനായ മഹാത്മാ ഗാന്ധിയുടെ പ്രതിമ, ഡോ. ബി.ആര്‍. അംബേദ്കറുടെ പ്രതിമ, ഡോള്‍ഫിനുകള്‍, കണ്ണൂര്‍ പഴശ്ശി ഇറിഗേഷന്‍ പ്രോജക്ടിലെ പൂന്തോട്ടവും അതിലെ ആലിംഗനം, കന്യക, മരം എന്നീ ശില്പങ്ങളും തുടങ്ങി അതുല്യപ്രതിഭയുടെ കയ്യൊപ്പ് ചാര്‍ത്തിയ ശില്പങ്ങള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈ ശില്പി അനശ്വരനാണ് എന്നുറക്കെ പറഞ്ഞു കൊണ്ട് നിലയുറപ്പിച്ചിരിക്കുന്നു. ചിത്രകലയിലും അവിരാച്ചന്റെ പ്രതിഭ തിളങ്ങിയിരുന്നു. രാജാ രവിവര്‍മയുടെ പല ചിത്രങ്ങളും അദ്ദേഹം മിഴിവോടെ പുനര്‍സൃഷ്ടിക്കുകയും അവയെ ജീവിതകാലം മുഴുവന്‍ നെഞ്ചോട് ചേര്‍ത്ത് സൂക്ഷിക്കുകയും ചെയ്തിരുന്നു. 

Dolphin

വലിയ സൗഹൃദ വൃന്ദമുണ്ടായിരുന്നു, അവിരാച്ചന്. പി.ജെ. ആന്റണിയുടെ നാടക ട്രൂപ്പുമായി സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്ന അവിരാച്ചന് എം.കെ. സാനു മാഷുമായി സഹോദര തുല്യമായ ബന്ധമുണ്ടായിരുന്നു. ഉപാസിക എന്ന ഒരു നോവല്‍ രചിച്ചിട്ടുള്ള അവിരാച്ചന് വിശ്വസാഹിത്യത്തില്‍ പരന്ന വായനയും ഗാഢമായ അറിവും ഉണ്ടായിരുന്നുവെന്ന് സുഹൃത്തായിരുന്ന കെ.ടി. പൈലി ഓര്‍മിക്കുന്നു. ടോള്‍സ്‌റ്റോയ്, ദസ്തയേവ്‌സ്‌കി, ഷോളക്കോവ്, ഹ്യൂഗോ തുടങ്ങി മഹാരഥന്‍മാരുടെ സൃഷ്ടികള്‍ പലപ്പോഴും അവര്‍ക്കിടയില്‍ ഗഹനമായ ചര്‍ച്ചാവിഷയങ്ങളാകുമായിരുന്നു. 

പ്രിയതരമായ ഓര്‍മകളാണ് പെണ്‍മക്കളായ ഉഷയും ആശയും പങ്കുവയ്ക്കുന്നത്. ഗഹനമായി വായിച്ചിരുന്ന, സംഗീതത്തെയും ശില്പ, ചിത്രകലകളെയും പ്രകൃതിയെയും ഒരു പോലെ ഇഷ്ടപ്പെട്ടിരുന്ന, സന്ധിയില്ലാതെ മൂല്യങ്ങളെ മുറുകെ പിട്ടിച്ചിരുന്ന ഒരു മനുഷ്യസ്‌നേഹിയായിരുന്നു മക്കളുടെ കാഴ്ചപ്പാടില്‍ അവിരാച്ചന്‍. പണത്തിനല്ല പ്രാധാന്യം, മൂല്യങ്ങള്‍ക്കാണ് എന്നതാണ് ഈ അപ്പന്‍ മക്കള്‍ക്ക് കൊടുത്ത ഒസ്യത്ത്. അത്താഴത്തിനൊപ്പം അവര്‍ ഭക്ഷിച്ചിരുന്നത് അപ്പന്‍ വിളമ്പിയിരുന്ന കഥകളും അനുഭവങ്ങളും യാത്രാവിവരണങ്ങളും കൂടിയായിരുന്നു എന്ന് മകള്‍ ആശ ഓര്‍മിക്കുന്നു. സംഗീത പ്രേമികളുടെ കുടുംബം കൂടിയായിരുന്നു അത്. അവിരാച്ചനും സഹോദരങ്ങളും എല്ലാത്തരം സംഗീതോപകരണങ്ങളും വായിക്കുമായിരുന്നു. ഗാര്‍ഹിക സദസ്സുകള്‍ പലപ്പോഴും ഗാനസദസ്സുകളായി മാറിയിരുന്ന ഓര്‍മകളെ ആശ അയവിറക്കുന്നു. അവിരാച്ചന്‍ ഗിത്താറിന് രൂപമാറ്റം വരുത്തി നിര്‍മിച്ച മോഹനവീണ വീട്ടില്‍ ഇന്നും ഉറങ്ങുന്നുവെന്ന് വികാരഭരിതയായി മകള്‍ ഓര്‍ക്കുന്നു. അമ്മ കൈവിട്ട പൂച്ചക്കുട്ടികളെ അവയുടെ അമ്മ തിരികെ എത്തുവോളം മാതൃസ്‌നേഹം വിളമ്പി പരിപാലിച്ച അപ്പനെയാണ് ഉഷ ഓര്‍ക്കുന്നത്. കണ്ണു പോലും തുറക്കാത്ത പൂച്ചുക്കുട്ടികളുടെ കുരുന്നു വായിലേക്ക് ഫില്ലറില്‍ പാല്‍ ഇറ്റിച്ചപ്പോള്‍ അവിരാച്ചന്‍ മക്കളുടെ മനസ്സിലേക്കിറ്റിച്ചത് മനുഷ്യത്വത്തിന്റെ പാല്‍പായസം. 

കലയും കാലവും കച്ചവടവൽക്കരിക്കപ്പെടുന്ന സന്ധിയില്‍, ശുദ്ധമായ കലയും ശുദ്ധമായ സ്‌നേഹവും ലോകത്തിനു വിളമ്പിയിരുന്ന ഒരു പച്ചമനുഷ്യന്‍ ഇവിടെ ജീവിച്ചിരുന്നു എന്ന് ഓര്‍മിപ്പിച്ചു കൊണ്ട് ആ ജീവിതം മാഞ്ഞതിന്റെ അഞ്ചാമാണ്ട് കടന്നു പോകുന്നു. പഴയ ഹൈക്കുവാണ് ഇപ്പോള്‍ ഓര്‍മ വരുന്നത്. വിളക്കേ കെട്ടതുള്ളൂ. വെട്ടം ഇവിടെയുണ്ട്. പ്രതിഭയുടെ വെട്ടമുള്ള ശില്പങ്ങളാണല്ലോ അവിരാച്ചന്റെ പൈതൃകം! 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com