sections
MORE

വാൻഗോഗ്- പ്രണയത്തിന്റെ സൂര്യകാന്തിപ്പൂക്കൾ

Van Gogh Museum
വാൻഗോഗ് മ്യൂസിയം
SHARE

നീല പെയിന്റ് പാതി മാഞ്ഞു പോയ ജനലഴികൾക്കിടയിലൂടെ വേനൽ മാർച്ചിലെ ചുട്ടുപഴുത്ത വെയിൽ ഒന്നു കൂടി പൊള്ളിച്ച പനിക്കിടക്കയിൽ വച്ച്,  ഉച്ച തിരിഞ്ഞ നേരത്താണെന്നു തോന്നുന്നു പഴയൊരു ഞായറാഴ്ചപ്പതിപ്പിന്റെ മഞ്ഞച്ച പേജുകളിൽ  ആദ്യമായി വിൻസെന്റ് വാൻഗോഗിനെപ്പറ്റി വായിച്ചത്. പനിമരുന്നിന്റെ, വായിൽനിന്നു മസ്തിഷ്‌കത്തിലേക്കു പടർന്ന കയ്പുരസം തുപ്പിക്കളയാൻ വടക്കിനിയുടെ അരവാതിൽപടിയിൽ കുഞ്ഞിക്കൈ പിടിച്ചു കയറിയപ്പോഴാണ് ചുവന്ന ചീരച്ചെടികൾ അതിരിട്ട ചെമ്മണ്ണു മുറ്റത്തിനപ്പുറത്തെ  കുപ്പത്തൊടിയിൽ വാടി തലതാഴ്ത്തി നിൽക്കുന്നൊരു സൂര്യകാന്തിപ്പൂ കണ്ടത്. ഇരുട്ടിൽ, പാഴ്ക്കഥപ്പേപ്പറുകൾ ചുരുട്ടിക്കൂട്ടിയിട്ട മേശയ്ക്കപ്പുറത്തെ ജാലകങ്ങളിൽ സർപ്പിള നക്ഷത്ര വ്യൂഹങ്ങൾ തെളിഞ്ഞ രാത്രികളിൽ പിന്നെയും വാൻഗോഗ് സ്വപ്നങ്ങളിൽ വന്നു, എത്രയോ തവണ.

സംവത്സരങ്ങൾക്കിപ്പുറം, മനം നിറയെ നെതർലൻഡ്‌സിലെ റീജ്സ്ക് മ്യൂസിയം കണ്ടു പുറത്തിറങ്ങി കണ്ണു തിരുമ്മി നിന്നപ്പോഴാണ്, എതിർവശത്തെ പുൽമേടക്കരയിൽ ചാരനിറത്തിൽ വാൻഗോഗ് മ്യൂസിയം കണ്ടത്. 1963-ൽ സ്ഥാപിതമായ, ഒരു വർഷത്തിൽ ഇരുപത് ലക്ഷത്തിലധികം സന്ദർശകരുള്ള ഈ മ്യൂസിയം, വാൻഗോഗ് ചിത്ര -ചരിത്രങ്ങളുടെയും കാവ്യാത്മകമായ കത്തുകളുടെയും കലാ പറുദീസയാണ്! മനസ്സിലെന്നോ പതിഞ്ഞുപോയ സൈപ്രസ് മരങ്ങളും മഞ്ഞച്ചായം തേച്ച വീടും ചുവന്ന മുന്തിരിത്തോട്ടങ്ങളും മാടി വിളിച്ചു. കത്തുന്ന വെയിലിൽ ഓർമകൾ ശൂന്യതതരികളായി കുമിഞ്ഞ് പെയ്‌തിറങ്ങി.

1853 -ൽ ഹോളണ്ടിലെ ഒരു യാഥാസ്ഥിതിക കുടുംബത്തിൽ ജനിച്ച വിൻസൻറ്റിന് ചിത്രകലയിൽ പറയത്തക്ക ഔപചാരിക വിദ്യാഭ്യാസമൊന്നും ലഭിച്ചിരുന്നില്ലത്രേ. “എരിയുന്ന തീക്കുണ്ഡം ആത്മാവിൽ സൂക്ഷിച്ച” സർഗ്ഗപ്രതിഭയെ അനാവരണംചെയ്തതത് സഹോദരനും ആർട്ട് ഡീലറുമായിരുന്ന തിയോ വാൻഗോഗും ഭാര്യ ജോഹന്നയുമായിരുന്നു. തിയോയ്ക്ക് അയച്ച കത്തുകളിലൂടെയാണ് നമ്മളറിയുന്ന വാൻഗോഗ് തെളിഞ്ഞു വന്നത്. 

van-gogh-image

കേവലം 10 വർഷം മാത്രം കലയിൽ സജീവമായിരുന്ന വാൻഗോഗിന്റെ ചിത്രങ്ങൾ നിറയെ നിറങ്ങളുടെ, വികാരങ്ങളുടെ  ഘോഷയാത്രയാണ്. ഉത്കണ്ഠയുടെയും ഫാന്റസിയുടെയും മാനസിക വിഭ്രാന്തികളുടെയും അതിർവരമ്പുകളിലൂടെ സഞ്ചരിച്ച്, വരച്ചു കൂട്ടിയതെല്ലാം അതിശയചിത്രങ്ങളായിരുന്നു. അവസാനത്തെ എഴുപതു ദിവസങ്ങളിൽ മാത്രം വാൻഗോഗ് എഴുപത്തിഅഞ്ചോളം ചിത്രങ്ങൾ പൂർത്തീകരിക്കുകയുണ്ടായി! വ്യത്യസ്തമായ നിറങ്ങളും ചിത്രരചനാ രീതികളും ആധുനിക പാശ്ചാത്യ ചിത്രകലയുടെ അടിത്തറയ്ക്ക്  ഉറപ്പു കൂട്ടി. അങ്ങനെ, ഇരുപതാം നൂറ്റാണ്ടിലെ ചിത്രകലയെ സ്വാധീനിച്ച മഹാപ്രതിഭകളിൽ ഒരാളായി വാൻഗോഗ്. ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ തിരിച്ചറിയുന്ന ചിത്രങ്ങളിൽ പെടും വാൻഗോഗ് ചിത്രങ്ങൾ. 

ജീവിച്ചിരുന്ന കാലം മുഴുവൻ ഉദ്യോഗ-പ്രണയ പരാജയങ്ങളും അവഗണനയും ദാരിദ്ര്യവുമായിരുന്നു കൂട്ട്. വാൻഗോഗിന്റെ വാക്കുകളിൽ പറഞ്ഞാൽ  "കലാ സൃഷ്ടിയിൽ ഞാൻ ഹൃദയവും ആത്മാവും പൂർണ്ണമായും സമർപ്പിച്ചു, അതിനിടയ്ക്കെവിടെയോ മനസ്സ് നഷ്ടമായി ". മനസ്സിനെ വീണ്ടെടുക്കാൻ നടത്തിയ ശ്രമങ്ങളിൽ ഭക്ഷണമോ ശരീരമോ ശ്രദ്ധിച്ചിരുന്നില്ല. തീക്ഷ്ണമായ മദ്യാസക്തി, മനസ്സിനെ വീണ്ടും ഇരുണ്ട കയങ്ങളിലേക്കു നയിച്ചു. 1100 ഓളം സ്കെച്ചുകളും വരകളും, 900 ത്തോളം ചിത്രങ്ങളും വാൻഗോഗിന്റേതായുണ്ട്. ജീവിച്ചിരുന്ന കാലത്തു ഒരേയൊരു പെയിന്റിങ് മാത്രമായിരുന്നത്രേ വിറ്റു പോയത്. ആ നിരാശാ കാലത്തെന്നോ ആണ് വാൻഗോഗ്  കോറിയിട്ടത്–  "ഒരു കാലം വരും, എന്റെ ചിത്രങ്ങൾക്ക്  ഞാനുപയോഗിച്ച ചായങ്ങളെക്കാൾ വിലയുണ്ടെന്ന് മനുഷ്യർ തിരിച്ചറിയുന്ന കാലം". ആ കാലം വന്നപ്പോൾ അതറിയാൻ വാൻഗോഗ് ഇല്ലായെന്ന സത്യം നിത്യദുഃഖമായി അവശേഷിക്കുന്നു. 

ഉന്മാദത്തിന്റെ  നിമിഷങ്ങളിലെപ്പൊഴോ സ്വന്തം ചെവി മുറിച്ചെടുത്ത് പ്രണയിനിക്ക് സമ്മാനിച്ച വാൻഗോഗ് പുരാണമറിയാത്തവരായി ആരും കാണില്ല. സ്വയം മുറിച്ചെടുത്തതല്ല, ഒരു വാഗ്വാദത്തിനിടെ സുഹൃത്തും സമകാലികനുമായ പോൾ ഗോഗിന്റെ  കയ്യിൽനിന്നു യാദൃച്ഛികമായി കഠാര തട്ടി മുറിഞ്ഞതാണെന്നൊരു പഠനഫലം പുറത്തു വന്നത്  2017 ലാണ്. ഗോഗിനുമായി ചേർന്ന് പോസ്റ്റ് -ഇംപ്രഷനിസ്റ്റുകളുടെ  ഒരു സംയുക്ത ചിത്ര പ്രദർശനം നടത്തുക എന്ന സ്വപ്‌നം പൊലിഞ്ഞതിനെ തുടർന്നുണ്ടായ വാഗ്വാദമോ ഇരുട്ടിൽ തികച്ചും ഇച്ഛാപൂര്‍വമല്ലാത്ത ഒരു കത്തിവീശലോ ചോരക്കളിയായി മാറുകയായിരുന്നത്രേ! തിയോയ്ക്കും ഗോഗിനും എഴുതിയ കത്തുകളിൽ ഉള്ള “നിശ്ശബ്ദ കരാർ”, “മുദ്ര വെക്കപ്പെട്ട ചുണ്ടുകൾ” എന്നീ പരാമർശങ്ങളും ഗൗഗൈന്റെ കത്തുകളും ഈ സൂചനയിലേക്ക് വെളിച്ചം വീശുന്നതാണ്. ഒരുപക്ഷേ, യന്ത്രത്തോക്ക്‌ ഉപയോഗിക്കാനുള്ള ആശയം ഉരുത്തിരിഞ്ഞു കിട്ടിയത് ഈ സംഭവത്തിന് ശേഷമായിരിക്കുമോ? 

മനുഷ്യരെ സ്നേഹിക്കുക എന്നതിനെക്കാൾ കലാപരമായ മറ്റൊന്നില്ല”  എന്നും "ഒരു നല്ല പ്രവൃത്തിക്കു തുല്യമാണ് ‌ ഒരു നല്ല ചിത്രമെന്നും" പറഞ്ഞു പ്രകൃതിയെയും പൂക്കളെയും മനുഷ്യരെയും നക്ഷത്രങ്ങളെയും സ്‌നേഹിച്ച് "തന്നിൽ ചൂഴ്ന്നു നിന്ന കവിതയെ"  ചിത്രലേഖനത്തുണികളിലാക്കിയ സർഗ്ഗപ്രതിഭയ്ക്ക് ഹൃദയരക്തത്തിൽ  കോറിയിട്ട  നന്ദി പറഞ്ഞു മാത്രമേ ആർക്കും വാൻഗോഗ് മ്യുസിയം വിട്ടു പോരാൻ കഴിയൂ. 

കനാൽ കാഴ്ചകളിലും ആൻ ഫ്രാങ്കിന്റെ വീട്ടിലേക്കുള്ള പാതയോരത്തും സാൻഡാമിലെ കാറ്റാടിമില്ലുകൾ കണ്ടു നടന്ന വഴിയോരത്തും വാൻഗോ കൂടെത്തന്നെയുണ്ടായിരുന്നു , ഓർമകളായും പ്രകൃതി ക്യാൻവാസുകളായും. വേനൽകാല സൂര്യൻ അസ്തമിക്കാൻ മടിച്ചു നിന്ന, പാതിരാ വെയിലിനക്കരത്തെ നീലാകാശം മേലാപ്പു വിരിച്ച മഞ്ഞച്ച ഗോതമ്പു പാടങ്ങളിൽനിന്ന് ഒരു കൂട്ടം കാക്കകൾ പറന്ന് പോയി.  ഒരു കാഞ്ചി ശബ്ദം കേട്ട പോലെ, മനസ്സിന്റെ  ഉള്ളറകളിലെവിടെയോ വെടിമരുന്നിന്റെ മണം വന്നു നിറഞ്ഞു. ചിത്രങ്ങളും എഴുത്തുകളും ബാക്കി വെച്ച് വെറും 37 ാം  വയസ്സിൽ വാൻഗോഗ് നക്ഷത്രങ്ങളെ തേടി പോയിട്ട്  128 വർഷങ്ങൾ !

യൂറോപ്പിലെ പൂരം കാഴ്ചകൾ 

ആനകളും കുടമാറ്റവുമില്ലായിരുന്നെങ്കിലും, ഫ്രാൻസിലെ വേനലാഘോഷം നാട്ടിലെ പൂരത്തെയാണോർമിപ്പിച്ചത്. ഗ്രാമീണസംഗീതവും  ബീയറിന്റെ  ഗന്ധവും നിറഞ്ഞ  അവിഗ്‌നോനിലെ ഉത്സവതെരുവിൽ പഞ്ഞിമിഠായി തിന്നു നടക്കുമ്പോഴാണത് കണ്ടത്, ഇടത്തരം വലിപ്പമുള്ള പഴയൊരു ട്രക്കിൽ വിൽപനക്കായി പലതരം ചിത്രങ്ങൾ! കണ്ണും കൈയും മനസ്സും സൂര്യകാന്തി വശീകരിച്ചെടുത്തു. ഉയർന്ന വിലസൂചിക പെയിന്റിങ് വാങ്ങുന്ന സ്വപ്നം ആംസ്റ്റർഡാമിൽ വച്ചേ തകർത്തതായിരുന്നു. താമസസ്ഥലത്തേക്കുള്ള അവസാനത്തെ ബസ്‌ വന്നു. 

പഴയൊരു കൈക്കസേരയിലിരുന്ന കച്ചവടക്കാരൻ അപ്പൂപ്പന് യൂറോ പെറുക്കി കൊടുത്തു, പൊതിഞ്ഞുകെട്ടിയ സൂര്യകാന്തി ചിത്രവുമായി ബസിലേക്ക് ഓടിക്കയറി. മയിൽവാഹനം ആണെങ്കിലും KSRTC ആണെങ്കിലും സൈഡ് സീറ്റ് വിട്ടുള്ള ഒരു കളിയുമില്ല. ബസ്സ് പുറപ്പെടാനുള്ള  ഇടവേള, ‘യൂറോപ്പൂരം’ കാഴ്ചകൾക്ക്. ട്രക്കിന്റെ വലതു വശത്തായി പുറം തിരിഞ്ഞുനിന്ന് ചിത്രം വരയ്ക്കുന്ന ചെറുപ്പക്കാരൻ ആ  അപ്പൂപ്പന്റെ ആരായിരിക്കും? . ഉള്ളിലെ  "മലയാളി കൗതുകം"  കാടുകയറി.  വേനൽകാറ്റിൽ പറന്നുവീണ വട്ടത്തൊപ്പി  തിരിച്ചെടുക്കാനായി  ചിത്രകാരൻ തലതിരിച്ചു, എരിയുന്ന പൈപ്പിന്റെ പിന്നിൽ ഒറ്റ നോട്ടമേ കണ്ടുള്ളു. മെലിഞ്ഞ മുഖം, വെട്ടിയൊതുക്കിയ ചെമ്പൻ താടിയും മീശയും, നീണ്ട മൂക്ക്, നെറ്റിയിൽ നിന്നു കയറിയ സ്വർണ്ണമുടി, വരണ്ട സ്വപ്‌നങ്ങൾ  മരിച്ചു കിടന്ന പച്ചക്കണ്ണുകൾ, കയ്യിൽ ചാരനിറത്തിലുള്ള അബ്സിന്തേ കുപ്പി….  എന്റെ ദൈവമേ, ഇത് " എന്നൊരു ചിന്ത തൊണ്ട വരെ വന്നതാണ്. ബസ് ഇരുട്ടിനെ തുളച്ച വേനൽക്കാറ്റായി.

സർഗ്ഗവേദനയുടെ ഏകാന്തമായ കാരമുൾപ്പാതകളെ കുറിച്ചോർത്തിരുന്നപ്പോഴാണ് യാത്രയ്ക്കിടയിൽ പരിചയപ്പെട്ട പാഴ്‌സി സഹോദരികൾ വന്നു കയറിയത്. അര മണിക്കൂർ അകലെയുള്ള സെന്റ് റെമിയിലെ, വിൻസെന്റ് കിടന്ന ഭ്രാന്താലയം കണ്ടു വരുന്ന വഴിയാണെന്ന്. പുലർച്ചെയാണ് പാരിസിലേക്കുള്ള  ബസ്. നീണ്ട ഇടനാഴിയുടെ കമ്പി ജാലകത്തിനപ്പുറം നീലാകാശത്തു നിറയെ നക്ഷത്രക്കൂട്ടങ്ങൾ, അതിലൊരു നക്ഷത്രത്തിനു മാത്രം വല്ലാത്ത പ്രകാശം ! പ്രിയപ്പെട്ട വിൻസൻറ് വാൻഗോഗ്,  ചെഞ്ചോര ചെവികൾ ഒളിപ്പിച്ചു വെച്ച സൂര്യകാന്തികൾ വിരിഞ്ഞിരിക്കുവോളം ഓർമകൾക്ക് മരണമില്ല ! 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA