sections
MORE

എള്ളിൽ നിന്നുയർന്ന രാമനാമം, മലയാളത്തിന്റെ രാമായണം

HIGHLIGHTS
  • മലയാളികളുടെ മനസ്സിൽ  ഇത്ര  ആഴത്തിൽ വേരൂന്നിയ മറ്റൊരു ഇതിഹാസമില്ല
Ezhuthachan
SHARE

ചക്കിന്റെ കണ നെഞ്ചോട് അമർത്തി ആഞ്ഞു തള്ളിയിട്ടും മുന്നോട്ടു നീങ്ങാൻ കൂട്ടാക്കുന്നില്ല. പടുകൂറ്റൻ കാളകൾ പോലും മുക്രയിട്ടു വലിക്കുന്ന ഈ ചക്ക്  ഒരു മനുഷ്യൻ എങ്ങനെ തള്ളിനീക്കും?  രാജാവ് കൽപിച്ച ശിക്ഷ അനുഭവിച്ചല്ലേ പറ്റൂ.  സാധാരണ  ജനങ്ങൾക്കു  മനസ്സിലാക്കുവാനും ഉപയോഗിക്കുവാനുമായി മലയാള ലിപി രൂപപ്പെടുത്തിയതിനും ആ ലിപി പ്രചാരത്തിലാക്കുവാൻ  ഹരിനാമകീർത്തനം രചിച്ചതിനും കിട്ടിയ ശിക്ഷ.  വേദജ്ഞാനവും ഭക്തിരസവും എല്ലാവർക്കും  ഒരുപോലെ നേടിയെടുക്കാൻ സാധിക്കും എന്നെഴുതിയത്, ജ്ഞാനം കുത്തകയാക്കി വച്ചിരിക്കുന്ന  ചിലരെ  ചൊടിപ്പിച്ചതിന്റെ  പരിണത ഫലമാണ്  ഈ ചക്കുന്തൽ.  എണ്ണ ആട്ടുന്നതിൽ നിന്നു കിട്ടുന്ന വേതനം കൊണ്ടു മാത്രം ജീവിക്കുക എന്നൊരു വ്യവസ്ഥയും പാലിക്കേണ്ടതായിട്ടുണ്ട്. സർവ ചരാചരങ്ങളിലും  ഒളിമിന്നി വിളങ്ങുന്ന ഭഗവത് ചൈതന്യം അനുഭവിച്ചറിഞ്ഞ, ഭൂസ്വത്തുക്കളും ക്ഷേത്രങ്ങളുമുള്ള ചില മഹാത്‌മാക്കൾ,  എണ്ണ ആട്ടുന്നതിന്റെ മുൻ‌കൂർ കൂലി എന്ന രീതിയിൽ എത്തിക്കുന്ന ധാന്യങ്ങളാണ്  ജീവൻ നിലനിർത്താൻ സഹായിക്കുന്നത്. തുഞ്ചൻ പറമ്പിലെ രാമാനുജന്,  ശിഷ്യരെ അക്ഷരം പഠിപ്പിച്ചതിന്  കഠിന ശിക്ഷയോ എന്നവർ അമർഷം കൊണ്ടിരുന്നു. ഭക്ഷ്യവസ്തുക്കൾ കുറവാണെങ്കിലും അധ്വാനത്തിനും എണ്ണയ്ക്കും പനയോലയ്ക്കും ഒരു കുറവുമില്ല.

അമ്മാവനും വല്യേട്ടനും കുട്ടിക്കാലം മുതൽ ചൊല്ലിത്തന്ന വേദമന്ത്രങ്ങളും തമിഴ്നാട്ടിലെ ആദീനത്തിൽനിന്നു പഠിച്ച വേദശാസ്ത്രങ്ങളും മാത്രമാണ്  ഇപ്പോൾ കൈമുതൽ. ചക്കുന്തൽ കൊണ്ടുമാത്രം ജീവിക്കണം എന്നല്ലേ ശിക്ഷ.!!!  സ്വായത്തമാക്കിയ അറിവുകൊണ്ട് രാമായണം സംസ്‌കൃതത്തിൽനിന്നു  മലയാളത്തിലേക്കു വിവർത്തനം ചെയ്യുന്നതുകൊണ്ട്  കുഴപ്പമില്ലല്ലോ? പ്രതിഫലം ലഭിക്കാത്ത ജോലിയല്ലേ?  ഗുരുസ്ഥാനീയർ എല്ലാവരും മണ്മറഞ്ഞു പോയി. അനുവാദം  ചോദിക്കാൻ ജ്യേഷ്ഠ സഹോദരി മാത്രം ബാക്കി. പഠിക്കലും  പഠിപ്പിക്കലും  മാത്രമാണല്ലോ  തലമുറകളായി പിന്തുടരുന്ന കർമം.  വാണിയുടെ അനുഗ്രഹത്തിനായി പ്രാർഥിച്ച് , ഓപ്പോളുടെ  അനുവാദവും  വാങ്ങി  രാമായണരചന ആരംഭിക്കുവാനായി തയാറെടുത്തു.

എവിടെത്തുടങ്ങണം,  എങ്ങനെ  തുടങ്ങണം  എന്നു ചിന്തിച്ച്  ഗുരുഭൂതന്മാരുടെ അനുഗ്രഹത്തിനായി പ്രാർഥിച്ച്  ദേവിയെ ധ്യാനിച്ച് ചുറ്റുപാടും കേൾക്കുന്ന ശബ്ദത്തിലേക്കു ശ്രദ്ധ കേന്ദ്രീകരിച്ചു. ചക്കിന്റെ കണ തിരിയുമ്പോൾ ചക്കിനുള്ളിൽ കിടന്ന് ഓരോ  എള്ളു മണിയും ജപിക്കുന്നു, "രാമ രാമ രാമ " എന്ന്. "കൊടും വേനലിൽ പൂത്തു കായ്ച് ഉണങ്ങിപ്പൊട്ടി  ഉതിർമണിയാവുന്നത്  ഇങ്ങനെ ജപിച്ച്  മോക്ഷം നേടാൻതന്നെ". അവസാന തുള്ളി  എണ്ണയും  വേർപെടുന്നതു വരെയും ഈ ജപം  തുടർന്നുകൊണ്ടിരിക്കുന്നു. എള്ളിൽനിന്നു രാമനാമം ഉതിരുന്നതു പോലെ. അതെ,  ഏറ്റവും കഠിനമായ ജീവിത സാഹചര്യങ്ങൾ  അനുഭവിക്കുമ്പോഴും  എന്റെ  മനസ്സിൽനിന്നും രാമമന്ത്രം ഉയർന്നുവരട്ടെ.

എള്ളിന്റെ കരച്ചിലിനു  കാതോർത്ത്, ചക്കുന്തുന്നതിന്റെ  താളത്തിൽ അക്ഷരങ്ങളടുക്കിയപ്പോൾ  "ശ്രീ  രാമ രാമ രാമ" എന്ന  പദാവലി ഉരുത്തിരിഞ്ഞു.  ആദ്യത്തെ "രാമ" ഈശ്വരനെ ധ്യാനിച്ച്, രണ്ടാമത്തേത് അക്ഷരലോകത്തേക്ക് കൈപിടിച്ചെഴുതിപ്പിച്ച  അമ്മാവനെ ധ്യാനിച്ച്,  മൂന്നാമത്തെ രാമൻ  ജ്യേഷ്ഠനെ സ്മരിച്ചുകൊണ്ട്.  അതെ, ആദ്യക്ഷരം ഓതിത്തന്ന അമ്മാവനും പിന്നീടതിനെ പടർത്തി പന്തലിപ്പിച്ച്  അജ്ഞാനത്തിന്റെ അന്ധകാരത്തെ അകറ്റിയ ജ്യേഷ്ഠനും ഭഗവൽ സ്വരൂപം തന്നെ. 

അങ്ങനെ ഉള്ളിൽ ഉദിച്ച ഈരടികൾ ചുണ്ടുകളിലൂടെ വിടർന്നുവന്നപ്പോൾ, 

ശ്രീരാമ  രാമ രാമ ശ്രീരാമചന്ദ്ര ജയ 

ശ്രീരാമ രാമ രാമ ശ്രീരാമഭദ്ര ജയ 

ശ്രീരാമ രാമ രാമ സീതാഭിരാമ ജയ 

ശ്രീരാമ രാമ രാമ ലോകാഭിരാമ ജയ 

ശ്രീരാമ രാമ രാമ രാവണാന്തക രാമ 

ശ്രീരാമ മമ ഹൃദി രമതാം രാമ രാമ 

എന്നു തുടങ്ങുന്ന  നാമം  അനസ്യൂതമായി  ഒഴുകിവരുവാൻ  തുടങ്ങി. ചക്കിന്റെ മർമരത്തിന്റെ  ഈണത്തോടൊപ്പിച്ച്‌  ഇതു ജപിക്കുവാൻ  തുടങ്ങിയപ്പോൾ മണ്ണും വിണ്ണും മാഞ്ഞുപോയി. അതികഠിനമായ, എണ്ണയാട്ടുന്നതിന്റെ ആയാസവും അൽപാൽപമായി  കുറയുവാൻ ആരംഭിച്ചു. ചക്കിനെ ഒരു രാമക്ഷേത്രമായി സങ്കൽപിച്ചപ്പോൾ ചുറ്റുമുള്ള പരിക്രമം പ്രദക്ഷിണമായി മാറി. രാമമന്ത്രം ഉരുവിട്ടു കൊണ്ട് എത്രനേരം പ്രദക്ഷിണം ചെയ്തെന്നറിയില്ല. സ്ഥലകാല ബോധം തിരികെ ലഭിച്ചപ്പോൾ കുടുംബാംഗങ്ങൾ മുഴുവനും  ഈ  നാമം ഉരുവിട്ടു കൊണ്ടു  തന്നോടൊപ്പം ചക്കിനു വലം വയ്ക്കുന്നു.  അങ്ങനെ രചന ആരംഭിച്ച്, തുടർച്ചയായി ദിവസവും പനയോലയിൽ എഴുത്താണി കൊണ്ടെഴുതിയ ഏഴു വർഷത്തെ പ്രയത്‌നഫലം  കൈരളിക്കു ഭക്തിപൂർവം സമർപ്പിച്ചതാകുന്നു അദ്ധ്യാത്‌മ രാമായണം.

പനയോലയിൽ പകർത്തി, കേരളത്തിലുടനീളം  നിലനിന്നിരുന്ന എഴുത്തുകളരികളിൽ എത്തിച്ച്  സാധാരണ ജനങ്ങൾക്കിടയിൽ പ്രചരിപ്പിച്ച്, സമൂഹത്തിൽ സന്മാർഗം നിലനിർത്തിയ  മഹാഗ്രന്ഥം . മലയാളികളുടെ മനസ്സിൽ  ഇത്രയധികം  ആഴത്തിൽ  വേരൂന്നിയ മറ്റൊരു ഇതിഹാസമുണ്ടാവാൻ തരമില്ല.

രാമായണത്തിലെ ഒരു സന്ദർഭം നമുക്ക് പരിശോധിക്കാം.

പിതാവിന്റെ ദുഃഖകാരണം അന്വേഷിച്ചെത്തിയ രാമനോട് കൈകേയി, ദശരഥ രാജാവിനോടു രണ്ടു വരം ആവശ്യപ്പെട്ട കാര്യം അറിയിച്ചു. ശ്രീരാമൻ രാജ്യം ഉപേക്ഷിക്കണമെന്നും പകരം  സ്വന്തം മകനായ ഭരതനെ രാജാവാക്കണമെന്നും രാമൻ പതിന്നാലു വർഷം വനത്തിൽ താമസിക്കണമെന്നുമായിരുന്നു ആവശ്യം.  പും എന്ന നരകത്തിൽനിന്നു പിതാവിനെ രക്ഷിക്കുന്നതു കൊണ്ടാണ് പുത്രൻ എന്നു  മകനെ വിളിക്കുന്നതെന്ന്  കൈകേയി ശ്രീരാമനെ ഓർമിപ്പിച്ചു.  ഈ  ആവശ്യം  വളരെ നിസ്സാരമായി കണക്കാക്കി, രാജ്യം ഉപേക്ഷിക്കാമെന്നും പതിന്നാലു വർഷം കാട്ടിൽ താമസിച്ചുകൊള്ളാമെന്നും ശ്രീരാമൻ പ്രതിജ്ഞ ചെയ്തു. ‘പിതാവ് എന്തിനാണ്  ഈ  കാര്യത്തിന്  ഇത്ര  ദുഃഖിതനായിരിക്കുന്നത്. പിതാമഹന്മാരെ രക്ഷിക്കാനായി  ആയിരം വർഷം തപസ്സു ചെയ്ത ഭഗീരഥന്റെ പ്രയത്‌നമോ യയാതിയിൽനിന്നു വാർദ്ധക്യം വാങ്ങി  സ്വന്തം യൗവനം തിരികെ നൽകിയ പുരുവിന്റെ  പ്രവൃത്തിയോ താരതമ്യം  ചെയ്യുമ്പോൾ  ഇതെത്രയോ നിസ്സാരം. രാജ്യം ഭരിക്കാൻ ഭരതനും രാജ്യം ത്യജിക്കാൻ ഞാനുമാണ്  യോഗ്യർ.’  

അച്ഛൻ കൈകേയി മാതാവിനു പണ്ടു  കൊടുത്ത വരങ്ങൾ, അച്ഛൻ നേരിട്ടാവശ്യപ്പെടാഞ്ഞിട്ടുപോലും നിറവേറ്റാൻ പുറപ്പെട്ട മകനോട് ദശരഥ മഹാരാജാവ്  ഇപ്രകാരം അറിയിച്ചു:

‘സ്ത്രീക്കടിമപ്പെട്ട  ഒരു വ്യക്തി  വീണ്ടുവിചാരമില്ലാതെ പറഞ്ഞ ഒരു പാഴ്‌വാക്കായി മാത്രം ഞാൻ കൊടുത്ത വരങ്ങളെ നീ കണ്ടാൽ മതി. വേഗം തന്നെ എന്നെ ബന്ധനസ്ഥനാക്കി  നീ രാജസ്ഥാനമേറ്റെടുക്കൂ. അല്ലാതെ  രാജ്യഭാരമൊഴിയുകയും വേണ്ട, പതിന്നാലു വർഷം വനത്തിലും കഴിയണ്ട.’

പക്ഷേ  ഒരു പുത്രന്റെ ധർമം എന്തെന്ന് സ്വന്തം പ്രവൃത്തിയിലൂടെ മാലോകർക്കു മുഴുവൻ  മാതൃക  കാട്ടുകയാണ് ശ്രീരാമൻ  ചെയ്തത്. കേരളത്തിലെ പിതൃ പുത്ര  ബന്ധങ്ങൾ അനേക സംവത്സരങ്ങൾ ദൃഢമായി നിൽക്കാൻ മേൽ സൂചിപ്പിച്ച രാമായണ സന്ദർഭം വളരെ സഹായിച്ചിട്ടുണ്ട്.

ഇതിഹാസങ്ങളുടെ സ്വാധീനം സമൂഹത്തിൽ ക്ഷയിച്ചു തുടങ്ങുന്നതിന്റെ ലക്ഷണങ്ങളാണ് ഇപ്പോൾ  ഉയർന്നു വരുന്ന വൃദ്ധ സദനങ്ങൾ. സംസ്‌കൃതത്തിൽ രചിച്ച  രാമായണങ്ങൾ  വിശകലനം  ചെയ്ത്,  ഭക്തിരസത്തിനു പരമ പ്രാധാന്യം നൽകി, തുഞ്ചത്തെഴുത്തച്ഛൻ  മലയാള ഭാഷയിൽ  എഴുതിയ അദ്ധ്യാത്‌മ രാമായണം, കൈരളിക്കു  ലഭിച്ച  അമൂല്യനിധിയാകുന്നു.  മലയാള ഭാഷയെ അടുത്തറിയണമെങ്കിൽ  രാമായണം  ഒരു വട്ടമെങ്കിലും വായിച്ചിരിക്കണം. തകഴി ശിവശങ്കരപ്പിള്ളയുടെ  അഭിപ്രായത്തിൽ, ‘കഥാകാരനും കഥാകാരിയും ആകണമെങ്കിൽ  ഒത്തിരി വായിക്കണം, രാമായണവും മഹാഭാരതവും  പല കുറി വായിക്കണം".  

ഭാരത ജനതയ്ക്കൊന്നായി  ഒരു സംസ്‌കൃതി,  അല്ലെങ്കിൽ  കേരള  ജനതയിൽ പൊതുവായി കാണുന്ന  സ്വഭാവ ഗുണം, ഇതിനാധാരം  ഇതിഹാസങ്ങളിലൂടെ ആചാര്യന്മാർ  പഠിപ്പിച്ചിട്ടുള്ള  ജീവിത മൂല്യങ്ങളാകുന്നു.  കാമ, ക്രോധ, ലോഭ, മോഹങ്ങൾ  ഉപേക്ഷിച്ച്,  സർവ ചരാചരങ്ങൾക്കും  ഉപയോഗപ്രദമായി ജീവിക്കുവാൻ  സാധിച്ചാൽ,  ജീവിതം  ധന്യമായി എന്നാണ്  ഇതിഹാസങ്ങളുടെ  സന്ദേശം.

രാമായണം  പാരായണം  ചെയ്ത് അതിലെ  ഉപദേശങ്ങളും  തത്വങ്ങളും മനസ്സിലാക്കി  ജീവിക്കാൻ ശ്രമിച്ചാൽ ശാന്തിയും സമാധാനവും കൈവരും.  ഈ കർക്കിടക  മാസത്തിൽ,  സത്യത്തിനും  നീതിക്കും ധർമത്തിനും  വേണ്ടി  നിലകൊണ്ട  ശ്രീരാമനെ  സ്മരിക്കുന്നതിനോടൊപ്പം ബ്രഹ്മ ജ്ഞാനം  സർവജനങ്ങളിലും  എത്തിക്കുവാൻ  സ്വന്തം ജീവൻ പോലും ബലിയർപ്പിക്കുവാൻ തയാറായ പരമാചാര്യനായ, മലയാള ഭാഷയുടെ പിതാവായ രാമാനുജൻ എഴുത്തച്ഛനേയും  നമുക്ക്   ഭക്തിപൂർവം  സ്മരിക്കാം.

അവലംബം:

1) തീക്കടൽ കടഞ്ഞ്  തിരുമധുരം,

2 ) അദ്ധ്യാത്‌മ രാമായണം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
FROM ONMANORAMA