sections
MORE

ഉള്ളുലയ്ക്കുന്ന പരമാർഥങ്ങളുടെ പുസ്തകം; ''തട്ടമിട്ട മേനോത്തി'' പ്രകാശനം ചെയ്തു

HIGHLIGHTS
  • കൃത്രിമത്വത്തിന്റെ ജാഡകള്‍ നിറം പിടിപ്പിക്കാത്ത ഓര്‍മകുറിപ്പുകള്‍
thattamitta-menothy
തനൂറാ സ്വേതാ മേനോന്റെ ''തട്ടമിട്ട മേനോത്തി'' എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ നിന്ന്..
SHARE

തനൂറാ സ്വേതാ മേനോന്റെ ''തട്ടമിട്ട മേനോത്തി'' എന്ന പുസ്തകം പ്രകാശനം ചെയ്തു. കൊച്ചി ഗ്രാന്‍ഡ് ഹയാത്തില്‍ നടന്ന ചടങ്ങില്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണനാണ് പ്രകാശന കര്‍മ്മം നിര്‍വഹിച്ചത്. എംഫാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. പി. മുഹമ്മദലി പുസ്തകം ഏറ്റുവാങ്ങി. 

സമൂഹത്തിന്റെ ഉന്നത നിലകളിലേക്കുള്ള സ്ത്രീകളുടെ പ്രയാണമാണ് ഇത്തരത്തിലുള്ള തുറന്ന് എഴുത്തുകൾ എന്ന് പുസ്തക പ്രകാശനം നിർവഹിച്ച സ്പീക്കർ ശ്രീരാമകൃഷ്ണൻ പറഞ്ഞു. തനൂറ തന്റെ സ്വന്തം ജീവിതാനുഭവങ്ങൾ വളരെ ലളിതമായ ഭാഷയിൽ ഇതിൽ പ്രതിപാദിച്ചിട്ടുണ്ടെന്നും അതിനാൽ അവ ആഴം ഉളളതും, ശക്തവും ആണെന്നും അദ്ദേഹം കൂട്ടി ചേർത്തു.

യുഎഇ കെഎംസിസി പ്രസിഡന്റ് ഡോ.പുത്തൂര്‍ റഹ്മാന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹലിയ, യൂണീക് ടൈംസ് ചെയര്‍മാന്‍ അജിത് രവി, സംഗീത സംവിധായകൻ രവീന്ദ്രൻ മാഷിന്റെ പത്നി ശോഭാ രവീന്ദ്രൻ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. 

അവതാരിക എഴുതിയ ആര്‍. ശ്രീകണ്ഠന്‍ നായര്‍ പുസ്തകം പരിചയപ്പെടുത്തി. പുസ്തകത്തില്‍ ഉള്ളുലയ്ക്കുന്ന ഒരുപാടു പരമാർഥങ്ങളുണ്ട് വിവാഹ മോചനം നേടിയ ഒരു സ്ത്രീ ഇതൊക്കെ എഴുതിയാൽ സദാചാരപ്രിയര്‍ക്ക് നടുക്കമുണ്ടാകില്ലേയെന്ന് ചോദിക്കുന്ന അവതാരകന്‍ പക്ഷേ ഈ പുസ്തകത്തിലുടനീളം പുതിയ കാലത്തിലെ പെണ്ണിന്റെ ഗര്‍ജനവും അലര്‍ച്ചയും മിന്നല്‍പിണര്‍ പോലെ വന്നു പോകുന്നുവെന്നും കുറിക്കുന്നു. തിരിച്ചടികളുടെ വേലിയേറ്റത്തിലും ചാരക്കൂമ്പാരത്തില്‍ നിന്നും ഫീനിക്‌സ് പക്ഷിയെ പോലെ ഉയര്‍ന്നു പറക്കാന്‍ ആത്മകഥാകാരി കാട്ടുന്ന ചങ്കുറ്റം നമുടെ നാടിന് അത്ര പരിചിതമല്ലെന്നും വ്യക്തമാക്കുന്നുണ്ട് ശ്രീകണ്ഠന്‍ നായര്‍. 

എന്‍.എന്‍. പിള്ള എഴുതിയ 'ഞാന്‍' എന്ന കൃതിയിലും മാധവിക്കുട്ടിയുടെ 'എന്റെ കഥയിലും' കാണുന്ന ചോര കിനിയുന്ന സത്യസന്ധത ഈ പുസ്തകത്തിനും അപൂർവതയുടെ നറുമണം നല്‍കുന്നു. 

ചൂയിംഗത്തിന്റെ ഗന്ധമുള്ള ഡാഡിക്കും അമ്മയുടെ ജീവിതത്തിലേക്ക് വഴിതെറ്റി വന്ന രണ്ടാനച്ഛനും ഇടയില്‍ സമരസപ്പെടാത്ത ഒരു ബാല്യത്തിന്റെ അമ്പരപ്പുകളില്‍ തളരാതിരിക്കാന്‍ സ്വേത കാട്ടുന്ന മെയ്‌വഴക്കങ്ങള്‍ വായനക്കാരന്റെ ഉള്ളുലയ്ക്കും. 

അതിവേഗം വായിച്ചു പോകുന്ന ഈ പുസ്തകത്തിന്റെ അധ്യായങ്ങളില്‍ പലയിടത്തും പ്രത്യക്ഷപ്പെടുന്ന താത്വിക വിചാരങ്ങള്‍ക്ക് അനുഭവങ്ങളുടെ തീപ്പൊള്ളലുകളുണ്ട്. സര്‍ഗസ്വാതന്ത്ര്യത്തില്‍ തട്ടമിടാത്ത ഈ മേനോത്തി, ഒരു പക്ഷേ നാളെ വിലയിരുത്തപ്പെടുക സ്വന്തം ജീവിതം വരച്ചു കാട്ടുന്നതിനിടയില്‍ പ്രകടിപ്പിച്ച ഈ ധിക്കാരം നിറഞ്ഞ സത്യസന്ധതയിലാകും. 

പരായണക്ഷമതയുള്ള കൃത്രിമത്വത്തിന്റെ ജാഡകള്‍ നിറം പിടിപ്പിക്കാത്ത ഓര്‍മകുറിപ്പുകള്‍ ഉള്ള കൃതിയാണ് തനൂറ സ്വേതാ മേനോന്റെ ''തട്ടമിട്ട മേനോത്തി''.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA