sections
MORE

ഡിക്കന്‍സിന്റെ യൗവനകാലത്തെ ചിത്രം, ഇന്നത്തെ വില 1,80,000 പൗണ്ട്

HIGHLIGHTS
  • ലണ്ടനിലെ ഡോട്ടി സ്ട്രീറ്റിലാണ് ഡിക്കന്‍സിന്റെ പേരിലുള്ള മ്യൂസിയം
  • ഡിക്കന്‍സിന്റെ ചിത്രം സ്വന്തമാക്കാൻ 1,80,000 പൗണ്ടാണ് മ്യൂസിയം സമാഹരിച്ചത്.
Charles Dickens
ചാള്‍സ് ഡിക്കന്‍സ്
SHARE

മാറിവരുന്ന തലമുറകള്‍ക്കൊപ്പം മുന്നേറാന്‍ കഴിയുന്നത് അപൂര്‍വം എഴുത്തുകാര്‍ക്കുമാത്രമാണ്; കാലത്തിന്റെ തിരമാലകളെ കടന്നുകേറാന്‍ കഴിയുന്ന നാവികരെപ്പോലെ സാഹസികര്‍ക്കു മാത്രം. അപൂര്‍വമായ പ്രതിഭയും ഭാവനയുടെ സാഹസികതയും ഒത്തുചേര്‍ന്ന ചാള്‍സ് ഡിക്കന്‍സിനെപ്പോലെയുള്ള എഴുത്തുകാര്‍ക്കു മാത്രം. ഒന്നിലധികം ക്ലാസ്സിക്കുകളുടെ രചയിതാവായ ഡിക്കന്‍സ് ഇന്നും ഹരമാണ്, ആവേശമാണ്, വായനയുടെ തരംഗങ്ങളാണ് അദ്ദേഹത്തിന്റെ കൃതികള്‍ സൃഷ്ടിക്കുന്നത്; ബ്രിട്ടനില്‍ മാത്രമല്ല, ലോകമെങ്ങും. തലമുറകള്‍ കടന്നുപോകവെ, കൃതികള്‍ പോലെ ഡിക്കന്‍സും ഒരു ക്ളാസ്സിക് നോവലിന്റെ തലത്തിലേക്ക് ഉയര്‍ന്നു. ഏതാണ്ടൊരു അമാനുഷ കഥാപാത്രത്തെപ്പോലെ. ഡിക്കന്‍സുമായി ബന്ധപ്പെട്ട ഏതു ഏതു വാര്‍ത്തയും ആവശത്തോടെ സ്വീകരിക്കുന്നുണ്ട് ഇന്നും ലോകം. ഏറ്റവുമൊടുവിലായി ലോകത്തെ അദ്ഭുതപ്പെടുത്തുന്നത് ഡിക്കന്‍സിന്റെ ഒരു ചിത്രമാണ്. യുവാവായിരുന്നപ്പോഴത്തെ ഡിക്കന്‍സിന്റെ ചിത്രം. മാര്‍ഗരറ്റ് ഗില്ലിസ് വരച്ച മനോഹരമായ ചിത്രം. യൗവനത്തിന്റെ ഓജസ്സും തേജസ്സും നിറഞ്ഞുനില്‍ക്കുന്ന, ഒരു കാലഘട്ടത്തിന്റെ ആത്മാവ് പ്രതിഫലിപ്പിക്കുന്ന ചിത്രം. നഷ്ടപ്പെട്ടുവെന്നു കരുതിയ ഈ ചിത്രം 133 വര്‍ഷത്തിനുശേഷം വന്‍വില കൊടുത്ത് സ്വന്തമാക്കിയിരിക്കുകയാണ് ഡിക്കന്‍സിന്റെ പേരിലുള്ള മ്യൂസിയം. വന്‍തുക സമാഹരിച്ചതാകട്ടെ ഇന്നും ഡിക്കന്‍സിനെ സ്നേഹിക്കുന്ന, അദ്ദേഹത്തിന്റെ വായനക്കാരായ സാഹിത്യ ആസ്വാദരില്‍നിന്നും. 

ലണ്ടനിലെ ഡോട്ടി സ്ട്രീറ്റിലാണ് ഡിക്കന്‍സിന്റെ പേരിലുള്ള മ്യൂസിയം പ്രവര്‍ത്തിക്കുന്നത്. നഗരത്തിലെത്തുന്ന വിനോദസഞ്ചാരികളുടെയും ലോകമെങ്ങും നിന്നുള്ള മികച്ച വായനക്കാരുടെയും തീര്‍ഥാടകകേന്ദ്രം. ഡിക്കന്‍സിന്റെ യൗവനകാലത്തെ ചിത്രം സ്വന്തമാക്കാന്‍വേണ്ടി 1,80,000 പൗണ്ടാണ് മ്യൂസിയം സമാഹരിച്ചത്. മാര്‍ഗരറ്റ് ഗില്ലിസ്, ഡിക്കന്‍സിനെ പകര്‍ത്തിയ കാലത്ത് അദ്ദേഹത്തിന് 31 വയസ്സ്. അതിപ്രശസ്തമായ ക്രിസ്മസ് കരോള്‍ എന്ന നോവല്‍ എഴുതുന്ന കാലം. വരച്ചുപൂര്‍ത്തിയായ കാലത്തെ പ്രശസ്തമായിരുന്ന ചിത്രം റോയല്‍ അക്കാദമിയില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. പക്ഷേ, 1886 -ല്‍ മാര്‍ഗരറ്റ് ഗില്ലിസ് വെളിപ്പെടുത്തി- ആ ചിത്രം എനിക്കു നഷ്ടപ്പെട്ടു. വര്‍ഷങ്ങള്‍ക്കുശേഷം ദക്ഷിണാഫ്രിക്കയില്‍ നടന്ന ഒരു ലേലത്തിനുവേണ്ടിയുള്ള സാധനങ്ങള്‍ എടുക്കുമ്പോള്‍ നഷ്ടപ്പെട്ട നിധി കണ്ടെടുക്കുന്നതുപോലെ ഡിക്കന്‍സിന്റെ ചിത്രം കണ്ടെടുത്തു. അന്നുമുതല്‍ ലണ്ടിനിലെ ഡിക്കന്‍സിന്റെ സ്വന്തം മ്യൂസിയം ആ ചിത്രം സ്വന്തമാക്കാനുള്ള പരിശ്രമത്തിലായിരുന്നു. കലാസാഹിത്യ സംഘടനകള്‍ സഹായിച്ചു. ഉദാരമായി സംഭാവന ചെയ്തു. അതിലൊക്കെ കൂടുതലായി, എടുത്തുപറയേണ്ടത് വായനക്കാരുടെ മികച്ച പ്രതികരണം തന്നെ. പ്രതീക്ഷിച്ചതിലും ഗംഭീര സംഭാവനകള്‍. ഗ്രേറ്റ് എക്സ്പെക്റ്റേഷന്‍സും ടെയ്ല്‍ ഓഫ് ടു സിറ്റീസും ക്രിസ്മസ് കരോളുമൊക്കെ ഇഷ്ടപ്പെടുന്നവര്‍ക്ക് സഹായിക്കാതിരിക്കാന്‍ ആകുമോ അവരുടെ പ്രിയപ്പെട്ട എഴുത്തുകാരന്റെ യൗവനകാലചിത്രം വീണ്ടെടുക്കാന്‍. 

മനുഷ്യത്വത്തിന്റെ മണ്ണും പൊടിയും നിറഞ്ഞ മുഖം. അവഗണിക്കാനാവുമോ ആ കണ്ണുകളിലെ കൗതുകവും... മാര്‍ഗരറ്റ് ഗില്ലിസ് വരച്ച ഡിക്കന്‍സിന്റെ അനശ്വര ചിത്രം കണ്ട് കവി എലിസബത്ത് ബാരറ്റ് ബ്രൗണിങ് പറ‍ഞ്ഞ വാക്കുകള്‍ തന്നെ ലോകം ആവര്‍ത്തിക്കുന്നു. ഒപ്പം ആ മുഖത്തേക്ക്, കണ്ണുകളിലേക്കു നോക്കി ഇതിഹാസങ്ങള്‍ സൃഷ്ടിച്ച മനുഷ്യനെ ആരാധനയോടെ നോക്കുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
FROM ONMANORAMA